Thursday, July 11, 2013

പ്രതിച്ഛായ തകര്‍ത്തെന്ന് സോണിയക്ക് റിപ്പോര്‍ട്ട്

സോളാര്‍ കുംഭകോണം സര്‍ക്കാരിന്റെയും പാര്‍ടിയുടെയും പ്രതിച്ഛായ തകര്‍ത്തെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്ക് കെപിസിസിയുടെ റിപ്പോര്‍ട്ട്. അടിയന്തരമായി ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിസിസി റിപ്പോര്‍ട്ട് സോണിയക്ക് എത്തിച്ചതായി ചെന്നിത്തല മാധ്യമങ്ങളോട് സമ്മതിച്ചു. ഉള്ളടക്കം പുറത്തുപറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളുടെ മുന്നില്‍ സംശയത്തിന്റെ നിഴലിലായെന്നും സരിത-ബിജു തട്ടിപ്പുസംഘം കോടികള്‍ തട്ടിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിച്ചുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി അറിയുന്നു. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സോളാര്‍ വിവാദവും പ്രതിപക്ഷപ്രക്ഷോഭവും മാധ്യമപ്രചാരണവും ഹൈക്കമാന്‍ഡിനെ ഉല്‍ക്കണ്ഠയിലാഴ്ത്തിയതിനെ തുടര്‍ന്നാണ് കേരളത്തിന്റെ സംഘടനാചുമതലയുള്ള മുകുള്‍ വാസ്നിക് ചെന്നിത്തലയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയത്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ എത്തുന്ന ഉമ്മന്‍ചാണ്ടിയുമായി ഈ വിഷയങ്ങള്‍ സോണിയ ഗാന്ധി ചര്‍ച്ചചെയ്യും. ഇതേദിവസം ഡല്‍ഹിയിലെത്താന്‍ മുകുള്‍ വാസിനിക് രമേശിനോട് ആവശ്യപ്പെട്ടെങ്കിലും ചികിത്സയുടെപേരില്‍ ചെന്നിത്തല ഒഴിഞ്ഞുമാറി. ഉമ്മന്‍ചാണ്ടിയുമായുള്ള ഡല്‍ഹി കൂടിക്കാഴ്ച കഴിഞ്ഞാല്‍ മുകുള്‍ വാസിനിക് കേരളത്തിലെത്തും.

സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും ഇപ്പോഴത്തെ പോക്കില്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിക്കാനെത്തിയ "ഹരിത" എംഎല്‍എമാര്‍ വ്യാഴാഴ്ച കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ കൂടിയേ തീരൂവെന്ന ഉറച്ച നിലപാടിലാണ് വി ഡി സതീശനും ടി എന്‍ പ്രതാപനും വി ടി ബല്‍റാമും. നേതൃമാറ്റം ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെങ്കിലും നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ കൂടിയേ തീരൂവെന്ന് എംഎല്‍എമാര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment