Friday, July 12, 2013

മുല്ലപ്പള്ളി-തിരുവഞ്ചൂര്‍ ഏറ്റുമുട്ടല്‍ വഴിത്തിരിവില്‍

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്സഭാസ്പീക്കര്‍ക്കും നിയമസഭാസ്പീക്കര്‍ക്കും പരാതി നല്‍കിയതോടെ യുഡിഎഫില്‍ മറ്റൊരു വിവാദം. ചന്ദ്രശേഖരന്‍വധക്കേസില്‍ പ്രതിചേര്‍ക്കാന്‍ സിപിഐ എം നേതാക്കളുടെ പേരുകള്‍ മുല്ലപ്പള്ളി നല്‍കിയെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭയിലെ പരാമര്‍ശം. താന്‍ പേരുകള്‍ നല്‍കിയില്ലെന്നും തിരുവഞ്ചൂര്‍ കളവുപറയുകയാണെന്നുമുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫേസ്ബുക്കിലെ പ്രതികരണം കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങി. സഭയിലില്ലാത്ത തന്നെക്കുറിച്ച് തെറ്റായ പരാമര്‍ശം നടത്തിയെന്ന കാരണംകാട്ടിയാണ് മുല്ലപ്പള്ളി നിയമസഭാ സ്പീക്കര്‍ക്ക് പരാതിനല്‍കിയത്.

അതേസമയം നിയമസഭയിലെ പ്രസ്താവന വ്യാഴാഴ്ച തിരുവഞ്ചൂര്‍ തിരുത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികളുടെ പട്ടിക നല്‍കിയെന്ന് താന്‍ നിയമസഭയില്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരല്‍മീനുകള്‍മാത്രമാണ് അറസ്റ്റിലായതെന്നും വന്‍ സ്രാവുകള്‍ ഇപ്പോഴും പുറത്താണെന്നുമുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവനയാണ് ഉദ്ദേശിച്ചത്. അല്ലാതെ പ്രതിപ്പട്ടിക നല്‍കിയെന്ന് പറഞ്ഞിട്ടില്ലെന്നും തിരുവഞ്ചൂര്‍ അവകാശപ്പെട്ടു. തന്റെ പരാമര്‍ശത്തിന്റെ സത്യാവസ്ഥ വിശദീകരിച്ച് മുല്ലപ്പള്ളിക്ക് കത്ത് എഴുതിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി സ്ഥാനത്തിരുന്ന് കേസന്വേഷണത്തില്‍ പരസ്യമായി ഇടപെട്ട മുല്ലപ്പള്ളിയുടെ നടപടി ഗത്യന്തരമില്ലാതെയാണ് തിരുവഞ്ചൂരിന് നിയമസഭയില്‍ സമ്മതിക്കേണ്ടിവന്നത്. മുല്ലപ്പള്ളി കൊടുത്ത ആദ്യലിസ്റ്റിലുള്ള സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കാന്‍ തിരുവഞ്ചൂര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് പി മോഹനന്‍, കാരായി രാജന്‍, പി കെ കുഞ്ഞനന്തന്‍, സി എച്ച് അശോകന്‍ അടക്കമുള്ള നേതാക്കളെ കേസിലുള്‍പ്പെടുത്തിയതെന്നാണ് സൂചന. മുല്ലപ്പള്ളി നല്‍കിയ രണ്ടാമത്തെ ലിസ്റ്റും തിരുവഞ്ചൂര്‍ അന്വേഷണസംഘത്തിന് നല്‍കിയെങ്കിലും തെളിവില്ലാതെ ഇനിയും നേതാക്കളെ പ്രതിചേര്‍ക്കുന്നതിനോട് ചില ഉദ്യോഗസ്ഥര്‍ കടുത്ത നീരസം പ്രകടിപ്പിച്ചു.

സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസില്‍ ശക്തമായ സമ്മര്‍ദമാണുണ്ടായത്. സ്വകാര്യ സംഭാഷണങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് തുറന്നുപറയുന്നുണ്ട്. പൊലീസിന്റെ കള്ളക്കഥക്കെതിരെ അമ്പതിലധികം സാക്ഷികള്‍ കോടതിയില്‍ സത്യം തുറന്നുപറഞ്ഞു. പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇല്ലാത്ത മൊഴികള്‍ പൊലീസ് തയ്യാറാക്കിയെന്നാണ് അവരുടെ മൊഴി. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയിലാണ് കേസന്വേഷണം മുന്നോട്ടുപോയതെന്ന് അടിവരയിടുന്നതാണിത്. മന്ത്രിസ്ഥാനത്തിരിക്കാന്‍ ഇരുവരും അര്‍ഹരല്ലെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വിദ്വേഷമോ പ്രീതിയോ കൂടാതെ ഭരണ നിര്‍വഹണം നടത്തുമെന്ന് സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലെത്തിയവര്‍ നടത്തിയത് കടുത്ത നിയമലംഘനമാണ്.

deshabhimani

No comments:

Post a Comment