Monday, July 1, 2013

മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോള്‍ അട്ടിമറി നീക്കം: കോടിയേരി

മുഖ്യമന്ത്രി പ്രതിയാകുമെന്നായപ്പോള്‍ സോളാര്‍ കുംഭകോണക്കേസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചതിന് ശേഷമാണ് 40 ലക്ഷം രൂപ നല്‍കിയതെന്ന് അന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ജോപ്പനെ മാത്രം കേസില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയെ ഒഴിവാക്കാനാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിക്കുന്നത്. ജോപ്പനെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തത് ഇതിന് തെളിവാണ്. ജോപ്പനെ മാത്രം കണ്ട് ശ്രീധരന്‍നായര്‍ 40 ലക്ഷം നല്‍കില്ല. അന്വേഷണസംഘത്തിന് മുന്നോട്ട് പോകണമെങ്കില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. 30 ലക്ഷത്തിന് മുകളിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടന്നാല്‍ കേന്ദ്ര എന്‍ഫോഴ്സ്മെന്റിനെ അറിയിക്കണം. പതിനായിരം കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് ചീഫ്വിപ്പ് പറഞ്ഞിട്ടും കേന്ദ്ര എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പാടില്ലായെന്ന് ആഭ്യന്തരമന്ത്രി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തയ്യാറാകുന്നില്ല. സലിം രാജ്, തോമസ് കുരുവിള, ജിക്കുമോന്‍ എന്നിവരെ കൂട്ടുപ്രതികളാക്കിയിട്ടില്ല. ജിക്കുമോന്‍ വിദേശത്തേക്ക് പോകുന്നുവെന്ന് പറഞ്ഞിട്ടും പാസ്പോര്‍ട്ട് കണ്ടുകെട്ടിയിട്ടില്ല. അയാളെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് വ്യക്തമാക്കണം.

പ്രതിപക്ഷം പറഞ്ഞതൊക്കെ ശരിവെക്കുംവിധമാണ് കാര്യങ്ങള്‍. മുഖ്യമന്ത്രിയുടെ ഒപ്പും ഔദ്യോഗിക ലെറ്റര്‍ പാഡും എങ്ങനെ തട്ടിപ്പുകാര്‍ക്ക് ലഭിച്ചുവെന്ന് അന്വേഷിക്കണം. പഞ്ചസാര കുംഭകോണക്കേസില്‍ സെക്രട്ടറി അയച്ച കത്തിനെ തുടര്‍ന്നാണ് എ കെ ആന്റണി രാജിവെച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളാണ് പ്രതികള്‍. സ്വതന്ത്രഅന്വേഷണം നടക്കാന്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം. മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രതിഷേധം തുടരും. പ്രക്ഷോഭകരെ തല്ലിയോടിച്ചും ജയിലിലടച്ചും അധികാരത്തില്‍ തുടരാന്‍ സാധിക്കില്ല. കൊലക്കേസ് പ്രതിയായ ബിജുരാധാകൃഷ്ണനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ശാലുമേനോനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ രക്ഷപ്പെടാന്‍ വഴിയൊരുക്കിക്കൊടുക്കുന്ന ആളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും- കോടിയേരി പറഞ്ഞു.

ആദ്യവെളിപ്പെടുത്തല്‍ ശ്രീധരന്‍നായര്‍ തിരുത്തി; പണം നല്‍കിയത് മുഖ്യമന്ത്രിയുടെ ഉറപ്പിലെന്ന് കോടതിരേഖ

സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാന്‍ ബിജു രാധാകൃഷ്ണനും സരിതയ്ക്കും ശ്രീധരന്‍നായര്‍ പണംകൈമാറിയത് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലെന്ന് കോടതിരേഖ. പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് മുഖ്യമന്ത്രിയുമായി താന്‍ സംസാരിച്ചെന്ന് കേസിലെ വാദി ശ്രീധരന്‍നായര്‍ വെളിപ്പെടുത്തിയത്. പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനും പത്തനംതിട്ട കാര്‍ഷികവികസന ബാങ്ക് ഭരണസമിതി മുന്‍ അംഗവുമാണ് ശ്രീധരന്‍നായര്‍. കൈരളി ചാനല്‍ ഈ രേഖപുറത്തുവിട്ടതോടെ മുഖ്യമന്ത്രിയുമായി താന്‍ സംസാരിച്ചിട്ടില്ലെന്നായി ശ്രീധരന്‍ നായര്‍.

പാലക്കാട് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാമെന്നുപറഞ്ഞ് പ്രതികള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയെന്നും മുഖ്യമന്ത്രിയോടും ഉദ്യോഗസ്ഥരോടും സംസാരിച്ചെന്നും അന്യായത്തില്‍ പറയുന്നു. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പ്ലാന്റ് തുടങ്ങാനുള്ള എല്ലാ സഹായവും ചെയ്തുതരാമെന്ന് പ്രതികള്‍ വാഗ്ദാനം ചെയ്തെന്നും ഇത് വിശ്വസിച്ചാണ് പ്ലാന്റ് തുടങ്ങുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതുപ്രകാരം കേസില്‍ മൂന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണ്. ശ്രീധരന്‍നായരുടെ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് കോന്നി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മനോരമയുടെ "വീട്" മാസികയിലും ദിനപ്പത്രത്തിലും 2012 മെയ് മാസത്തിലെ പരസ്യം കണ്ടാണ് സരിതയും ബിജുവുമായി ശ്രീധരന്‍നായര്‍ ബന്ധപ്പെട്ടത്. പാലക്കാട്ട് കിന്‍ഫ്ര പാര്‍ക്കില്‍ പ്ലാന്റിനുള്ള സ്ഥലവും പ്ലാനും സ്കെച്ചും കാട്ടിത്തന്നശേഷമാണ് സരിത മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുപോയതെന്നും അന്യായത്തില്‍ പറയുന്നു. നാല്‍പ്പത് ലക്ഷം രൂപയുടെ മൂന്നു ചെക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച് ശ്രീധരന്‍നായര്‍ ജോപ്പന് കൈമാറിയത്. എന്നാല്‍, പ്രഥമ വിവര റിപ്പോര്‍ട്ടില്‍ എവിടെയും മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് സൂചിപ്പിച്ചിട്ടില്ല.

അഡീഷണല്‍ പ്രൈവറ്റ്സെക്രട്ടറിക്കും സരിതയുമായി ബന്ധം

കോട്ടയം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ബാലകൃഷ്ണനും സരിത എസ് നായരുമായി ബന്ധമുണ്ടെന്ന് കേരള കോണ്‍ഗ്രസ് എം മുഖവാരിക "പ്രതിച്ഛായ"യുടെ വെളിപ്പെടുത്തല്‍. വാരികയുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ബാലകൃഷ്ണന്‍ സരിതയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന വിവരം പുറത്തുവിട്ടത്. ആര്‍ കെ എന്നറിയപ്പെടുന്ന ആര്‍ കെ ബാലകൃഷ്ണന്റെ പേര് ആദ്യമായാണ് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ ടെന്നി ജോപ്പന്‍, ജിക്കു ജേക്കബ്, സലിംരാജ്, ആര്‍ കെ എന്നിവര്‍ സരിതയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ വിശ്വാസ്യത ചാദ്യംചെയ്യപ്പെട്ടതായി "വിശ്വാസത്തിനും അതിരുണ്ട്" എന്ന മുഖപ്രസംഗം അടിവരയിടുന്നു. ഉമ്മന്‍ചാണ്ടിയെ തുറന്ന പുസ്തകമായി കണ്ടിരുന്നവരുടെപോലും വിശ്വാസത്തിന് ഊനം തട്ടുന്ന മട്ടിലുള്ള സംഭവവികാസങ്ങളുടെ വേലിയേറ്റമാണുണ്ടാകുന്നത്. സോളാര്‍ തട്ടിപ്പിനെ ചുറ്റിപ്പറ്റിയുള്ള വെളിപ്പെടുത്തലുകളും ആരോപണങ്ങളും കേരളത്തില്‍ കത്തിനില്‍ക്കുന്നു. സ്വന്തമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്ത മുഖ്യമന്ത്രിയെ അവതാളത്തിലാക്കിയത് മൊബൈല്‍ഫോണ്‍ സംഭാഷണങ്ങളാണെന്നത് വിധിവൈപരീത്യം. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നാലഞ്ചു പേരുടെ ഫോണ്‍വിളികളുടെ പ്രകമ്പനത്തില്‍ ഉമ്മന്‍ചാണ്ടി കാലങ്ങളായി പടുത്തുയര്‍ത്തിയ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്കു പുറമെ ഡല്‍ഹിയില്‍ ഉമ്മന്‍ചാണ്ടിയുടെ സഹായിയായ തോമസ് കുരുവിളയെയും സരിത ബന്ധപ്പെട്ടിരുന്നുവെന്നത് സംശയത്തിന് വകനല്‍കുന്നു. സ്വന്തം പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍, അതില്‍ തന്റെ ഏറ്റവും അടുപ്പക്കാര്‍ എന്നറിയപ്പെടുന്നവര്‍ നടത്തിവന്ന "കച്ചവടങ്ങളുടെ" പാപഭാരം പേറുകയാണ് മുഖ്യമന്ത്രി. തന്റെ ഓഫീസിലെ ചിലര്‍ തന്നെ വഞ്ചിച്ചെന്ന് മുഖ്യമന്ത്രിതന്നെ വെളിപ്പെടുത്തുന്നു. പേഴ്സണല്‍ സ്റ്റാഫ് എന്നാല്‍, തന്റെ മനഃസാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ്. ഇത്തരക്കാരെ കയറൂരി വിടാന്‍ പാടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സരിതയെ ജോപ്പന്‍ "ചാരസുന്ദരി"യാക്കി

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയെ ഐ ഗ്രൂപ്പിന്റെ രഹസ്യം ചോര്‍ത്താന്‍ "ചാരസുന്ദരി"യാക്കിയതായി മുഖ്യമന്ത്രിയുടെ സന്തതസഹചാരി ടെന്നി ജോപ്പന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഐ ഗ്രൂപ്പിലെ കേന്ദ്രസഹമന്ത്രിയും രണ്ട് സംസ്ഥാന മന്ത്രിമാരുമായി സരിതയ്ക്കുള്ള ബന്ധം ഉപയോഗിച്ചാണ് ജോപ്പന്‍ രഹസ്യം ചോര്‍ത്തിയത്. വിവരങ്ങള്‍ അപ്പപ്പോള്‍ മുഖ്യമന്ത്രിയെ അറിയിക്കാറുണ്ടായിരുന്നു. സരിത വഴിയാണ് രഹസ്യങ്ങള്‍ കിട്ടിയിരുന്നതെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നതായും ജോപ്പന്‍ സമ്മതിച്ചു. എന്‍എസ്എസുമായി ചേര്‍ന്ന് ചെന്നിത്തല ആസൂത്രണം ചെയ്ത പല നീക്കങ്ങളും ഉമ്മന്‍ചാണ്ടിക്ക് പൊളിക്കാനായത് ഇങ്ങനെ മുന്‍കൂട്ടി അറിഞ്ഞതിനാലാണെന്നും ജോപ്പന്‍ പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ രണ്ട് ഐ ഗ്രൂപ്പ് മന്ത്രിമാരുമായി സരിതയ്ക്ക് ബന്ധമുണ്ടായിരുന്നു. ചെന്നിത്തലയുടെ വിശ്വസ്തനായ കേന്ദ്രമന്ത്രിയുമായും അടുത്ത ബന്ധമായിരുന്നു. സരിതയും മുന്‍ മന്ത്രി ഗണേഷ്കുമാറുമായുള്ള ബന്ധത്തെക്കുറിച്ച് ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിന്റെ പിറ്റേന്ന് ഇക്കാര്യം കേന്ദ്രമന്ത്രി സരിതയോട് അന്വേഷിച്ചുവെന്ന് ബിജു തന്നെ വെളിപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിയുടെ ആലപ്പുഴയിലെ വീട്ടില്‍ സരിത ഒന്നിലേറെ പ്രാവശ്യം സന്ദര്‍ശിച്ചതായും വാര്‍ത്തയുണ്ടായിരുന്നു. കേന്ദ്ര ഊര്‍ജസഹമന്ത്രിയായിരുന്നപ്പോഴായിരുന്നു ആദ്യ സന്ദര്‍ശനം. ബൊക്കയുമായാണ് സരിത വീട്ടിലെത്തിയതെന്ന് അന്ന് വീട്ടിലുണ്ടായിരുന്ന വിശ്വസ്തന്‍ വെളിപ്പെടുത്തി. എറണാകുളത്തെ ഹരിത എംഎല്‍എയുമായുള്ള ബന്ധവും സരിത രഹസ്യം ചോര്‍ത്താന്‍ ഉപയോഗിച്ചു. ഇതില്‍ മൂന്നുപേരുമായി ശാരീരിക ബന്ധവുമുണ്ടായിരുന്നതായി സരിത അന്വേഷണസംഘത്തോട് സമ്മതിച്ചു.

ബിജു രാധാകൃഷ്ണനെയും സരിതയെയും അന്വേഷണ സംഘം രണ്ട് കേസുകളില്‍ കൂടി പ്രതി ചേര്‍ത്തു. മല്ലപ്പള്ളി കടുവാക്കുഴി പട്ടേരില്‍ പി എ എബ്രഹാമില്‍ നിന്ന് ഒരു ലക്ഷം രൂപയും തിരുവല്ല മണിക് ആശുപത്രി ഉടമ പീറ്ററില്‍ നിന്ന് നാലുലക്ഷം രൂപയും തട്ടിയ കേസിലാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. എബ്രഹാമില്‍ നിന്ന് പണം തട്ടിയ കേസില്‍ ബിജു മാത്രമാണ് പ്രതി. എന്നാല്‍ പീറ്ററില്‍ നിന്ന് സരിതയും ബിജുവും ചേര്‍ന്ന് പണം വാങ്ങി. ലക്ഷ്മി നായര്‍, ബി ആര്‍ നായര്‍ എന്ന പേരില്‍ 2011ലാണ് പണം വാങ്ങിയത്. തട്ടിപ്പുവാര്‍ത്തകള്‍ പുറത്തുവന്നപ്പോഴാണ് ഇത് സരിതയും ബിജുവുമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് പരാതിപ്പെട്ടത്. ചെങ്ങന്നൂര്‍ വെണ്‍മണി പൊലീസ് സ്റ്റേഷനില്‍ കഴിയുന്ന ബിജുവിനെയും സരിതയെയും ഞായറാഴ്ച ചോദ്യം ചെയ്തില്ല. ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യം തിങ്കളാഴ്ച തീരുമാനിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
(ഡി ദിലീപ്)

deshabhimani

No comments:

Post a Comment