Friday, July 19, 2013

നെല്ലിയാമ്പതി കൈമാറ്റം നിയമവിരുദ്ധം: വിജിലന്‍സ്

നെല്ലിയാമ്പതിയിലെ അഞ്ച് എസ്റ്റേറ്റുകളുടെ കൈമാറ്റം നിയമവിരുദ്ധമാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ നെല്ലിയാമ്പതിയിലെ ഭൂ ഉടമകള്‍ക്കു വേണ്ടി വാദിച്ച മന്ത്രി കെ എം മാണിയോ ചീഫ് വിപ്പ് പി സി ജോര്‍ജോ അഴിമതി നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈമാറ്റം സംബന്ധിച്ച അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. നെല്ലിയാമ്പതിയിലെ ചെറുനെല്ലി, മീര ഫ്ളോര്‍, മാങ്കോട്, തൂത്തന്‍പാറ, രാജാക്കാട് എന്നീ എസ്റ്റേറ്റുകളുടെ കൈമാറ്റത്തിലാണ് ക്രമക്കേട് കണ്ടത്. 1980ലെ കേന്ദ്ര വനസംരക്ഷണ നിയമം അനുസരിച്ച് പാട്ടഭൂമി കൈമാറാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണം. ഈ വ്യവസ്ഥ കൈമാറ്റത്തില്‍പാലിച്ചിട്ടില്ല. അതിനാല്‍ കൈമാറ്റം നിലനില്‍ക്കില്ല. ഇപ്പോള്‍ ഭൂമി കൈവശംവെച്ചിരിക്കുന്നവര്‍ക്ക് അതില്‍ അവകാശമില്ല. പൊതുപ്രവര്‍ത്തകരായ പി ഡി ജോസഫും ജോര്‍ജ് വട്ടുകുളവും നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

എന്നാല്‍ കൈiമാറ്റത്തിനായി വാദിച്ച മന്ത്രി കെ എം മാണിയും ചീഫ് വിപ്പ് പി സി ജോര്‍ജും കൈവശക്കാര്‍ക്ക് വേണ്ടി വാദിച്ചത് പണംകൈപ്പറ്റിയാണെന്ന വാദം അന്വേഷണത്തില്‍ തള്ളി. കേസ് അന്വേഷിച്ച പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇരുവരില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇരുവരും സവന്തം മണ്ഡലത്തിലുള്ളവറക്കായി ഇടപെട്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നെല്ലിയാമ്പതി കൈമാറ്റം യുഡിഎഫില്‍ വിവാദം ഉണ്ടാക്കിയിരുന്നു. കയ്യേറ്റത്തെ അനുകൂലിച്ച് പി സി ജോര്‍ജും എതിര്‍ത്ത് മന്ത്രി കെ ബി ഗണേഷ് കുമാറും പരസ്പരം ഏറ്റുമുട്ടിയിരുന്നു.

deshabhimani

യു എന്‍ അവാര്‍ഡ് മുഖ്യമന്ത്രിക്കല്ലെന്ന്

യു എന്‍ അവാര്‍ഡ് മുഖ്യമന്ത്രിക്കല്ലെന്ന്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമ്മാനിച്ച യു എന്‍ അവാര്‍ഡ് അദ്ദേഹത്തിന്റെ ഭരണമികവിനല്ലെന്ന്. യു എന്‍ റസിഡന്റ് കോര്‍ഡിനേറ്റര്‍ ലിസി ഗ്രാന്റേ ഒരു ചാനലിനോടാണ് ഇത് വെളിപ്പെടുത്തിയത്. മുമ്പ് 12 തവണ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് ഗ്രാന്റേ പറഞ്ഞു. വിവിധ പദ്ധതികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഇതിന് മൂന്നാമതൊരാളുടെ ശുപാര്‍ശയും വേണം. കേരളത്തിലെ ജനസമ്പര്‍ക്ക പരിപാടി ഇത്തരത്തില്‍ ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുത്ത മൂന്ന് പരിപാടികളില്‍ ഒന്നാണെന്നും ലിസി ഗ്രാന്റേ പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ ഭരണമികവിനാണ് അവാര്‍ഡ് ലഭിച്ചതെന്ന യുഡിഎഫ് പ്രചരണമാണ് പൊളിഞ്ഞത്. മുമ്പും മാധ്യമങ്ങള്‍ ഈ വിവരങ്ങള്‍ പുറത്തുവിട്ടിട്ടും ഇന്ത്യയില്‍നിന്നും മികച്ച ഭരണാധികാരിയായി യു എന്‍ അവാര്‍ഡ് നേടിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന പ്രചാരണം അവര്‍ ഒഴിവാക്കിയിരുന്നില്ല.

''സമര്‍ ദ''എന്ന വിപ്ലവ തേജസ്

പ്രസ്ഥാനത്തിനും തത്വശാസ്ത്രത്തിനുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു കമ്യൂണിസ്റ്റ് തലമുറയിലെ സുപ്രധാനകണ്ണിയാണ് സമര്‍ മുഖര്‍ജിയുയടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. അറിയുന്നവര്‍ക്കെല്ലാം അദ്ദേഹം പ്രിയപ്പെട്ട ''സമര്‍ ദ''ആയിരുന്നു. സഖാക്കളൊക്കെ അങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നതും. ത്യാഗപൂര്‍ണ്ണമായ ആ ജീവിതമാണ് അദ്ദേഹത്തെ ''സമര്‍ ദ'' ആക്കിയതും.

പതിനേഴാം വയസില്‍ തുടങ്ങിയതാണ് ആ പീഡനാനുഭവങ്ങള്‍. 1930ഒക്ടോബര്‍. ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തില്‍ ക്ലാസ് ബഹിഷ്‌കരിച്ച് പങ്കെടുത്തതിന് സമരേന്ദ്രലാല്‍ എന്ന ആ സ്‌കൂള്‍ വിദ്യാര്‍ഥിയെ ബ്രിട്ടീഷ് പൊലീസ് പിടികൂടി കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍ അടച്ചു. ഒരു വര്‍ഷത്തെ തടവ്. ജയിലനുഭവങ്ങള്‍ സമരേന്ദ്രലാലിലെ വിപ്ലവകാരിയെ പാകപ്പെടുത്തി.

മുപ്പതുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അലയടിച്ച ചുവന്നകാറ്റില്‍ ബംഗാളും ഉലഞ്ഞു. സമര്‍ മുഖര്‍ജിയുടെ ചിന്തയ്ക്കും കാറ്റുപിടിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി തോന്നി തുടങ്ങിയ കാലമായിരുന്നു അത്. സ്വാഭാവികമായും ശ്രദ്ധ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലേക്ക് മാറി. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും പതുക്കെ ചുവടുവച്ചു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന ബിനയ്‌റോയിയുമായുള്ള അടുപ്പമാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അദ്ദേഹത്തെ അടുപ്പിച്ചത്. 1936 മുതല്‍ ഹൗറയിലെ ചണമില്‍ തൊഴിലാളികളെയും ചണം കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലായി ശ്രദ്ധ. 1938ല്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഹൗറ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം വളര്‍ന്നു. 1940ല്‍ പാര്‍ടി അംഗത്വം നേടി.

ചണമില്‍ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റുചെയ്ത് 14 മാസം ജയിലിലിട്ടു. 1946ല്‍ കൊല്‍ക്കത്ത നഗരത്തില്‍ നടന്ന ആസൂത്രിതമായ ഹിന്ദുമുസ്ലിം വര്‍ഗീയലഹളയില്‍ നിന്ന് സാധാരണ മനുഷ്യരെ രക്ഷിക്കാന്‍ സമര്‍ മുഖര്‍ജി നടത്തിയ ധീരോദാത്തമായ പ്രവര്‍ത്തനം ബംഗാളിന്റെ ചരിത്രത്തിന്റെ ഭാഗം. ലഹള ശമിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുപക്ഷത്തെയും വര്‍ഗീയവാദികളുടെ ആക്രമണത്തിന് ഇരയായി. 1947ല്‍ രാജ്യം വിഭജിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ ബംഗാളില്‍ നിന്നെത്തിയ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചു.

ബ്രിട്ടീഷ് കമ്പനി ജീവനക്കാരനായ സചിന്ദ്രലാല്‍ മുഖര്‍ജിയുടെയും ഗൊലാബ് സുന്ദരിദേവിയുടെയും മകനായി 1913 നവംബര്‍ ഏഴിനു ജനിച്ച സമരേന്ദ്രലാല്‍ എന്ന അവിവാഹിതന്റെ എട്ടരപ്പതിറ്റാണ്ടു നീണ്ട സമരജീവിതം പോരാളികള്‍ക്കൊരു പാഠപുസ്തകമാണ്. 'സമര്‍ മുഖര്‍ജിയുടെ നൂറ് വര്‍ഷങ്ങള്‍' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ പ്രശസ്തമാണ്.

കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി സി പി എം വിപുലമായി ആഘോഷിച്ചിരുന്നു.

janayugom

യുഡിഎഫ് കക്ഷികള്‍ ഇന്റലിജന്‍സ് വലയത്തില്‍

യു ഡി എഫ് ഘടകകക്ഷികള്‍ മുന്നണി വിടുമെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലംപൊത്തുമെന്നുമുള്ള കടുത്ത പരിഭ്രാന്തിയില്‍ ഘടകകക്ഷികളെ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണവലയത്തിലാക്കി. ചില കോണ്‍ഗ്രസ് എം എല്‍ എമാര്‍ പോലും നിരീക്ഷണത്തിലാണെന്ന് പൊലീസ് ആസ്ഥാനത്തെ വിശ്വസനീയ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍.

സംസ്ഥാന ഭരണചരിത്രത്തില്‍ ഇത്തരമൊരവസ്ഥ ഇതാദ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചാഞ്ചാടിനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസി (എം)ന്റെയും കേരളാ കോണ്‍ഗ്രസ് (ജെ)യുടെയും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമാണ് ഏറ്റവുമധികം നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള നിര്‍ദേശമനുസരിച്ചാണ് ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യവും ഇന്റലിജന്‍സ് എ ഡി ജി പി ടി പി സെന്‍കുമാറും തമ്മില്‍ നാലുദിവസം മുമ്പ് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഘടകകക്ഷികളെ നിരീക്ഷണവലയത്തിലാക്കാന്‍ നടപടികളാരംഭിച്ചത്. ഇടതുപക്ഷ നേതാക്കളുടെ സഞ്ചാരനീക്കങ്ങള്‍, അവര്‍ നടത്തുന്ന കൂടിക്കാഴ്ച എന്നിവയും നിരീക്ഷണവിധേയമാക്കാന്‍ നിര്‍ദേശമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന സൂചനകളും പുറത്തുവന്നു.
ഘടകകക്ഷി നേതാക്കളുടെയും ചില ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് നേതാക്കളുടെയും നീക്കങ്ങള്‍, അവര്‍ നടത്തുന്ന രഹസ്യചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍, ഘടകകക്ഷി നേതാക്കളായ മന്ത്രിമാര്‍ , എം എല്‍ എമാര്‍ എന്നിവര്‍ പ്രതിപക്ഷത്ത് ആരെങ്കിലുമായി ബന്ധം പുലര്‍ത്തുന്നുവോ തുടങ്ങിയ കാര്യങ്ങളില്‍ പ്രതിദിന റിപ്പോര്‍ട്ട് നല്‍കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയ നിര്‍ദേശമെന്നും സൂചനയുണ്ട്.

ഘടകകക്ഷി നേതാക്കളുമായി അടുത്തിടപഴകി അവരുടെ ഓരോ ചലനങ്ങളും അറിയാന്‍ സംസ്ഥാനത്തൊട്ടാകെയുള്ള വിശ്വസ്തരായ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരേയും ദൗത്യം ഏല്‍പ്പിക്കണം.
ഈ നിരീക്ഷണ സംവിധാനത്തിനു പുറമേ ബ്ലാക്ക്‌മെയിലിംഗ് തന്ത്രമെന്ന മറുവശവും പയറ്റും. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഘടകകക്ഷി എം എല്‍ എമാരെയും മന്ത്രിമാരെയും കുടുക്കാന്‍ പാകത്തില്‍ വേണ്ടിവന്നാല്‍ അവര്‍ക്കെതിരെ വിജിലന്‍സ് കേസുകളെടുക്കാനുള്ള വിവരങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശേഖരിക്കാന്‍ ഒരു എസ് പിയുടെ നേതൃത്വത്തില്‍ ഒരു ദൗത്യസേനയേയും നിയോഗിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

ഘടകകക്ഷി മന്ത്രിമാരുടെയും എം എല്‍ എമാരുടെയും നേതാക്കളുടെയും വീടുകളും ഓഫീസുകളും പാര്‍ട്ടി ഓഫീസുകളും പൊലീസ് നിരീക്ഷണ വിധേയമാക്കുന്ന അത്യന്തം അസ്വസ്ഥജനകവും ആശങ്കാജനകവുമായ ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സംബന്ധിച്ച് ചില ഘടകക്ഷി നേതാക്കള്‍ക്ക് ഏകദേശ സൂചന ലഭിച്ചിട്ടുണ്ട്. വരുംനാളുകളില്‍ ഇത് വലിയൊരു പൊട്ടിത്തെറിക്ക് വഴിമരുന്നിട്ടുകൂടെന്നില്ല.

രാഷ്ട്രീയ-സാമുദായിക സംഘടനാ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണത്തിന്റെ അലകള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് വിശ്വാസരാഹിത്യത്തിന്റെ ഒരന്തരീക്ഷം സൃഷ്ടിച്ച് ഘടകകക്ഷികള്‍ക്കുമേല്‍ ഒരു നിരീക്ഷണ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

ഒരു പ്രതിപക്ഷ എം എല്‍ എയ്‌ക്കോ ഇടതുമുന്നണിയിലെ നേതാവിനോ ഒരു മന്ത്രിയെക്കൊണ്ട് നിവേദനം നല്‍കാന്‍പോലും ആവാത്ത അവസ്ഥ. രഹസ്യപൊലീസിന്റെ ചാരക്കണ്ണുകള്‍ പതിയുന്ന ആ കൂടിക്കാഴ്ചയെ മന്ത്രിസഭയെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയായി ചിത്രീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന വിചിത്രവും ആപല്‍ക്കരവുമായ അവസ്ഥ ഇതാദ്യമാണെന്നും നിരീക്ഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

കെ രംഗനാഥ് janayugom

രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ അങ്ങേയറ്റത്ത്: കാരാട്ട്

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ അങ്ങേയറ്റത്താണ് രാജ്യം എത്തിനില്‍ക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഭിക്ഷാപാത്രവുമായി പോയി അമേരിക്കന്‍ കമ്പനികളെ നിക്ഷേപത്തിനായി ക്ഷണിച്ചു വരുത്തുന്നത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കൂടുതല്‍ വിദേശമൂലധനത്തിനായി പ്രതിരോധമേഖലയും തുറന്നുകൊടുക്കുന്നു. കൂടുതല്‍ നിക്ഷേപം കൊണ്ടുവന്ന് പ്രതിസന്ധി മറികടക്കാമെന്നാണ് വ്യാമോഹം. എന്നാല്‍, ഇത് പ്രതിസന്ധി രൂക്ഷമാക്കുകയേ ഉള്ളൂ. അനുഭവത്തില്‍നിന്നു പാഠം പഠിക്കാന്‍ കോണ്‍ഗ്രസും യുപിഎ നേതൃത്വവും തയ്യാറാകുന്നില്ലെന്നും ചിന്ത വാരികയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യവെ കാരാട്ട് ചൂണ്ടിക്കാട്ടി.

നവസാമ്പത്തികനയം നടപ്പാക്കി രണ്ടു ദശാബ്ദത്തിലേറെ പിന്നിട്ട ഈ ഘട്ടത്തില്‍ പ്രതിസന്ധി അത്യന്തം മൂര്‍ഛിച്ചുനില്‍ക്കുകയാണ്. ആഭ്യന്തര ഉല്‍പ്പാദനം അഞ്ചു ശതമാനം കുറഞ്ഞു. വ്യാവസായിക ഉല്‍പ്പാദനത്തില്‍ 1.6 ശതമാനവും കയറ്റുമതിയില്‍ 6.4 ശതമാനവും ഇടിവുണ്ടായി. രൂപയുടെ മൂല്യത്തകര്‍ച്ച സര്‍വകാല റെക്കോര്‍ഡില്‍ എത്തി. ഡോളറിന് 60 രൂപയായി. വിലക്കയറ്റവും തൊഴിലില്ലായ്മയും മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചു. പിടിച്ചുനില്‍ക്കാനാകാതെ കാര്‍ഷികമേഖലയില്‍നിന്നു കര്‍ഷകര്‍ പിന്മാറുകയാണ്. നവസാമ്പത്തികനയം പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള ആയുധമാക്കി. വന്‍കിട മുതലാളിമാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ ഇത്തരം കൊള്ളകളെ നിയമാനുസൃതവുമാക്കുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രകൃതിവാതകത്തിന്റെ നിരക്ക് ഇരട്ടിയാക്കിയത്. റിലയന്‍സിന് വേണ്ടിയാണ് ഇത്. ഇത്തരം കൊള്ളയും അഴിമതിയും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. നവ സാമ്പത്തികനയം നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു മേല്‍ അമിതാധികാരം പ്രയോഗിക്കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ത്തു. ഭരണഘടനാതീതസ്ഥാപനമായ ധന കമീഷന്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു. സര്‍വമേഖലയിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. അക്രമവും അരാജകത്വവും വ്യാപകമായി. ധാര്‍മികമൂല്യങ്ങള്‍ തകര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. നവസാമ്പത്തികനയം വരുത്തിവച്ച ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള ജനപക്ഷത്തുനിന്നുള്ള പരിപാടികളുമായാണ് മൂന്നാം ബദല്‍ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. കോണ്‍ഗ്രസിനും യുപിഎക്കും ബദല്‍ തങ്ങളാണെന്നാണ് അവകാശപ്പെടുകയാണ് ബിജെപി. എന്നാല്‍, സാമ്പത്തികമേഖലയിലോ ഇതര മേഖലയിലോ ബിജെപി യഥാര്‍ഥ ബദല്‍ അല്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസിന്റെ അതേ പതിപ്പുമാണ്. നവസാമ്പത്തികനയം കോണ്‍ഗ്രസിനേക്കാള്‍ തീവ്രതയോടെ നടപ്പാക്കാന്‍ വെമ്പല്‍കൊള്ളുന്നത് ബിജെപിയാണ്. ബിജെപി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്രമോഡി കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ടവനാണ്. കടുത്ത വര്‍ഗീയവാദിയായതിനാലാണ് ആര്‍എസ്എസ് മോഡിയെ പിന്തുണയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷം യഥാര്‍ഥ മൂന്നാം ബദല്‍ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും അഴിമതിക്കെതിരെയും ശക്തമായ ജനകീയ മുന്നേറ്റം നടത്തുകയും യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്ത് ഇടതു മതേതര ശക്തികളുടെ മൂന്നാം ബദല്‍ രൂപപ്പെടുത്താനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നതെന്നും കാരാട്ട് പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതവും ചിന്ത വാരിക ചീഫ് എഡിറ്റര്‍ സി പി നാരായണന്‍ എംപി നന്ദിയും പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കണോയെന്ന് ഒപ്പമുള്ളവര്‍ ചിന്തിക്കണം: പിണറായി

സകല വൃത്തികേടുകളും ചെയ്തവരെ സംരക്ഷിക്കണോയെന്ന് യുഡിഎഫിനൊപ്പം നില്‍ക്കുന്നവര്‍ ചിന്തിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യുഡിഎഫിനൊപ്പം നില്‍ക്കുന്ന കക്ഷികള്‍ ഇക്കാര്യത്തില്‍ ഗൗരവകരമായ പുനര്‍ചിന്തനത്തിന് തയാറാകണമെന്നും ശരിക്കു വേണ്ടി നിലകൊള്ളണമെന്നും പിണാറയി അഭ്യര്‍ഥിച്ചു. ചിന്ത വാരികയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പിണറായി.

