Thursday, September 29, 2011

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പീഡനം മാത്രം മിച്ചം

ക്ഷേമപദ്ധതി നിശ്ചലം

ആലപ്പുഴ:പണിയെടുത്താല്‍ മാന്യമായ കൂലി ലഭിക്കുമെന്ന് കണ്ട് കേരളത്തിലെത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരിടേണ്ടിവരുന്നത് കടുത്ത പീഡനം. ദിവസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴ ജില്ലയിലുണ്ടായ രണ്ട് സംഭവങ്ങള്‍ ഈ ദുരവസ്ഥയുടെ ഭീകരത വെളിവാക്കുന്നു.

കഴിഞ്ഞ ദിവസം കായംകുളത്തിനടുത്ത് മുരിക്കുംമൂട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് 33 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിനുപുറമെ ചേര്‍ത്തലയില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളി സഹായം കിട്ടാത്തതിനെ തുടര്‍ന്ന് തൊട്ടടുത്ത ക്ഷേത്രത്തിലെ മണിയില്‍ തൂങ്ങിമരിച്ചിരുന്നു.

മെച്ചപ്പെട്ട കൂലിക്ക് പുറമെ തൊഴില്‍ സുരക്ഷിതത്വവും ഉറപ്പുവരുമെന്ന് പ്രതീക്ഷിച്ച് കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മനുഷ്യരെന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ പതിവാകുമ്പോഴും മുന്‍പ് പ്രഖ്യാപിച്ച ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കടലാസില്‍ ഒതുങ്ങുന്ന അവസ്ഥയാണുള്ളത്. രാജ്യത്ത് ആദ്യമായി കുടിയേറ്റ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി ആവിഷ്‌കരിച്ചത് കേരളത്തിലായിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. 2010 മെയ് 1ന് പ്രാബല്യത്തില്‍ വന്ന ഈ പദ്ധതി സര്‍ക്കാര്‍ മാറിയപ്പോള്‍ നിശ്ചലാവസ്ഥയിലായി. കേരളത്തില്‍ ഒരു മാസമെങ്കിലും പണിയെടുത്ത അന്യ സംസ്ഥാന തൊഴിലാളികളെ പോലും ഗുണഭോക്താക്കളാക്കുന്ന പദ്ധതി ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. 30 രൂപ മാത്രം വാര്‍ഷിക വിഹിതമായി അടച്ചാല്‍ മരണാനന്തര ആനുകൂല്യമായി 50,000 രൂപ, 10,000 രൂപ വീതമുള്ള ആശ്വാസ, ചികിത്സാ ധനസഹായം എന്നിവ തൊഴിലാളിക്ക് ലഭിക്കും. 10 കോടി രൂപ വക കൊള്ളിച്ച പദ്ധതിയുടെ പ്രയോജനം 6 ലക്ഷം തൊഴിലാളികള്‍ക്ക് ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു. 30 രൂപയടച്ച് രജിസ്റ്റര്‍ ചെയ്ത തൊഴിലാളിക്ക് തിരിച്ചറിയല്‍ കാര്‍ഡും പദ്ധതിയുടെ ഭാഗമായി നല്‍കും. എന്നാല്‍ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും തൊഴില്‍ വകുപ്പിനും  വലിയ താല്‍പര്യമില്ലാത്ത സ്ഥിതിയാലിണിപ്പോള്‍.

