Tuesday, July 9, 2013

പൊതുമേഖലാ സ്ഥാപനങ്ങളെ പണികള്‍ ഏല്‍പ്പിച്ച് സര്‍ക്കാരിന് 104 കോടി നഷ്ടം

പണികള്‍ നടത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചതുവഴി സര്‍ക്കാരിന് 104.81 കോടിയുടെ നഷ്ടം ഉണ്ടായെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഉയര്‍ന്ന നിരക്കും കാലതാമസവും ഒഴിവാക്കാനാണ് പൊതുമേഖലാ സ്ഥാപനങ്ങളെ കരാറുകാരും കണ്‍സള്‍ട്ടന്റുമായി സര്‍ക്കാര്‍ നിയോഗിച്ചത്. ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ കരാറുകാര്‍ വഴി പണി നടത്തിച്ചതായി നിയസഭയില്‍ വച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ ഏല്‍പ്പിച്ച 79 പണിയില്‍ 58 പണിയെക്കുറിച്ചുള്ള വിവരങ്ങള്‍മാത്രമേ ഓഡിറ്റിങ്ങിന് ലഭ്യമാക്കിയുള്ളൂ. ഇതില്‍ 35 പണിമാത്രമാണ് 2012 മാര്‍ച്ചോടെ പൂര്‍ത്തിയാക്കിയത്. ഇതില്‍ മൂന്നു പണിമാത്രമാണ് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയായത്. ആറു പണിയിലെ കാലതാമസം 52.73 കോടിയുടെ യഥാര്‍ഥ എസ്റ്റിമേറ്റുകള്‍ വര്‍ധിച്ച് 97.51 കോടിയില്‍ എത്താന്‍ ഇടയാക്കി.

മൂന്നു പൊതുമേഖലാ സ്ഥാപനം സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് മരാമത്ത് പണികള്‍ നേടി അവ ഉപ കരാറുകാര്‍ക്ക് നല്‍കി 44.78 കോടി ലാഭമുണ്ടാക്കി. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് 25 കോടിയും ട്രാവന്‍കൂര്‍ സിമന്റസ് ലിമിറ്റഡിന് 15 കോടിയുമാണ് ഇങ്ങനെ ലഭിച്ചത്. മരാമത്ത് പണികള്‍ മന്ദഗതിയിലായതിനാല്‍ അവ വിനിയോഗിക്കാതെ വാണിജ്യ ബാങ്കുകളില്‍ സ്ഥിര നിക്ഷേപമായി നിലനിര്‍ത്തുകയുംചെയ്തു. കേരളത്തെ അന്തര്‍ദേശീയ ഷോപ്പിങ് അനുഭവകേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഗ്രാന്റ്് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ലക്ഷ്യത്തില്‍നിന്ന് അകന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അഞ്ചാം സീസണില്‍ ഫണ്ട് അനുവദിക്കുമ്പോള്‍ മൂന്നു മാസത്തിനുള്ളില്‍ ഉപയോഗ സാക്ഷ്യപത്രം നല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും വിനോദ സഞ്ചാര ഡയറക്ടര്‍ അത് ലംഘിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിച്ച വിവിധ വീഴ്ചകളും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. മലപ്പുറം ദേശീയപാത ഡിവിഷനിലെ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നിശ്ചിത അളവുകള്‍ പാലിക്കാതെ ടാര്‍ കോട്ട് അധികമായി നിരത്തിയതിന് 64.72 ലക്ഷം രൂപ കരാറുകാര്‍ക്ക് അധികമായി അനുവദിച്ചു. ഒരു പാലം പണിയുടെ ഉടമ്പടിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോണ്‍ക്രീറ്റ് തൂണിന്റെ നിരക്ക് 528.68 ശതമാനം കൂട്ടി ചീഫ് എന്‍ജിനിയര്‍ കരാറുകാരന് 2.32 കോടി അനര്‍ഹമായി നല്‍കി. വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണംചെയ്യാതെ വ്യാജ ട്രിപ്പ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ചിറ്റൂര്‍ തഹസില്‍ദാര്‍ കരാറുകാരന് 19.95 ലക്ഷം അധികമായി നല്‍കിയതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

deshabhimani

No comments:

Post a Comment