Tuesday, July 9, 2013

കരിങ്കൊടി ഭയന്ന് സര്‍ക്കാര്‍; കൂട്ടിന് സ്പീക്കറും

സരിതപ്പേടിയില്‍ പകച്ചുപോയ സര്‍ക്കാര്‍ സുരക്ഷയുടെ പേരില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ നിയമസഭയ്ക്ക് നാണക്കേടായി. തിങ്കളാഴ്ച നിയമസഭാപരിസരത്തെത്തിയ എംഎല്‍എമാരെയും പൊതുജനങ്ങളെയും അമ്പരപ്പിക്കുന്നതായിരുന്നു പരിസരത്തെ സുരക്ഷാക്രമീകരണങ്ങള്‍. ഭീകരാക്രമണം നേരിടാനെന്നപോലെ കനത്ത പൊലീസ് വലയം. എംഎല്‍എമാരും മാധ്യമപ്രവര്‍ത്തകരും വന്ന വാഹനങ്ങളില്‍പോലും കര്‍ശനപരിശോധന. മാധ്യമപ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ കാര്‍ഡിന് പത്തിലേറെ കേന്ദ്രങ്ങളില്‍ പരിശോധന. പുറത്ത് റോഡിലും സഞ്ചാരത്തിന് വിലക്ക്. തൊട്ടടുത്തുള്ള ക്ഷേത്രത്തിലേക്ക് പോലും പ്രവേശനം നിഷേധിച്ചാണ് സര്‍ക്കാര്‍ സരിതപ്പേടിയുടെ വ്യാപ്തി വ്യക്തമാക്കിയത്. നിയമസഭയില്‍ കരിങ്കൊടി കാട്ടുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഈ സുരക്ഷാനാടകം. പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ നുഴഞ്ഞുകയറുമെന്ന റിപ്പോര്‍ട്ട് വിശ്വസിച്ച് തിങ്കളാഴ്ച സഭയില്‍ സന്ദര്‍ശകരെ ഒഴിവാക്കി. സഭാനടപടികള്‍ ചട്ടം 175 അനുസരിച്ചുള്ള രഹസ്യസമ്മേളനം പോലെയാക്കി. സ്പീക്കര്‍ ഗേറ്റ് ഒഴികെ മറ്റെല്ലാ കവാടങ്ങളും പൊലീസ് അടച്ചു. സ്പീക്കര്‍ ഗേറ്റിലൂടെയാണ് മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കടത്തിവിട്ടത്. ഇവരുടെ വാഹനങ്ങള്‍ നിയമസഭാ സെക്രട്ടറിയറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനടുത്ത് തടഞ്ഞിട്ടു. സഭാസമുച്ചയത്തിലേക്ക് ജീവനക്കാരുടെ വാഹനംപോലും വിട്ടില്ല. എല്ലായിടത്തും ദേഹപരിശോധനയും നടത്തി.

സഭയില്‍ സന്ദര്‍ശകരെ ഒഴിവാക്കിയ വിവരം വി ശിവന്‍കുട്ടി സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തി. സഭാപരിസരത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരെപോലും കടത്തിവിടുന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. നിയമസഭാ സെക്രട്ടറിയറ്റിന് ഇക്കാര്യത്തില്‍ ഒരു ബന്ധവുമില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് പൊലീസാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സഭാസമ്മേളനം രഹസ്യയോഗമാക്കി മാറ്റിയെന്നും സഭാനേതാവിന്റെ നിര്‍ദേശപ്രകാരമാണോ ഇതെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സഭയിലെ ചര്‍ച്ച ജനങ്ങള്‍ അറിയാതെയിരിക്കാനാണ് സര്‍ക്കാര്‍ ഒളിച്ചോടുന്നതെന്ന് കോടിയേരി പറഞ്ഞു. മുമ്പും സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായി സ്പീക്കര്‍. സന്ദര്‍ശന നിരോധനം സംബന്ധിച്ച് അന്ന് നിയമസഭാ സെക്രട്ടറി മുന്‍കൂട്ടി നോട്ടീസ് ഇറക്കിയിരുന്നതായി കോടിയേരി ചൂണ്ടിക്കാട്ടി. സഭയ്ക്കകത്ത് സമരം അനുവദിക്കാനാകാത്തതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നായി മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരും സ്പീക്കറെകണ്ട് നിയന്ത്രണങ്ങളിലുള്ള പ്രതിഷേധമറിയിച്ചു. സഭാസമുച്ചയത്തിലേക്കുള്ള പ്രധാന വഴികളിലെല്ലാം പൊലീസ് ബാരിക്കേഡുയര്‍ത്തി. സമീപത്തുള്ള ക്ഷേത്രത്തിലേക്കുവന്നവരെ മടക്കിയയച്ചു. വികാസ്ഭവന്റെ കവാടങ്ങള്‍ പൊലീസ് നിയന്ത്രണത്തിലാക്കി. സര്‍ക്കാര്‍ വാഹനങ്ങളും തടഞ്ഞു.

ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബ്ലാക്മെയില്‍ ചെയ്യുന്നു: കോടിയേരി

സോളാര്‍ തട്ടിപ്പില്‍ പ്രതിക്കൂട്ടിലായ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫോണ്‍വിളിയുടെ ലിസ്റ്റ് പുറത്തുവിട്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബ്ലാക്മെയില്‍ ചെയ്യുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭയിലെ പരസ്പര വിശ്വാസം നഷ്ടമായതോടെ സംസ്ഥാനഭരണം പൂര്‍ണ അരാജകത്വത്തിലായെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുകയായിരുന്നു കോടിയേരി.

മന്ത്രിമാരുടെ ഫോണ്‍വിളിപ്പട്ടിക പുറത്തുവിട്ടതിലൂടെ ആഭ്യന്തര മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. പട്ടിക എഡിറ്റ് ചെയ്താണ് പ്രസിദ്ധപ്പെടുത്തിയത്. ആദ്യം കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ പേര് പുറത്താക്കി. പിന്നീട്, മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, എ പി അനില്‍കുമാര്‍ തുടങ്ങിയവരുടെ പേരുകളും പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവിട്ടു. കോടികളുടെ തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. സോളാര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട കോന്നിയിലെ ആര്‍ ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ സ്റ്റേറ്റ്മെന്റില്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമുള്ള പങ്ക് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. പ്ലാന്റ് തുടങ്ങാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രിയും ഓഫീസിലെ ഉദ്യോഗസ്ഥരും നല്‍കിയ ഉറപ്പ് വിശ്വസിച്ച് വഞ്ചിക്കപ്പെട്ടെന്നാണ് ശ്രീധരന്‍നായര്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കാതെ എങ്ങനെ കേസ് മുന്നോട്ടുപോകും. തട്ടിപ്പിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. കോടതി നിര്‍ദേശിച്ചാണ് അന്വേഷണസംഘം കേസെടുത്തത്. എന്നാല്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കേസില്‍നിന്ന് ഒഴിവാക്കി.

അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശാലുമേനോനും സരിത എസ് നായരുമായുള്ള ബന്ധത്തിന്റെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചു. കേസ് ജോപ്പനില്‍ ഒതുക്കാനാണ് ശ്രമം. സലിംരാജിനെയും ജിക്കുമോനെയും അറസ്റ്റുചെയ്യുന്നില്ല. ശ്രീധരന്‍നായരുടെ പരാതിയില്‍ വഞ്ചനാകുറ്റത്തിന് മാത്രമാണ് കേസെടുത്തത്. പരാതിക്കാരന്‍ പിന്മാറിയാല്‍ കേസ് ഇല്ലാതാകുന്ന വകുപ്പാണ് ഇത്. ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള 120 ബി ഉള്‍പ്പെടുത്തിയില്ല. കൈക്കൂലി വാങ്ങുമ്പോള്‍ ജോപ്പന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. എന്നിട്ടും അഴിമതി നിരോധനനിയമപ്രകാരം കേസെടുത്തില്ല. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നടന്നാല്‍ മാത്രമേ തട്ടിപ്പിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരൂ. എന്നാല്‍, പ്രതിപക്ഷത്തിനുനേരെ പ്രത്യാരോപണം നടത്തി രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും ശ്രമിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലും വഴിവിട്ടുനടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കാം. പ്രത്യാരോപണം ഉന്നയിച്ച് വായടപ്പിക്കാമെന്ന് കരുതേണ്ട. പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു. നാടു മുഴുവന്‍ കണ്ണീര്‍വാതകം പ്രയോഗിക്കുന്നു. ഇത്തരത്തില്‍ അഴിമതിക്കറയില്‍നിന്നു രക്ഷപ്പെടാമെന്ന് കരുതേണ്ടന്നും കോടിയേരി പറഞ്ഞു.

