Thursday, July 11, 2013

സിസിടിവി: പഴയ വാഗ്ദാനം പൊളിച്ച് മുഖ്യമന്ത്രിയുടെ വാദം

തന്റെ ഓഫീസിലെ ക്യാമറാ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാറില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് തെളിയിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍. ക്യാമറാ ദൃശ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് മുമ്പ് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ രണ്ട് പേരെ കൈക്കൂലി വാങ്ങിയതിന് പുറത്താക്കിയപ്പോഴാണ് ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനാണ് ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ ആ വാഗ്ദാനം മനോരമ പ്രാധാന്യത്തോടെ വാര്‍ത്തയാക്കി.

മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് തുറന്ന വാഗ്ദാനം നല്‍കി എന്ന് വിശേഷിപ്പിക്കുന്ന നവംബര്‍ അഞ്ചിലെ മനോരമ വാര്‍ത്തയില്‍ ഇങ്ങിനെ പറയുന്നു-

"തന്റെ ചേംബറിലെയും ഓഫീസിലെയും ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏത് നേരത്തും പരിശോധിക്കാമെന്ന് മുഖമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് കൈക്കൂലി വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് തുറന്ന വാഗ്ദാനം നല്‍കിയത്. കൈക്കൂലി വാങ്ങിയ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത് പൂഴ്ത്തിവച്ചു എന്നാണ് ആരോപണം. ഈ പശ്ചാത്തലത്തില്‍ ക്യാമറയില്‍ ഇതുവരെയുള്ള ദൃശ്യങ്ങളും ഇനിയുള്ള ദൃശ്യങ്ങളും ആവശ്യമുള്ളവര്‍ക്കെല്ലാം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു".

ക്യാമറാ ദൃശ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കാണാമെന്ന പഴയ വാദം സരിത വിവാദത്തോടെ മുഖ്യമന്ത്രി വിഴുങ്ങി. ക്യാമറാ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാറില്ല എന്നാണ് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് റെക്കോഡ് ചെയ്യാത്തതെന്നും പറഞ്ഞു. തന്റെ ഓഫീസ് തത്സമയം വെബ്ബിലൂടെ വീഡിയോ ഫയല്‍ ആയാണ് സംപ്രേഷണം ചെയ്യുന്നത് എന്നാണ് ശ്രീധരന്‍നായരുടെ പരാതി വന്നശേഷം മുഖ്യമന്ത്രി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സെക്രട്ടറിയറ്റില്‍ 24 സിസിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ പരമാവധി 14 ദിവസം മാത്രമേ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാനാവു എന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani

No comments:

Post a Comment