സിപിഐ നേതാവും ജനയുഗം മുന്‍പത്രാധിപരും പിഎസ്സി മുന്‍ അംഗവുമായ തെങ്ങമം ബാലകൃഷ്ണന്‍ (86) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് കൊല്ലം പോളയത്തോട് ശ്മശാനത്തില്‍ .
കടപ്പാക്കട "സാരസ"ത്തിലായിരുന്നു താമസം. നിര്‍മലയാണ് ഭാര്യ. മക്കള്‍: സംസ്ഥാന വിവരാവകാശ കമീഷണര്‍ സോണി ബി തെങ്ങമം, കരീന (പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ), കവിത (എച്ച്എല്‍എല്‍). മരുമക്കള്‍: ഡോ. പീറ്റര്‍ സ്വാമിനാഥന്‍, രാജേഷ്, ഷീജ. കൊല്ലം ജില്ലയിലെ തെങ്ങമത്ത് മാധവന്റെയും നാണിയമ്മയുടെയും നാലു മക്കളില്‍ മൂത്തവനായി 1927 ഏപ്രില്‍ ഒന്നിനാണ് ജനനം.
മാവേലിക്കര താലൂക്കിലെ പയ്യന്നൂര്‍ സ്കൂള്‍, കടമ്പനാട് യുപി സ്കൂള്‍, ഇരുമ്പനങ്ങാട് ഗവ. സ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക-ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടി. പത്താംതരം കഴിഞ്ഞപ്പോള്‍ ഒരു വര്‍ഷം കിഴക്കേകല്ലട സ്കൂളില്‍ അധ്യാപകനായി. പിന്നീട് ആര്‍ ശങ്കറെ നേരില്‍ക്കണ്ട് കൊല്ലം എസ്എന്‍ കോളജില്‍ പ്രീ-യൂണിവേഴ്സിറ്റിക്ക് അഡ്മിഷന്‍ നേടി. ഗാന്ധിജയന്തി ആഘോഷിച്ചതിന് ഒരു മാസത്തേക്ക് കോളേജില്‍നിന്നു പുറത്താക്കി. സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായി. നിരവധിതവണ ജയില്‍വാസം അനുഭവിച്ചു. സിപിഐ സംസ്ഥാന കൗണ്‍സിലിലെ പ്രത്യേക ക്ഷണിതാവാണ് ഇപ്പോള്‍. 1970 ല്‍ അടൂര്‍ മണ്ഡലത്തില്‍നിന്ന് എംഎല്‍എ ആയി. 1981ല്‍ പിഎസ്സി അംഗവുമായി. കേരള ഗ്രന്ഥശാലാ സംഘം വൈസ് പ്രസിഡന്റുമായിരുന്നു. ഗ്രന്ഥാലോകം എഡിറ്റര്‍, കാന്‍ഫെഡ് സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചു.
deshabhimani
No comments:
Post a Comment