Thursday, July 11, 2013

മണ്ടോടി കണ്ണന്‍ സ്മാരകത്തിനുനേരെ വീണ്ടും ആര്‍എംപി അക്രമം

അനശ്വര രക്തസാക്ഷി മണ്ടോടി കണ്ണന്‍ സ്മാരകത്തിനുനേരെ വീണ്ടും ആര്‍എംപി അക്രമം. സിപിഐ എം പ്രവര്‍ത്തകരായ എം പി നിധീഷ് (25), തൈയില്‍ ബബീഷ് (26) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെ നൂറോളം പേരാണ് സ്മാരകത്തിന് കല്ലെറിഞ്ഞത്. സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസായ സ്മാരകം ആറാം തവണയാണ് ആര്‍എംപിക്കാര്‍ ആക്രമിക്കുന്നത്. ഗ്രില്‍സിനും ചുമരിനും ജനലുകള്‍ക്കും കേട് പറ്റി. ഒഞ്ചിയം, ഓര്‍ക്കാട്ടേരി, മുയിപ്ര ഭാഗങ്ങളില്‍നിന്നെത്തിയ സംഘം പ്രകോപനമില്ലാതെ സ്മാരകം ആക്രമിക്കുകയായിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ 2012 മെയ് നാലിനും അഞ്ചിനും സ്മാരകം പൂര്‍ണമായും തകര്‍ത്തിരുന്നു. നൂറുകണക്കിന് വിലപ്പെട്ട പുസ്തകങ്ങളും രേഖകളും അഗ്നിക്കിരയാക്കി. പുനര്‍നിര്‍മിച്ച സ്മാരകം വീണ്ടും തകര്‍ക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. സി എച്ച് അശോകന് ആദരവ് പ്രകടിപ്പിച്ച് സ്ഥാപിച്ച ഫോട്ടോകളും ബോര്‍ഡുകളും വ്യാപകമായി സംഘം നശിപ്പിച്ചു. ആര്‍എംപി അക്രമസാധ്യത മുന്‍കൂട്ടി അറിഞ്ഞിട്ടും പൊലീസ് ജാഗ്രത പുലര്‍ത്തിയില്ല.

ബുധനാഴ്ച പകല്‍ നാലോടെ ഓര്‍ക്കാട്ടേരി ടൗണില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. എന്നിട്ടും പൊലീസ് ടൗണിലും സ്മാരകത്തിന് പരിസരത്തും കാവല്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പൊലീസ് അക്രമികള്‍ക്ക് ഒത്താശ നല്‍കുകയാണ്. കഴിഞ്ഞ ദിവസം ആര്‍എംപി അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന എസ്എഫ്ഐ നേതാവ് എസ് വിഷ്ണു(17), ഓര്‍ക്കാട്ടേരി വട്ടക്കണ്ടി സുനി (40) എന്നിവരെയാണ് ബുധനാഴ്ച പകല്‍ നാലോടെ ആര്‍എംപിക്കാര്‍ ആക്രമിച്ചത്. ഓര്‍ക്കാട്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ടി പി ചന്ദ്രശേഖരന്റെ മകന്‍ ആര്‍ സി അഭിനന്ദിന്റെ നേതൃത്വത്തില്‍ വിഷ്ണുവിനെ ആക്രമിച്ചിരുന്നു. ചികിത്സയിലായിരുന്ന വിഷ്ണു ചൊവ്വാഴ്ചയാണ് വീട്ടിലെത്തിയത്. ഓര്‍ക്കാട്ടേരി ഒടിക്കുനി സുധീഷ്, സുമേഷ്, തിരുമുമ്പില്‍ ജിനിത്ത്, അട്ടംകള്ളി അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം സംഘമാണ് ബുധനാഴ്ചത്തെ അക്രമത്തിന് നേതൃത്വം നല്‍കിയത്.

deshabhimani

No comments:

Post a Comment