Thursday, July 4, 2013

വ്യാജ പാസ്പോര്‍ട്ടിന് "മലപ്പുറം, കാസര്‍കോട് എംബസികള്‍"

വ്യാജ പാസ്പോര്‍ട്ടുകള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് "മലപ്പുറം, കാസര്‍കോട് എംബസികള്‍". മലപ്പുറം വ്യാജ പാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഇതേപ്പറ്റി അറിവായത്. മലപ്പുറവും കാസര്‍കോടും കേന്ദ്രീകരിച്ചുള്ള റാക്കറ്റാണ് ഇതിനു പിന്നില്‍. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പലരും ഇത്തരം ഏജന്‍സികള്‍ സംഘടിപ്പിച്ചുനല്‍കിയ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം കേന്ദ്രീകരിച്ചുള്ള വ്യാജ പാസ്പോര്‍ട്ട്സംഘം "മലപ്പുറം എംബസി" എന്ന പേരിലും കാസര്‍കോട് കേന്ദ്രീകരിച്ചുള്ളവ "കാസര്‍കോട് എംബസി" എന്ന പേരിലുമാണ് ഈ രംഗത്തുള്ളവരുടെ ഇടയില്‍ അറിയപ്പെടുന്നത്. പാസ്പോര്‍ട്ട് ഓഫീസുകളില്‍ ഇവര്‍ക്ക് ഏജന്റുമാരുമുണ്ട്. ഇതേപ്പറ്റി കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് സിബിഐ അധികൃതര്‍ പറഞ്ഞു.

പാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് വിദേശമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ സിബിഐ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. അനധികൃത പാസ്പോര്‍ട്ടുകള്‍ക്കെതിരെയുള്ള നിയമനടപടി ഒഴിവാക്കാന്‍ മലപ്പുറത്തെ ലീഗ് കേന്ദ്രത്തില്‍ ആറുമാസംമുമ്പ് കേന്ദ്ര സഹമന്ത്രി ഇ അഹമ്മദിന്റെ നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്ന വിവരം ഇതിനകം പുറത്തു വന്നിട്ടുണ്ട്. ചീഫ് പാസ്പോര്‍ട്ട് ഓഫീസറും മലപ്പുറം, കോഴിക്കോട് റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. മലപ്പുറം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിലെ എട്ടു ജീവനക്കാരുടെ മൊഴി സിബിഐ ബുധനാഴ്ച രേഖപ്പെടുത്തി. ജൂണില്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍ റഷീദ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സിബിഐ മൊഴിയെടുത്തത്. മലപ്പുറം പാസ്പോര്‍ട്ട് ഓഫീസില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചു മാത്രമാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്. വിദേശകാര്യ ജോയിന്റ് സെക്രട്ടറിയായ ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ മുക്തേഷ് പര്‍ദേശി അടക്കമുള്ള ഉന്നതരുടെ പങ്കുസംബന്ധിച്ച് തുടര്‍ന്നുള്ള ഘട്ടത്തില്‍ മാത്രമാകും അന്വേഷണമുണ്ടാകുകയെന്ന് സിബിഐ അധികൃതര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment