ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ യു ഡി എഫ് സര്‍ക്കാര്‍ ഇപ്പോള്‍ അരിക്ക് ഒരു രൂപ സെസ് ഏര്‍പ്പെടുത്തുന്നു. അരിവില കുതിച്ചുകയറുന്നതിനിടെയാണ് സെസ് കൂടി വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയത്തിലാണ് ഈ സെസ് ശുപാര്‍ശയുള്ളത്. തുടര്‍ ചര്‍ച്ചകള്‍ക്കുശേഷം ഇതില്‍ തീരുമാനമുണ്ടാകുമെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അരിക്ക് മാത്രമല്ല, കാര്‍ഷിക വിളകള്‍ക്കും സെസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും കാര്‍ഷികനയത്തിലുണ്ട്. 'അവകാശലാഭം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാളികേരം, കുരുമുളക്, റബ്ബര്‍ തുടങ്ങി എല്ലാ വിളകള്‍ക്കും സെസ് ഏര്‍പ്പെടുത്താനും കെ കൃഷ്ണന്‍കുട്ടി ചെയര്‍മാനായ സമിതി സമര്‍പ്പിച്ച കാര്‍ഷികനയത്തില്‍ ശുപാര്‍ശ ചെയ്യുന്നു. പുതിയ നയം സംബന്ധിച്ച റിപ്പോര്‍ട്ട് സമിതി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. കൃഷിഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. തുടര്‍ചര്‍ച്ചകള്‍ക്കു ശേഷം പുതിയ കാര്‍ഷികനയം നടപ്പിലാക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി കെ പി മോഹനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അരിക്ക് ഒരുകിലോഗ്രാമിന് ഒരുരൂപയാണ് സെസ് ഏര്‍പ്പെടുത്തുന്നത്. ഇതനുസരിച്ച് ഒരു സീസണില്‍ മൂന്നുടണ്‍ നെല്ല് സര്‍ക്കാരിനു നല്‍കുന്ന കൃഷിക്കാരന് അഞ്ചുരൂപ നിരക്കില്‍ 15,000 രൂപ ലഭ്യമാകും. ഓരോ സീസണിലും കുറഞ്ഞത് 20 ദിവസം നെല്‍കൃഷിയോ അതുമായി ബന്ധപ്പെട്ട ജോലിയോ ചെയ്യുന്ന തൊഴിലാളിക്ക് ആറുരൂപ നിരക്കില്‍ 50 ദിവസം ജോലി ചെയ്യുന്ന തൊഴിലാളിക്ക് മൂവായിരം രൂപയുടെ ചെക്ക് കൃഷിവകുപ്പില്‍ നിന്നും ലഭ്യമാക്കും. കൃഷിഭൂമി സംരക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ച് നിയമനിര്‍മ്മാണം നടത്തണം. കേന്ദ്രസര്‍ക്കാരിന്റെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ മാറ്റങ്ങളോടെ നടപ്പിലാക്കണം. വിലനിര്‍ണ്ണയിക്കാന്‍ പ്രൈസ് ഫിക്‌സിംഗ് അഥോറിറ്റി രൂപീകരിക്കണം.
കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം കണ്ടെത്താന്‍ പഞ്ചായത്തുതലത്തില്‍ ഉദ്യോഗസ്ഥ ഉപസമിതി രൂപീകരിക്കണം. കാര്‍ഷികവായ്പകളുടെ നടപടികള്‍ ഉദാരമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. പശുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, ഭക്ഷ്യസംസ്‌കരണം ഇവയുടെ വായ്പകള്‍ കാര്‍ഷികവായ്പയായി അംഗീകരിക്കണം. കാര്‍ഷിക സര്‍വകലാശാലയുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. കൃഷിപ്രാധാന്യമുള്ള പഞ്ചായത്തുകളില്‍ വിര്‍ച്വല്‍ ക്ലാസ്‌റൂമുകള്‍ രൂപീകരിക്കണം. 331 ശുപാര്‍ശകളുള്ളതാണ് കാര്‍ഷികനയം. കെ കൃഷ്ണന്‍കുട്ടി ചെയര്‍മാനായ സമിതിയില്‍ ആര്‍ ഹേലി, കാര്‍ഷിക വിജ്ഞാന വ്യാപനവിഭാഗം മേധാവി ഡോ പി വി ബാലചന്ദ്രന്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് ചീഫ് (കൃഷി) ഡോ പി രാജശേഖരന്‍, കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍ അജിത്കുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ കെ ജി സുമ എന്നിവര്‍ അംഗങ്ങളായിരുന്നു.
janayugom
No comments:
Post a Comment