ഒന്നാം ഭാഗം : സരിതയും ബിജുവും കണ്ണികള്‍ മാത്രം
രണ്ടാം ഭാഗം : സരിത ഇറങ്ങി; ഐ രഹസ്യം ഒഴുകി
മൂന്നാം ഭാഗം : പാര്‍ടി വേറെ; ചാണ്ടി വേറെ
പ്രതിമാസം ഒരുരൂപ ശമ്പളമേ വാങ്ങൂ എന്ന് പ്രഖ്യാപിച്ച് സ്ഥാനമേറ്റ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന് ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഒരു "പിന്‍ഗാമി"യുണ്ട്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍. ഒരു രൂപയാണ് ഇദ്ദേഹം പ്രതിമാസ പ്രതിഫലമായി ചോദിച്ചത്. ഉമ്മന്‍ചാണ്ടി അധികാരമേറ്റ് ഒരു വര്‍ഷം തികയാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെയായിരുന്നു ഔദ്യോഗികമായ അധികാരാരോഹണം. മുമ്പും മേത്തര്‍ ഉമ്മന്‍ചാണ്ടിയോടൊപ്പംതന്നെയായിരുന്നു-പാവം പയ്യനെപ്പോലെ മറ്റൊരു നിഷ്കാമ കര്‍മി. പദവിക്കനുസരിച്ചുള്ള ശമ്പളം വാങ്ങിയാല്‍ ഒരു ലക്ഷം വരെ പോകും. ഷാഫി മുന്തിയ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനാണ്- ലക്ഷം നിസ്സാരം.കോടികളുടെ ആസ്തി; റിലയന്‍സ് ഗ്രൂപ്പിന്റെയും സീ നെറ്റ്വര്‍ക്സിന്റെയും ഇടപാടുകള്‍; രാജ്യത്തിനകത്തും പുറത്തും വന്‍കിട കമ്പനികളും സംരംഭകരുമായി ബന്ധം. ഇങ്ങനെയൊരാള്‍ക്ക് ഒരു ലക്ഷം രൂപയിലല്ല അധികാരത്തിലാണ് കാര്യം. അധികാരത്തിെന്‍റ പടിചവിട്ടി റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ബിസിനസ് സാമ്രാജ്യം കുതിച്ചുകയറും. എന്നും ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക സ്രോതസ്സാണ് മേത്തര്‍ കുടുംബം. അതിന്റെ ഉയര്‍ച്ച ഉമ്മന്‍ചാണ്ടിക്കും അനിവാര്യം. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് പദവിയിലൂടെ എന്തെല്ലാം ഗുണങ്ങള്‍. ഒരു രൂപാ ശമ്പളം രാഷ്ട്ര സേവനത്തിനാണെന്ന് തെളിയിച്ച ഡോ. രാധാകൃഷ്ണന്‍ ഇയെതാന്നും കാണാഞ്ഞത് ഭാഗ്യം.
സരിത എസ് നായരുമായി ബന്ധപ്പെട്ട തട്ടിപ്പ് കത്തിപ്പടരുന്നതിനിടെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. മാധ്യമപ്രവര്‍ത്തകര്‍ വളരെ ആവേശത്തോടെ കോണ്‍ഫ്രന്‍സ് ഹാളിലേക്ക്. അവിടെ മുഖ്യമന്ത്രിയും ഒരുരൂപാ മേത്തരും. സരിതാ വിവാദത്തിലെ പ്രതികരണമല്ല; ലോക സാമ്പത്തിക ഫോറത്തിന്റെ ഇന്ത്യാ സമ്മേളനം നടാടെ കേരളത്തില്‍ വരുന്നുവെന്നാണ് മുഖ്യമന്ത്രി അവിടെ പറഞ്ഞത്. ലോക സാമ്പത്തികഫോറംകൊണ്ട് കേരളത്തിലേക്ക് നിക്ഷേപമൊന്നും വരാന്‍ പോകുന്നില്ല. വ്യവസായികള്‍ക്ക് വിദേശ വ്യവസായികളുമായി ബന്ധം സ്ഥാപിക്കാനാവും. സമ്മേളനത്തിന് ചുക്കാന്‍പിടിക്കുന്ന ഷാഫി മേത്തര്‍ക്ക് ഊഹാതീതമായ നേട്ടം വരും-നടത്തിപ്പിന് സര്‍ക്കാരിെന്‍റ കോടികളേ തുലയൂ.
സെക്രട്ടറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന് അത്യാധുനിക സൗകര്യങ്ങളോടെ ഓഫീസ്, മൊബൈല്‍ ഫോണും ഔദ്യോഗിക വാഹനവും, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവര്‍, റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിന്വാടക-ഇത്രയും പരിമിതമായ സൗകര്യങ്ങളേ ഒരുരൂപ ശമ്പളക്കാരനുള്ളൂ. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക്ക് തലസ്ഥാനത്ത് സര്‍ക്കാര്‍ വക ഓഫീസ് എന്നും പറയാം. സാമ്പത്തിക ഉപദേഷ്ടാവിന് പ്രത്യേക പദവിയൊന്നുമില്ലെന്ന് നിയമന ഉത്തരവില്‍ പറയുന്നുണ്ട്. സര്‍ക്കാരിന് കിട്ടുന്നത് ഉപദേശംമാത്രം.
ചുമതലയേറ്റ് നാലാംനാള്‍ ഉപദേശി ദുബായിലേക്ക് പറന്നു. സെപ്തംബര്‍ 22ന് ന്യൂയോര്‍ക്കില്‍. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ ട്രിനിഡാഡില്‍. ഒക്ടോബര്‍ എട്ടുമുതല്‍ 11 വരെ വീണ്ടും ന്യൂയോര്‍ക്കില്‍. ഒക്ടോബര്‍ 30നും 31നും ജപ്പാനില്‍. പിന്നീട് ബ്രസീലില്‍. ഡിസംബര്‍ ഏഴുമുതല്‍ ഒമ്പതുവരെ ധാക്കയില്‍. 11 മുതല്‍ 12 വരെ ദുബായില്‍. ഡിസംബര്‍ ഏഴുമുതല്‍ 12 വരെയുള്ള ഈ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയതുപോലും യാത്ര കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞ്. ഒരുരൂപാ മേത്തര്‍ ഉലകം ചുറ്റുന്ന ഉപദേശിയായി. യായ്രുടെ വിവരണം പിന്നെയും നീളുന്നു. 2013 മാര്‍ച്ച് 10 മുതല്‍ 18 വരെ ലണ്ടന്‍. മാര്‍ച്ച് 22ന് കാലിഫോര്‍ണിയ. ഏപ്രില്‍ രണ്ടിന് ന്യൂയോര്‍ക്ക്. ഏപ്രില്‍ അഞ്ചുമുതല്‍ എട്ടുവരെ സിംഗപ്പുര്‍. മാര്‍ച്ച് 10ന് പോയ യാത്രയ്ക്ക് അനുമതി നല്‍കിയത് മാര്‍ച്ച് 16നു മാത്രം. മാര്‍ച്ച് 19നും 20നും തുര്‍ക്കിയിലെ ഇസ്താംബുളില്‍. മെയ് രണ്ടിനും മൂന്നിനും സിംഗപ്പുരില്‍. മെയ് 10 മുതല്‍ 15 വരെ യുഎഇയില്‍. 24 മുതല്‍ 26 വരെ ജോര്‍ദാനില്‍. ജൂണ്‍ അഞ്ചുമുതല്‍ ഏഴുവരെ മ്യാന്‍മറില്‍. ഇതെല്ലാം പൊതുഭരണവകുപ്പ് അനുവാദത്തോടെ ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ യാത്രകള്‍. അനുവാദമില്ലാത്ത വേറെ എത്രയുണ്ടെന്നതിന് രേഖകളില്ല. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന ഈ പദവിയില്‍നിന്നുകൊണ്ട് ഇത്രയും വിദേശയാത്ര നടത്തിയപോള്‍ സംസ്ഥാനത്തിന് എന്തുകിട്ടി എന്ന ചോദ്യമരുത്. സ്വന്തം ബിസിനസ് എത്രമേല്‍ വ്യാപിച്ചു എന്ന് തീരെ ചോദിക്കരുത്. ഇനി ലോക സാമ്പത്തികഫോറം കഴിഞ്ഞാലേ അതെല്ലാംതിട്ടപ്പെടുത്താനാവൂ. അതിലേക്കാണ് ഉമ്മന്‍ചാണ്ടിയുടെ കണ്ണ്; മേത്തറുടെയും.
ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഇനിയുമുണ്ട് കഥാപാത്രങ്ങള്‍. ആര്‍ കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആര്‍ കെ ബാലകൃഷ്ണന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ. പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാര്‍.... എല്ലാം നിഗൂഢതകളുടെ കലവറകള്‍. ഇതിനെല്ലാം പുറമെയാണ് ജോപ്പനും ഗിരീഷും അടങ്ങുന്ന സംഘം മുഖ്യമന്ത്രിയുടെ ഓഫീസിനെ, ഉമ്മന്‍ചാണ്ടിയുടെ "മലയാളി ഹൗസ്" ആക്കിയത്.
ഉമ്മന്‍ചാണ്ടിയുടെ കോഴിക്കോട് ജില്ലയിലെ മൊത്തക്കച്ചവട ഏജന്‍സി ടി സിദ്ധിക്കിനാണ്. സിദ്ധിക്കിനെതിരെ തീവ്രവാദബന്ധം ഉള്‍പ്പെടെ ആരോപിച്ചത് സ്വന്തം പാര്‍ടിയിലെ എതിര്‍ഗ്രൂപ്പുകാരാണ്. കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഐ ഗ്രൂപ്പ് ജയിക്കുമെന്നായപ്പോള്‍ 42 ടെലിഫോണ്‍ നമ്പരുമായി സിദ്ധിക്ക് തലസ്ഥാനത്തേക്ക് വണ്ടികയറി. ജോപ്പന്റെയും സലിംരാജിന്റെയുമെല്ലാം ഫോണില്‍നിന്ന് ഈ 42 പേര്‍ക്കും ഫോണ്‍വിളി. വിളിച്ചത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. ഓഫര്‍ ജോലി. ആവശ്യം എ ഗ്രൂപ്പിന് വോട്ട്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എ ഗ്രൂപ്പ് ജയിച്ചു. ഈ 42 പേരില്‍ ചിലരെങ്കിലും ഇനി തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്താതിരിക്കില്ല. ജോപ്പനോ ഗിരീഷോ ആയി പുറത്തുപോകാന്‍. കോഴിക്കോട്ട് സിദ്ധിക്കും കെ സി അബുവുമെങ്കില്‍ കോട്ടയത്ത് നൗഷാദ്. ഓരോ ജില്ലയിലും ഓരോ മണ്ഡലത്തിലും പാര്‍ടിക്കതീതമായ നിഗൂഢബന്ധങ്ങള്‍. ഇതെല്ലാമാണ് ഇപ്പോള്‍ ഓരോന്നായി തുറന്നുകാട്ടപ്പെടുന്നത്.
സൂര്യകേരളം എന്ന തട്ടിപ്പു പദ്ധതി തട്ടിക്കൂട്ടി സിഡിറ്റിനെ ഉപയോഗിച്ച് സരിതയും കൂട്ടാളികളും നടത്താന്‍ ലക്ഷ്യമിട്ടത് 2500 കോടിയുടെ തട്ടിപ്പാണ്. സൗരോര്‍ജപദ്ധതികളുമായി ഒരു ബന്ധവുമില്ലാത്ത സിഡിറ്റിനെക്കൊണ്ട് ഇതിനായി പ്രോജക്ട് രൂപപ്പെടുത്താല്‍ ഗൂഢാലോചന നടത്തിയത് സസ്പെന്‍ഷനിലായ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസ്. സി ഡിറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗംകൂടിയായിരുന്നു ഫിറോസ്. പ്രോജക്ടിന് അംഗീകാരം കിട്ടാന്‍ ഏപ്രിലില്‍ സി ഡിറ്റ് ഡയറക്ടര്‍ ബാബു ഗോപാലകൃഷ്ണന്‍ ഡല്‍ഹിയിലേക്ക് പോയപ്പോള്‍ കൂടെ ഫിറോസുമുണ്ടായിരുന്നു. ഈ കാലയളവില്‍ സരിതയും ബിജുവും ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്തു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ സൂര്യകേരളം പദ്ധതിയിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് 2500 കോടി രൂപയുടെ ഗ്രാന്റ് ആവശ്യപ്പെട്ടാണ് കത്തയച്ചത്. എന്നാല്‍, സംസ്ഥാന വൈദ്യുതിവകുപ്പും അനെര്‍ട്ടും ശുപാര്‍ശക്കത്ത് നല്‍കിയില്ല. അതുകൊണ്ട് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ അംഗീകാരം നേടിയെടുക്കാനായില്ല. അംഗീകാരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു മറ്റൊരു വ്യാജ കമ്പനിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ 1,20,000 രൂപ ചെലവഴിച്ച് പ്ലാന്റ് സ്ഥാപിച്ചത്. പ്രതിരോധമന്ത്രി എ കെ ആന്റണിയെ സ്വാധീനിക്കാന്‍ വകുപ്പിനു കീഴിലുള്ള കഴക്കൂട്ടം സൈനിക് സ്കൂളിലും പ്ലാന്റ് സ്ഥാപിച്ചു. ഈ വകയിലും സിഡിറ്റിന് പണം നഷ്ടം. സരിതയില്‍ മുങ്ങി സിഡിറ്റും പ്രതിസന്ധിയിലായി. (അവസാനിക്കുന്നില്ല)
എം രഘുനാഥ് deshabhimani
No comments:
Post a Comment