ഉമ്മന്‍ചാണ്ടിയുടെ ദുര്‍വൃത്തികളുടെ ഭാരം പേറേണ്ട നാടല്ല കേരളം. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം സംരക്ഷിക്കുന്നതുകൊണ്ട് രക്ഷമെടുമെന്ന് കരുതേണ്ട. ഉമ്മന്‍ചാണ്ടിയെക്കാളും തിരുവഞ്ചൂരിനെക്കാളും കൊല കൊമ്പന്മാരായ ഭരണാധികാരികള്‍ ജനശക്തിക്കു മുന്നില്‍ അടിയറവ് പറഞ്ഞിട്ടുണ്ടെന്ന് ഓര്‍ക്കണം. നാടിന്റെ ബഹുജന ശക്തിയെ ഉമ്മന്‍ചാണ്ടി പരിഹസിക്കരുത്. കേരളീയര്‍ പുറത്തു പറയാന്‍ ലജ്ജിക്കുന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ജനങ്ങള്‍ക്ക് പ്രയോജനപ്പെടേണ്ട സൗരോര്‍ജ്ജത്തിന്റെ പേരില്‍ എന്തെല്ലാം വൃത്തികേടുകളാണ് നടക്കുന്നത്. സരിതയിലും ബിജുവിലും ശാലുവിലും ഇന്ന് അറസ്്റ്റിലായ ഫിറോസിലും മാത്രം ഒതുങ്ങുന്ന കുറ്റകൃത്യമല്ല ഇത്. അവര്‍ക്ക് എങ്ങനെ കുറ്റം ചെയ്യാന്‍ കഴിഞ്ഞു?. സരിതാ നായര്‍ തടിമിടുക്കുകൊണ്ടോ ബാഹ്യപ്രടനങ്ങള്‍കൊണ്ടോ മാത്രമാണോ ഈ സ്ഥാനങ്ങളില്‍ കയറിയറങ്ങിയത്. ഉമ്മന്‍ചാണ്ടിക്ക് എന്താണ് ഇതില്‍ പങ്ക്. അദ്ദേഹം ആദ്യം നിഷേധിച്ച കാര്യങ്ങളെല്ലാം വസ്തുതയാണെന്നു വന്നില്ലേ? തട്ടിപ്പുകാരി മുഖ്യമന്ത്രിയെ സ്വാധീനിച്ചതാണോ അതോ മുഖ്യമന്ത്രി തട്ടിപ്പുകാരിയെ സ്വാധീനിച്ചതാണോ? അത്രമാത്രം സംശയിക്കേണ്ട അവസ്ഥയാണിന്ന്. നടക്കാന്‍ പാടില്ലാത്ത ഈ കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയായിരുന്നു.

സോളാര്‍ പദ്ധതിയുമായി ഉമ്മന്‍ചാണ്ടിയെ സമിപിച്ചത് താനായിരുന്നുവെന്നാണ് പഴയ പാവം പയ്യന്‍ ആന്റോ പറഞ്ഞത്. ആ പദ്ധതി മറ്റു ചിലര്‍ക്ക് കൈമാറി. തട്ടിപ്പു നടത്തിയ ബിജുവും സരിതയും ആണോ അതോ അതിനെല്ലാം നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടി ആണോ യഥാര്‍ഥ തട്ടിപ്പുകാരന്‍. ശ്രീധരന്‍ നായര്‍ നല്‍കിയ രഹ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൗരവകരമായ അന്വേഷണം നടത്തേണ്ടേ?. എന്നാല്‍, മുഖ്യമന്ത്രിയുടെ പദവി ഉപയോഗിച്ച് ഇതെല്ലാം തടയുന്നു. ഇതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ മര്‍ദ്ദനത്തിലുടെ നേരടുന്നു. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിന്റെ തൊട്ടടുത്താണ് ഗ്രനേഡ് വീണത്. ഇത് ഏതാനും ഇഞ്ച് മുന്നോട്ടു നീങ്ങിയിരുന്നെങ്കിലോ?. ഇത്തരം നടപടി രാജ്യത്ത് മറ്റൊരിടത്തും നടന്നിട്ടില്ലെന്നും പിണറായി പറഞ്ഞു.

സൗരോര്‍ജത്തെ കീശ വീര്‍പ്പിക്കാനുള്ള ഉപാധിയാക്കി: വി എസ്

സൗരോര്‍ജം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ജനങ്ങള്‍ ഭയപ്പെടുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇത് മാറ്റാന്‍ കഴിയണം. സൗരോര്‍ജം കേരളത്തിന്റെ ഭാവിപ്രതീക്ഷയാണെന്നും അത് പ്രയോജനപ്പെടുത്തേണ്ടതാണെന്നുമുള്ള അവബോധം സൃഷ്ടിക്കാന്‍ കഴിയണം. അതിന് സൗരോര്‍ജത്തെ തട്ടിപ്പിനുള്ള ഉപാധിയാക്കിയ ഇന്നത്തെ ഭരണക്കാരെ നിയമത്തിന്റെമുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്നും വി എസ് പറഞ്ഞു. ചിന്ത വാരികയുടെ സുവര്‍ണജൂബിലി ആഘോഷ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈന, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്ന പ്രക്രിയയാണ് സൗരോര്‍ജ ഉല്‍പ്പാദനം. അധികാരത്തിലിരിക്കുന്ന അല്‍പ്പചക്ഷുസ്സുകളായ യുഡിഎഫ് സര്‍ക്കാരിലെ പ്രമാണിമാര്‍ തങ്ങളുടെ പള്ളയും കീശയും വീര്‍പ്പിക്കുന്നതിനുള്ള ഉപാധിയാക്കി ഇതിനെ മാറ്റി. അതുവഴി ജനങ്ങളുടെ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു. യഥാര്‍ഥ സൗരോര്‍ജത്തിന്റെ അനന്തസാധ്യതകളിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താനാകണം.

സംസ്ഥാനം അതിരൂക്ഷ ഉര്‍ജപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. താപ-അണുനിലയങ്ങളും പുതിയ ജലവൈദ്യുതി നിലയങ്ങളും സ്ഥാപിക്കുന്നതിലെ അപ്രായോഗികത കണക്കിലെടുക്കുമ്പോള്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന മേഖലയാണ് സൗരോര്‍ജ ഉല്‍പ്പാദനം. വരള്‍ച്ച, കുടിവെള്ളക്ഷാമം, ഊര്‍ജപ്രതിസന്ധി, പരിസ്ഥിതിനാശം, ആരോഗ്യപരിപാലനരംഗത്തെ വീഴ്ച തുടങ്ങിയ ദുരിതപൂര്‍ണമായ നിരവധി പ്രശ്നങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ലക്കും ലഗാനുമില്ലാതെ നടത്തുന്ന പാടംനികത്തല്‍, ലാഭക്കൊതിയോടെയുള്ള മണല്‍ക്കൊള്ള, വനംകൊള്ള തുടങ്ങിയവ നമ്മുടെ ഭൂമിയുടെയും മനുഷ്യന്റെയും നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്നു. പരിസ്ഥിതിനാശത്തിന്റെയും പരിസ്ഥിതിക്കൊള്ളയുടെയും ഏറ്റവും ഒടുവിലത്തെ പ്രത്യാഘാതമാണ് അടുത്തയിടെ ഉത്തരാഖണ്ഡില്‍ കണ്ടത്. ഇതില്‍നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു. സങ്കീര്‍ണമായ നിരവധി പ്രശ്നങ്ങള്‍ പരിഹരിച്ചുമാത്രമേ കേരള വികസനം കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാകൂ. അതിന് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത്തായി ഉണരണം. ജനകീയമുന്നേറ്റങ്ങള്‍ ശക്തിപ്പെടണം. ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്രധാരണയോടും മാനവികബോധത്തോടുംകൂടി പ്രവര്‍ത്തിക്കുന്ന ചിന്തയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുമെന്നും വി എസ് പറഞ്ഞു.

deshabhimani

സ്വന്തം ബൈക്കില്‍ ഫിറോസ്; മാനം പോയി പൊലീസ്

ലുക്ക് ഔട്ട് നോട്ടീസ്, പൊലീസിന്റെ എട്ടു സംഘങ്ങള്‍, ഷാഡോ പൊലീസ് തുടങ്ങിയ കോലാഹലങ്ങള്‍ക്കിടയില്‍ സ്വന്തം ബൈക്കില്‍ പൊലീസ് സ്റ്റേഷനിലെത്തിയ സോളാര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിക്കുമുന്നില്‍ കേരള പൊലീസ് മുട്ടുമടക്കി സല്യൂട്ടടിച്ചു. അറസ്റ്റ് ചെയ്യുമെന്ന് പെരുമ്പറ മുഴക്കിയ സിറ്റി കമീഷണറുടെ പരിധിയിലെ പ്രധാന പൊലീസ് സ്റ്റേഷനില്‍ത്തന്നെ ഫിറോസ് കൂളായി നടന്നുകയറി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി അഞ്ചുമിനിറ്റ് തികയുംമുമ്പായിരുന്നു ഇത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഫിറോസിനായി പൊലീസ് നാടാകെ അരിച്ചുപെറുക്കുന്നു എന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. ഒടുവില്‍ പ്രതി പൊലീസ് സ്റ്റേഷനിലെത്തി സ്വയം പരിചയപ്പെടുത്തി. കേരള പൊലീസിന്റെ മാനംപോയ നിമിഷമായി അത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളുമെന്ന ധാരണ പരന്നതോടെ രാവിലെതന്നെ തിരുവനന്തപുരം കോടതി സമുച്ചയത്തിലും പരിസര റോഡുകളിലും കനത്ത പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തി. കോടതി സമുച്ചയത്തിലേക്ക് കടന്നുപോയ വാഹനങ്ങളിലെല്ലാം പരിശോധനാനാടകം പൊടിപൊടിച്ചു. നഗരത്തില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ കോടതിയില്‍ കീഴടങ്ങാനെത്തുന്ന ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ധാരണ പരന്നു. ഇതിനിടയില്‍ ഫിറോസ് കൊല്ലത്തുണ്ടെന്നും അവിടെയേതെങ്കിലും കോടതിയില്‍ ഹാജരാകുമെന്ന വാര്‍ത്തയും പരത്തി. മാധ്യമശ്രദ്ധ തിരിക്കാനുള്ള പൊലീസിന്റെ ബുദ്ധിയായിരുന്നു ഇതിനുപിന്നില്‍. പകല്‍ പതിനൊന്നോടെ ഫിറോസിന്റെ അഭിഭാഷകന്‍ സിറ്റി കമീഷണറെ സന്ദര്‍ശിച്ചു. ജാമ്യം ലഭിച്ചില്ലെങ്കില്‍ ഫിറോസിന് കമീഷണര്‍ക്കുമുന്നില്‍ കീഴടങ്ങാന്‍ അവസരം നല്‍കണമെന്നായിയിരുന്നു അഭിഭാഷകന്റെ ആവശ്യം. ഇത് കമീഷണര്‍ നിരസിച്ചതായും പ്രതിയെ അറസ്റ്റ് ചെയ്യുക തങ്ങളുടെ ജോലിയാണെന്നും അത് നിര്‍വഹിക്കുമെന്നും അറിയിച്ചതായുമാണ് അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനില്‍ ഫിറോസ് കീഴടങ്ങാന്‍ എത്താനുള്ള സാധ്യത പൊലീസ് തിരിച്ചറിഞ്ഞില്ലെന്നതില്‍ ദുരൂഹതയുണ്ട്. ഫിറോസ് സ്റ്റേഷനിലെത്തിയതിനെത്തുടര്‍ന്നുള്ള നടപടികളിലും പൊലീസിന്റെ കള്ളക്കളി വ്യക്തമായി. ഹെല്‍മെറ്റുമായി സ്റ്റേഷനിലേക്ക് നടന്നുകയറിയത് ഫിറോസാണെന്ന് തിരിച്ചറിഞ്ഞതോടെ ജനം തടിച്ചുകൂടി. അഞ്ചു മിനിറ്റിനുള്ളില്‍ പൊലീസ് ഇയാളെ ജീപ്പില്‍ കയറ്റി സ്റ്റേഷനുപുറത്തേക്ക് കൊണ്ടുപോയി. കമീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി എന്ന് പുറത്ത് പ്രചരിപ്പിച്ചു. ഇതോടെ ജനം പിരിഞ്ഞുപോയി. എന്നാല്‍, പട്ടംവരെ ചുറ്റിക്കറങ്ങി പത്തുമിനിറ്റിനകം ഇയാളെ തിരികെ സ്റ്റേഷനിലെത്തിച്ചു. പിന്നീടാണ് സ്റ്റേഷനില്‍ മൊഴിയെടുക്കാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പൊലീസിലെ ഉന്നതരും ചേര്‍ന്ന് നടത്തിയ നാടകം കേരള പൊലീസിനാകെ നാണക്കേടായി.

deshabhimani

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം: പ്രതിയെ സംരക്ഷിച്ചത് നടുക്കമുണ്ടാക്കുന്നു

സോളാര്‍ തട്ടിപ്പ് പുറത്തുവന്നില്ലായിരുന്നെങ്കില്‍ പിആര്‍ഡി മുന്‍ ഡയറക്ടര്‍ ഫിറോസ് ഉള്‍പ്പെട്ട തട്ടിപ്പുകേസിലെ അന്വേഷണം നിശ്ചലമാകുമായിരുന്നെന്ന് ഹൈക്കോടതി. ഉന്നതഉദ്യോഗസ്ഥനെതിരെ മൂന്നുവര്‍ഷം മുമ്പ് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടാകാത്തത് നടുക്കമുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു. എഡിബി വായ്പാതട്ടിപ്പുകേസില്‍ മൂന്നാംപ്രതിയായ എ ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണനും സരിതയ്ക്കുമൊപ്പം ഫിറോസിനും പങ്കുണ്ടെന്ന് സംശയിക്കാന്‍ മതിയായ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍, വായ്പാതട്ടിപ്പുകേസില്‍ ഇതുവരെ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല. പബ്ലിക് റിലേഷന്‍സ് ഡയറക്ടറായിരുന്ന ഫിറോസിനെ പ്രതിചേര്‍ത്ത് 2010ലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്രകാലമായിട്ടും നടപടി ഉണ്ടാകാത്തത് നടുക്കമുണ്ടാക്കുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തവയാണ് ഫിറോസിന്റെ നടപടികള്‍.

സരിതയും ബിജുവും ചേര്‍ന്നുള്ള മറ്റു തട്ടിപ്പുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് കേസ് ഡയറി വ്യക്തമാക്കുന്നു. എന്നാല്‍, കൂടുതല്‍ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. സരിതയും ബിജുവും കബളിപ്പിച്ചുവെന്ന പ്രതിയുടെ വാദം കോടതി തള്ളി. കേസില്‍ പ്രതിചേര്‍ത്തതിനുശേഷമാണ് ഇവര്‍ക്കെതിരെ ഫിറോസ് പരാതി നല്‍കിയത്. ഈ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് വിലയിരുത്തിയിട്ടുണ്ട്. പരാതിക്കാരനെ ബിജുവിനും സരിതയ്ക്കും പരിചയപ്പെടുത്തിയത് പ്രതി ഫിറോസാണ്. ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് എഡിബിയുടെ ഉന്നത ഉദ്യോഗസ്ഥരാണെന്നാണ് ധരിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഇടപാടില്‍ കമീഷനായി അഞ്ചുലക്ഷം രൂപയും ഭാര്യക്ക് രണ്ടു മോതിരങ്ങളും ഐ- 20 കാറും ലഭിച്ചു. എസ്എംഎസുകളും ഇ-മെയിലുകളും മുഖേന സരിതയും ബിജുവുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

deshabhimani

കുടുങ്ങുമെന്നുറപ്പായപ്പോള്‍ സിസിടിവി പരിശോധന ഉപേക്ഷിച്ചു

തന്റെ ഓഫീസിലെയും സെക്രട്ടറിയറ്റിലെയും സിസിടിവി ദൃശ്യപരിശോധനയില്‍നിന്ന് പിന്മാറി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും മലക്കം മറിഞ്ഞു. മുഖ്യമന്ത്രിയെ കണ്ടത് സോളാര്‍ തട്ടിപ്പുകാരി സരിതയ്ക്കൊപ്പമാണെന്ന് ക്രഷര്‍ ഉടമ ശ്രീധരന്‍നായര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സിസിടിവി പരിശോധിക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പരമാവധി 14 ദിവസംമാത്രമേ സൂക്ഷിക്കാനാവൂ എന്ന് തുടക്കത്തില്‍ പറഞ്ഞ് മുഖ്യമന്ത്രി പിന്മാറാന്‍ നോക്കി. ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതോടെയാണ് ദൃശ്യപരിശോധന പിന്നീട് ആവാമെന്ന് സമ്മതിച്ചത്. എന്നാല്‍, അന്വേഷണസംഘത്തെ ഇതിന് ചുമതലപ്പെടുത്താതെ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, പരിശോധന നടന്നാല്‍ ഹാര്‍ഡ് ഡിസ്കില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് വ്യക്തമായതോടെ അപകടം മനസിലാക്കി വീണ്ടും പിന്മാറുകയാണ്.

ഇതിനിടെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്ന് കെല്‍്രടോണ്‍ അധികൃതര്‍ അറിയിച്ചതായും പ്രചാരണമുണ്ട്. പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണപരിധിയില്‍ വരുന്ന കാര്യം സമാന്തരപരിശോധനയ്ക്ക് വിട്ടത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ തട്ടിപ്പിന് കൂട്ടുനില്‍ക്കില്ലെന്ന് സിപിഐ എമ്മും എല്‍ഡിഎഫും വ്യക്തമാക്കി. അപ്പോള്‍ എന്തുവന്നാലും ദൃശ്യപരിശോധനയുമായി മുന്നോട്ടുപോകുമെന്നും സിഡിറ്റ്, കെല്‍ട്രോണ്‍, സി ഡാക് തുടങ്ങിയ സ്ഥാപനങ്ങളുടെ സാങ്കേതികസഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാന്തര അന്വേഷണം നിയമവിരുദ്ധമാകുമെന്ന് ഇതിനിടെ സര്‍ക്കാരിന് ഉപദേശം കിട്ടി. അന്വേഷണത്തിന് നിയോഗിച്ച ഐടി വിദഗ്ധര്‍ക്ക് ഈ പരിശോധനയിലുള്ള വൈദഗ്ധ്യവും ചോദ്യംചെയ്യപ്പെട്ടു.

2012 ജൂലൈ ഒമ്പതിന് സരിതയോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ടെന്നി ജോപ്പനെയും തുടര്‍ന്ന് മുഖ്യമന്ത്രിയെയും കണ്ടതായാണ് ശ്രീധരന്‍നായര്‍ വെളിപ്പെടുത്തിയത്. ഇതിനുശേഷമാണ് സരിതയ്ക്ക് സോളാര്‍ പദ്ധതിക്കായി പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 40 ലക്ഷം രൂപയാണ് ഇദ്ദേഹത്തില്‍നിന്ന് സരിത കൈക്കലാക്കിയത്. എന്നാല്‍, മുഖ്യമന്ത്രി ഇത് നിഷേധിച്ചു. ശ്രീധരന്‍നായരെ കണ്ടിട്ടേയില്ലെന്ന് ആദ്യം വാദിച്ചു. പിന്നീട് ശ്രീധരന്‍നായരെ കണ്ടെന്നും ക്വാറി ഉടമകളുടെ അസോസിയേഷന്‍ നേതാക്കള്‍ക്കൊപ്പമാണ് വന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സരിത രണ്ടു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയതായും ശ്രീധരന്‍നായര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള രണ്ടു ലക്ഷത്തിന്റെ ചെക്ക് കിട്ടിയതായി മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. എന്നാല്‍,ആരാണ് തന്നതെന്നും ആരാണ് വാങ്ങിയതെന്നും അറിഞ്ഞുകൂടെന്ന വിചിത്രന്യായം അദ്ദേഹം ഉയര്‍ത്തി. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി.

തന്റെ ഓഫീസില്‍ ലൈവ് വെബ്കാസ്റ്റ് മാത്രമേ ഉള്ളൂവെന്നും സിസിടിവി ഇല്ലെന്നും മുഖ്യമന്ത്രി വാദിച്ചുനോക്കി. എന്നാല്‍, സരിതയുമായുള്ള ബന്ധം പുറത്തുവന്നതോടെ ഒരാഴ്ചയോ കൂടിയാല്‍ 14 ദിവസമോ മാത്രമേ ദൃശ്യങ്ങള്‍ സൂക്ഷിക്കാനാവൂ എന്നായി ന്യായം. ശ്രീധരന്‍നായര്‍, സരിത, ക്വാറി അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ മൊബൈല്‍ഫോണുകള്‍ ജൂലൈ ഒമ്പതിന് ഏത് മെബൈല്‍ ടവറിനു കീഴിലായിരുന്നു എന്ന് പരിശോധിക്കാന്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. അസോസിയേഷന്‍ ഭാരവാഹികളില്‍ പലരും തങ്ങള്‍ ശ്രീധരന്‍നായര്‍ക്കൊപ്പമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കികഴിഞ്ഞു. മറ്റു ഭാരവാഹികളുടെ അന്നത്തെ മൊബൈല്‍ ടവര്‍ സ്ഥാനം പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെ മറ്റൊരു കള്ളംകൂടി പൊളിയും.

ആശ്രയ ട്രസ്റ്റിന്റെ വരവ് പരസ്യപ്പെടുത്താനാവില്ല: ചെയര്‍മാന്‍

പുതുപ്പള്ളി: ആശ്രയ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വരവുചെലവ് കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനാവില്ലെന്ന് ചെയര്‍മാന്‍ എന്‍ എ പങ്കജാക്ഷന്‍നായര്‍. പണം നല്‍കിയവരുടെ പേരുകള്‍ വെളിപ്പെടുത്തണമെങ്കില്‍ അവരുടെ അനുമതി വാങ്ങണം. ഡയറക്ടര്‍ബോര്‍ഡ് തീരുമാനം ഇല്ലാതെ കണക്ക് പരസ്യപ്പെടുത്താനാവില്ലെന്നും പങ്കജാക്ഷന്‍നായര്‍ പറഞ്ഞു. ട്രസ്റ്റ് പ്രവര്‍ത്തനം സുതാര്യമാണെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കണക്കുകള്‍ പരിശോധിക്കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം പറഞ്ഞത് കള്ളമാണെന്ന് ഇതോടെ വ്യക്തമായി.

ട്രസ്റ്റിന് ഒരുവര്‍ഷം ലഭിക്കുന്ന ഏകദേശം തുകയെക്കുറിച്ച് ചോദിച്ചപ്പോഴും ഭരണസമിതിയോട് ചോദിക്കണമെന്നായിരുന്നു പങ്കജാക്ഷന്‍നായരുടെ മറുപടി. പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെന്ന് നിയമമില്ല. നിയമാനുസൃതമായ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന ആളുകളുടെ പണം ചെക്കായി സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഉമ്മന്‍ചാണ്ടി ട്രസ്റ്റിന്റെ ചെയര്‍മാന്‍ പദവി ഒഴിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുമെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു ഈ തീരുമാനം. 2011-12 സാമ്പത്തിക വര്‍ഷത്തെ വരവ്ചെലവ് കണക്കുകള്‍ ട്രസ്റ്റ് ഓഡിറ്റുചെയ്തിട്ടുണ്ട്. 2012-13 സാമ്പത്തികവര്‍ഷത്തെ കണക്ക് പൂര്‍ത്തിയായിട്ടില്ല. എം കെ കുരുവിളയാണ് ഓഡിറ്റര്‍. ജിക്കുമോന്‍ ജേക്കബ്, എം ആര്‍ സുരേന്ദ്രന്‍, നൈനാന്‍ കുര്യന്‍, സി ജി ജോര്‍ജ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

deshabhimani

ഷാഫി മേത്തര്‍ രാജിവച്ചു

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ രാജിവച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കുടുംബ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാജി. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ റാഫി മേത്തറും ഭാര്യ രേഷ്മയുമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ജൂലൈ പതിനാലിനാണ് പരാതി നല്‍കിയത്. വ്യാഴാഴ്ച വൈകിട്ട് മുഖ്യമന്ത്രി രാജി സ്വീകരിച്ചു.

ഒരു രൂപ ശമ്പളത്തില്‍ ചുമതലയേറ്റ മേത്തര്‍ക്കെതിരെ നിരവധി ആരോപണമുണ്ട്. ഒരു രൂപയാണ് ശമ്പളമെങ്കിലും യാത്രാ ബത്ത ഉള്‍പ്പെടെ 73.5 ലക്ഷം രൂപ കൈപ്പറ്റിയതായി പി സി ജോര്‍ജ് വെളിപ്പെടുത്തി. 108 ആംബുലന്‍സ് കമ്പനിയുടെ പേരില്‍ ഇദ്ദേഹം അനധികൃതമായി പണം സമ്പാദിച്ചതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. അതേസമയം, രാജി വ്യക്തിപരമാണെന്ന് മേത്തര്‍ പറഞ്ഞു. സഹോദരനെക്കുറിച്ചോ അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചോ കുടുംബകാര്യങ്ങളെക്കുറിച്ചോ സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥനുമായും സംസാരിച്ചിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞു. സഹോദരന്റെ ബിസിനസ് രീതിയില്‍ അഭിപ്രായവ്യത്യാസമുണ്ട്. സഹോദരന്റെ പരാതി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും ഷാഫി മേത്തര്‍ അറിയിച്ചു. ഇതിനിടെ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാന്‍ അനുമതി തേടിയിട്ടുണ്ട്.

ജാഗ്രത: ഒരു രൂപ ശമ്പളം; ഉലകംചുറ്റും വാലിബന്‍

മുഖ്യമന്ത്രിയുടെ വാദം കഴിവുകേടിന്റെ ന്യായീകരണം: ഐ.എന്‍.ടി.യു.സി

ദേശാഭിമാനി

മുഖ്യമന്ത്രിയുടെ വാദം കഴിവുകേടിന്റെ ന്യായീകരണം: ഐഎന്‍ടിയുസി

എം എന്‍ ഉണ്ണിക്കൃഷ്ണന്‍

കൊച്ചി: താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കില്‍ മറ്റവന്‍ കയറിയിരിക്കുമെന്ന പ്രയോഗം ശരിവയ്ക്കുന്നതിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതായി ഐഎന്‍ടിയുസി മുഖമാസിക "ഇന്ത്യന്‍ തൊഴിലാളി". തന്റെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനകളിലും ഉപജാപങ്ങളിലുമൊന്നും പങ്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് നല്ലൊരു ഭരണാധിപനു ചേര്‍ന്ന വാക്കല്ല. ഒരു സംഘം ഉദ്യോഗസ്ഥര്‍ വഞ്ചിച്ചെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് കഴിവുകേടിനെ ന്യായീകരിക്കലാണ്. മറ്റുള്ളവര്‍ക്ക് വിഢ്ഡിയാക്കാന്‍ നിന്നുകൊടുത്തുവെന്ന് വിലപിക്കുന്നത് നാണക്കേടാണെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു.

വഞ്ചകരുടെയും ഉപജാപക സംഘങ്ങളുടെയും വേദിയായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മുഖ്യ പത്രാധിപരായ "ഇന്ത്യന്‍ തൊഴിലാളി" വിലയിരുത്തി. ജൂലൈ ലക്കത്തിലാണ് രൂക്ഷ വിമര്‍ശം. "സുതാര്യത: അധികമായാല്‍ അമൃതും വിഷം", "ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കേണ്ട: സത്യം പൂര്‍ണമായി പുറത്തുകൊണ്ടുവരണം" എന്നീ ലേഖനങ്ങള്‍ മുഖ്യമന്ത്രിയെ പരസ്യമായി ആക്രമിക്കുന്നു. കണ്ണും കാതും പൊത്തേണ്ട നാണക്കേടുകളുടെ കഥകള്‍ ഓഫീസിനെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ച് പുറത്തുവരുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും പോലുള്ള "ലോകോത്തര ഫ്രോഡുകളു"മായി അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധമുണ്ടായി എന്നതിന് ഒരു ന്യായീകരണവുമില്ല. കോടികളുടെ ഇടപാട് നടത്തുന്ന രണ്ട് വ്യക്തികളുടെ പൂര്‍വചരിത്രം അറിയാനുള്ള സംവിധാനം പോലും മുഖ്യമന്ത്രിയുടെ ഓഫീസിനില്ല എന്നത് ലജ്ജാകരമാണ്. നടുക്കമുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ നടത്തുന്ന ക്രിമിനലുകള്‍ക്ക് ലാഘവത്തോടെ കടന്നുകയറാവുന്നതും പറ്റിക്കാവുന്നതുമാണോ മുഖ്യമന്ത്രിയുടെ ആസ്ഥാനം.

മുഖ്യമന്ത്രിയുടെ ഓഫീസിനുതന്നെ സുരക്ഷിതത്വമില്ലെങ്കില്‍ നാട്ടില്‍ ജനങ്ങള്‍ക്കെങ്ങിനെ സുരക്ഷിതത്വമുണ്ടാകും- ലേഖനം ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട നാലുപേരാണ് അധികാരകേന്ദ്രങ്ങളില്‍ അവിഹിത സ്വാധീനം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം സദാ നടക്കുന്ന ടെന്നി ജോപ്പനും "വീട്ടില്‍പ്പോലും അമിത സ്വാതന്ത്ര്യം കിട്ടുന്ന ഗണ്‍മാനും" ഡല്‍ഹിയിലെ "പ്രത്യേക അമ്പാസഡറും" സുതാര്യതയുടെ ചുക്കാന്‍ പിടിക്കുന്ന ഒരു ഉദ്യോഗസ്ഥനും. ടെന്നി ജോപ്പന് ഇത്ര വിപുലമായി അധികാരം ഉപയോഗിക്കാന്‍ ആരാണ് ധൈര്യം നല്‍കിയതെന്ന് ലേഖനം ചോദിക്കുന്നു. അയാള്‍ സമ്പാദിച്ച കോടികളുടെ സ്വത്തും വീടുകളുമെല്ലാം അഴിമതിയുടെ ജീവിക്കുന്ന തെളിവുകളാണ്. അച്ചടക്ക നടപടിക്ക് മേലധികാരികള്‍ നിര്‍ദേശിച്ച സലിംരാജ് എങ്ങിനെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കടന്നുകുടി. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്ക് വിജിലന്‍സ് നിര്‍ദേശം അവഗണിച്ച് ആരാണ് നിയമനം നല്‍കിയത്. ഇത്രയും ദുര്‍ഗുണസമ്പന്നന്മാരുടെ സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കഴിഞ്ഞ രണ്ടുവര്‍ഷം വിജിലന്‍സ്പോലും അറിയാതെ എങ്ങിനെ നിലനിര്‍ത്താനായെന്നും ലേഖനം ചോദിക്കുന്നു.

ലീഗിനും രൂക്ഷ വിമര്‍ശം

കൊച്ചി: ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആക്രമണം നടത്തുന്ന ഐഎന്‍ടിയുസി മുഖമാസിക "ഇന്ത്യന്‍ തൊഴിലാളി"യില്‍ മുസ്ലിം ലീഗിനും പൊതിരെ തല്ല്. "പുരയ്ക്ക് തീപിടിക്കുമ്പോള്‍ വാഴവെട്ടാന്‍ ശ്രമിക്കുന്നവര്‍" എന്നാണ് മുസ്ലിം ലീഗിനുള്ള പരോക്ഷ വിശേഷണം. കോളേജിന്റെ വരാന്ത കണ്ടിട്ടില്ലാത്ത "യോഗ്യനെ" വൈസ് ചാന്‍സലറാക്കിയും യൂണിവേഴ്സിറ്റിയുടെ സ്ഥലം സ്വന്തം ട്രസ്റ്റുകള്‍ക്ക് പതിച്ചുനല്‍കിയും ശൈശവവിവാഹത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കി നിയമസാധുത നല്‍കിയും മതത്തിന്റെ മേല്‍വിലാസം മാത്രം നോക്കി അനര്‍ഹരെ ഉന്നതങ്ങളിലിരുത്തി സ്ഥാപനങ്ങള്‍ നശിപ്പിച്ചും മുന്നേറുന്നത് നിശബ്ദമായി കണ്ടുനില്‍ക്കണമെന്നു പറഞ്ഞാല്‍ അതിന് "റാന്‍" മൂളാന്‍ ആത്മാഭിമാനവും രാജ്യസ്നേഹവുമുള്ള ആര്‍ക്കും കഴിയില്ല. മതേതരത്വം കൈവിട്ട് ഏതെങ്കിലും തറവാടിനു മുന്നില്‍ ഓഛാനിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസുകാരെ കിട്ടുമെന്ന് ആരും കരുതേണ്ടെന്നും ലീഗിനെ ഉന്നമിട്ട് ലേഖനം വിശദീകരിക്കുന്നു.

Thursday, July 18, 2013

ഫിറോസും കൂട്ടാളികളും ചേര്‍ന്നു വ്യാജരേഖ ചമച്ചു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദസരസ്വതിയുടെ സമാധിക്കു തൊട്ടുപിന്നാലെ കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളിലുമായി 15,000 കോടിയിലേറെ വിലവരുന്ന ആശ്രമസ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വ്യാജ രേഖ ചമച്ച സംഘത്തിലും സോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ പ്രതിയായ മുന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എ ഫിറോസ് പങ്കാളിയായിരുന്നുവെന്ന തെളിവുകളും പുറത്ത്.

ഒരു പരേതന്റെ കള്ള ഒപ്പിട്ട സാക്ഷ്യപത്രത്തോടെ ശ്രീരാമദാസമിഷന്റെ പേരില്‍ വ്യാജഭരണഘടന തയാറാക്കുകയും ചെയ്തു. സ്വാമി സത്യാനന്ദസരസ്വതിയുടെ സമാധിക്കുശേഷം ആശ്രമത്തില്‍ നടന്ന ഒരനാശാസ്യ സംഭവത്തെത്തുടര്‍ന്ന് കയ്യോടെ പിടികൂടപ്പെട്ട് ബംഗളൂരുവിലേക്ക് മുങ്ങിയ സായി സമ്പത്ത് എന്ന വ്യാജ ബ്രഹ്മചാരിചമച്ച വ്യാജരേഖ സാക്ഷ്യപ്പെടുത്തിയത് ഫിറോസായിരുന്നു. ആശ്രമത്തിലെ അനാശാസ്യത്തിന് സായി സമ്പത്തിനും മിഷന്റെ ട്രഷററായിരുന്ന ശങ്കരപാദാനന്ദ സരസ്വതിയെന്ന സുധര്‍മന്‍ നായര്‍ക്കുമെതിരെ കഴക്കൂട്ടം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലും പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലും രണ്ട് കേസുകള്‍ നിലവിലുണ്ട്.

2006 നവംബര്‍ 26 തീയതിവെച്ചുള്ള ഈ വ്യാജരേഖ സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഫിറോസ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടറായിരുന്നു. തന്റെ ഔദ്യോഗിക മുദ്രയ്ക്കുപുറമേ വ്യാജരേഖയ്ക്കു കൂടുതല്‍ വിശ്വാസ്യത കൈവരാന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മാത്രം ഉപയോഗിക്കുന്ന സര്‍ക്കാര്‍ മുദ്രകൂടി പതിച്ചിട്ടുണ്ട്. ഒരു രേഖ സാക്ഷ്യപ്പെടുത്തുമ്പോള്‍ തീയതി കൂടി രേഖപ്പെടുത്തണമെന്ന നിയമവും ഫിറോസ് ഈ ഗൂഢാലോചനയ്ക്കിടയില്‍ ബോധപൂര്‍വം ലംഘിച്ചത് പിന്നീട് പലപ്പോഴായി ആവശ്യമുളള തീയതിവെച്ച് കോടതികള്‍ക്കു മുമ്പാകെ സമര്‍പ്പിക്കാന്‍ പാകത്തിലായിരുന്നു.
ഫിറോസും സായി സമ്പത്തും സ്വാമി സത്യാനന്ദ സരസ്വതിയുടെ അരിവയ്പുകാരനായിരുന്ന ഇപ്പോഴത്തെ സ്വയം അവരോധിത മഠാധിപതി കൃഷ്ണന്‍ നമ്പൂതിരി എന്ന ബ്രഹ്മപാദാനന്ദ സരസ്വതിയും ചേര്‍ന്നാണ് ഈ വ്യാജരേഖ ചമച്ചതെന്ന് സോളാര്‍ തട്ടിപ്പ് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചതായി അറിയുന്നു. ഫിറോസിന്റെ തട്ടിപ്പുകളുടെ ചരിത്രം ചികയുന്ന പ്രത്യേക അന്വേഷണ സംഘത്തിനു കിട്ടിയ വിവരമനുസരിച്ച് അയാളുടെ തട്ടിപ്പുകള്‍ക്കും വ്യാജരേഖ ചമയ്ക്കലിനും ക്രിമിനല്‍ ഗൂഢാലോചനകള്‍ക്കും ഒരു പതിറ്റാണ്ടോളം പ്രായമുണ്ടത്രേ.

സ്വാമി സത്യാനന്ദസരസ്വതിയുടെ സമാധിക്കു തൊട്ടുമുമ്പ് 2006 ഒക്‌ടോബര്‍ 19ന് മിഷന്റെ ഭരണഘടന നോട്ടറി പബ്ലിക് കൂടിയായ ആറ്റിങ്ങല്‍ മധുസൂദനന്‍ പിള്ള സാക്ഷ്യപ്പെടുത്തി രജിസ്‌ട്രേഷന്‍ പുതുക്കിയിരുന്നു. സ്വാമിയടക്കം 11 അംഗങ്ങളാണ് മിഷന്റെ ഭരണസമിതിയിലുള്ളത്. ഇപ്പോള്‍ കൊല്ലത്തുനിന്നുള്ള ലോകസഭാംഗമായ എന്‍ പീതാംബരകുറുപ്പ്, ഇടയിലവീട്, നാവായിക്കുളം, ഡോ. എം ശശിധരന്‍ നായര്‍, എം എസ് ബുക്ക് ഡിപ്പോ, കൊല്ലം, ദാമോദരന്‍ പിള്ള, രാജീവ്ഗിരി, അയിരൂപ്പാറ, ചേങ്കോട്ടുകോണം എന്നിവര്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളു.

ഒരാള്‍ ജീവിച്ചിരുന്നാല്‍പോലും അദ്ദേഹമായിരിക്കും മിഷന്റെ ഭരണാധികാരിയെന്ന വ്യവസ്ഥ ഭരണഘടനയിലുള്ളതിനാലാണ് പീതാംബരകുറുപ്പ് എം പിയടക്കമുള്ളവരെ ഒഴിവാക്കി 15,000 കോടിയില്‍പരം വിലവരുന്ന ആശ്രമസ്വത്തുക്കള്‍ കയ്യടക്കാന്‍ ഫിറോസും സായിസമ്പത്തും കൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് പരേതനായ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സെക്രട്ടറി കെ വിജയകുമാരന്‍ പിള്ളയുടെ കള്ള ഒപ്പിട്ട് വ്യാജസീല്‍ പതിച്ച് ഭരണഘടന ഭേദഗതി ചെയ്ത വ്യാജരേഖ ചമച്ചത്. ഈ കള്ള ഒപ്പിനുതാഴെയും തീയതിയില്ല. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക സീലുമില്ല. വ്യാജ മിനിറ്റ്‌സിലെ മിക്ക ഒപ്പുകളും ഇട്ടിരിക്കുന്നത് സായിസമ്പത്താണ്.

ഈ വ്യാജരേഖകള്‍ക്കും ആശ്രമം നിയമവിരുദ്ധമായി കയ്യടക്കിവച്ചിരിക്കുന്നവര്‍ക്കുമെതിരെ നിരവധി കേസുകള്‍ സംസ്ഥാനത്തെ കോടതികളില്‍ നിലവിലുണ്ട്. ശ്രീരാമദാസ ആശ്രമം സ്ഥാപകന്‍ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ വില്‍പത്രവും ഇതിനിടെ പുറത്തുവന്നു. ആശ്രമസ്വത്തുക്കള്‍ മുഴുവന്‍ ഗുരുപാദര്‍ സ്ഥാപിച്ച ശ്രീരാമദാസ സമിതിക്കാണെന്ന് രജിസ്റ്റര്‍ ചെയ്ത ഈ വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് തിരുവനന്തപുരം കോടതിയില്‍ നടക്കുന്ന കേസില്‍ വ്യാജരേഖ ചമച്ചവര്‍ക്കെതിരെ സ്വാമി സത്യാനന്ദസരസ്വതിയുടെ അനുജന്‍ എം കെ രഘുറാമും കക്ഷി ചേര്‍ന്നിട്ടുണ്ട്. രഘുറാമും സമിതി ഭാരവാഹികളും ഫിറോസിന്റെയും കൂട്ടാളികളുടേയും ഈ തട്ടിപ്പും വ്യാജരേഖചമയ്ക്കലും ക്രിമിനല്‍ ഗൂഢാലോചനയും സോളാര്‍ പാനല്‍ തട്ടിപ്പ് അന്വേഷണസംഘത്തെ ധരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
(കെ രംഗനാഥ്)

janayugom

സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കതിരെ തിരിയുന്നു

സോളാര്‍ തട്ടിപ്പില്‍നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നു. കള്ളക്കേസുകളിലൂടെ മാധ്യമങ്ങളുടെ വായ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനലിന്റെ പത്തനംതിട്ട ലേഖകന്‍ പ്രദീപ് സി നെടുമണിനെതിരെ പൊലീസ് കേസെടുത്തു. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍:െ്കതിരെയും കേസ് എടുത്തിട്ടുണ്ട്.
പത്തനംതിട്ട ജയിലിലെത്തി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലംകയ്യുമായ ടെനി ജോപ്പനെ കണ്ടതിനാണ് പ്രദീപിനെതിരെ കേസ് എടുത്തിട്ടുള്ളത്. മൊബൈല്‍ ഫോണുമായി ജയിലിനകത്തു കയറിയെന്നാണ് കേസ്. പ്രിസണേഴ്‌സ് ആക്ട് 81 ാം വകുപ്പ് പ്രകാരമാണ് പത്തനംതിട്ട പൊലീസ് കേസ് എടുത്തത്.

ജയിലിലെ എല്ലാ ചട്ടങ്ങളും പാലിച്ചായിരുന്നു പ്രദീപ് ജയിലില്‍ ചെന്നത്. സന്ദര്‍ശനത്തിനുള്ള പ്രത്യേക ഫോം പൂരിപ്പിച്ചുകൊടുക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുകയും ചെയ്തു. ടെനി ജോപ്പനുമായി സംസാരിച്ച് പിരിയാന്‍ നേരം വാഡര്‍മാര്‍ വന്ന് പ്രദീപിനെ വാര്‍ഡന്റെ മുറിയിലേക്ക് കൊണ്ടുപോകുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. അസ്വാഭാവികമായി ഒന്നും കാണാത്തതിനാല്‍ പ്രദീപിനെ അവര്‍ വിട്ടയക്കുകയും ചെയ്തതാണ്. ഇതിനു ശേഷമാണ് എം കെ കുരുവിളയുടെ അഭിമുഖം പുറത്തുവന്നത്. ഇതോടെ പ്രദീപിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചവര്‍ക്കെതിരെ നേരത്തേതന്നെ സര്‍ക്കാര്‍ തിരിഞ്ഞിരുന്നു. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്കെതിരെ അച്ചടക്കനടപടിയാണ് കൂട്ടത്തോടെ സ്വീകരിച്ചത്. മുഖ്യമന്ത്രിക്കെതിരായ പോസ്റ്റില്‍ ലൈക്ക് ചെയ്തുവെന്നതുകൊണ്ടുമാത്രം അച്ചടക്കനടപടി നേരിടേണ്ടിവന്ന ജീവനക്കാരുമുണ്ട്.

janayugom

മൃഗശാലയില്‍ ഒന്നരവര്‍ഷത്തിനിടെ ചത്തത് നൂറിലേറെ മൃഗങ്ങള്‍

തലസ്ഥാനത്തെ മൃഗശാലയില്‍ മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നൂറിലേറെ മൃഗങ്ങളാണ് മൃഗശാല അധികൃതരുടെ കെടുകാര്യസ്ഥതയെത്തുടര്‍ന്ന് ചത്തൊടുങ്ങുന്നത്. ലക്ഷങ്ങള്‍ വിലവരുന്നതും അപൂര്‍വ ജനുസില്‍പ്പെട്ടതുമായ മൃഗങ്ങളാണ് ആവശ്യമായ ചികിത്സ ലഭിക്കാതെയും അശാസ്ത്രീയമായ പരിചരണം മൂലവും അകാലത്തില്‍ ചത്തൊടുങ്ങുന്നത്. ഒരാഴ്ചയ്ക്കിടെ മാത്രം 16 മൃഗങ്ങള്‍ ചത്തു. അറുനൂറോളം മൃഗങ്ങളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ അഞ്ഞൂറോളം മൃഗങ്ങളേ മൃഗശാലയില്‍ അവശേഷിക്കുന്നുള്ളൂ.

സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ മൃഗശാലയില്‍ മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും വകുപ്പുമന്ത്രി പി കെ ജയലക്ഷ്മി മൃഗശാലയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മൃഗശാലയെ നാശത്തിലേക്ക് തള്ളിവിട്ട് നഗരത്തിലെ ഈ കണ്ണായ സ്ഥലം റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ചരടുവലികളാണ് അണിയറയില്‍ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. സ്ഥലപരിമിതിയുണ്ടെന്നു പറഞ്ഞ് നഗരത്തിനു പുറത്തേക്ക് മൃഗശാല മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോധപൂര്‍വമുള്ള അനാസ്ഥയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ആരോപണമുണ്ട്. കഴിഞ്ഞദിവസം രണ്ടാഴ്ചമാത്രം പ്രായമുള്ള ഹിപ്പോപൊട്ടാമസും രണ്ട് മാനും ചത്തിരുന്നു. ഹിപ്പോപൊട്ടാമസിനെ തള്ള അബദ്ധത്തില്‍ ചവിട്ടിക്കൊന്നതാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. മാനുകള്‍ ചത്തത് അണുബാധയേറ്റാണെന്നുമായിരുന്നു വിശദീകരണം.

deshabhimani

പൊലീസിന്റെ "കര്‍ത്തവ്യ ധീരത" കോണ്‍. നേതാവിന്റെ മുന്നില്‍ കണ്ടില്ല

ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കേസ് ചാര്‍ജ് ചെയ്ത സിപിഐ എം പ്രവര്‍ത്തകരെ ഓടിനടന്ന് അറസ്റ്റ് ചെയ്യുന്ന പത്തനംതിട്ടയിലെ പൊലീസിന്റെ വീരശൂരപരാക്രമം കോണ്‍ഗ്രസ് നേതാവിന്റെ മുഷ്ക്കിനു മുമ്പില്‍ അടിയറവ് വച്ചു. ഡിവൈഎസ്പിയുള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍വച്ച് പൊലീസ് ജീപ്പിന്റെ കാറ്റ് കുത്തിവിട്ട സംഭവത്തിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടിയപ്പോള്‍ ഇയാളെ മോചിപ്പിക്കാന്‍ എത്തിയ നഗരസഭ കൗണ്‍സിലറുടെ ഭീഷണിയ്ക്കു മുന്നില്‍ പൊലീസിന്റെ മുട്ടുവിറച്ചു.

യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട മുന്‍ മണ്ഡലം പ്രസിഡന്റ് സിദ്ദിഖിനെയാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് പത്തനംതിട്ടയിലെ ഒരു എസ്ഐയുടെ നേതൃത്വത്തില്‍ വീട്ടില്‍നിന്ന് പിടികൂടിയത്. ഇയാളെ പൊലീസ് ജീപ്പില്‍ കയറ്റുന്നതിനിടെ വിവരമറിഞ്ഞെത്തിയ അനില്‍ മണ്ണില്‍ എസ്ഐയെയും മറ്റ് പൊലീസുകാരെയും തടയുകയായിരുന്നു. ഇയാളെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നേതാവിന്റെ ഭീഷണിയെ തുടര്‍ന്ന് പൊലീസ് കീഴടങ്ങി തിരിച്ചുപോന്നു. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും കാണ്‍കെയാണ് സേനയ്ക്കാകെ നാണക്കേടുണ്ടാകുന്ന സംഭവമുണ്ടായത്. ഇതില്‍ ഒരു മാസം കഴിയുമ്പോഴാണ് പൊലീസ് പ്രതികളെ തപ്പിയിറങ്ങിയത്. പത്തനംതിട്ട എസ്ഐ മനു രാജ് ഉറക്കമൊഴിഞ്ഞ് നടന്നാണ്, സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തില്‍ പങ്കെടുത്ത പേരില്‍ സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തശേഷം അറസ്റ്റ് ചെയ്യുന്നത്.

കെഎസ്യു ഡിഡി ഓഫീസ് മാര്‍ച്ചില്‍ പരാക്രമം: ബോര്‍ഡുകള്‍ നശിപ്പിച്ചു

കണ്ണൂര്‍: അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്യുക്കാര്‍ ഇടതുപക്ഷ സംഘടനകളുടെ പ്രചാരണ ബോര്‍ഡ് വ്യാപകമായി നശിപ്പിച്ചു. കാല്‍ടെക്സ് മുതല്‍ മുനിസിപ്പല്‍ സ്കൂള്‍ വരെയുള്ള റോഡരികിലെ ബോര്‍ഡുകളാണ് നശിപ്പിച്ചത്. പൊലീസുണ്ടായിരുന്നെങ്കിലും തടഞ്ഞില്ല. പിന്നീട് കൂടുതല്‍ പൊലീസെത്തി ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. പൊലീസ് ഉന്നതന്റെ മുന്നില്‍വച്ച് ഇവരെ കെഎസ്യു നേതാക്കള്‍ ഡിസിസി ഓഫീസിലേക്ക് കൊണ്ടു പോകുകയായിരുന്നു

പ്രതിഷേധിക്കുക: എന്‍ജിഒ യൂണിയന്‍

കണ്ണൂര്‍: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് മാര്‍ച്ചിന്റെ പേരില്‍ കെഎസ്യുക്കാര്‍ എന്‍ജിഒ യൂണിയന്‍ 25ന് നടത്താന്‍ നിശ്ചയിച്ച ജില്ലാ മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം കണ്ണൂര്‍ പട്ടണത്തില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന ബാനറുകളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചതില്‍ യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അവകാശ സമരത്തിന്റെ പ്രചാരണാര്‍ത്ഥം യൂണിയന്‍ സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികളാണ് കെഎസ്യുക്കാര്‍ ഭഭരണത്തിന്റെ ഹുങ്കില്‍ തല്ലിത്തകര്‍ത്തത്. സമാധാനം നിലനില്‍ക്കുന്ന കണ്ണൂരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭഭാഗമാണിത്. അക്രമികള്‍ക്കെതിരെ കേസെടുക്കണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

പാര്‍ടി ഓഫീസുകള്‍ തകര്‍ത്തു; കുരുവട്ടൂരില്‍ ആര്‍എസ്എസ് അക്രമം

കക്കോടി: കുരുവട്ടൂരില്‍ ആര്‍എസ്എസ് അക്രമം. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ കുരുവട്ടൂര്‍ അങ്ങാടിയിലാണ് അക്രമം. സിപിഐ എം കുരുവട്ടൂര്‍ ബ്രാഞ്ച് ഓഫീസായ അഴീക്കോടന്‍ മന്ദിരം, 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ആര്‍ടിസാന്‍സ് യൂണിയന്‍ നിര്‍മിച്ച സ്തൂപം, കൊടിമരം, കുരുവട്ടൂര്‍ പഞ്ചായത്ത് ഇഎംഎസ് സ്മാരക സാംസ്കാരിക നിലയം, പൊട്ടംമുറിയിലെ ബസ് കാത്തിരുപ്പ് കേന്ദ്രം തുടങ്ങിയവയാണ് തകര്‍ക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് കക്കോടി ബസാറില്‍ ആര്‍എസ്എസ് മതവിദ്വേഷം വളര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന്റെ തുടര്‍ച്ചയായാണ് തൊട്ടടുത്ത കുരുവട്ടൂരില്‍ നടന്ന അക്രമം. തിങ്കളാഴ്ച കക്കോടി ബസാറില്‍ രണ്ട് അന്യസംസ്ഥാനക്കാര്‍ സക്കാത്തിനെത്തിയിരുന്നു. തിരിച്ചുപോകാന്‍ നേരംവൈകിയതിനാല്‍ അവര്‍ അടുത്തുള്ള മുജാഹിദ് റിലീഫ് സെന്ററില്‍ താമസിച്ചു. ഇവര്‍ മുസ്ലിം ഭീകരരാണെന്ന് ആര്‍എസ്എസ് പ്രചരിപ്പിച്ചു. തുടര്‍ന്ന് ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വ്യക്തമായ തിരിച്ചറിയല്‍ രേഖയുള്ളതിനാല്‍ പൊലീസ് അവരെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ചു. സംഭവത്തെ തുടര്‍ന്ന് ആര്‍എസ്എസ് കക്കോടിയില്‍ പ്രകോപന മുദ്രാവാക്യമുയര്‍ത്തി പ്രകടനം നടത്തി. ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും സിപിഐ എമ്മും പ്രകടനം നടത്തിയപ്പോള്‍ ആര്‍എസ്എസ് സംഘം കല്ലെറിയുകയായിരുന്നു. ലോക്കല്‍ സെക്രട്ടറിയടക്കം രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് കക്കോടിയില്‍ കുഴപ്പമുണ്ടാക്കാന്‍ സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ തിരിച്ചുപോകുമ്പോഴാണ് കുരുവട്ടൂരില്‍ അക്രമം നടത്തിയത്. അക്രമികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം കക്കോടി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ചന്ദ്രന്‍, ഏരിയാ സെക്രട്ടറി മാമ്പറ്റ ശ്രീധരന്‍ തുടങ്ങിയവരും സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാര്‍, അസി. കമീഷണര്‍ പ്രിന്‍സ് അബ്രഹാം തുടങ്ങി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.

കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ പൊലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു

കൂടരഞ്ഞി: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊലീസിനെ ആക്രമിച്ച് വ്യാജമദ്യ-കഞ്ചാവ് വില്‍പ്പനക്കാരനെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചു. കൂടരഞ്ഞി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച രാത്രി പൊലീസ് ജീപ്പില്‍നിന്ന് പൊലീസുകാരെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചത്. പ്രദേശത്ത് വ്യാജമദ്യ- കഞ്ചാവ് വില്‍പ്പന നടത്തുന്ന വില്‍സണിനെയാണ് മോചിപ്പിച്ചത്. കൂടരഞ്ഞി അങ്ങാടിയില്‍ രാത്രി ഏഴോടെയാണ് സംഭവം. വില്‍സണിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്ന പൊലീസ് ജീപ്പ് ജോസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് പൊലീസിനെ തള്ളിമാറ്റിയാണ് പ്രതിയെ സിനിമാ സ്റ്റൈലില്‍ മോചിപ്പിച്ചത്. എഎസ്ഐ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള തിരുവമ്പാടി പൊലീസ് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വില്‍സണിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം വ്യാജമദ്യ വില്‍പ്പനക്കെതിരെ കൂടരഞ്ഞിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തത് ജോസ് പള്ളിക്കുന്നേല്‍ ആയിരുന്നു.

പ്ലസ്വണ്‍ സീറ്റ്: കെഎസ്യുക്കാര്‍ വൈദികനെ ആശ്രമത്തില്‍ കയറി മര്‍ദിച്ചു

പത്തനാപുരം: സ്കൂളില്‍ പ്ലസ്വണ്ണിന് സീറ്റു നല്‍കാത്തതിന് കെഎസ്യു അക്രമികള്‍ വൈദികനെ മര്‍ദിച്ചു. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്വണ്ണിന് കെഎസ്യു ഐ ഗ്രൂപ്പിനു സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സ്കൂള്‍ മാനേജ്മെന്റിലെ വൈദികര്‍ താമസിക്കുന്ന ദയറായില്‍ (ആശ്രമത്തില്‍) കയറി യൂത്തുകോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ വൈദികനെ കൈയേറ്റം ചെയ്തത്. തൃശിനാപ്പള്ളിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന ഫാ. മാര്‍ക്കോസ് ഗീവര്‍ഗീസിനാണ് മര്‍ദനമേറ്റത്. ദയറായുടെ സുപ്പീരിയര്‍ റവ. ഫാ. ജോസഫ് റമ്പാന്‍, പത്തനാപുരം സെന്റ്സ്റ്റീഫന്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. കെ വി പോള്‍ എന്നിവര്‍ യൂത്തുകോണ്‍ഗ്രസുകാരുടെ മര്‍ദനത്തില്‍നിന്ന് ഫാ. മാര്‍ക്കോസ് ഗീവര്‍ഗീസിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഓര്‍ത്തഡോക്സ് സഭയിലെ മൗണ്ട് താബോര്‍ ദയറായുടെ കീഴിലെ ചാപ്റ്റര്‍ (ഗവേണിങ്ബോഡി) യോഗം ബുധനാഴ്ച രാത്രി കൂടവെയാണ് സംഭവം. യൂത്തുകോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രദീപ്കുമാര്‍, കെഎസ്യു നേതാവും കേരള സര്‍വകലാശാല സെനറ്റ്അംഗവുമായ ഷാജുഖാന്‍, ഡിസിസി അംഗം പള്ളിത്തോപ്പില്‍ ഷിബു, കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവ് ഐ നാസറുദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. വിവരമറിഞ്ഞ് ഒരുമണിക്കൂര്‍ വൈകിയെത്തിയ പത്തനാപുരം പൊലീസ് യൂത്തുകോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് പറഞ്ഞുവിടുകയായിരുന്നു.

deshabhimani

എംപ്ലോയ്മെന്റ് എക്ചേഞ്ചില്‍ നീണ്ട നിര പഴങ്കഥ

പത്താംക്ലാസ് കഴിഞ്ഞാല്‍ അനുഷ്ഠാനം പോലെ ചെയ്ത ചടങ്ങായിരുന്നു എംപ്ലോയ്മെന്റ് എക്ചേഞ്ചില്‍ പേരുനല്‍കല്‍. ആ കാലം പോയി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നൊരു തൊഴില്‍ദാതാവിനെക്കുറിച്ച് കേട്ടറിവുള്ള പുതുതലമുറക്കാര്‍ വിരളം. തൊഴില്‍ സങ്കല്‍പ്പത്തിലും മനോഭാവത്തിലും വന്ന അടിസ്ഥാന മാറ്റവും മാറുന്ന ലോക സാഹചര്യവും സാങ്കേതികþ വൈജ്ഞാനികരംഗത്തെ കുതിച്ചുചാട്ടവുമാണ് ഒരു കാരണം. മറ്റൊന്ന് തൊഴില്‍, വരുമാനം എന്നിവയുടെ സങ്കല്‍പ്പത്തില്‍ വന്ന മാറ്റമാണ്. ലോകത്തെവിടേയും ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ അപ്പപ്പോള്‍ അറിയാനും ഓണ്‍ലൈനില്‍ അപേക്ഷകരാകാനും സാധ്യതകളേറെയാണിന്ന്. ഈ സാഹരച്യത്തിലും ജില്ലയില്‍ ഏതാണ്ട് 3,02,650 തൊഴില്‍രഹിതരുണ്ടെന്നാണ് എംപ്ലോയ്മെന്റ് എക്ചേഞ്ച് കണക്ക്. തൃശൂരില്‍ ജില്ലാ എംപ്ലോയ്മെന്റ ഓഫീസില്‍ മാത്രം 96,000ലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ വന്ന 7000ത്തോളം പുതിയ രജിസ്ട്രേഷന്‍ കൂടാതെയാണിത്. പത്ത് വര്‍ഷത്തിനുള്ളില്‍ ഇത്ര രജിസ്ട്രേഷന്‍ റെക്കോഡാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം കെ അശോകന്‍ പറയുന്നു.

തൃശൂരിലെ ജില്ലാ ആസ്ഥാനം കൂടാതെ ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാവക്കാട്, തലപ്പിള്ളി താലൂക്ക് എംപ്ലോയ്മെന്റ് ഓഫീസുകളും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ എംപ്ലോയ്മെന്റ് ബ്യൂറോയും പ്രവര്‍ത്തിക്കുന്നുണ്ട്. യുജിസി, നെറ്റ് പരീക്ഷാപരിശീലനമാണ് മണ്ണുത്തി ബ്യൂറോയിലെ മുഖ്യപ്രവര്‍ത്തനം. പിഎസ്സി, യുപിഎസ്സി, ബാങ്ക്, അഖിലേന്ത്യാ പരീക്ഷകള്‍ക്കുള്ള കോച്ചിങ് ക്ലാസുകളുമുണ്ട്. ഇതിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് നല്ല പ്രതികരണമാണ്. അതേസമയം 150þ200രൂപ ദിവസക്കൂലിയുള്ള ജോലിക്ക് ആളെ കിട്ടാനില്ല. ജില്ലയില്‍ അത്താണി സില്‍ക്, ഔഷധി, പേരാമ്പ്ര അപ്പോളോ ടയേഴ്സ്, കേരള ഫീഡ്സ് തടങ്ങിയ സ്ഥാപനങ്ങള്‍ താല്‍ക്കാലികക്കാരെ കണ്ടെത്തുന്നത് ഇപ്പോഴും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പുമാണ് മറ്റൊരു ആവശ്യക്കാര്‍. ഈ വകുപ്പുകളിലേക്ക് പാര്‍ട് ടൈം ജീവനക്കാരെ കണ്ടെത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണ്. 18-50 വയസ്സാണ് പ്രായപരിധി. 70 വയസ്സുവരെ ജോലി എന്നതും ആകര്‍ഷണമാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പാര്‍ട് ടൈം ജീവനക്കാര്‍ക്ക് ശമ്പളസ്കെയില്‍ നിശ്ചയിച്ചത് ഈ ജോലിക്കായുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു. പത്ത് പേരില്‍ കൂടുതലുള്ള സ്വകാര്യ സ്ഥാപനങ്ങളടക്കം പുതിയ ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കണമെന്നാണ് നിയമമെങ്കിലും പുതിയ സ്വകാര്യ സംരംഭകരൊന്നും ഇത് പാലിക്കാറില്ല. രജിസ്ട്രേഷന്‍ നടത്തി മൂന്നുവര്‍ഷവും രണ്ടുമാസം ഗ്രേസ് പിരീഡും കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിലാണ് രജിസ്ട്രേഷന്‍ റദ്ദാക്കുക. ഇത്തരം കൊഴിഞ്ഞുപോക്ക് ഇപ്പോള്‍ വര്‍ധിച്ചിരിക്കയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും എക്ചേഞ്ച് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട.് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കേണ്ട ജൂനിയര്‍ ഓഫീസര്‍മാരുടെ ജോലിപോലും സൂപ്രണ്ടുമാരാണ് നിര്‍വഹിക്കുന്നത്. രജിസ്്രടേഷന്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചതും സമീപഭാവിയില്‍ ഓണ്‍ലൈന്‍ സൗകര്യം ആരംഭിക്കാനാവുമെന്ന ശുഭപ്രതീക്ഷയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ സുവര്‍ണകാലം വീണ്ടെടുത്തേക്കും.

