Thursday, July 11, 2013

മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് ധാര്‍മ്മികത

കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത്. കേരളത്തില്‍ ഇ എം എസ് മുതല്‍ പലരും മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഭൂരിപക്ഷം നഷ്ടപ്പെട്ട് പല മന്ത്രിസഭകളും പുറത്തായിട്ടുണ്ട്. രാജന്‍ കൊലക്കേസിന്റെ പേരിലും ഗ്രൂപ്പിസത്തിന്റെ പേരിലും കെ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ചരിത്രവുമുണ്ട്. എ കെ ആന്റണിയും 2005 ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. എന്നാല്‍ അതൊന്നും തട്ടിപ്പിന്റെ പേരിലല്ലായിരുന്നു.

തട്ടിപ്പിന്റെ പേരില്‍ ഒരു മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം കേരള ചരിത്രത്തിലാദ്യമാണ്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ ഒരു മുഖ്യമന്ത്രി നടക്കുന്നതും അത്ഭുതമുളവാക്കുന്നു. വിവാദങ്ങളില്‍പ്പെട്ട മുഖ്യമന്ത്രി കേരളത്തിലെ പ്രക്ഷോഭങ്ങള്‍ക്കു പോലും വില കല്‍പ്പിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന തട്ടിപ്പുകള്‍ പുകമറ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് രാഷ്ട്രീയ ധാര്‍മ്മികതയല്ല.

മുഖ്യമന്ത്രിയുടെ വിശ്വസ്തനും കോട്ടയം ഡി സി സി ജനറല്‍ സെക്രട്ടറിയുമായ കെ ജെ ജെയിംസ് ചെയര്‍മാനായ ആപ്പിള്‍ ട്രീ ചിട്ടിഫണ്ടിനെതിരെ കബളിപ്പിക്കപ്പെട്ട ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് വഞ്ചനാകുറ്റത്തിന് കേസെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ഉപയോഗിച്ച് പ്രചാരണം നടത്തിയ ചിട്ടിക്കമ്പനിക്കെതിരെ വ്യാപകമായ പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. അഞ്ചുലക്ഷം രൂപയുടെ നിക്ഷേപകരുമായി ആരംഭിച്ച ഒരു ചിട്ടിക്കമ്പനി ആയിരം കോടി രൂപയുടെ വളര്‍ച്ചയിലേക്ക് എത്തിയത് ഈ അടുത്ത കാലത്താണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കേരളത്തിനകത്തും പുറത്തുമായി 150 ബ്രാഞ്ചുകളുണ്ട്. 25 ലക്ഷം രൂപ വരെയുള്ള ചിട്ടികള്‍ നടത്താന്‍ അനുമതിയുള്ളിടത്ത് ഒരു കോടി രൂപയുടെ വരെ ചിട്ടി നടത്തുന്ന ഈ സ്ഥാപനം ആളുകളുടെ വിശ്വാസ്യതയ്ക്ക് വേണ്ടി ഉമ്മന്‍ചാണ്ടിയുടെ ചിത്രം വെബ്‌സൈറ്റില്‍ നല്‍കി. ഇതൊക്കെ ചെയ്യണമെങ്കില്‍ ചിട്ടിക്കമ്പനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സംശയാസ്പദമായ അടുപ്പം ഉണ്ടെന്നല്ലേ?

മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ് പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ടെന്നി ജോപ്പന്‍, സലിം, ജിക്കു എന്നിവരും ഡല്‍ഹിയിലെ അനൗദ്യോഗിക സഹായി തോമസ് കുരുവിളയും. ഇവര്‍ ഉമ്മന്‍ചാണ്ടിക്ക് ചുറ്റുമുണ്ടായിരുന്നവരാണ്. ഇവരുടെ മൊബൈല്‍ ഫോണുകളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായ സരിത എസ് നായര്‍ ഇവരുടെ ഫോണുകളിലേക്ക് നിരവധി തവണ വിളിക്കുകയും തിരിച്ചു വിളിക്കുകയും ചെയ്തുവെന്നതിന്റെ നശിപ്പിക്കപ്പെടാത്ത തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നിട്ടും ദിവസങ്ങള്‍ കഴിഞ്ഞാണ് പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ആരോപണ വിധേയരെ ഒഴിവാക്കിയത്. ടെന്നി ജോപ്പനെതിരെ കേസെടുത്തതുപോലും വളരെ വൈകിയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിഴല്‍ പോലെയുണ്ടായിരുന്നവര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ 24 മണിക്കൂറില്‍ 22 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി അറിഞ്ഞില്ലായെന്ന് പറഞ്ഞാല്‍ അത് വീഴ്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞതാണ് ശരി.

