Tuesday, July 9, 2013

പ്രതിപക്ഷ ധര്‍ണ്ണയ്ക്ക് നേരെ ഗ്രനേഡ്; വിഎസും സി ദിവാകരനും ആശുപത്രിയില്‍

സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് നേരെ പൊലീസ് അതിക്രമം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. വി എസിനു സമീപമാണു ഗ്രനേഡ് വീണത്. പരിക്കേറ്റതിനനെത്തുടര്‍ന്ന് വിഎസിനെയും സി ദിവാകരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതിഷേധത്തില്‍ പങ്കെടുത്ത യുവജന പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. കണ്ണീര്‍വാതക പ്രയോഗത്തെ തുടര്‍ന്ന് ചില എംഎല്‍എമാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം അലങ്കോലപ്പെടുത്താനുള്ള പൊലീസ് ശ്രമം വകവെക്കാതെ എംഎല്‍എമാര്‍ സമരം തുടരുകയാണ്. നിയമസഭയില്‍ നിന്ന് നേരെ ജയിലിലേക്ക് പോകേണ്ടിവരുമെന്നു വ്യക്തമായതോടെയാണു ഭരണപക്ഷം നിയമസഭ നിര്‍ത്തി ഒളിച്ചോടിയതെന്നു വി എസ് പറഞ്ഞു. എംഎല്‍എമാര്‍ ധര്‍ണ പുനരാരംഭിച്ച ശേഷം വി എസ് സംസാരിക്കുമ്പോള്‍ പൊലീസ് വീണ്ടും ഗ്രനേഡ് പ്രയോഗിച്ചു.

എംഎല്‍എമാര്‍ക്കുനേരെയും ഗ്രനേഡ്

തിരു: ഗ്രനേഡും കണ്ണീര്‍വാതകഷെല്ലുകളുമായി മണിക്കൂറുകളോളം ഭീകരാവസ്ഥ സൃഷ്ടിച്ച പൊലീസ് സെക്രട്ടറിയറ്റിനുമുന്നില്‍ കുത്തിയിരുന്ന പ്രതിപക്ഷ എംഎല്‍എമാര്‍ക്കുനേരെയും ഗ്രനേഡ് പ്രയോഗിച്ചു. നിയമസഭാമന്ദിരത്തിനുമുമ്പിലും യൂണിവേഴ്സിറ്റി കോളേജ് പരിസരത്തും സെക്രട്ടറിയറ്റ് പരിസരത്തും ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും കല്ലുകളുമായി എല്‍ഡിഎഫ് പ്രവര്‍ത്തകരെ വേട്ടയാടിക്കൊണ്ടിരിക്കെയാണ് പൊലീസ്, പ്രതിപക്ഷനേതാവടക്കമുള്ള എംഎല്‍എമാരെയും കടന്നാക്രമിച്ചത്.

സെക്രട്ടറിയറ്റിനുമുന്നില്‍ കുത്തിയിരുന്ന എംഎല്‍എമാരെ അഭിസംബോധന ചെയ്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിക്കുമ്പോഴായിരുന്നു പ്രകോപനമില്ലാതെ ഗ്രനേഡ് എറിഞ്ഞത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, സിപിഐ കക്ഷിനേതാവ് സി ദിവാകരന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇരിക്കുന്നിടത്തേക്കാണ് ഗ്രനേഡ് തെറിച്ചുവീണത്. ആക്രമണത്തില്‍ പരിക്കേറ്റ സി ദിവാകരന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗ്രനേഡിന്റെ പുക ശ്വസിച്ച വി എസിന് ശാരീരികാസ്വാസ്ഥ്യവും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. തുടര്‍ന്ന് വി എസിനെ തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എല്‍ഡിഎഫ് നിയമസഭാ മാര്‍ച്ചിനുനേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചാണ് ചൊവ്വാഴ്ച രാവിലെ പൊലീസ് ആക്രമണം തുടങ്ങിയത്. മാര്‍ച്ചിന് നേതൃത്വം നല്‍കിയ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, മുന്‍ മന്ത്രി വി സുരേന്ദ്രന്‍പിള്ള, സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. കടകംപള്ളിയുടെ തലയ്ക്കാണ് പരിക്ക്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ നൂറിലേറെപ്പേരില്‍ 16 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ നഗരത്തില്‍ പരക്കെ പൊലീസ് അഴിഞ്ഞാടുന്ന വിവരമറിഞ്ഞാണ് എംഎല്‍എമാര്‍ നിയമസഭയില്‍നിന്ന് സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തത്. ജനപ്രതിനിധികളുടെ ഈ പ്രതിഷേധത്തെപ്പോലും പൊലീസ് ഗ്രനേഡ് ഉപയോഗിച്ച് നേരിടുകയായിരുന്നു. സോളാര്‍ തട്ടിപ്പില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രതിഷേധങ്ങള്‍ക്കുനേരെയായിരുന്നു പൊലീസ് നരനായാട്ട്.

തിങ്കളാഴ്ച അര്‍ധരാത്രി സെക്രട്ടറിയറ്റിനുമുമ്പില്‍ ആരംഭിച്ച പൊലീസ് ഭീകരത, ചൊവ്വാഴ്ച വൈകിട്ട് മൂന്നുവരെ തുടര്‍ന്നു. തുടര്‍സ്ഫോടനങ്ങളില്‍ നഗരം നടുങ്ങി. ഇരുനൂറിലധികം ഗ്രനേഡ് എറിഞ്ഞു. മുന്നൂറോളം കണ്ണീര്‍വാതകഷെല്ലും പ്രയോഗിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെതന്നെ നഗരമാകെ പൊലീസ് വലയംചെയ്തിരുന്നു. പ്രധാന കേന്ദ്രങ്ങളില്‍ കാത്തുനിന്ന സായുധപൊലീസുകാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ടു തല്ലി. വ്യാപകമായി കല്ലെറിഞ്ഞു. പൊലീസ് വാഹനങ്ങളില്‍ കല്ലും ഇഷ്ടികയും ശേഖരിച്ചാണ് പ്രവര്‍ത്തകരെ നേരിട്ടത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ സെക്രട്ടറിയറ്റ് വളപ്പിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചു. മര്‍ദനമേറ്റു നിലത്തുവീണ ആറുപേരെ ആശുപത്രിയിലെത്തിക്കാതെ എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി വീണ്ടും മര്‍ദിച്ചു. ഇതേസമയത്താണ് നിയമസഭാ മാര്‍ച്ചിനുമേല്‍ ഒരു മുന്നറിയിപ്പുമില്ലാതെ വേട്ടനായ്ക്കളെപ്പോലെ ചാടിവീണത്. നിയമസഭയിലേക്ക് എസ്എഫ്ഐ നേതൃത്വത്തില്‍ ആരംഭിച്ച മാര്‍ച്ചിനുനേരെ തിരിഞ്ഞ പൊലീസുകാര്‍ ചിതറിയോടിയ വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് വേട്ടയാടി. പാളയം രക്തസാക്ഷിമണ്ഡപത്തിനുസമീപം എല്‍ഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹപ്പന്തലും പൊലീസ് തകര്‍ത്തു. സത്യഗ്രഹികളെയും വഴിയാത്രക്കാരെയും തല്ലിച്ചതച്ചു.


യൂണിവേഴ്സിറ്റി കോളേജിനുനേരെ തുടര്‍ച്ചയായി ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കോളേജിലേക്കും കല്ലെറിഞ്ഞു. പൊലീസ് അതിക്രമത്തിനിടെ സമീപത്തെ ഒരു സ്വകാര്യകെട്ടിടത്തില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളെ അടച്ചിട്ട മുറി ചവിട്ടിത്തുറന്ന് പൊലീസ് മര്‍ദിച്ചു. കോളേജിലേക്ക് ഗ്രനേഡ് എറിയുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആര്‍ എസ് ബാലമുരളിയെ വളഞ്ഞിട്ടു തല്ലിച്ചതച്ച് പൊലീസ് വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. ബാലമുരളിയെയും എആര്‍ ക്യാമ്പിലടച്ചു. ഒന്നരയോടെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, തോമസ് ഐസക് എന്നിവരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയതോടെയാണ് പൊലീസ് പിന്തിരിഞ്ഞത്. ആക്രമണം അവസാനിപ്പിച്ച് പിന്തിരിഞ്ഞ പൊലീസ് പിന്നീട് നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

ഉമ്മന്‍ചാണ്ടിയ്ക്കും തിരുവഞ്ചൂരിനും സമനിലതെറ്റി: പിണറായി

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമനില തെറ്റിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന എല്‍ഡിഎഫ് നേതാക്കളേയും പ്രവര്‍ത്തകരേയും സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാതരം ആഭാസത്തരത്തിനും കൂട്ടുനില്‍ക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടി. അധികാരക്കസേരയ്ക്ക് ഇളക്കം തട്ടുമെന്ന് ഉറപ്പായപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ പരാക്രമം. പാര്‍ലമെന്ററി ജനാധപത്യ വ്യവസ്ഥയില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഇന്ന് തിരുവനന്തപുരത്ത് അരങ്ങേറിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ഗ്രനേഡ് പ്രയോഗിച്ച് സര്‍ക്കാര്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭ സമരങ്ങളെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഭാസമ്മേളനം അവസാനിപ്പിച്ചു

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയ്ക്കെതിരായ പ്രതിഷേധം ഭയന്ന് സഭാ സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം സഭയ്ക്കകത്ത് ശക്തമായ പ്രക്ഷോഭമുയര്‍ത്തിയതോടെ ഭരണപക്ഷത്തിന് മറുപടിയില്ലായിരുന്നു. ഇതോടെയാണ് സഭയില്‍ നിന്നും ഒളിച്ചോടുന്ന നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. ജൂലൈ 18 വരെയായിരുന്നു സഭാസമ്മേളനം നടക്കേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ പ്രത്യേക മന്ത്രിസഭായോഗം വിളിച്ച് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ ധാരണയിലെത്തിയിരുന്നു.

നേരത്തെ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ പ്രകടനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമണം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു. സി ദിവാകരനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഭരണക്കാര്‍ നെറികേടും അഴിമതിയും കാണിക്കുമ്പോള്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണെന്നും അതിനെ ഗുണ്ടകളെ വിട്ട് തല്ലിത്തോല്‍പ്പിക്കാമെന്ന് കരുതരുതെന്നും ദിവാകരന്‍ വ്യക്തമാക്കി.

പുതുപ്പള്ളിയില്‍ നിന്ന് ഗുണ്ടകളെ കൊണ്ടുവന്നാണ് സമരക്കാരെ നേരിടുന്നരീതി ഗുരുതര പ്രത്യാഘാതമുണ്ടാക്കും. മുഖ്യമന്ത്രിക്കെതിരെ ശ്രീധരന്‍ നായര്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ എന്ത് കൊണ്ടാണ് മുഖ്യമന്ത്രിയെ കേസില്‍ പ്രതിചേര്‍ക്കാത്തത്. ശ്രീധരന്‍ നായര്‍ പറയുന്നത് തെറ്റാണെന്ന് ബോധ്യമുണ്ടെങ്കില്‍ ശ്രീധരന്‍ നായര്‍ക്കെതിരെ കേസെടുക്കണം. മുഖ്യമന്ത്രി സരിതയെ കണ്ടതിന്റെ ഒന്നാം വാര്‍ഷികമാണിന്നെന്നും ഇപ്പോള്‍ ഭരണമൊഴിഞ്ഞാല്‍ അദ്ദേഹത്തിന് മാന്യമായി ഇറങ്ങിപ്പോകാമെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

എഐവൈഎഫുകാര്‍ പൊലീസ് ബാരിക്കേഡ് തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസുകാരുടെ അടുത്തേക്ക് ചെല്ലുകയായിരുന്നെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമുള്ള പതിവ് മറുപടിയാണ് ആഭ്യന്തര മന്ത്രി നല്‍കിയത്. ആഭ്യന്തര മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് സഭാനപടികള്‍ ആരംഭിച്ചത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സോളാര്‍ തട്ടിപ്പ് കേസന്വേഷണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒഴിഞ്ഞുമാറി. അന്വേഷണം നേര്‍വഴിക്ക് തന്നെയാണ് നടക്കുന്നതെന്നും അന്വേഷണം കഴിഞ്ഞാല്‍ ആരൊക്കെ പ്രതികളാണെന്ന് മനസിലാകുമെന്നും പറഞ്ഞ് അദ്ദേഹം മറ്റ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രഹസ്യമൊഴി നല്‍കിയ ശ്രീധരന്‍ നായര്‍ക്ക് വിശ്വാസ്യതയില്ലെന്നും മന്ത്രി പറഞ്ഞു.

ശ്രീധരന്‍ നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ശ്രീധരന്‍ നായര്‍ക്ക് വിശ്വാസ്യതയില്ലെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് എന്ത് പ്രസക്തിയാണുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

മുഖ്യമന്ത്രിയ്ക്ക് സഭയെ നേരിടാനുള്ള തന്റേടം നഷ്ടപ്പെട്ടു: കോടിയേരി

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നിയമസഭയെ നേരിടാനുള്ള തന്റേടം നഷ്ടപ്പെട്ടതുകൊണ്ടാണ് സഭാസമ്മേളനം വെട്ടിച്ചുരുക്കി ഒളിച്ചോടുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയില്‍ നിന്നും പ്രതിഷേധ പ്രകടനമായി പുറത്തെത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. മുഖ്യമന്ത്രിയെ പ്രതിയാക്കാതെ ഇനി കേസ് മുന്നോട്ട് പോകില്ല. സഭാ സമ്മേളനം നടക്കുമ്പോള്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് ഭയന്നിട്ടാണ് അനിശ്ചിതകാലത്തേക്ക് സഭ പിരിഞ്ഞ് സര്‍ക്കാര്‍ ഒളിച്ചോടിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജിയെന്ന ന്യായമായ ആവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്തുന്ന യുവജനങ്ങളെ ഗുണ്ടകളെ ഉപയോഗിച്ചാണ് ഭരണപക്ഷം നേരിടുന്നതെന്ന് സി ദിവാകരന്‍ പറഞ്ഞു. കേരളമിപ്പോള്‍ കുരുതിക്കളമാണ്. തിരുവഞ്ചൂരിന്റെ പൊലീസ് ഗുണ്ടകളും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും രംഗത്തിറക്കിയ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളും ഇടത്പക്ഷ യുവജന പ്രക്ഷോഭകരെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇനി പട്ടാളത്തെ ഇറക്കിയാലും ഉമ്മന്‍ചാണ്ടിയ്ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

deshabhimani

No comments:

Post a Comment