എന്‍ രാജന്‍

deshabhimani

ജാതിവിവേചനമുള്ള ദേവസ്വംസമിതികള്‍ പിരിച്ചുവിടണമെന്ന് മനുഷ്യാവകാശ കമീഷന്‍

ഉത്തര കേരളത്തിലെ ചില ക്ഷേത്രങ്ങളിലെ അയിത്തവും ജാതിവിവേചനവും ക്രിമിനല്‍ കുറ്റമാണെന്ന് മനുഷ്യാവകാശ കമീഷന്‍. ഈ ദുരാചാരത്തിനെതിരെ സര്‍ക്കാരും മലബാര്‍ ദേവസ്വം ബോര്‍ഡും ശക്തമായ നിയമനടപടി സ്വീകരിക്കണം. ഇത്തരം ദേവസ്വം സമിതികള്‍ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കര്‍ശനനടപടികള്‍ അടിയന്തരമായി സ്വീകരിച്ച് അക്കാര്യം അറിയിക്കണമെന്നും തളിപ്പറമ്പ് ടിടികെ ദേവസ്വത്തിനു കീഴിലെ അയിത്താചരണത്തിനെതിരായ സുപ്രധാന ഉത്തരവില്‍ കമീഷന്‍ അംഗം കെ ഇ ഗംഗാധരന്‍ നിര്‍ദേശിച്ചു. ടിടികെ ഗ്രൂപ്പ് ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളും മനുഷ്യാവകാശലംഘനവും സംബന്ധിച്ച് കല്യാശേരി മാങ്ങാട്ടെ പുത്തലത്ത് ഹൗസില്‍ പി ചന്ദ്രന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമീഷന്‍ പ്രശ്നത്തില്‍ ഇടപെട്ടത്.

പുഷ്പാഞ്ജലി പ്രസാദം ബ്രാഹ്മണര്‍ക്ക് കൈയില്‍ കൊടുക്കുമ്പോള്‍ മറ്റു ഭക്തര്‍ക്ക് തറയില്‍ വയ്ക്കുന്നുവെന്നായിരുന്നു പ്രധാന പരാതി. ബ്രാഹ്മണരല്ലാത്തവര്‍ക്ക് തീര്‍ത്ഥം നല്‍കുന്നില്ല. സോപാന പടിയില്‍നിന്ന് തൊഴുതു പ്രാര്‍ഥിക്കാന്‍ ബ്രഹ്മണരെ മാത്രമേ അനുവദിക്കൂ. കളഭാഭിഷേകം നടക്കുമ്പോള്‍ അബ്രാഹ്മണരെ നാലമ്പലത്തിനകത്ത് പ്രവേശിപ്പിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കമീഷന്റെ നിര്‍ദേശപ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിവയ്ക്കുന്നതായി ഉത്തരവില്‍ വ്യക്തമാക്കി. ഈ ക്ഷേത്രങ്ങളില്‍ ജാതിവിവേചനവും ഉച്ചനീചത്വവും നിലനില്‍ക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഇതേറ്റവും കൂടുതല്‍ നടക്കുന്നത് രാജരാജേശ്വരി ക്ഷേത്രത്തിലാണ്. ഇവിടെ നടക്കുന്ന നടപടികള്‍ ക്ഷേത്രപ്രവേശന ചട്ടങ്ങള്‍ക്ക് എതിരും മറ്റൊരു ക്ഷേത്രത്തിലും കാണാത്തതുമാണ്. ഇത്തരം ദുരാചാരങ്ങള്‍ തുടരുന്നത് ക്രിമിനല്‍ നിയമനടപടിപ്രകാരം കുറ്റകരമാണ്. നിയമംമൂലം നിരോധിച്ച് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ ദുരാചാരത്തിന്റെ കളങ്കിത അവശിഷ്ടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും സാക്ഷരകേരളത്തില്‍ കാണുന്നുവെന്നത് അതീവഗൗരവത്തോടെയും ആശങ്കയോടെയുമാണ് കമീഷന്‍ കാണുന്നത്. സാമുദായിക സ്പര്‍ധ വളര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. നാടിനെ ദശാബ്ദങ്ങള്‍ പിന്നിലേക്ക് തള്ളിമാറ്റുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടുകൂടാ- ഉത്തരവില്‍ പറഞ്ഞു.

deshabhimani

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ബ്ലേഡ് പലിശക്കാരന്റെ പീഡനത്തെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി. നെന്‍മേനി മലങ്കര മുണ്ടയ്ക്കല്‍ ഷാജി വര്‍ഗീസാണ്(40) മരിച്ചത്. ബുധനാഴ്ച വൈകിട്ട് വീടിന് സമീപം വിഷം അകത്ത്ചെന്ന് അവശനിയില്‍ കണ്ട ഷാജിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബത്തേരി സ്വദേശിയില്‍നിന്നും ഷാജി പലിശയ്ക്ക് പണം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുത്തിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബ്ലേഡ് പലിശക്കാരന്‍ പീഡിപ്പിക്കുകയാണെന്ന് ആത്ഹത്യ കുറിപ്പിലുണ്ട്. ബ്ലേഡുകാരന്‍ വീട്ടിലെത്തി ഷാജിയെ ഭീഷണിപ്പെടുത്തിയതായും പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അമ്പലവയല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

deshabhimani

യുഡിഎഫ് കക്ഷികള്‍ തുടരണോ എന്ന് ചിന്തിക്കണം: പിണറായി

ജീര്‍ണ്ണതകള്‍ക്ക് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിനൊപ്പം യുഡിഎഫില്‍ തുടരണോ എന്ന് ജനാധിപത്യ ബോധമുള്ള കക്ഷികള്‍ ചിന്തിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഗൗരവതരമായ പുനര്‍വിചിന്തനം നടത്തി ശരിയായ തീരുമാനമെടുക്കണം. യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത കേരളത്തിന്റെ സാംസ്കാരിക നിലവാരം തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും പിണറായി വ്യക്തമാക്കി.

ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഉതകുന്ന സോളാര്‍ എന്ന നല്ല പദ്ധതി സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്തു. ചിന്ത വാരികയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ പദ്ധതി തട്ടിപ്പുകാരുടെ കയ്യില്‍ ഏല്‍പ്പിച്ച് എല്ലാ വൃത്തികേടുകള്‍ക്കും മുഖ്യമന്ത്രി നേതൃത്വം നല്‍കി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ അറസ്റ്റിലായവര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ കഴിയില്ല. തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിയ്ക്കുള്ള പങ്ക് വ്യക്തമാണ്. തട്ടിപ്പുകാര്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്ത് ഇത്ര സ്വാധീനം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കണം.

സരിതയുടെയും ബിജുവിന്റെയും കുടുംബപ്രശ്നം പരിഹരിക്കേണ്ട വ്യക്തിയാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും പിണറായി ചോദിച്ചു. സോളാര്‍ തട്ടിപ്പില്‍ ബിജുവും സരിതയുമാണോ അതോ എല്ലാത്തിനും നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയാണോ തെറ്റുകാരനെന്ന സംശയം സ്വാഭാവികമായും ഉണ്ടാകും. ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ടാണ് അന്വേഷണം നടക്കാത്തത്. മുഖ്യമന്ത്രി എന്ന പദവി ഉപയോഗിച്ച് സാധാരണ നടപടിക്രമങ്ങള്‍ തടഞ്ഞ് രക്ഷപ്പെടാമെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ട.

കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം സംരക്ഷിക്കുന്നെന്ന് കരുതി ഉമ്മന്‍ചാണ്ടി രക്ഷപ്പെടില്ല. നാടിന്റെ ബഹുജന ശക്തി ശരിയായ രീതിയില്‍ അദ്ദേഹം കാണും. ജനകീയ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താമെന്ന് കരുതരുത്. ഉമ്മന്‍ചാണ്ടിയേക്കാളും തിരുവഞ്ചൂരിനെക്കാളും വലിയ കൊമ്പന്‍മാരെ മുട്ടുകുത്തിച്ച ചരിത്രം കേരളത്തിനുണ്ട്.

deshabhimani

സത്യം പുറത്തുവരാന്‍ ഉമ്മന്‍ചാണ്ടി പോകണം: കാരാട്ട്

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തു തുടർന്നുകൊണ്ട് സോളാര്‍ കുംഭകോണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നതിനാലാണ് മുഖ്യമന്ത്രിയുടെ രാജി എല്‍ഡിഎഫ് ആവശ്യപ്പെടുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വന്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്. അതിന്റെ എല്ലാവശവും പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രി ഒഴിഞ്ഞേ തീരു എന്ന് കാരാട്ട് പറഞ്ഞു.

ചിന്ത വാരികയുടെ സൂവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള സെമിനാര്‍ വിജെടി ഹാളില്‍ ഉദ്ഘാടനം ചെയ്ത് "നവലിബറലിസം: അഴിമതിയും കേന്ദ്രീകരണവും - ഇടതുപക്ഷ ബദലിനായുള്ള സമരം" എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിച്ചു.

നവലിബറല്‍ നയങ്ങള്‍ രാജ്യത്താകെ നടപ്പാക്കിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം പോലും കവര്‍ന്നെടുക്കുകയാണെന്ന് എല്ലാരംഗത്തും സംസ്ഥാനങ്ങള്‍ക്ക് യോജിക്കാത്ത നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്.ഈ നയങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാരുകള്‍ക്ക് ധനകമ്മീഷന്‍ വഴി നല്‍കേണ്ട ആനുകൂല്ല്യങ്ങള്‍ പോലും നിഷേധിക്കുകയാണ്. കാര്‍ഷിക രംഗത്ത് പോലും ഇത് കാണാം.

വന്‍കിട മുതലാളിമാരുടെ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ മേഖലയിലും പ്രതിസന്ധിയിലാക്കുന്നു. വന്‍ കോര്‍പ്പറേറ്റുകളുടെ താല്‍പര്യം മാത്രമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. പ്രകൃതിവാതകത്തിെന്‍റ വില ഇരട്ടിയാക്കിയ അടുത്തകാലത്തെ നടപടി ഇതിന് തെളിവാണ്. റിലയന്‍സ് കമ്പനിക്ക് വമ്പന്‍ ലാഭം നേടിക്കൊടുക്കാനാണ് ഈ തീരുമാനം. യുപിഎ സര്‍ക്കാരിന്റെ ഈ നയങ്ങള്‍ക്കെതിരായ ബദല്‍ ഉയര്‍ത്തികൊണ്ടുവരാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

ഈ ബദലാകാന്‍ ബിജെപിക്ക് കഴിയില്ല. അവര്‍ക്ക് വ്യത്യസ്തമായ സാമ്പത്തിക നയമില്ല. പ്രകൃതിവാതക വില ഇരട്ടിയാക്കിയതിനെതിരെ ബി ജെ പി മിണ്ടിയിട്ടില്ല. ബിജെപി ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്ന നേതാവായ നരേന്ദ്ര മോഡി വന്‍കിട വ്യവസായികളുടെ മാനസപുത്രനാണ്. ജനകീയ സമരങ്ങളിലൂടെ ഉയര്‍ന്നുവരുന്ന ബദല്‍ നയങ്ങളില്‍ അധിഷ്ഠിതമായ ഒരു മുന്നണിയാണ് വേണ്ടത്. അതിനാണ് സിപിഐ എം ശ്രമിക്കുന്നതെന്ന് കാരാട്ട് പറഞ്ഞു.

deshabhimani

സമര്‍ മുഖര്‍ജിയ്ക്ക് ആദരാഞ്ജലി

മുതിര്‍ന്ന സിപിഐ എം നേതാവ് സമര്‍ മുഖര്‍ജി അന്തരിച്ചു. 101 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.

സിപിഐ എം മുന്‍ പിബി അംഗമായ അദ്ദേഹം നിലവില്‍ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. ലോക്ഭാംഗം, കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍, സിഐടിയു ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള സമര്‍ മുഖര്‍ജി 1912 നവംബര്‍ ഏഴിനാണ് ജനിച്ചത്. 1971 മുതല്‍ 1984 വരെ പശ്ചിമബംഗാളിലെ ഹൗറയില്‍ നിന്ന് എം പി ആയിരുന്നു.

അവിവാഹിതനാണ്. ഹൗറയിലുള്ള തന്റെ കുടുംബ വീടുപേക്ഷിച്ച് വളരെ വര്‍ഷങ്ങളായി മറ്റു സഖാക്കളുമൊത്ത് പാര്‍ട്ടി കമ്യൂണിലാണ് കഴിഞ്ഞിരുന്നത്.

സമര്‍ദാ

1930ഒക്ടോബര്‍. ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് സമരേന്ദ്രലാല്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥിയെയും മച്ചുനന്‍ ബരിന്‍ മുഖര്‍ജിയെയും ബ്രിട്ടീഷ് പൊലീസ് പിടികൂടി കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍ അടച്ചു. ഹൗറ ജില്ലയിലെ പിതാംബര്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ഇവരെ ക്ലാസ് ബഹിഷ്കരിച്ച് സമരത്തില്‍ പങ്കെടുത്തതിനായിരുന്നു അറസ്റ്റുചെയ്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാഷ്ട്രീയ തടവുകാരോടൊപ്പം 17 തികയാത്ത സമരേന്ദ്രലാലും ബരിനും ഒരു വര്‍ഷത്തെ തടവ്. ജയിലില്‍ സമരേന്ദ്രയുടെ ആദ്യനാളുകള്‍. മൂന്നാം ഡിവിഷന്‍ തടവുകാരെ ദ്രോഹിക്കാന്‍ നിയോഗിക്കപ്പെട്ട ക്രൂരനായ ഹവില്‍ദാര്‍ ഫത്തേ ബഹാദൂര്‍സിങ്ങിന്റെ നോട്ടപ്പുള്ളികളായി ഈ കൗമാരക്കാര്‍. ഇയാള്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ തടവുകാര്‍ "സലാം സര്‍ക്കാര്‍" എന്ന് ഭവ്യതയോടെ പറയണമെന്നാണ് ചട്ടം. രാഷ്ട്രീയ തടവുകാര്‍ ഈ നിയമം പാലിക്കേണ്ടതില്ലെന്ന് സമരേന്ദ്രയും ബരിനും ശഠിച്ചു. മറ്റു തടവുകാര്‍ക്കും വാശിയായി. ജയില്‍ ചട്ടങ്ങള്‍ ലംഘിക്കാന്‍ ഔത്സുക്യം കാട്ടിയ ഒരു രാഷ്ട്രീയ തടവുകാരന്‍ അതിനിടെ ഫത്തേ ബഹാദൂര്‍സിങ്ങിനെ തല്ലിവീഴ്ത്തി താടിയും മുടിയും വെട്ടി. എന്നാല്‍, മറ്റൊരു വട്ടം മര്‍ദനത്തിന് അതിടയാക്കി. പക്ഷേ, "സലാം സര്‍ക്കാര്‍" എന്ന് റാന്‍ മൂളാന്‍ പിന്നീട് ഒരു തടവുകാരനെയും ആരും നിര്‍ബന്ധിച്ചിട്ടില്ല.

കൊല്‍ക്കത്തയില്‍ ദില്‍ക്കുഷ സ്ട്രീറ്റിലെ ഒമ്പതാം നമ്പര്‍ വീട്ടില്‍ പരസഹായത്തോടെ അവസാന നാളുകള്‍ പിന്നിട്ട അന്നത്തെ സമരേന്ദ്രലാല്‍ നൂറാം വയസ് കടന്നും നമുക്കൊപ്പമുണ്ടായി. പേര് പഴയ സമരേന്ദ്രലാല്‍ എന്നായിരുന്നില്ല. കോണ്‍ഗ്രസ് കുപ്പായം എന്നേ ഉപേക്ഷിച്ചു. വെളുത്ത സായിപ്പിനു പകരം കറുത്ത സായിപ്പ് ഇന്ത്യ ഭരിച്ചപ്പോള്‍ സമരം തുടര്‍ന്നു, സമരേന്ദ്രലാല്‍. കമ്യൂണിസ്റ്റുകാരനായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഏറ്റവും പരമോന്നതസമതിയിലെത്തി. ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റുകാരും ഒരു കാരണവരെപ്പോലെ ആദരിക്കുന്ന സമര്‍ മുഖര്‍ജിയായി.

ബ്രിട്ടീഷ് കമ്പനി ജീവനക്കാരനായ സചിന്ദ്രലാല്‍ മുഖര്‍ജിയുടെയും ഗൊലാബ് സുന്ദരിദേവിയുടെയും മകനായി 1913 നവംബര്‍ ഏഴിനു ജനിച്ച സമരേന്ദ്രലാല്‍ എന്ന അവിവാഹിതന്റെ എട്ടരപ്പതിറ്റാണ്ടു നീണ്ട സമരജീവിതം പോരാളികള്‍ക്കൊരു പാഠപുസ്തകമാണ്.

ജയിലനുഭവങ്ങള്‍ സമരേന്ദ്രലാലിലെ വിപ്ലവകാരിയെ പാകപ്പെടുത്തി എടുക്കുകയായിരുന്നു. 1931ലെ ഗാന്ധിഇര്‍വിന്‍ സന്ധി പ്രകാരം സമരേന്ദ്രയും കൂട്ടരും മോചിതരായെങ്കിലും സ്കൂളില്‍ പ്രവേശനം കിട്ടിയില്ല. കൊല്‍ക്കത്ത ബൗ ബസാര്‍ സ്കൂളിലായി പിന്നെ പത്താംക്ലാസ് പഠനം. ജന്മനാടായ ആംതയിലെ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് മെട്രിക്കുലേഷന്‍ പാസായത്. പിന്നീട് കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബി എ പാസായി.

മുപ്പതുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അലയടിച്ച ചുവന്നകാറ്റില്‍ ബംഗാളും ഉലഞ്ഞു. സമര്‍ മുഖര്‍ജിയുടെ ചിന്തയ്ക്കും കാറ്റുപിടിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി തോന്നി തുടങ്ങിയ കാലമായിരുന്നു അത്. സ്വാഭാവികമായും ശ്രദ്ധ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലേക്ക് മാറി. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും പതുക്കെ ചുവടുവച്ചു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന ബിനയ്റോയിയുമായുള്ള അടുപ്പമാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അദ്ദേഹത്തെ അടുപ്പിച്ചത്. 1936 മുതല്‍ ഹൗറയിലെ ചണമില്‍ തൊഴിലാളികളെയും ചണം കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലായി ശ്രദ്ധ. 1938ല്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഹൗറ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള ബന്ധം വളര്‍ന്നു. 1940ല്‍ പാര്‍ടി അംഗത്വം നേടി.

ചണമില്‍തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റുചെയ്ത് 14 മാസം ജയിലിലിട്ടു. 1946ല്‍ കൊല്‍ക്കത്ത നഗരത്തില്‍ നടന്ന ആസൂത്രിതമായ ഹിന്ദുമുസ്ലിം വര്‍ഗീയലഹളയില്‍ നിന്ന് സാധാരണ മനുഷ്യരെ രക്ഷിക്കാന്‍ സമര്‍ മുഖര്‍ജി നടത്തിയ ധീരോദാത്തമായ പ്രവര്‍ത്തനം ബംഗാളിന്റെ ചരിത്രത്തിന്റെ ഭാഗം. ലഹള ശമിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുപക്ഷത്തെയും വര്‍ഗീയവാദികളുടെ ആക്രമണത്തിന് ഇരയായി. 1947ല്‍ രാജ്യം വിഭജിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ ബംഗാളില്‍ നിന്നെത്തിയ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചു.

1948ല്‍ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായി. കൊല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് പാര്‍ടി നിരോധിക്കപ്പെട്ടതിനാല്‍ വീണ്ടും അറസ്റ്റ്. മൂന്നു മാസത്തിനുശേഷം വിട്ടയച്ചു. പിന്നീട് ഒളിവില്‍ പ്രവര്‍ത്തിച്ചു. 1957ല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായി. 1962ലെ ചൈന യുദ്ധകാലത്ത് കമ്യൂണിസ്റ്റുകാരെ വേട്ടയാടിയപ്പോള്‍ വീണ്ടും ഒളിവില്‍. 1964ല്‍;കൊല്‍ക്കത്തയില്‍ നടന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളില്‍ വ്യാപൃതനായിരിക്കെ അറസ്റ്റുചെയ്ത്് മിഡ്നാപുര്‍ ജയിലില്‍ അടച്ചു. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നെങ്കിലും പങ്കെടുക്കാനായില്ല.

1964ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. 1966ല്‍ കേന്ദ്ര കമ്മിറ്റിഅംഗമായി. "78ല്‍ പി ബി അംഗമായി. 1992-2002 കാലത്ത് കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍. മരിക്കൂമ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്. 1957ല്‍ നിയമസഭാ അംഗമായി. 1971ല്‍ ഹൗറയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. "77ലും "80ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എ കെ ജിയോടൊപ്പമുള്ള പാര്‍ലമെന്റിലെ അനുഭവങ്ങള്‍ ആവേശത്തോടെയാണ് സമര്‍ദാ ഓര്‍ത്തിരുന്നത്.
(എന്‍ എസ് സജിത്)

നഷ്ടപ്പെട്ടത് ഏറ്റവും മുതിര്‍ന്ന നേതാവിനെ: പിണറായി

ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെയാണ് സമര്‍ മുഖര്‍ജിയുടെ നിര്യാണത്തിലൂടെ നഷ്ടമായിട്ടുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മാര്‍ക്സിസം-ലെനിനിസത്തിലുള്ള അചഞ്ചലമായ വിശ്വാസം, അതില്‍ ഉറച്ചുനിന്നുകൊണ്ടുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, അര്‍പ്പണബോധത്തോടെ ത്യാഗപൂര്‍ണ്ണമായി നടത്തിയ ജനസേവനം എന്നിവയാണ് അദ്ദേഹത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കിയത്.

ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെയും ഇക്കാലത്തെയും ബന്ധിപ്പിച്ചുനിര്‍ത്തിയ ഈടുറ്റ ഒരു കണ്ണിയായിരുന്നു മാതൃകാപരമായ ആ ജീവിതം. വ്യതിയാനങ്ങള്‍ക്കെതിരെ പാര്‍ട്ടിയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും അതിനനുസൃതമായി പാര്‍ട്ടി സംഘടന കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും. കരുത്തനായ ട്രേഡ് യൂണിയന്‍ നേതാവ്, ലോക്സഭയെയും രാജ്യസഭയെയും സജീവമാക്കിയ പാര്‍ലമെന്റേറിയന്‍, പാര്‍ലമെന്ററി പാര്‍ടി നേതാവ്, പിബി അംഗം, സിഐടിയു ജനറല്‍ സെക്രട്ടറി, സമരമുഖങ്ങളിലെ ധീരനായ പോരാളി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചു സമര്‍ മുഖര്‍ജി.

ഒരുനൂറ്റാണ്ടുകാലത്തെ പല പ്രധാന സംഭവവികാസങ്ങളിലും പങ്കാളിയാകാന്‍ അവസരം ലഭിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആശയക്കുഴപ്പങ്ങളുടെ ഘട്ടങ്ങളില്‍ നയവ്യക്തത വരുത്തിക്കൊണ്ടും ആത്മവിശ്വാസം പകര്‍ന്നുകൊണ്ടും അദ്ദേഹം ഇടപെട്ടു. ആ ഇടപെടല്‍ വിഷമഘട്ടങ്ങളെ തരണം ചെയ്യുന്നതില്‍ പാര്‍ട്ടിയെ അളവറ്റരീതിയില്‍ സഹായിച്ചു. മാതൃകാപരമായ വ്യക്തിത്വം, മാതൃകാപരമായ ജീവിതം എന്നിവകൊണ്ട് അസാധാരണത്വമാര്‍ന്ന വിപ്ലവകാരിയായി ജനമനസ്സുകളില്‍ എന്നും അദ്ദേഹം തുടര്‍ന്നും നിറഞ്ഞുനില്‍ക്കും. കൂട്ടായ നേതൃത്വത്തിലൂടെ ഈ നഷ്ടത്തെ അതിജീവിച്ച് മുന്നോട്ടുപോകുന്നതിന് എന്നും ആ സ്മരണ കരുത്താവും എന്നും പിണറായി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

deshabhimani

ഇ-ഗവേണന്‍സിന് ഉദ്യോഗസ്ഥര്‍ തടസ്സം: ഐടി സെക്രട്ടറി

സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ ഇ-ഗവേണന്‍സ്് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥ മേധാവികള്‍ തടയിടുന്നു. സെന്റ് തെരേസാസ് കോളേജില്‍ നടന്ന ഇ-ജാലകം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യനാണ് ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരെ ആഞ്ഞടിച്ചത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികളുടെ നടത്തിപ്പ് ഇവരുടെ ഇടപെടല്‍മൂലം മന്ദഗതിയിലാകുന്നതായി അദ്ദേഹം തുടര്‍ന്നു. വിവരാവകാശ നിയമപ്രകാരം ഒരു ഉദ്യോഗസ്ഥന്‍ നല്‍കുന്ന എല്ലാ വിവരങ്ങളും ഏതൊരു പൗരനും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമാക്കണമെന്ന നിയമം നിലനില്‍ക്കുന്ന രാജ്യത്താണ് ഇത്തരം പദ്ധതികള്‍ക്ക് തടയിടുന്നത്. ഇത്തരം സേവനങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ ലഭ്യമാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടാത്തതിനാലാണ് പദ്ധതികള്‍ മുന്നോട്ടുപോകാത്തത്.

സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഫ്രണ്ട്സ് ജനസേവനകേന്ദ്രം ചില ഉദ്യോഗസ്ഥര്‍ക്ക് വീടിനടുത്തു ജോലിചെയ്യാനുള്ള സംവിധാനമായി മാറി. സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിലൂടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍കഴിയും. എന്നാല്‍ ഇതിനുള്ള നടപടി പുരോഗമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെന്റ് തെരേസാസ് കോളേജിലെ സാമ്പത്തികശാസ്ത്ര വകുപ്പിന്റെയും ഫെഡറല്‍ ബാങ്കിന്റെയും സംസ്ഥാന ഐടി മിഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ജാലകം പദ്ധതി ഈ രംഗത്തെ സ്ത്രീശാക്തീകരണത്തിനാണ് ഊന്നല്‍നല്‍കുന്നത്. ഹൈബി ഈഡന്‍ എംഎല്‍എയുടെ മകളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭ്യമാക്കിയാണ് ചടങ്ങ് ഉദ്ഘാടനംചെയ്തത്. ചടങ്ങില്‍ ഹൈബി ഈഡന്‍ അധ്യക്ഷനായി. കലക്ടര്‍ പി ഐ ഷേഖ് പരീത്, ഡോ. ട്രീസ, രാജു ഹോര്‍മിസ് എന്നിവര്‍ സംസാരിച്ചു. ഗായത്രി എസ് കുമാര്‍ വിഷയം അവതരിപ്പിച്ചു. ഡോ. നിര്‍മല പത്മനാഭന്‍ സ്വാഗതവും ജി ഉത്ര നന്ദിയും പറഞ്ഞു.

deshabhimani

ആശ്രയ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടിയെ "നീക്കി"

ആശ്രയ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ വിവാദമായപ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രഹസ്യമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റി. മുഖ്യമന്ത്രി ചെയര്‍മാനായും കോണ്‍ഗ്രസ് ഐ മുന്‍ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എന്‍ എ പങ്കജാക്ഷന്‍നായര്‍ സെക്രട്ടറിയുമായാണ് 2007ല്‍ പുതുപ്പള്ളി സബ്രജിസ്ട്രാര്‍ ഓഫീസില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ കേസിലെ പ്രതികളില്‍നിന്നും അഞ്ചുലക്ഷം രൂപ ട്രസ്റ്റിന് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചെയര്‍മാനായി എന്‍ എ പങ്കജാഷന്‍നായരുടെ പേരാണ് കൊടുത്തത്. ട്രസ്റ്റിന്റെ മരുന്നുവിതരണത്തിന് നല്‍കുന്ന കത്തില്‍ സെക്രട്ടറി എന്ന പേരില്‍ പങ്കജാക്ഷന്‍നായരാണ് ഒപ്പിട്ടിരുന്നത്.

സരിത എസ് നായര്‍ അഞ്ചുലക്ഷം രൂപ ആശ്രയ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കിയതായി കഴിഞ്ഞദിവസം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറിയതായി രേഖയുണ്ടാക്കുകയാണ് ചെയ്തത്. പബ്ലിക് ട്രസ്റ്റ് ആയതിനാല്‍ ഇതിന് ഭരണസമിതി അംഗങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ മതിയാകും. മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് 2011 ഏപ്രിലില്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനം ഉമ്മന്‍ചാണ്ടി ഒഴിഞ്ഞെന്ന രേഖയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. പണം ഇടപാട് സംബന്ധിച്ച എല്ലാ തീരുമാനങ്ങളും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായ ഭരണസമിതി അംഗങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടില്‍ ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടില്‍ ആകുമെന്ന് കണ്ടപ്പോഴാണ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയത്. ജിക്കുമോന്‍ ജേക്കബ്, പിഎ ആയ എ ആര്‍ സുരേന്ദ്രന്‍, എം വി ഉതുപ്പ്, സിജി ജോര്‍ജ്, നൈനാന്‍ കുര്യന്‍ എന്നിവരാണ് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തപ്പോഴുള്ള മറ്റ് അംഗങ്ങള്‍. സ്വകാര്യ ട്രസ്റ്റ് ആയതിനാല്‍ വര്‍ഷംതോറും രജിസ്ട്രേഷന്‍ പുതുക്കാന്‍ ഓഡിറ്റു ചെയ്ത വരവുചെലവ് കണക്കുകള്‍ ഹാജരാക്കേണ്ടതില്ലെന്ന് പുതുപ്പള്ളി സബ് രജിസ്ട്രാര്‍ വിമലകുമാരി പറഞ്ഞു.

deshabhimani

മുഖ്യമന്ത്രിയില്‍നിന്ന് നീതികിട്ടാതെ യുവതി വനിതാകമീഷനില്‍

മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുപ്പമുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവതിക്കും ഭര്‍ത്താവിനും എതിരെ വനിതാകമീഷന്‍ അദാലത്തില്‍ പരാതി. കാവാലം സ്വദേശി റാണിയെന്ന ജലറാണിയും, ഭര്‍ത്താവ് വര്‍ഗീസ് വി ജോര്‍ജും ചേര്‍ന്ന് 1,18,000 രൂപ തട്ടിയതായി ആരോപിച്ച് കോട്ടയം സ്വദേശി ശ്രീലതയാണ് പരാതി നല്‍കിയത്. അസിസ്റ്റന്റ് നേഴ്സ് എന്ന പദവി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതുസംബന്ധിച്ച് രണ്ടുപ്രാവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയെങ്കിലും ഇവരെ അറസ്റ്റ് ചെയ്തില്ല. എന്നാല്‍ 2009ല്‍ ആലപ്പുഴ സ്വദേശിനി എലിസബത്തില്‍ നിന്ന് 1,20,000 രൂപ തട്ടിച്ചതു സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റാണിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജാമ്യത്തിലിറങ്ങിയാണ് ഇവര്‍ വീണ്ടും തട്ടിപ്പ് നടത്തിയത്. ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്.

എറണാകുളം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ അഹമ്മദില്‍ നിന്ന് 11ലക്ഷവും തിരുവല്ല സ്വദേശി പൊന്നമ്മയില്‍ നിന്ന് 22,000 രൂപയും 21 ഗ്രാം സ്വര്‍ണവും ഇവര്‍ തട്ടിയതായി പരാതിയില്‍ പറയുന്നു. ആലപ്പുഴയില്‍ തങ്ങളുടെ കൈവശമുള്ള ഭൂമി നല്‍കാമെന്ന് പറഞ്ഞാണ് അഹമ്മദിനെ കബളിപ്പിച്ചത്. ഇതുസംബന്ധിച്ച് കോടതി നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും, പൊന്നമ്മയുടെ പരാതിയില്‍ തിരുവല്ല സ്റ്റേഷനിലും കേസുണ്ടെങ്കിലും പ്രതികളെ പിടിക്കാന്‍ ഒരു ശ്രമവും നടന്നില്ല. പരാതി സ്വീകരിച്ച വനിതാ കമീഷന്‍ നേരിട്ട് ഹാജരാകാന്‍ ജലറാണിക്കും ഭര്‍ത്താവ് വര്‍ഗീസ് വി ജോര്‍ജിനും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. ഹാജരായില്ലെങ്കില്‍ പരാതി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി ശക്തമായ നടപടി സ്വീകരിക്കുമെന്നും കമീഷന്‍ അംഗം ആര്‍ പ്രമീള പറഞ്ഞു.

deshabhimani

മമതയ്ക്കെതിരെ മനുഷ്യാവകാശ കമീഷന്റെ രൂക്ഷ വിമര്‍ശം

 പൊതുയോഗത്തിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ചോദ്യംചോദിച്ചതിന് ഷിലാദിത്യ ചൗധരിയെന്ന കര്‍ഷകനെ മാവോയിസ്റ്റായി മുദ്ര കുത്തി അറസ്റ്റ്ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷാവകാശ കമീഷന്റെ രൂക്ഷ വിമര്‍ശം. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കമീഷന്‍ ഉത്തരവിട്ടു. മിഡ്നാപുര്‍ ബല്‍പാഹരിയില്‍ കഴിഞ്ഞ ആഗസ്ത് 8ന് നടന്ന പൊതുയോഗത്തിനിടെയായിരുന്നു ചൗധരി ചോദ്യം ഉന്നയിച്ചത്. വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ കൃഷിക്കാര്‍ക്കു വേണ്ടി എന്തുചെയ്തു എന്നായിരുന്നു പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന മമതയോടുള്ള ചോദ്യം. ചോദ്യം ഉന്നയിച്ച ഉടനെ ചൗധരിയെ പിടികൂടിയ പോലീസ് ചോദ്യംചെയ്ത് ആദ്യം വിട്ടയച്ചു. പിന്നീട് മമതയുടെ പ്രത്യേക നിര്‍ദേശപ്രകാരം വീണ്ടും അറസ്റ്റ് ചെയ്ത് മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി ജയിലിലടച്ചു. മൂന്ന് ആഴ്ച പോലീസ് ലോക്കപ്പിലിട്ടു. കേസ് ഇപ്പോഴും തുടരുന്നു.

ചൗധരിക്കുണ്ടായ മാനസിക പീഡനത്തിനും അപമാനത്തിനും സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട കമീഷന്‍ മുഖ്യമന്ത്രിയുടെ നടപടി സംസ്കാരരഹിതമാണെന്ന് വിമര്‍ശിച്ചു. ജനാധിപത്യ വ്യവസ്ഥയില്‍ പൗരന് ഭരണാധികാരിയോട് ചോദ്യം ചോദിക്കാന്‍ അവകാശമുണ്ട്. അതിന്റെ പേരില്‍ അടിസ്ഥാനരഹിതമായ കുറ്റം ചാര്‍ത്തി സാധാരണക്കാരനെ ശിക്ഷിക്കുകയാണ്. ഇത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി ചെയര്‍മാനായുള്ള മൂന്നംഗ കമീഷന്‍ ഏകകണ്ഠമായി ഉത്തരവിട്ടു. എട്ട് ആഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചയാളാണ് ചൗധരി. സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. മമതയ്ക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച കുറ്റത്തിന് അധ്യാപകന്‍ അംബികേഷ് മഹാമപത്രയെയും സുഹൃത്ത് സുബ്രതാ സെന്‍ഗുപ്തയെയും അറസ്റ്റ്ചെയ്ത സംഭവത്തിലും മനുഷ്യാവകാശ കമീഷന്‍ കേസെടുത്തിരുന്നു. ഇരുവര്‍ക്കും 50000 രൂപാ വീതം നഷ്ടപരിഹാരം നല്‍കണമെന്ന കമീഷന്‍ ഉത്തരവ് ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയില്ല.
(ഗോപി)

deshabhimani

സര്‍ക്കാരുമായി സിബിഐ വിവരം പങ്കിടരുത്: സുപ്രീംകോടതി

കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരുമായി ഒരു വിവരവും പങ്കുവയ്ക്കരുതെന്ന് സിബിഐക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ അന്വേഷണത്തിനും പ്രതികളെ ചോദ്യംചെയ്യാനും കേന്ദ്രസര്‍ക്കാരിന്റെ അനുമതി എന്തിനാണെന്ന് കോടതി ആരാഞ്ഞു. കല്‍ക്കരി കേസില്‍ കേസിന്റെ വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ പരഗണിക്കവെയാണ് കോടതി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചോദ്യംചെയ്യാന്‍ സിബിഐ എന്തിനാണ് സര്‍ക്കാരിന്റെ അനുവാദം തേടുന്നതെന്ന് കോടതി ചോദിച്ചു. സര്‍ക്കാരുമായി വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള സിബിഐയുടെ അപേക്ഷ ഒരു കൈകൊണ്ട് കൊടുത്ത് മറ്റേ കൈകൊണ്ട് തിരിച്ചെടുക്കുന്നതിനു തുല്യമാണ്. അന്വേഷണത്തില്‍ എന്തെങ്കിലും തടസ്സമോ വിഷമങ്ങളോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയെ സമീപിക്കാം. സത്യം പുറത്തുവരുന്നതില്‍ ഇത്തരം കാര്യങ്ങളൊന്നും തടസ്സമാകരുതെന്നു പറഞ്ഞ കോടതി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്ക് വഴങ്ങരുതെന്നും നിങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിയാണെന്നും സിബിഐയെ ഓര്‍മപ്പെടുത്തി.

അതേസമയം അന്വേഷണം പ്രഖ്യാപിക്കാനും ചോദ്യംചെയ്യാനുമുള്ള അധികാരം ഇല്ലാതായാല്‍ അത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. കോടതിയുടെ അഭിപ്രായം നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന മറ്റ് കേസുകള്‍ക്കും ബാധകമാകുമെന്നാണ് തങ്ങള്‍ അനുമാനിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും എജി വാദിച്ചു. നിയവിരുദ്ധമായി കല്‍ക്കരിപ്പാടം അനുവദിച്ച കേസില്‍ കഴിഞ്ഞയാഴ്ചയാണ് കേസിന്റെ വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവയ്ക്കാന്‍ അനുമതി ചോദിച്ച് സിബിഐ അപേക്ഷ നല്‍കിയത്. കേസിന്റെ വിവരങ്ങള്‍ നിയമ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസുമായി പങ്കുവച്ചത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും നിയമമന്ത്രി അശ്വിനികുമാറിന്റെ രാജിയിലേക്ക് നയിക്കുകയും ചെയ്തിരുന്നു. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

deshabhimani

കുത്തകകള്‍ക്ക് ബാങ്ക് ലൈസന്‍സ് നല്‍കരുത്: ഐക്യവേദി

കുത്തക വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്ക് തുടങ്ങാന്‍ ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ട് പൊതുമേഖലാ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും യോജിച്ച പ്രക്ഷോഭത്തിലേക്ക്. ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ 45-ാം വാര്‍ഷികദിനമായ 19ന് യൂണിയനുകളുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും അവകാശദിനമായി ആചരിക്കുമെന്ന് ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ സി ഡി ജോസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബാങ്ക് ലയനനീക്കം ഉപേക്ഷിക്കുക, ബാങ്കിങ് സേവനങ്ങളുടെ പുറംകരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, കിട്ടാക്കടം തിരിച്ചുപിടിക്കുക, സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ നിരോധിക്കുക എന്നീ ആവശ്യങ്ങളുമുന്നയിച്ചാണ് അവകാശദിനാചരണം. അന്ന് സംസ്ഥാന വ്യാപകമായി റാലിയും പൊതുയോഗവും സംഘടിപ്പിക്കും. സാമ്പത്തികമാന്ദ്യത്തില്‍ അമേരിക്ക ഉള്‍പ്പെടെ ലോകത്തെമ്പാടും ബാങ്കുകള്‍ തകര്‍ന്നെങ്കിലും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയത് പൊതുമേഖലാ ബാങ്കിങ് സംവിധാനമാണ്.

അതിനിടെയാണ് ബാങ്ക് ദേശസാല്‍ക്കരണത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. ടാറ്റ, ബിര്‍ള, അംബാനി, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 26 ഗ്രൂപ്പുകളാണ് സ്വകാര്യബാങ്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന കിട്ടാക്കടങ്ങളുടെ ഭൂരിഭാഗവും കോര്‍പറേറ്റുകളുടേതാണ്. അവ തിരിച്ചുപിടിക്കാന്‍ നടപടി ഉണ്ടാകണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു. ജനകീയ പൊതുമേഖലാ ബാങ്കിങ് വിപുലീകരിക്കണമെന്നും ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖത്തില്‍ ദേശവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും സി ഡി ജോസണ്‍ പറഞ്ഞു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് ഷാജു ആന്റണി, പി വി മോഹനന്‍, ടി എം പ്രകാശ്, ജി ശ്രീകുമാര്‍, കെ ജെ ജോസഫ്, വി ബി അനന്തനാരായണന്‍, ശ്രീഗുരൂവായൂരപ്പന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

യു.ഡി.എഫിന് ജീവിതശൈലീരോഗമെന്ന് ചന്ദ്രിക

ദേശാഭിമാനി

ഫിറോസിനെ ഒളിപ്പിച്ചവരില്‍ മുന്‍മന്ത്രിയും

സോളാര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനിയും മുന്‍ പിആര്‍ഡി ഡയറക്ടറുമായ എ ഫിറോസ് മുന്‍മന്ത്രിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെയും ഒരു കോര്‍പറേഷന്‍ ചെയര്‍മാന്റെയും വീടുകളില്‍ ഒളിവില്‍ താമസിച്ചു. മന്ത്രിയായിരിക്കെ എല്ലാ സഹായങ്ങളും ഒരുക്കിയ ഈ കോണ്‍ഗ്രസ് നേതാവാണ് ഇപ്പോഴും ഫിറോസിനെ സംരക്ഷിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. വ്യവസായിയായ ഒരു കോര്‍പറേഷന്‍ ചെയര്‍മാന്റെ വീട്ടിലും ഒളിവില്‍ കഴിഞ്ഞതായി സൂചനയുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഫിറോസ് വിലസുമ്പോഴും പിടികൂടാന്‍ ഉന്നതങ്ങളില്‍നിന്ന് അനുമതി ലഭിച്ചിട്ടില്ല. അറസ്റ്റ് തടയാനാകില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടും പൊലീസ് അറസ്റ്റിന് ധൈര്യപ്പെട്ടില്ല.

എഡിബി വായ്പ തരപ്പെടുത്താമെന്നുപറഞ്ഞ് തിരുവനന്തപുരത്തെ വ്യവസായിയില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്നാം പ്രതിയാണ് ഫിറോസ്. ഈ കേസ് ഒത്തുതീര്‍പ്പാക്കി രക്ഷിക്കാനാണ് ഉന്നതതല നീക്കം.

എന്നാല്‍, ഈ കേസില്‍ മാത്രം ഒതുങ്ങുന്നതല്ല, തട്ടിപ്പുസംഘവുമായുള്ള ഫിറോസിന്റെ ബന്ധം. ഈ കേസില്‍ താനും തട്ടിപ്പിനിരയായെന്നാണ് ഫിറോസ് വാദിക്കുന്നത്. ഈ കേസില്‍ സരിത ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങി തമിഴ്നാട്ടിലേക്ക് മുങ്ങിയ സരിതയും ബിജുവും യുഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് വീണ്ടും സംസ്ഥാനത്ത് തിരിച്ചെത്തിയത്. തുടര്‍ന്നു നടന്ന തട്ടിപ്പ് പരമ്പരകള്‍ക്കെല്ലാം ഫിറോസിന്റെ ഒത്താശയുണ്ട്. എന്നിട്ടും മറ്റ് കേസുകളില്‍ ബന്ധമില്ലെന്ന് വരുത്താനാണ് തീവ്രശ്രമം. ഫിറോസിനെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നതങ്ങളില്‍ നിന്ന് ഇടപെട്ട് ഭാര്യയുടെ ചാനല്‍ അഭിമുഖം വരെ നല്‍കി. ഫിറോസും കബളിപ്പിക്കപ്പെട്ടു എന്ന് വരുത്താനാണ് ഈ അഭിമുഖം നല്‍കിയത്.

പിആര്‍ഡി ഡയറക്ടര്‍ എന്ന പദവി ഉപയോഗിച്ച് തട്ടിപ്പ് സംഘത്തിന് ഫിറോസ് എല്ലാ ഒത്താശകളും ചെയ്തിട്ടുണ്ട്. സരിതയ്ക്കും ബിജുവിനും വിലസാന്‍ പിആര്‍ഡി വാഹനം വിട്ടുനല്‍കി. ജീവനക്കാരെ തട്ടിപ്പുസംഘത്തിന്റെ സഹായികളായി നിയോഗിച്ചു. പിആര്‍ഡി മന്ത്രിയുമായി സരിതയുടെ ബന്ധം ഉറപ്പിക്കുന്നതിനും മുന്‍കൈയെടുത്തു. ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട പിആര്‍ഡി ഉദ്യോഗസ്ഥനും സെക്രട്ടറിയറ്റില്‍ തന്നെ ഇതേ വകുപ്പിലെ ഒരു ഉന്നതനും ചേര്‍ന്നാണ് ചില മന്ത്രിമാരുടെ ഓഫീസുകളിലേക്ക് സരിതയെ കൊണ്ടുപോയത്. പിആര്‍ഡി പ്രസിദ്ധീകരണമായ ജനപഥത്തിന്റെ പുറംചട്ടയില്‍ ടീം സോളാറിന്റെ എംബ്ലം പ്രസിദ്ധീകരിച്ച് തട്ടിപ്പിന് ഔദ്യോഗികപരിവേഷം നല്‍കി. തട്ടിപ്പ് പരിപാടികള്‍ക്ക് ഉദ്ഘാടകരായി മന്ത്രിമാരെ തരപ്പെടുത്തിക്കൊടുക്കുന്നതിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഇത്തരം കേസുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുകൈമാറ്റം തടയാനും നടപടി വേണം. പൊലീസ് അതിനും തുനിയുന്നില്ല. ആക്ഷേപം ശക്തമായപ്പോഴാണ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ എട്ടംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. എന്നാല്‍, ഈ സംഘവും നോക്കുകുത്തിയായി.
(ജി രാജേഷ്കുമാര്‍)

മുഖ്യമന്ത്രിയുടെ തനിനിറം ഉടന്‍ പുറത്താകും: കുരുവിള

പുതുക്കാട്. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ജനങ്ങളെ ഉടന്‍ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രിയുടെ തനിനിറം വൈകാതെ പുറത്താവുമെന്നും കോട്ടയം സ്വദേശിയും ബംഗളൂരുവില്‍ ബിസിനസുകാരനുമായ എം കെ കുരുവിള. റിമാന്‍ഡിലായിരുന്ന കുരുവിള കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ പുതുക്കാട് സിഐ മുമ്പാകെ ഹാജരാകാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.

പാന്‍ ഏഷ്യ എന്ന സ്ഥാപനത്തിലൂടെ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് എം കെ കുരുവിള അറസ്റ്റിലായത്. എന്നാല്‍ സോളാര്‍ തട്ടിപ്പിനിരയായ തന്നെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് കുരുവിള വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരാണെന്ന് ജനങ്ങള്‍ കൂടുതല്‍ അറിയാന്‍പോകുകയാണെന്നും കുരുവിള പറഞ്ഞു. മുഖ്യമന്ത്രിയുടെ ബന്ധുവും പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവരും ചേര്‍ന്ന് തന്നില്‍നിന്ന് 1.35 കോടി രൂപയാണ് തട്ടിയെടുത്തത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനുപിന്നാലെ സത്യം പുറത്തു വരാതിരിക്കാനാണ് തന്നെ കള്ളക്കേസില്‍പ്പെടുത്തിയത്. പാന്‍ ഏഷ്യ എന്ന സ്ഥാപനവുമായി തനിക്ക് ബന്ധമില്ല. ഇക്കാര്യം നേരത്തേ അന്വേഷിച്ച പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. താന്‍ ആരെയും പറ്റിച്ചിട്ടുമില്ല. താന്‍ നിരപരാധിയാണെന്ന് തെളിയിക്കുന്നതും മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വ്യക്തമാക്കുന്നതുമായ രേഖകള്‍ രണ്ടുദിവസത്തിനകം കിട്ടും. ഇക്കാര്യം വാര്‍ത്താസമ്മേളനം വിളിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തും.

ആമ്പല്ലൂര്‍ സ്വദേശി സുനിലില്‍നിന്ന് 52 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയാണ് കുരുവിളക്കെതിരെ പുതുക്കാട് പൊലീസിലുള്ളത്. ഈ പരാതിയിലും പൊലീസ് അന്വേഷണം നല്ല രീതിയിലായിരുന്നില്ലെന്ന് കുരുവിള പറഞ്ഞു. ഇതിനിടെ തന്നെ വഞ്ചിച്ചവരില്‍ ഒരാളെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കിയെന്ന് കഴിഞ്ഞ ദിവസം കുരുവിള പറഞ്ഞിരുന്നു. ഇയാള്‍ കൊടകര പേരാമ്പ്ര സ്വദേശി ഡെല്‍ജിത്ത് ആണെന്നാണ് നാട്ടില്‍ സംസാരം. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര ഡിവിഷനില്‍ ഇയാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

പാവം പയ്യന്റെ ബിസിനസില്‍ സരിതയുടെ നിക്ഷേപവും

ന്യൂഡല്‍ഹി: സരിത നായര്‍ സോളാര്‍ തട്ടിപ്പിലൂടെ സമ്പാദിച്ച കോടികള്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പാവം പയ്യന്‍ തോമസ് കുരുവിളയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ നിക്ഷേപിച്ചതായി സൂചന. 200 കോടി രൂപയുടെ റിയല്‍എസ്റ്റേറ്റ് ബിസിനസിനെ കുറിച്ച് സരിതയും കുരുവിളയും ചര്‍ച്ച നടത്തിയെന്ന് സരിതയുടെ ഡ്രൈവര്‍ ശ്രീജിത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യയിലെ റിയല്‍എസ്റ്റേറ്റ് രംഗത്ത് വന്‍നിക്ഷേപം നടത്താമെന്ന വാഗ്ദാനമാണ് കുരുവിള സരിതയ്ക്ക് മുമ്പാകെ വച്ചത്.

നാട്ടിലെ ബിസിനസ് പൊളിഞ്ഞ് ഏതാനും വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ എത്തിയ തോമസ് കുരുവിളയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് താന്‍ സജീവമാണെന്ന് "ഇന്ത്യാ ടുഡേ" വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ കുരുവിള വെളിപ്പെടുത്തുകയും ചെയ്തു. ഗുജറാത്തിലും ഡല്‍ഹിക്ക് സമീപം വളര്‍ന്നുവരുന്ന റിയല്‍എസ്റ്റേറ്റ് കേന്ദ്രമായ ഭിവാഡിയിലുമാണ് കുരുവിളയുടെ ബിസിനസുകള്‍. ഉത്തരേന്ത്യയിലെ മറ്റ് വിവിധ നഗരങ്ങളിലെ റിയല്‍എസ്റ്റേറ്റ് സാധ്യതകള്‍ കുരുവിള ആരാഞ്ഞു തുടങ്ങിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹിയിലെ അനൗദ്യോഗിക സെക്രട്ടറിയായി അറിയപ്പെട്ടു തുടങ്ങിയതോടെയാണ് റിയല്‍എസ്റ്റേറ്റ് രംഗത്ത് കുരുവിളയുടെ വളര്‍ച്ച തുടങ്ങിയത്. നിക്ഷേപത്തിനുള്ള പണം പല കേന്ദ്രങ്ങളില്‍ നിന്ന് ഒഴുകുകയായിരുന്നു.

2011 മുതലാണ് സരിതയും ബിജു രാധാകൃഷ്ണനും തട്ടിപ്പുമായി ഡല്‍ഹിയില്‍ സജീവമായത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായതിനാല്‍ ഡല്‍ഹിയില്‍ ഇവര്‍ ആദ്യം വലയത്തിലാക്കിയത് കുരുവിളയെ തന്നെയാണ്. കുരുവിളയുമായി ചേര്‍ന്ന് പല പ്രമുഖരെയും ഇവര്‍ അനായാസം സ്വാധീനിച്ചു. കച്ചവടത്തില്‍ പങ്കാളിയായതോടെ കുരുവിള വഴി നിരവധി ഇരകള്‍ സരിതയിലേക്ക് എത്തി. സരിതയും ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധം പുറത്തുവന്നിട്ടും കുരുവിളയെ ചാദ്യംചെയ്യാന്‍ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ സംരക്ഷണം ഇപ്പോഴും തുടരുന്നതാണ് കാരണം. അനൗദ്യോഗിക സെക്രട്ടറി മാത്രമായ കുരുവിളയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഇത്രയേറെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും ദുരൂഹമാണ്.

നിരപരാധി അകത്തും താപ്പാനകള്‍ പുറത്തും: ടെന്നി ജോപ്പന്റെ അച്ഛന്‍

കൊല്ലം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മകനെ ബലിയാടാക്കിയെന്ന് സോളാര്‍ കേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പന്റെ അച്ഛന്‍ എം ജി ജോപ്പന്‍. ഇപ്പോഴത്തെ അന്വേഷണത്തില്‍ നിരപരാധി അകത്തും താപ്പാനകള്‍ പുറത്തുമായെന്നും അദ്ദേഹം ചാനലുകളോട് പ്രതികരിച്ചു. മകന്‍ കുറ്റക്കാരനല്ല. കേസില്‍ കുടുക്കുകയായിരുന്നു. ടെന്നിയെ ആയുധമാക്കി മറ്റുള്ളവര്‍ മുതലെടുത്തു. ഇപ്പോള്‍ കോണ്‍ഗ്രസും മറ്റെല്ലാവരും അവനെ കൈവിട്ടു. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്റെയും സലിംരാജിന്റെയും പങ്ക് അന്വേഷിക്കണം. ടെന്നിക്ക് ഒരു സെന്റ് ഭൂമിപോലും സ്വന്തമായില്ല. വിദേശത്ത് ജോലിചെയ്യുന്ന അനുജനാണ് അവന് വീട് നിര്‍മിച്ചുനല്‍കിയത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടോ എന്നറിയല്ല. എല്ലാവരും കൂടി മകനെ ചതിച്ചെന്നും അവന്റെ കാര്യത്തില്‍ അന്വേഷകസംഘം അനാവശ്യ ഇടപെടല്‍ നടത്തിയെന്നും എം ജി ജോപ്പന്‍ പറഞ്ഞു.

ഫോണ്‍ വിളി കുറ്റമെങ്കില്‍ പലരും കുടുങ്ങും: ജിക്കു

കോട്ടയം: സോളാര്‍ തട്ടിപ്പുകേസിലെ സരിത എസ് നായരെ ഫോണ്‍ വിളിച്ചത് കുറ്റമാണെങ്കില്‍ ഉന്നതരായ പലരും കുടുങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പിഎ ജിക്കുമോന്‍ ജേക്കബിന്റെ ഭീഷണി. മുഖ്യമന്ത്രിയുമായി സരിതക്ക് ബന്ധമില്ല. മറ്റ് പല പ്രമുഖ നേതാക്കളുമായും സരിതക്ക് ബന്ധമുണ്ടെന്നും ജിക്കു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടെന്നിജോപ്പന്റെ കാര്യത്തില്‍ അന്വേഷണസംഘം പൊലീസിനുള്ള സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയാണ്. ജോപ്പനെ തെറ്റുകാരനായി കരുതുന്നില്ല. സരിതയെ താന്‍ നാനൂറ് പ്രാവശ്യം വിളിച്ചത് ആരും അന്വേഷിക്കേണ്ട. തന്റെ ഭാര്യയോട് മാത്രം ഇക്കാര്യം ബോധിപ്പിച്ചാല്‍ മതി. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സരിതയെക്കുറിച്ച് ജോപ്പനോടല്ല, മുഖ്യമന്ത്രിക്കായിരുന്നു മുന്നറിയിപ്പ് നല്‍കേണ്ടിയിരുന്നത്. ജോപ്പനെ താന്‍ ചതിച്ചെന്ന ജോപ്പന്റെ അച്ഛന്റെ പ്രതികരണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ താന്‍ വിളിച്ചിരുന്നതായും ജിക്കു പ്രതികരിച്ചു.

deshabhimani

ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും മുഖംമൂടി അഴിഞ്ഞു: യാക്കോബായ സഭ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും വികലമുഖം ജനങ്ങള്‍ക്കു വ്യക്തമായെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ അന്തിമോസ് പറഞ്ഞു. സഭയുടെ പ്രസിദ്ധീകരണമായ "വിശ്വാസസംരക്ഷക"ന്റെ പുതിയ ലക്കത്തിലാണ് ലേഖനം.

പുണ്യാളമുഖംമൂടികള്‍ അഴിഞ്ഞു വീണിട്ടും യഥാര്‍ഥമുഖം അനാവൃതമായിട്ടും അവയെല്ലാം തൃണവല്‍ഗണിച്ച് മുമ്പോട്ടുപോകുന്ന രാഷ്ട്രീയ തൊലിക്കട്ടി സാക്ഷര കേരളത്തിന്റെ ദുരന്തമാണ് എന്നു പറയുന്ന ലേഖനത്തിലുടനീളം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും രൂക്ഷമായി വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റു മന്ത്രിമാരും എംഎല്‍എമാരും മന്ത്രിമാരുടെ സന്തത സഹചാരികളായ പിഎമാരും ഉള്‍പ്പെട്ട രാജ്യത്തെ ആദ്യത്തെ അഴിമതി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് കേരളത്തിലെ സോളാര്‍ അഴിമതി. നാട്ടുകാരുടെയും, ലോകരുടെയും കണ്ണില്‍ പൊടിയിട്ട ജനസമ്പര്‍ക്ക പരിപാടി എന്ന നാടകത്തിനു ലഭിച്ച യുഎന്‍ സമ്മാനവുമായി എത്തിയ മുഖ്യമന്ത്രിയെ കാത്തിരുന്നത് മനഃസാക്ഷി സൂക്ഷിപ്പുകാരന്റെ അറസ്റ്റാണ്. മുഖ്യമന്ത്രിയുടെ സന്തതസഹചാരികളായ ജിക്കു ജേക്കബിനെയും തോമസ് കുരുവിളയെയും പോറല്‍ ഏല്‍ക്കാതെ സംരക്ഷിക്കുന്ന ചാണക്യതന്ത്രം ഉമ്മന്‍ചാണ്ടിയുടെ വികലമായ മുഖം കേരളത്തിനു മനസ്സിലാക്കിത്തന്നു.

യാക്കോബായ സഭയുടെ പള്ളികളില്‍ അധികാരം സ്ഥാപിക്കാന്‍ മെത്രാന്‍ കക്ഷിക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഈ തീരുമാനങ്ങളെല്ലാം നടപ്പാക്കിയത് ജിക്കുവിലൂടെയും കുരുവിളയിലൂടെയുമാണ്. ഒരു മണിക്കൂര്‍ ഒരു പൗരന്റെ കുടുംബകാര്യം കേള്‍ക്കാന്‍ മാത്രം മഹാമനസ്ക്കതയും ലാളിത്യവുമുള്ള മുഖ്യമന്ത്രിയും മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിക്കുന്ന, വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍പോലും ക്ഷണിക്കാതെ എത്തുന്ന നല്ല മനസ്സുമുള്ള ആഭ്യന്തര മന്ത്രിയും യാക്കോബായ സഭയുടെ നേര്‍ക്ക് പീഡനങ്ങള്‍ അഴിച്ചു വിടുന്നത് ബോധപൂര്‍വ്വമാണ്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ യാക്കോബായ സഭയോട് ആദരപൂര്‍വ്വം പെരുമാറി നീതി നടപ്പാക്കുന്നതില്‍ വിജയിച്ചിരുന്നു എന്നും ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ വക്താക്കള്‍, ദൈവത്തില്‍ വിശ്വസിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖം വ്യക്തമാക്കിത്തന്നു എന്ന് പറയുന്നതാകും ശരിയെന്നും ലേഖനത്തില്‍ പറയുന്നു.

deshabhimani

മനോരമയുടെ പൊളിഞ്ഞ ധനസ്ഥാപനത്തിന്റെ ഒത്തുതീര്‍പ്പ് സുപ്രീംകോടതി തള്ളി

മലയാള മനോരമയുടെയും എംആര്‍എഫിന്റെയും തണലില്‍ വളര്‍ന്ന ഇന്റഗ്രേറ്റഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് (ഐഎഫ്സി) എന്ന തട്ടിപ്പ് ധനകാര്യസ്ഥാപനം പൊളിഞ്ഞശേഷം നിക്ഷേപകരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീംകോടതി. നിക്ഷേപം സ്വീകരിക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക് ഐഎഫ്സിക്ക് അയച്ച നോട്ടീസ് നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ച നടപടി അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ എസ് എസ് നിജ്ജാറും പിനാകി ചന്ദ്രഘോഷും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു.

സ്ഥാപനം പൊളിഞ്ഞപ്പോള്‍ റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികളില്‍നിന്ന് രക്ഷപ്പെടാനാണ് ഐഎഫ്സി നിക്ഷേപകരുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന് പ്രചരിപ്പിച്ചത്. യഥാര്‍ഥത്തില്‍ നിക്ഷേപകരുടെ പേരില്‍ കമ്പനിതന്നെ ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത യോഗമാണ് ധാരണയ്ക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് യഥാര്‍ഥ നിക്ഷേപകര്‍ ചേര്‍ന്ന് കമ്പനിക്കെതിരെ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് കമ്പനിയുണ്ടാക്കിയ ധാരണ അംഗീകരിച്ചെങ്കിലും ഡിവിഷന്‍ ബെഞ്ച് തള്ളി. തുടര്‍ന്നാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി 1983 ലാണ് ഐഎഫ്സി രജിസ്റ്റര്‍ചെയ്തത്. മനോരമ ഗ്രൂപ്പും എംആര്‍എഫും തങ്ങളുടെ പ്രൊമോട്ടര്‍മാരാണെന്ന് കമ്പനി പ്രചരിപ്പിച്ചു. ഇത് മനോരമ നിഷേധിച്ചിട്ടില്ല. മനോരമയുടെ മുന്‍ ചീഫ്എഡിറ്റര്‍ കെ എം മാത്യുവിന്റെ സഹോദരന്‍ കെ എം ഫിലിപ്പായിരുന്നു ആദ്യകാല ചെയര്‍മാന്‍. മനോരമയുടെ സ്വന്തം സ്ഥാപനമെന്ന നിലയിലാണ്കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഐഎഫ്സിയുടെ ഇടപാട് വളര്‍ന്നത്. കേരളത്തിന് അകത്തും പുറത്തുമായി 32 ബ്രാഞ്ചും നൂറുകണക്കിന് ജീവനക്കാരും ഇരുപതിനായിരത്തോളം ഓഹരി ഉടമകളും കമ്പനിക്കുണ്ടായിരുന്നു. രണ്ട് ഓഹരി വിപണികളില്‍ കമ്പനി ഓഹരി ലിസ്റ്റ് ചെയ്തു.

1995-96 കാലത്താണ് കമ്പനി തകര്‍ച്ചയിലേക്ക് നീങ്ങിയത്. പത്രം, ടയര്‍ വ്യവസായങ്ങളിലേക്ക് പണം വഴി മാറ്റിയതാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് നിക്ഷേപകരില്‍ ഒരു വിഭാഗം പറയുന്നു. നിക്ഷേപകരുടെ പരാതി ഉയര്‍ന്നപ്പോള്‍ റിസര്‍വ് ബാങ്ക് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടാണ് പുറത്തുവന്നത്. 2004 മാര്‍ച്ച് 31 ലെ കണക്കുപ്രകാരം കമ്പനി 100 കോടിയിലേറെ നഷ്ടത്തിലാണെന്നു കണ്ടെത്തി. 21 കോടി ലാഭമെന്നാണ് ഈ ഘട്ടത്തില്‍ കമ്പനി അവകാശപ്പെട്ടത്. ആകെ ആസ്തിയുടെ 15 ശതമാനത്തിലേറെ പല സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നും കിട്ടാക്കടം 156 കോടി രൂപയ്ക്ക് മുകളിലാണെന്നും കണ്ടെത്തി. ആകെ വായ്പയുടെ 70 ശതമാനത്തോളം കിട്ടാക്കടമായിരുന്നു. നിക്ഷേപം ധൂര്‍ത്തടിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട റിസര്‍വ് ബാങ്ക് കമ്പനി കൂടുതല്‍ നിക്ഷേപം സ്വീകരിക്കുന്നത് 2005 ല്‍ വിലക്കി. നിക്ഷേപകര്‍ക്ക് എത്രയും വേഗം മുടക്കുമുതല്‍ തിരിച്ചുനല്‍കാനും സ്വത്തുക്കള്‍ വില്‍ക്കുകയോ കൈമാറുകയോ ഈടുവയ്ക്കുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ചു. ഈ നിയന്ത്രണങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് നിക്ഷേപകരുമായി ധാരണയിലെത്തിയെന്ന പ്രചാരണം കമ്പനി നടത്തിയത്.
(എം പ്രശാന്ത്)

deshabhimani

പ്രതിരോധ മേഖലയിലും 100 % വിദേശ നിക്ഷേപം

പ്രതിരോധ നിര്‍മാണ മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രം പച്ചക്കൊടി കാട്ടി. ഇതോടെ, പ്രതിരോധ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന് അനുകൂലമായി വാണിജ്യമന്ത്രി ആനന്ദ്ശര്‍മയും എതിരായി പ്രതിരോധമന്ത്രി ഏകെ ആന്റണിയും തമ്മില്‍ നടന്നുവന്ന വടംവലിയില്‍ ആനന്ദ്ശര്‍മ വിജയിച്ചു. 26 ശതമാനത്തിന് മുകളിലുള്ള വിദേശനിക്ഷേപത്തിന് സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതിയുടെ അംഗീകാരം വേണമെന്ന നിബന്ധനമാത്രമാണ് ഇനിയുള്ള കടമ്പ. അതുകൂടി കടന്നാല്‍ പ്രതിരോധമേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപമാകാമെന്ന് വാണിജ്യമന്ത്രാലയ വൃത്തങ്ങള്‍ ബുധനാഴ്ച സ്ഥിരീകരിച്ചു.ആന്റണിയെ തൃപ്തിപ്പെടുത്താനാണ് സുരക്ഷാകാര്യങ്ങള്‍ക്കായുളള മന്ത്രിസഭാസമിതിയുടെ അനുവാദം വേണമെന്ന നിബന്ധന വെച്ചത്.

പ്രതിരോധമേഖലയിലും ടെലികോം മേഖലയിലും 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നത് രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കും. പ്രതിരോധസംഭരണനയം മൂലം വീര്‍പ്പുമുട്ടുന്ന ഫാക്ടറികളെ തീരുമാനം കൂടുതല്‍ പ്രതിസന്ധിയിലാക്കും. അമേരിക്കന്‍ ആയുധകമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. ഇന്ത്യന്‍ കമ്പനികള്‍ ഇനി ബഹുരാഷ്ട്രകുത്തക കമ്പനികളുടെ ജൂനിയര്‍ പങ്കാളിമാത്രമായിരിക്കും. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇന്ത്യയുടേതടക്കമുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിലും ടെലികോം മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കുകയാണ്. നിലവിലെ സ്വകാര്യടെലികോം കമ്പനികളെ വൈകാതെ ബഹുരാഷ്ട്ര ഭീമന്മാര്‍ വിഴുങ്ങും. ഈ രംഗം പൂര്‍ണമായും വിദേശകമ്പനികളുടെ കൈവശമാകുന്നതും രാജ്യസുരക്ഷയെ ബാധിക്കും. ഗ്രാമീണമേഖലയില്‍ വന്‍ നഷ്ടം സഹിച്ച് പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്‍ പോലുള്ള പൊതുമേഖലാ കമ്പനികള്‍ തകരും. പന്ത്രണ്ട് മേഖലകളില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള തീരുമാനം സാമ്പത്തികസുരക്ഷയെയും തകര്‍ക്കും.

സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് വിദേശനിക്ഷേപത്തെ നിയന്ത്രണങ്ങളൊന്നുമില്ലാതെ സ്വീകരിക്കുന്നതെന്നാണ് യുപിഎ സര്‍ക്കാരിന്റെ വിശദീകരണം. വിദേശനിക്ഷേപത്തിലൂടെ മാത്രമേ സാമ്പത്തികവളര്‍ച്ച നേടാനാകൂ എന്ന തെറ്റായ നയത്തിന്റെ ഭാഗമായാണിത്. വന്‍ ഇളവുകളോടെ ഇന്ത്യയിലെത്തുന്ന വിദേശകമ്പനികള്‍ ഇവിടത്തെ വിഭവങ്ങളും ലാഭവും പുറത്തേക്ക് ചോര്‍ത്തുന്നതിനാണ് അവസരമൊരുങ്ങുന്നത്. ധനമന്ത്രാലയ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ ശുപാര്‍ശ തള്ളിയാണ് ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തുന്നത്. ആഭ്യന്തരസമ്പാദ്യം ചോര്‍ത്താന്‍ വിദേശകമ്പനികള്‍ക്ക് അവസരമാകും. രാജ്യത്തിന്റെ വികസനത്തെയും ബാധിക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇന്‍ഷുറന്‍സ് സമ്പാദ്യം രാജ്യപുരോഗതിക്ക് ഉപയോഗിച്ചിരുന്നു. വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നതോടെ ഇതും നാമമാത്രമാകും.
(വി ബി പരമേശ്വരന്‍)

സമ്പദ്ഘടന വിദേശ മൂലധനത്തിന് പണയപ്പെടുത്തുന്നു: പിബി

ന്യൂഡല്‍ഹി: പ്രതിരോധം, ടെലികോം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വിദേശമൂലധനത്തിന് പണയപ്പെടുത്തലാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. വിദേശനിക്ഷേപ പരിധി വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പിബി ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പരിഭ്രാന്തമായി ഈ നീക്കം നടത്തിയിട്ടുള്ളത്. ടെലികോം അടിസ്ഥാന-സെല്ലുലാര്‍ മേഖലകളില്‍ 100 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം ഏര്‍പ്പെടുത്താനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. പ്രതിരോധ മേഖലയില്‍ 26 ശതമാനത്തിലധികം വിദേശനിക്ഷേപം അനുവദിക്കുന്നത് കടുത്ത പ്രത്യാഘാതമുണ്ടാക്കും. പ്രതിരോധ ഉല്‍പ്പാദനമേഖലയില്‍ വിദേശനിയന്ത്രണത്തിന് ഇത് വഴിവെക്കും. വിദേശനിക്ഷേപം ആകര്‍ഷിച്ച് കറന്റ് അക്കൗണ്ട് കമ്മി നികത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍, വിഭവങ്ങളും ലാഭവും വന്‍തോതില്‍ പുറത്തേക്ക് കടത്തിക്കൊണ്ടുപോകാന്‍ ഇത് വഴിതുറക്കും.

വൊഡഫോണ്‍ കേസില്‍ത്തന്നെ മൂലധനആദായ നികുതി സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടിവന്നിരിക്കുകയാണ്. ബഹുബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ വിദേശനിക്ഷേപം നടത്തുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്താനുള്ള തീരുമാനം ആഭ്യന്തര വ്യവസായങ്ങളെ ദോഷകരമായി ബാധിക്കും. നിയമനിര്‍മാണത്തിലൂടെ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ സിപിഐ എം പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്നും പിബി പറഞ്ഞു.

deshabhimani

സോളാര്‍ തട്ടിപ്പ്: കുരുക്ക് വീണ്ടും മുറുകി

സോളാര്‍ തട്ടിപ്പ് കേസില്‍ അഡ്വക്കറ്റ് ജനറല്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശവും കേസിലെ പ്രതി ടെന്നി ജോപ്പന്റെ പിതാവ് ജോപ്പന്റെയും ഉമ്മന്‍ചാണ്ടിയുടെ മുന്‍ പി എ ജിക്കുമോന്റെയും വെളിപ്പെടുത്തലും സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിച്ചു. ജനകീയപ്രതിഷേധത്തില്‍നിന്നും കേസില്‍നിന്നും തടിയൂരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്നും എജിയുടെ പരാമര്‍ശവും മറ്റ് രണ്ടുപേരുടെ വെളിപ്പെടുത്തലും തെളിയിക്കുന്നു.

ജോപ്പനെ വിശ്വസിച്ചാണ് തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍നായര്‍ ബിജുവിനും സരിതയ്ക്കും പണം നല്‍കിയതെന്നാണ് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണിതെന്നും എജി പറഞ്ഞു. എന്നാല്‍, ശ്രീധരന്‍നായരും സരിതയും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുന്നതിന് മുമ്പേ ചെക്ക് മാറിയെന്നും അതുകൊണ്ട് ഇടപാടില്‍ ബന്ധമില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിയമമന്ത്രി കെ എം മാണിയും നിയമസഭയ്ക്കകത്തും പുറത്തും പറഞ്ഞത്. പരാതിക്കാരന്‍ തട്ടിപ്പ് സംഘത്തിന് അയച്ച വക്കീല്‍ നോട്ടീസ് തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രതിക്ക് വാദി അയച്ച വക്കീല്‍ നോട്ടീസ് ഭരണാധികാരികള്‍ കച്ചിത്തുരുമ്പാക്കിയെങ്കിലും അവരുടെ കീഴിലുള്ള അഡ്വക്കറ്റ് ജനറലിന് കോടതിയില്‍ സത്യം പറയേണ്ടിവന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊലീസുകാര്‍ സരിതയുടെയും ബിജുവിന്റെയും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് ജോപ്പന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും എജി ഹൈക്കോടതിയെ ധരിപ്പിച്ചു. ഈ പൊലീസുകാര്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെയും മേലധികാരികളുടെയും ശ്രദ്ധയില്‍പെടുത്തിയോ, എന്തു നടപടിയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ബാക്കിയാണ്.

കേസ് നടക്കുന്നതിനാല്‍ അഭിപ്രായം പറയില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ന്യായം. തട്ടിപ്പുകാരി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നതും ശ്രദ്ധേയം. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാണ് പണം കൈമാറാന്‍ ധാരണയായതെന്നാണ് പരാതിക്കാരന്‍ ശ്രീധരന്‍നായര്‍ പറഞ്ഞത്. പൊലീസും എജിയും ടെന്നി ജോപ്പന്‍ വരെയെത്തിക്കഴിഞ്ഞു. എന്നാല്‍, ടെന്നി ജോപ്പന്റെ പിതാവ് ജോപ്പന്‍ പറയുന്നത് തന്റെ മകനെ ബലിയാടാക്കിയെന്നാണ്. ഇതിനര്‍ഥം ജോപ്പന് മുകളില്‍ ഉന്നതര്‍ പ്രതികളായുണ്ടെന്നാണ്. ജിക്കുമോന്റെയും സലിംരാജിന്റെയും ഉള്‍പ്പെടെ പങ്ക് അന്വേഷിക്കണമെന്നും ജോപ്പന്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടി നല്‍കിയ ജിക്കുമോന്‍, ടെന്നി ജോപ്പന് പിന്തുണ നല്‍കുന്നുവെങ്കിലും മറ്റ് ചിലരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ടെന്നി ജോപ്പന്‍ സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവില്ലെന്നാണ് ജിക്കുമോന്‍ പറയുന്നത്. ഇതിനര്‍ഥം സാമ്പത്തിക ഇടപാട് നടത്തിയത് മറ്റുചിലരാണെന്നാണ്. താനും ജോപ്പനും ഫോണ്‍വിളിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും പറയുന്നു.

ടെലിഫോണ്‍ വിളിച്ചത് തെറ്റല്ലെന്നും അങ്ങനെയെങ്കില്‍ പലരും കുടുങ്ങുമെന്നും ജിക്കുമോന്‍ പറഞ്ഞതിന് പിന്നില്‍ ഭീഷണിയുടെ സ്വരമുണ്ട്. തന്നെ അറസ്റ്റ് ചെയ്താല്‍ മറ്റ് പലരും കുടുങ്ങുമെന്നാണ് ഭീഷണി. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരായ ജിക്കുമോന്റെയും ടെന്നി ജോപ്പന്റെ പിതാവ് ജോപ്പന്റെയും ഈ വെളിപ്പെടുത്തലുകള്‍ അന്വേഷണസംഘത്തിന് തള്ളിക്കളയാനാകില്ല. ജോപ്പന്‍ സാമ്പത്തികലാഭം ഉണ്ടാക്കിയില്ലെങ്കില്‍ ആ പണം എങ്ങോട്ട് പോയി? കുടുങ്ങുമെന്ന് ജിക്കുമോന്‍ പറയുന്ന ആ മറ്റുള്ളവര്‍ ആരാണ്? മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലേക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനിലേക്കുമാണ് സൂചിമുന നീളുന്നത്. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ പാവം പയ്യന്‍ തോമസ് കുരുവിളയുടെ വെളിപ്പെടുത്തലും ഉമ്മന്‍ചാണ്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ബിജു രാധാകൃഷ്ണനുമായുള്ള രഹസ്യ കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ മുഖ്യമന്ത്രി പുറത്തുപറയാന്‍ കൂട്ടാക്കാത്തതും നേരത്തെ വിവാദമായതാണ്.

deshabhimani

Wednesday, July 17, 2013

വിദേശനിക്ഷേപ പരിധി കൂട്ടിയ തീരുമാനം പിന്‍വലിക്കണം: സിപിഐ എം

വിവിധ മേഖലകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപ(എഫ്ഡിഐ) പരിധി ഉയര്‍ത്തിയതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വിദേശ കുത്തകകള്‍ക്ക് മുന്നില്‍ പണയം വെയ്ക്കുന്ന നടപടിയാണ് യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള നടപടിയുടെ ഭാഗമെന്ന പേരില്‍ സ്വീകരിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കണം.

ടെലികോം രംഗത്ത് നൂറ് ശതമാനവും വിദേശ നിക്ഷേപം അനുവദിച്ച തീരുമാനത്തെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു. പ്രതിരോധ രംഗത്തെ വിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്നും ഉയര്‍ത്തിയ നടപടി ഗുരുതര പ്രത്യാഘാതമുണ്ടാക്കും. രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും അന്യാധീനപ്പെടാനേ സര്‍ക്കാര്‍ തീരുമാനം ഉപകരിക്കൂ. ചെറുകിട വ്യാപാര മേഖലകളില്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രവേശിക്കാനുള്ള കടമ്പകള്‍ ലഘൂകരിക്കുക വഴി രാജ്യത്തെ ചെറുകിട വ്യാപാര മേഖല തകര്‍ത്ത സര്‍ക്കാര്‍ വീണ്ടും തെറ്റായ തീരുമാനങ്ങള്‍ സ്വീകരിക്കുകയാണ്.

ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള നിയമനിര്‍മ്മാണം പാര്‍ലമെന്റില്‍ നടത്താനാണ് സര്‍ക്കാര്‍ പദ്ധതി. സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ രംഗത്ത് വരേണ്ടതുണ്ട്. വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

deshabhimani

ലാവ് ലിന്‍ കുറ്റപത്രം വിഭജിച്ചു

വിചാരണക്കോടതിയില്‍ ഹാജരാകാത്ത ലാവ് ലിന്‍ കമ്പനി, മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലൗഡ് ട്രെന്‍ഡല്‍ എന്നിവരെ മാറ്റിനിര്‍ത്തി ലാവ് ലിന്‍ കേസിന്റെ കുറ്റപത്രം വിഭജിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കുറ്റപത്രം വിഭജിച്ചത്. കേസില്‍ നിന്നും ഒഴിവാക്കണമെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവശ്യം 31ന് കോടതി പരിഗണിക്കും. ലാവ് ലിന്‍ കമ്പനിയ്ക്ക് സമന്‍സ് അയക്കാത്തത് സിബിഐയുടെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി.

വിചാരണ കോടതിയില്‍ ഹാജരാകാത്ത ലാവ് ലിന്‍ കമ്പനി, ക്ലൗസ് ട്രെന്‍ഡല്‍ എന്നിവരുടെ വിചാരണ വിഭജിച്ച് നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കാനും മറ്റുള്ളവരുടെ വിചാരണ ത്വരിതപ്പെടുത്താനും സിബിഐ പ്രത്യേക കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പിണറായി വിജയന്‍, വൈദ്യുതിബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി എ സിദ്ധാര്‍ഥമേനോന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്റ്റിസ് സി ടി രവികുമാറായിരുന്നു കേസ് വിഭജിക്കാന്‍ വിധിച്ചത്. കേസ് വേഗം തീര്‍ക്കണമെന്ന ആവശ്യം ന്യായമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. വേഗത്തിലുള്ള വിചാരണ ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി ചുണ്ടിക്കാട്ടി. എ ആര്‍ ആന്തുലേ കേസിലും പി രാമചന്ദ്ര റാവു വേഴ്സസ് കര്‍ണാടക സര്‍ക്കാര്‍ കേസിലും ഉണ്ടായ സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ചായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ച് സിബിഐ പ്രത്യേക കോടതി കേസ് രണ്ടായി വിഭജിക്കുകയായിരുന്നു.

കനഡയിലുള്ള ലാവ് ലിന്‍ കമ്പനിയും ക്ലൗസ് ട്രെന്‍ഡലും വിചാരണ ആരംഭിക്കുന്നതിനുമുമ്പ് കോടതിയില്‍ ഹാജരായാല്‍ വിചാരണ ഒരുമിച്ചു നടത്തുന്നതിന് തടസ്സമില്ലെന്ന് ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കനഡയിലുള്ള ഇവരെ വിചാരണയ്ക്ക് എത്തിക്കാന്‍ ആവശ്യമായ നടപടി പൂര്‍ത്തിയാക്കുന്നതിന് സിബിഐക്കു വിചാരണ കോടതി നിരവധി അവസരങ്ങള്‍ നല്‍കിയതായി കോടതി ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍ ഇവരെ ഇന്ത്യയിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ കനേഡിയന്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ എപ്പോള്‍ തീരുമാനം ഉണ്ടാകുമെന്ന് പറയാനാവില്ലെന്നുമുള്ള സിബിഐ വാദവും കോടതി തള്ളിയിരുന്നു. കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പാലിച്ച് ഇവരെ വിചാരണക്കെത്തിക്കാന്‍ സിബിഐ കോടതി 2012 ആഗസ്ത് 16ന് രണ്ടുമാസം അനുവദിച്ചിരുന്നു. പിന്നീട് സമയം രണ്ടുതവണ നീട്ടി നല്‍കുകയും ചെയ്തു. ഇവര്‍ കോടതിയില്‍ ഹാജരായിട്ടില്ലെന്ന കാരണത്താല്‍ മറ്റുള്ളവരുടെ വിചാരണ വൈകിക്കാനാവില്ലെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

deshabhimani