സോളാര്‍ തട്ടിപ്പ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് വഴങ്ങി രാജിവെക്കുന്നത് സത്യത്തോട് ചെയ്യുന്ന അനീതിയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായ ശേഷം എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പ്രതിപക്ഷത്തിന് ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്തുവിലകൊടുത്തും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അധികരമൊഴിയാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം.
തനിക്കെതിരെ പരാതി നല്‍കിയ ശ്രീധരന്‍ നായരെ പ്രതിപക്ഷം ഉപയോഗപ്പെടുത്തുകയാണ്. ശ്രീധരന്‍ നായര്‍ ആദ്യം നല്‍കിയ പരാതിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലായിരുന്നു. എന്നാല്‍ പിന്നീട് 164 അനുസരിച്ച് ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യ മൊഴിയില്‍ തനിക്കെതിരായ പരാമര്‍ശമുണ്ടെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ആദ്യം നല്‍കിയ പരാതിയില്‍ നിന്ന് കടകവിരുദ്ധമായ പരാമര്‍ശങ്ങളാണ് രണ്ടാമത് നല്‍കിയ പരാതിയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ കേസില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കേണ്ട സാഹചര്യമില്ല. സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ വിഷയം സംബന്ധിച്ച് താന്‍ അഭിപ്രായം മാറ്റിമാറ്റി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ പത്ത് ദിവസമായി ഒരേകാര്യമാണ് താന്‍ പറയുന്നത്. ശ്രീധരന്‍ നായര്‍ തന്നെ കാണുന്നതിന് മുന്‍പ് തന്നെ 40 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. 2012 ജൂണ്‍ 25ന് തന്നെ ശ്രീധരന്‍ നായര്‍ മൂന്ന് ചെക്കുകളും കൈമാറിയിരുന്നു. ജൂലൈ 9നാണ് ശ്രീധരന്‍ നായര്‍ തന്നെ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. തന്റെ ഓഫീസിലെ വെബ് ക്യാമറയില്‍ തല്‍സമയ സംപ്രേക്ഷണം മാത്രമാണുള്ളത്. അത് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാറില്ല. പരമാവധി 14 ദിവസം വരെയുള്ള സിസി ടിവി ദൃശ്യങ്ങള്‍ മാത്രമേ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയൂ.
തന്നെ അപമാനിച്ച് ഭരണത്തില്‍ നിന്നും പുറത്താക്കുന്നതിന്റെ ഭാഗമായി തന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. തന്റെ മകന്‍ അമേരിക്ക ആസ്ഥാനമായ ഒരു കമ്പനിയുടെ സിഇഒ ആണെന്ന ബിജെപി നേതാവ് സുരേന്ദ്രന്റെ ആക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കും. പ്രതിപക്ഷം നടത്തുന്ന ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ തുകകള്‍ വര്‍ദ്ധിപ്പിക്കാനും ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം വരുത്താനും മന്ത്രിസഭ തീരുമാനിച്ചു. പുതിയ ക്ഷേമപെന്‍ഷനുകള്‍ ആരംഭിക്കാനും തീരുമാനമായി. ഓണം റംസാന്‍ ആഘോഷക്കാലയളവില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 12 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ആര്‍എംഎസ്എ പദ്ധതിയനുസരിച്ച് 2011-12 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 16 യുപി സ്കൂളുകള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തും. മഞ്ചേരി മെഡിക്കല്‍ കോളേജിന് കേന്ദ്ര മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani
No comments:
Post a Comment