Monday, July 1, 2013

മുഖ്യമന്ത്രി അവാര്‍ഡ് തിരിച്ചു കൊടുക്കണം : വി എസ്

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്വാധീനിച്ചാണ് യു.എന്‍. അവാര്‍ഡ് തരപ്പെടുത്തിയതെന്ന് തെളിഞ്ഞിക്കുന്ന സാഹചര്യത്തില്‍ അവാര്‍ഡ് തിരിച്ചു നല്‍കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം. അല്ലാത്തപക്ഷം അത് തിരിച്ചെടുക്കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാകണം

.യഥാര്‍ഥത്തില്‍ ഇല്ലാത്ത പല കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിഅവാര്‍ഡ് സംഘടിപ്പിച്ചിരിക്കുന്നത്. അഴിമതിക്കും തട്ടിപ്പിനും കൂട്ടുനില്‍ക്കുകയും സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അഴിഞ്ഞാട്ടക്കാരികളുടെയും, പണം തട്ടിപ്പുകാരുടെയും വിഹാരരംഗമാക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിക്ക് ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ് നല്‍കുന്നതിനെതിരെ അന്നുതന്നെ പ്രതികരിച്ചിരുന്നതാണ്.അവാര്‍ഡ് റദ്ദാക്കണമെന്ന എന്റെ അന്നത്തെ നിലപാട് പൂര്‍ണമായും ശരിവയ്ക്കുണ്ടന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ മുഖ്യമന്ത്രിയുടെ "കേമത്തരം"കാട്ടി ശുപാര്‍ശ ചെയ്ത് അവാര്‍ഡ് സംഘടിപ്പിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തായ വിവരം. നാമനിര്‍ദ്ദേശം ചെയ്യുന്നയാളിനു തന്നെ അവാര്‍ഡ് നല്‍കാന്‍ പാടില്ലെന്നാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.

ജനസമ്പര്‍ക്ക പരിപാടിയുടെ പേരുപറഞ്ഞാണ് മുഖ്യമന്ത്രി അവാര്‍ഡ് തരപ്പെടുത്തിയത്. ഐക്യരാഷ്ട്രസഭ അവാര്‍ഡിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വയം ശുപാര്‍ശ നടത്തിയാണ് അവാര്‍ഡ് തരപ്പെടുത്തിയത്.അവാര്‍ഡിന് ആധാരമായി പറയുന്ന ജനസമ്പര്‍ക്ക പരിപാടി ശുദ്ധ തട്ടിപ്പാണ്.ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളില്‍ ഒന്നരലക്ഷത്തിലേറെ എണ്ണം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പരിഹരിച്ച പരാതികള്‍ തന്നെ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവ മുഖാന്തിരം തീര്‍പ്പുകല്‍പ്പിക്കേണ്ടണ്ടതാണ്.

ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പ്രധാന ഗുണഭോക്താക്കള്‍ സോളാര്‍ തട്ടിപ്പുകേസില്‍ ജനങ്ങളുടെ കോടികള്‍ തട്ടിയെടുത്ത സരിത എസ്. നായരെയും ബിജുരാധാകൃഷ്ണനെയും പോലുള്ളവരാണ്. ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട പരാതിയെപ്പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച അധ്യാപികയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് വഴങ്ങണമെന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരത്തിലുള്ള ജനസമ്പര്‍ക്കത്തിന് ഐക്യരാഷ്ട്രസഭ അവാര്‍ഡ് നല്‍കുന്നത് അപമാനകരമാണ്.

ഈ അവാര്‍ഡ് ലഭിച്ച ആദ്യ ഇന്ത്യന്‍ ഭരണാധികാരി എന്നതും തെറ്റാണ്. ഉത്തര്‍പ്രദേശ് ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഈ അവാര്‍ഡ് നേരത്തെ ലഭിച്ചിട്ടുണ്ട്. അവിടെയൊക്കെ പദ്ധതിയുടെ ചുമതലക്കാരായ ഉദ്യോഗസ്ഥ മേധാവികള്‍ക്കാണ് അവാര്‍ഡ് . എന്നാല്‍ ഇവിടെ ഇതെല്ലാം കാറ്റില്‍ പറത്തി, വ്യാജപ്രചാരണം നടത്തി മുഖ്യമന്ത്രി തന്നെ അവാര്‍ഡ് വാങ്ങാന്‍ പോയി. കോടികള്‍ ചെലവിട്ട് വ്യാജപ്രചാരണം നടത്തി ജനങ്ങളെയാകെ കബളിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്.-വി എസ് ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment