Tuesday, July 9, 2013

ഡിവൈഎഫ്ഐ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം; 3 പേര്‍ക്ക് പരിക്ക്

കേരളജനതയെയും നിയമസഭയെയും തെറ്റിദ്ധരിപ്പിച്ച സോളാര്‍ തട്ടിപ്പുവീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരുനിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ അര്‍ധരാത്രിയില്‍ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ചിനുനേരെ പൊലീസ് ഭീകരത. ഗ്രനേഡും ജലപീരങ്കിയും ലാത്തിയുമായാണ് സമാധാനപരമായി നടത്തിയ മാര്‍ച്ചിനെ പൊലീസ് നേരിട്ടത്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കിയുള്ള ശ്രീധരന്‍നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു യുവജനമാര്‍ച്ച്.

ആശാന്‍ സ്ക്വയറില്‍നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ സെക്രട്ടറിയറ്റിനുമുന്നില്‍ ബാരിക്കേഡുയര്‍ത്തി തടഞ്ഞു. ഇത് ഭേദിച്ച് മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നാലുതവണ ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. ഇരുട്ടില്‍ ചിതറിയ പ്രവര്‍ത്തകരെ തലങ്ങും വിലങ്ങും പൊലീസ് അടിച്ചുവീഴ്ത്തി. ഈ ബഹളത്തിനിടെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എയെ പൊലീസ് ചവിട്ടിവീഴ്ത്തി. ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഭീകരമായി മര്‍ദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി സന്തോഷ്, നേതാക്കളായ ജംഷീര്‍, ആറാംകല്ല് സ്വദേശി വിഷ്ണു (ഉണ്ണി) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊലീസ് വിഷ്ണുവിന്റെ തല തല്ലിപ്പൊട്ടിക്കുകയായിരുന്നു.

ഡിസിപി ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് പൊലീസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചത്. എംഎല്‍എമാരായ ടി വി രാജേഷ്, ആര്‍ രാജേഷ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, എ എന്‍ ഷംസീര്‍, ഷിജൂഖാന്‍, എ എ റഹിം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് യുവാക്കളാണ് അര്‍ധരാത്രിയില്‍ മാര്‍ച്ചില്‍ അണിനിരന്നത്. പ്രവര്‍ത്തകര്‍ പിന്നീട് ഉമ്മന്‍ചാണ്ടിയുടെ കോലവും കത്തിച്ചു. യുവാക്കള്‍ക്കുനേരെയുള്ള പൊലീസ്വേട്ടയുടെ വിവരമറിഞ്ഞ് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഇവര്‍ക്കുപുറമേ ടി വി രാജേഷ്, എം സ്വരാജ്, കെ എസ് സുനില്‍കുമാര്‍ എന്നിവരും സംസാരിച്ചു.

deshabhimani

No comments:

Post a Comment