Wednesday, July 10, 2013

സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും പ്രതിഷേധങ്ങളെ പൊലീസ് അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ചും എല്‍ഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനും എല്‍ഡിഎഫ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ജൂലൈ 12ന് സെക്രട്ടറിയറ്റ് മാര്‍ച്ച് നടക്കും. ഇടതുപക്ഷ കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ 15ന് സെക്രട്ടറിയറ്റ് മാര്‍ച്ചിനും തീരുമാനമായി. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ 16നും ഇടതുപക്ഷ യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ 19നും സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. 18ന് തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫ് പൊതുയോഗം സംഘടിപ്പിക്കാനും തീരുമാനമായി. 19, 20, 21 തീയതികളിലായി മറ്റു ജില്ലാകേന്ദ്രങ്ങളിലും പൊതുയോഗങ്ങള്‍ നടത്തും.

ജൂലൈ 22ന് രാവിലെ 10 മുതല്‍ 23ന് രാവിലെ 10 വരെ എംപിമാരും എംഎല്‍എമാരും എല്‍ഡിഎഫ് സംസ്ഥാനനേതാക്കളും തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും നടത്തുന്ന 24 മണിക്കൂര്‍ രാപകല്‍ ധര്‍ണ സെക്രട്ടറിയറ്റ് പടിക്കല്‍ അരങ്ങേറും. 24 മുതല്‍ സെക്രട്ടറിയറ്റിലും എല്ലാ ജില്ലാകേന്ദ്രങ്ങളിലും അനിശ്ചിതകാല രാപകല്‍ സമരങ്ങള്‍ നടക്കും. 23ന് ഉച്ചയ്ക്കുശേഷം എല്‍ഡിഎഫ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.

deshabhimani

No comments:

Post a Comment