സംസ്ഥാനത്ത് പത്ത് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ ഉണ്ടെന്നാണ്  സി ഡി എസ് അടക്കമുള്ള വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. കുടിയേറ്റ തൊഴിലാളികളില്‍ തമിഴ്‌നാട്ടുകാരാണ് ഭൂരിപക്ഷവും. പശ്ചിമബംഗാള്‍, അസം, ഒറീസ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയവരും  പിന്നാലെയുണ്ട്. 2000ത്തോടെയാണ് തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചത്. ബംഗാളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ഏറെ തൊഴിലാളികളും നിര്‍മാണ മേഖലയിലാണ് പണിയെടുക്കുന്നത്. ഹോട്ടല്‍ വ്യവസായമടക്കമുള്ള ഇതര മേഖലയിലും ഇവര്‍ വന്നുപെടുന്നുണ്ട്. കരാറുകാര്‍ മുഖേനയാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നത്. തൊഴില്‍,ജീവത സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് കരാറുകാരുടെ ബാധ്യതയാണെങ്കിലും മിക്കയിടത്തും ശോച്യാവസ്ഥയിലുള്ള താമസസൗകര്യവും മറ്റുമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.രോഗങ്ങള്‍ പിടിപെട്ടാല്‍ നല്ല ചികിത്സ പോലും ഇവര്‍ക്ക് ലഭിക്കാറില്ല.നാട്ടുകാരുടെ അക്രമത്തിനിരയായാല്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി സംസാരിക്കുവാന്‍  ആരും തയ്യാറാകാത്ത അവസ്ഥയുമുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിന് കേന്ദ്ര നിയമം നിലവിലുള്ളപ്പോഴാണ്  കേരളത്തില്‍ ഇങ്ങനയൊക്കെ നടക്കുന്നത്. നിയമം കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാനത്തെ നിലവിലുള്ള കൂലി നിരക്കുകള്‍ തന്നെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ബാധകമാക്കണമെന്നും എ ഐ ടി യു സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന ആക്രമണവും അവകാശനിഷേധവും പ്രതിഷേധാര്‍ഹമാണെന്നാണ് ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായം.

janayugom 290911

2 comments:

  1. പണിയെടുത്താല്‍ മാന്യമായ കൂലി ലഭിക്കുമെന്ന് കണ്ട് കേരളത്തിലെത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരിടേണ്ടിവരുന്നത് കടുത്ത പീഡനം. ദിവസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴ ജില്ലയിലുണ്ടായ രണ്ട് സംഭവങ്ങള്‍ ഈ ദുരവസ്ഥയുടെ ഭീകരത വെളിവാക്കുന്നു.

    ReplyDelete
  2. ആക്രമണത്തില്‍ പരിക്കേറ്റ് കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബംഗാള്‍ സ്വദേശികളായ തൊഴിലാളികളെ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം എ ബേബി സന്ദര്‍ശിച്ചു. മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന് ആശുപത്രി അധികാരികളോട് അഭ്യര്‍ഥിച്ചു. മനുഷ്യമനസാക്ഷിയെപ്പോലും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള അക്രമമാണെന്നും യഥാര്‍ഥ കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും എം എ ബേബി ആവശ്യപ്പെട്ടു. ജീവിക്കാന്‍ വേണ്ടി തൊഴില്‍തേടി ബംഗാളില്‍ നിന്നും എത്തിയ തൊഴിലാളികളെ ആക്രമിച്ചതിന്റെ കാരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കാന്‍ തയാറാകണം. അന്വേഷണത്തില്‍ വീഴ്ചവരുത്തിയാല്‍ ശക്തമായ സമരപരിപാടികള്‍ നടത്തേണ്ടിവരമെന്നും എം എ ബേബി പറഞ്ഞു. എം എ ബേബിക്ക് ഒപ്പം സിപിഐ എം ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു, സംസ്ഥാനകമ്മിറ്റിയംഗം, പി കെ ചന്ദ്രാനന്ദന്‍ , ജില്ലാസെക്രട്ടറിയറ്റംഗം, കെ കെ ചെല്ലപ്പന്‍ , ഏരിയസെക്രട്ടറിമാരായ എം എ അലിയാര്‍ , കെ എച്ച് ബാബുജാന്‍ , ജില്ലാകമ്മിറ്റിയംഗങ്ങളായ പി അരവിന്ദാക്ഷന്‍ , പി ഗാനകുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

    ReplyDelete