സോളാര്‍ തട്ടിപ്പ് : ആരും നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ ആരും നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്തില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ വിനോദ്ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരാമര്‍ശം. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കൊല്ലം കിഴക്കനേല സ്വദേശി അഡ്വ. സുധാകരന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സര്‍ക്കാരിന്റെ വിശദീകരണത്തിനായി ഹര്‍ജി രണ്ടാഴ്ചകഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചാലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണത്തിന് നിര്‍ദേശം തടസ്സമാവില്ലെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന തട്ടിപ്പായതിനാല്‍ അന്വേഷണം മൂടിവയ്ക്കാന്‍ മുഖ്യമന്ത്രി ഇടപെടുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അന്വേഷണമില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കുന്നുവെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍ ആഭ്യന്തരമന്ത്രി ഇത്തരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ ഹാജരാക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. വാക്കാല്‍ ഉത്തരവാണ് ആഭ്യന്തരമന്ത്രി നല്‍കിയിട്ടുള്ളതെന്നും ചാനല്‍ചര്‍ച്ചകളില്‍ ആഭ്യന്തരമന്ത്രി ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും ചാനല്‍ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സാവകാശം നല്‍കണമെന്നും ഹര്‍ജിഭാഗം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി വിശദീകരിച്ചു. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് നിലവിലുള്ള അന്വേഷണം വൈകിപ്പിക്കാനാണെന്ന് തട്ടിപ്പിനിരയായ പെരുമ്പാവൂര്‍ സ്വദേശി സജ്ജാദിന്റെ അഭിഭാഷകന്‍ പറഞ്ഞു. തന്റെ പരാതിയില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അടക്കം നാലു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഡീഷണല്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സജ്ജാദിനെ കേസില്‍ കക്ഷി ചേര്‍ക്കണോ എന്ന് പിന്നീട് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

തിരുവഞ്ചൂരിനും പൊലീസിനുമെതിരെ മുല്ലപ്പള്ളിയുടെ വിമര്‍ശം

കോഴിക്കോട്: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശവുമായി കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണം അട്ടിമറിക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ടൗണ്‍ഹാളില്‍ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

കുറ്റവാളിയെ കുറ്റവാളിയായി കാണാനുള്ള മാനസികാവസ്ഥ ഉണ്ടാകണം. പ്രത്യേക സൗകര്യങ്ങള്‍ ചെയ്തുകൊടുക്കരുത്. നെഹ്റിവിനും ഗാന്ധിജിക്കും പട്ടേലിനും കിട്ടാത്ത പരിഗണന ചിലര്‍ക്ക് കിട്ടുന്നു. പൊലീസ് മുഖ്യമന്ത്രിയെ പരിഭ്രാന്തിയിലാക്കി. ഇതില്‍ മുഖ്യമന്ത്രി അസ്വസ്ഥനാണ്. സോളാര്‍ കേസില്‍ രഹസ്യമായി സൂക്ഷിക്കേണ്ട ഫോണ്‍വിളികളുടെ വിവരങ്ങള്‍ അച്ചടി മാധ്യമങ്ങളിലേക്ക് എത്തുന്നു. ഇത് പൊലീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. പ്രധാനപ്പെട്ട രേഖകള്‍ പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് പൊലീസിന് അഭിമാനകരമാണോ എന്ന് ചിന്തിക്കണം. രാജ്യത്തെ പ്രധാന രേഖകള്‍ എങ്ങനെ പൊലീസിനെ വിശ്വസിച്ച് ഏല്‍പ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു.

deshabhimani

No comments:

Post a Comment