Friday, July 12, 2013

രാജു പുഴങ്കര പണം തട്ടിയ കേസിലും പ്രതി

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനുമെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയ രാജു പുഴങ്കര നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയും. തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലായി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ചെങ്ങന്നൂരില്‍ തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി 40 ലക്ഷംരൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതിയുമാണ്്. പൊലീസ് രേഖയില്‍ ഇപ്പോഴും പിടികിട്ടാപ്പുള്ളി. മനുഷ്യാവകാശ പ്രവര്‍ത്തകനെന്നു ചമഞ്ഞ് രാഷ്ട്രീയനേതാക്കളെ തേജോവധം ചെയ്യുന്ന കള്ളവ്യവഹാരങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ പിണറായിക്കും വി എസിനുമെതിരെ പ്രയോഗിച്ചത്. വടക്കാഞ്ചേരി ചിറ്റണ്ട കുണ്ടന്നൂര്‍ പുഴങ്കര വീട്ടില്‍ രാജു (43) എന്ന രാജു പുഴങ്കരക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ പരാതിയുണ്ട്. തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തിയ കേസില്‍ 2011 നവംബര്‍മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

കവിയൂര്‍ പെണ്‍കുട്ടിയെ തന്ത്രി പീഡിപ്പിക്കുന്ന വീഡിയോ തന്റെ പക്കലുണ്ടെന്നും അത് പുറത്ത് നല്‍കാതിരിക്കാന്‍ 40 ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു ഭീഷണി. തന്ത്രിയുടെ ഡ്രൈവര്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ രാജുവിന്റെ സഹായികള്‍ അബ്ദുള്‍അസീസ്, സജീവ്കുമാര്‍, മണികണ്ഠന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യസൂത്രധാരന്‍ രാജു പുഴങ്കരയാണെന്ന മൊഴി ലഭിച്ചത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്ക്വാഡ് രൂപീകരിച്ചെങ്കിലും അറസ്റ്റുണ്ടായില്ല. പിന്നീട് അന്വേഷണമേറ്റെടുത്ത വടക്കാഞ്ചേരി പൊലീസ് രാജു ഒളിവിലാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ഇയാളെ ഒഴിവാക്കാന്‍ ഭരണകക്ഷിയിലെ ഉന്നതര്‍ ഇടപെട്ടു. പിടികിട്ടാപ്പുള്ളിയായ പ്രതി പൊതുതാല്‍പ്പര്യ വ്യവഹാരങ്ങളുമായി വീണ്ടും രംഗത്തെത്തിയിട്ടും പൊലീസ് കണ്ടില്ലെന്നു നടിച്ചു.

കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള രാജു ഗുരുവായൂരിലും ചെട്ടികുളങ്ങരയിലും രമേശ് ചെന്നിത്തലയുടെ തുലാഭാരം നടത്തിച്ചതിന്റെ ഫോട്ടോ മുമ്പ് പത്രങ്ങളില്‍ വന്നതാണ്്. ചെന്നിത്തലയാണ് ആപത്തുകളില്‍നിന്ന് രക്ഷിച്ചെടുക്കുന്നതെന്നും രാജു അവകാശപ്പെടാറുമുണ്ട്. ഐഎന്‍ടിയുസി പ്രവര്‍ത്തകനായിരുന്ന ഇയാള്‍ പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ചമയാന്‍ തുടങ്ങി. നിരപരാധികളെ ഭീഷണിപ്പെടുത്തി പണം തട്ടലും രാഷ്ട്രീയനേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും വ്യാജപരാതി നല്‍കി തേജോവധം ചെയ്യലും പതിവാണ്.

2010ല്‍ വാണിജ്യനികുതി ഓഫീസിലെ വിജിലന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ കള്ളപ്പരാതി നല്‍കിയതില്‍ തൃശൂര്‍ വിജിലന്‍സ് കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്ത്രീപീഡനക്കേസ് അട്ടിമറിക്കാന്‍ സഹായിക്കുന്നുവെന്ന് ആരോപിച്ച് മുന്‍മന്ത്രി പി കെ ശ്രീമതിക്കെതിരെ ഏറ്റുമാനൂര്‍ കോടതിയില്‍ ഇയാള്‍ പരാതി നല്‍കി. പൊലിസ് ഓഫീസര്‍മാര്‍ക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയും കോടതി തള്ളി. പൊലീസ് ചമഞ്ഞ് തട്ടിപ്പിനു ശ്രമിച്ചതിന്റെ പേരില്‍ വടക്കാഞ്ചേരി പൊലീസും പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എരുമപ്പെട്ടി പൊലീസും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസും രാജുവിനെതിരെ കേസെടുത്തിട്ടുണ്ട്. 2009ല്‍ തഹസില്‍ദാരെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചതിന് കുന്നംകുളം പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തു. കുന്നംകുളം പൊലീസ്സ്റ്റേഷനില്‍ പരാതിക്കാരനോടൊപ്പം ചെന്ന് ഹെഡ്കോണ്‍സ്റ്റബിളിനെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്.

deshabhimani

No comments:

Post a Comment