രശ്മി കൊലക്കേസില്‍ പ്രതിയായ ബിജു രാധാകൃഷ്ണന്‍ സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയാണ്. ബിജു രാധാകൃഷ്ണനുമായി ആലുവ ഗസ്റ്റ് ഹൗസില്‍ വച്ച് ഒരു മണിക്കൂറാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ആദ്യം ബിജു രാധാകൃഷ്ണനെ കണ്ടിട്ടില്ലെന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി കള്ളി വെളിച്ചത്താവും എന്നു വന്നപ്പോഴാണ് ബിജുവിനെ കണ്ടതും സംസാരിച്ചതും സമ്മതിച്ചത്. കോതമംഗലത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ മൂന്ന് നഴ്‌സുമാര്‍ ജോലി സംബന്ധമായ വിഷയത്തില്‍ രണ്ടുദിവസം ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ കയറി സമരം ചെയ്യുകയും ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും അവരെ കാണുവാനോ സംസാരിക്കുവാനോ തയാറാകാത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് പത്ര -ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ജനങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധവും ആരും മറന്നിട്ടില്ല.  കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപ്പകല്‍ നടത്തിയ ഐതിഹാസിക സമരത്തെ പുഛിച്ചുകൊണ്ട് സമരക്കാരുമായി ചര്‍ച്ച നടത്തുവാന്‍ വൈമനസ്യം കാട്ടിയതും ഒട്ടനവധി വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ നിസംഗതയും കേരള സമൂഹം മറന്നിട്ടില്ല. പിന്നീട് എന്തടിസ്ഥാനത്തിലാണ് ഒരു കൊലക്കേസ് പ്രതിയുമായി ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്തതെന്നുള്ള സമൂഹത്തിന്റെ ചോദ്യത്തിനു മുന്നില്‍ മറുപടി പറയാതെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ടി വി സീരിയല്‍ നടി ശാലു മേനോനെതിരെയും ആരോപണങ്ങളുയര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും അവരെ കേസില്‍പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നില്ല. കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ശാലുമേനോനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി അറിയിച്ചിരുന്നു. ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശാലു മേനോന്റെ വീടിന്റെ പാലുകാച്ചിന് പോയിട്ടില്ലെന്ന് പറയുകയും പിന്നീട് അതുവഴി പോയതാണെന്നും അവിടെ രണ്ടുമിനിട്ട് ഇരുന്നുവെന്നുമൊക്കെ ഭിന്നാഭിപ്രായങ്ങളാണ് പറയുന്നത്. ഒരു കേസില്‍പ്പെട്ട പ്രതികള്‍ പരസ്പരവിരുദ്ധമായ മൊഴി നല്‍കുമ്പോള്‍ അത് സംശയാസ്പദമായി കാണുന്നതുപോലെയാണ് ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാക്കുകള്‍. വീടിന്റെ പാലുകാച്ചിന് വിളിച്ചിരുന്നില്ലെന്നും മറ്റൊരു ചടങ്ങിന് അതുവഴി പോയപ്പോള്‍ കോണ്‍ഗ്രസുകാര്‍ പറഞ്ഞത് കൊണ്ട് കയറിയതാണെന്നും പിന്നീട് തിരുവഞ്ചൂര്‍ പറഞ്ഞു. എന്നാല്‍, ശാലുമേനോന്റെ അമ്മ പറഞ്ഞത് തിരുവഞ്ചൂരിനെ ക്ഷണിച്ചിരുന്നുവെന്നും ഗൃഹപ്രവേശനത്തിന് അദ്ദേഹം രണ്ടു മണിക്കൂര്‍ അവിടെ ഉണ്ടായിരുന്നു എന്നുമാണ്. മനുഷ്യന് ഭ്രാന്ത് പിടിച്ചാല്‍ ചികിത്സിക്കാം. എന്നാല്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാലോ എന്ന് പണ്ടാരോ പറഞ്ഞതുപോലെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പുമന്ത്രിയുടെ പ്രസ്താവന കേട്ടാല്‍ ഓര്‍മ്മ വരുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ചും മുഖ്യമന്ത്രിയെ സംബന്ധിച്ചും ലജ്ജാവഹമായ കാര്യങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ധാര്‍മ്മികതയുടെ ശ്രീകോവിലായി വിശേഷിപ്പിക്കുന്നിടമാണ് നിയമസഭയും സെക്രട്ടേറിയറ്റും. സെക്രട്ടേറിയറ്റിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് സോളാര്‍ തട്ടിപ്പിനിരയായ കോന്നി സ്വദേശി ശ്രീധരന്‍നായര്‍ 40 ലക്ഷം രൂപയുടെ ഇടപാട് നടത്തിയത്.

