Thursday, July 11, 2013

ചന്ദ്രശേഖരന്‍ വധക്കേസിലെ രാഷ്ട്രീയ ഇടപെടല്‍ മറനീക്കി

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കാന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഐ എം നേതാക്കളുടെ പേര് നല്‍കിയിരുന്നുവെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലോടെ മറനീക്കുന്നത് കേസിലെ രാഷ്ട്രീയ ഇടപെടല്‍. പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും കേസില്‍ ഇരകളാക്കിയെന്നതിന്റെ തെളിവാണ് തിരുവഞ്ചൂരിന്റെ നിയമസഭയിലെ വാക്കുകള്‍. കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിരുന്നുവെന്നത് നിയമസഭയില്‍ തന്നെ ശരിവയ്ക്കുകയായിരുന്നു സംസ്ഥാന ആഭ്യന്തര മന്ത്രി. മുല്ലപ്പള്ളി പ്രതിക്കൂട്ടിലായിരിക്കയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ഇതേപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാന്‍ മുല്ലപ്പള്ളിയും തിരുവഞ്ചൂരും മുന്നോട്ടുവരേണ്ടിവരും. നിയമസഭയിലാണ് കേന്ദ്രസഹമന്ത്രിയുടെ പക്ഷപാതപരമായ സമീപനം മന്ത്രി തുറന്നുകാട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുല്ലപ്പള്ളി നല്‍കിയ സിപിഐ എം നേതാക്കളുടെ പേര് വെളിപ്പെടുത്താനുള്ള രാഷ്ട്രീയ-ധാര്‍മിക ബാധ്യതയും ഭരണഘടനാപരമായ ഉത്തരവാദിത്തവും തിരുവഞ്ചൂരിനുണ്ട്.

കൊല നടന്നയുടന്‍ സിപിഐ എമ്മിനെതിരെ കുറ്റമാരോപിച്ച് മുല്ലപ്പള്ളി രംഗത്തുവരികയുണ്ടായി. തുടര്‍ന്നിങ്ങോട്ട് വടകരയില്‍ തമ്പടിച്ച് സിപിഐ എമ്മിനെ കുടുക്കാന്‍ പൊലീസിനും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം ചുക്കാന്‍ പിടിച്ചു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഉന്നത സിപിഐ എം നേതാക്കളെ ലക്ഷ്യമിട്ട് വന്‍സ്രാവുകള്‍ പിടിയിലാകാനുണ്ടെന്നു പറഞ്ഞ് പരസ്യനിര്‍ദേശം കൊടുക്കുന്ന സ്ഥിതിയുമുണ്ടായി. കേസില്‍ക്കുടുക്കി ജന്മനാട്ടില്‍പോലും പോകാനാകാതെ കടുത്ത പീഡനത്തിനിരയായി ഈയടുത്ത് അന്തരിച്ച സി എച്ച് അശോകന്റെ പേരടക്കം ഇതിലേക്ക് ആദ്യം വലിച്ചിഴച്ചതിലൊരാള്‍ മുല്ലപ്പള്ളിയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ആ സന്ദര്‍ഭങ്ങളില്‍ സിപിഐ എം നേതൃത്വം ചുണ്ടിക്കാട്ടിയിരുന്നു. കൊലയില്‍ പാര്‍ടിക്ക് യാതൊരു പങ്കുമില്ലെന്നും അന്വേഷണം രാഷ്ട്രീയലക്ഷ്യംവച്ചാണെന്നും ആവര്‍ത്തിച്ച് പറഞ്ഞു. എന്നാല്‍ അധികാരത്തെയും പൊലീസിനെയും നിര്‍ലജ്ജം ദുരുപയോഗിച്ച് പാര്‍ട്ടി നേതാക്കളെ കേസില്‍ കുടുക്കി. യുഡിഎഫിനും മാര്‍ക്സിസ്റ്റ് വിരുദ്ധസംഘത്തിനും പിന്തുണയേകിയ ഒരുപറ്റം മാധ്യമങ്ങളും സിപിഐ എം പറയുന്നത് അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ അവരുടെയടക്കം കണ്ണുതുറപ്പിക്കുന്നതാണ് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. ഇനി അറിയാനുള്ളത് ഏതൊക്കെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരുകളാണ് മുല്ലപ്പള്ളി നല്‍കിയിരുന്നതെന്നാണ്.
(പി വി ജീജോ)

രണ്ട് പൊലീസുദ്യോഗസ്ഥരെ വീണ്ടും വിസ്തരിക്കണമെന്ന ഹര്‍ജി തള്ളി

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. 163-ാം സാക്ഷി കുറ്റ്യാടി സിഐ വി വി ബെന്നി, 110-ാം സാക്ഷി കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ആസാദ് എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമാണ് ജഡ്ജി ആര്‍ നാരായണ പിഷാരടി തള്ളിയത്. സാക്ഷിമൊഴികളിലെ വൈരുധ്യങ്ങള്‍ രേഖപ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥരെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. നേരത്തെ വിസ്തരിച്ച 18-ാം സാക്ഷി പൊയിലൂര്‍ സന്തോഷ് ഭവനില്‍ സന്തോഷ്, 20-ാം സാക്ഷി തുവ്വക്കുന്ന് കിഴക്കയില്‍ എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന പ്രതിഭാഗം ഹര്‍ജി കോടതി അനുവദിച്ചു. കേസില്‍ 165-ാം സാക്ഷി വടകര ഡിവൈഎസ്പി ജോസി ചെറിയാന്റെ പ്രോസിക്യൂഷന്‍ വിസ്താരം ബുധനാഴ്ചയും തുടരും. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി സന്തോഷിനെ വിസ്തരിക്കും. ഇതിനുശേഷമാണ് ഇരുവരെയും പ്രതിഭാഗം എതിര്‍വിസ്താരം നടത്തുക. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ സാക്ഷിവിസ്താരം നടത്തി.

deshabhimani

No comments:

Post a Comment