സോളാര്‍ തട്ടിപ്പുകേസ് ഒതുക്കിത്തീര്‍ക്കാനും അന്വേഷണമാവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം സംഘടിപ്പിക്കുന്നവരെ മര്‍ദിച്ചൊതുക്കി ഭരണം മുന്നോട്ടുകൊണ്ടു പോകാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള തെളിവുകളാണ് ഓരോ ദിവസം കഴിയുന്തോറും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ സോളാര്‍ തട്ടിപ്പിന്റെ അണിയറക്കഥകളുടെ ചുരുളഴിയുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ഒരവാര്‍ഡിന്റെ പേര് പറഞ്ഞ് ജനശ്രദ്ധ തിരിക്കാന്‍ വരെ സര്‍ക്കാര്‍ ഖജനാവിലെ പണം വിനിയോഗിച്ച് ഉമ്മന്‍ചാണ്ടി തന്ത്രങ്ങളൊരുക്കി. പരസ്യങ്ങളിലൂടെയും റോഡുകളില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളിലൂടെയും പറയുന്നത് ഇന്ത്യയില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇപ്രകാരം അവാര്‍ഡ് ഏറ്റ് വാങ്ങിയത് എന്നാണ്. ഇത് ശുദ്ധ നുണയാണ്. ഇത്തവണ കേരളത്തിനൊപ്പം അവാര്‍ഡ് വാങ്ങിയ സംസ്ഥാനങ്ങളൊന്നും ഇതൊരു വലിയ വാര്‍ത്തയാക്കാന്‍ മുതിര്‍ന്നില്ല. മുന്‍വര്‍ഷങ്ങളിലും അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് കേരളാ മുഖ്യമന്ത്രി കാണാതെ പോകുന്നു. ഈ വിഷയത്തിലും കള്ളം പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയും കൂട്ടരും നടക്കുന്നത്. അതുതന്നെ, വലിയൊരു തട്ടിപ്പിലൂടെയാണ്.

ജനസമ്പര്‍ക്കമെന്ന പേരു പറഞ്ഞ് കേരളീയരെ മുഴുവന്‍ കബളിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി ഐക്യരാഷ്ട്രസഭയേയും നന്നായി കബളിപ്പിച്ച് യു എന്‍ സംവിധാനത്തിലുള്ള അണ്ടര്‍ സെക്രട്ടറി ജനറല്‍മാര്‍ മുപ്പതോളമുള്ളതില്‍ ഒരാളില്‍ നിന്നും നിരവധി പേര്‍ വാങ്ങിയ കൂട്ടത്തില്‍ ഉമ്മന്‍ചാണ്ടിയും ഒരവാര്‍ഡ് വാങ്ങി കേരളത്തില്‍ വന്നപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തിന് സന്തോഷം നല്‍കുന്ന ഒന്നല്ലായിരുന്നു. സോളാര്‍ തട്ടിപ്പ് വീരന്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം അനുദിനം ശക്തമാകുന്ന കാഴ്ചയാണ് കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ എല്ലാ പവിത്രതയും കാറ്റില്‍പ്പറത്തി അഴിമതിക്ക് കൂട്ടുനിന്ന ഉമ്മന്‍ചാണ്ടി രാജിവയ്ക്കാതെ ഈ പ്രക്ഷോഭം അവസാനിക്കുകയില്ല.

എ എ അസീസ്   janayugom

2 comments:

  1. wow... wow.. when LDF killed a poor comrade in the middle of the road in day light, I did not see this sort of writing from this writer.

    with solar panel, did a common man lost a penny? couple of rich person lost money to a good looking looting lady.. I guess that shouldn;t be connect to a CMs duty..

    when Mani publicly told that he intentionally killed a list of people where were all your anger?

    yea.. if any one oppose against party.. they will be killed... it is the LDF law.

    ReplyDelete
  2. മുഖ്യമന്ത്രിയുടെ ആപ്പീസിനെ ഉപയോഗിച്ചാണ് തട്ടിപ്പ്. മുഖ്യമന്ത്രിയുടെ നില പുറത്ത് വന്നിട്ടുള്ള തെളിവുകള്‍ അനുസരിച്ച് തന്നെ പരുങ്ങലിലാണ്. ഇത്രയെങ്കിലും മനസിലാക്കിയാല്‍ നന്ന്.

    ReplyDelete