കൊക്കകോള കമ്പനിക്കു വേണ്ടി എം പി വീരേന്ദ്രകുമാര്‍ ശുപാര്‍ശ നടത്തിയെന്ന് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതി. കൊക്കകോള പ്ലാന്റ് പൂട്ടുന്നതിനു പകരം മാമ്പഴച്ചാര്‍ ഫാക്ടറിയാക്കാമെന്ന നിര്‍ദ്ദേശമാണ് സമരം തീവ്രമായിരുന്നപ്പോള്‍ വീരേന്ദ്രകുമാര്‍ മുന്നോട്ടു വെച്ചത്. നിര്‍ദ്ദേശം തള്ളിയതോടെ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയും അദ്ദേഹം മാനേജിംഗ് ഡയറക്ടറായ “മാതൃഭൂമി’ പത്രവും സമരവുമായി നിസ്സഹകരിക്കുകയും ചില ഘട്ടങ്ങളില്‍ എതിര്‍സമീപനം സ്വീകരിക്കുകയും ചെയ്‌തെന്നും കൊക്കകോള വിരുദ്ധ സമരസമിതിയും പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതിയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വീരേന്ദ്രകുമാര്‍ പ്രസിഡന്റായ സോഷ്യലിസ്റ്റ് ജനതാ ഡമോക്രാറ്റിക്കില്‍നിന്നു വിട്ട സീനിയര്‍ വൈസ് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടിയാണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്. സമരനേതാക്കള്‍ ഇതിനു സ്ഥിരീകരണം നല്‍കിയതോടെ സോഷ്യലിസ്റ്റ് എന്നവകാശപ്പെടുന്ന വീരേന്ദ്രകുമാര്‍ ആഗോള കുത്തക കമ്പനിക്കു വേണ്ടി ശുപാര്‍ശ ചെയ്‌തെന്നു വ്യക്തമാകുകയാണ്. പ്ലാച്ചിമടയില്‍ 48 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ച സമയത്താണ് കെ കൃഷ്ണന്‍കുട്ടി പ്ലാച്ചിമട സമരപ്പന്തലിലെത്തി ഈ നിര്‍ദേശം ചര്‍ച്ച ചെയ്തത്. എന്നാല്‍, സമരപ്പന്തലിലുണ്ടായിരുന്നവരെല്ലാം നിര്‍ദ്ദേശത്തെ എതിര്‍ത്തു. പിന്നീട് കൃഷ്ണന്‍കുട്ടി തന്നെയാണ് വീരേന്ദ്രകുമാറുമായുള്ള കൂടിക്കാഴ്ചക്കു ക്ഷണിച്ചത്.
പാലക്കാട് “ഇന്ദ്രപ്രസ്ഥ’ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. “മാമ്പഴച്ചാര്‍ ഫാക്ടറി എന്ന നിര്‍ദ്ദേശം അംഗീകരിച്ചു കൂടേയെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ ചോദ്യം. വീരേന്ദ്രകുമാറിന്റെ ആവശ്യം മറ്റുള്ളവരോട് ചര്‍ച്ച ചെയ്‌തെങ്കിലും സമര-ഐക്യദാര്‍ഢ്യസമിതിയുടെ സംയുക്തയോഗം ഈ ആവശ്യം തള്ളി. കൊക്കകോളയെ സഹായിക്കാനുള്ള ഗൂഢനീക്കമാണ് ഇതെന്നു ചൂണ്ടിക്കാട്ടി
സമര-ഐക്യദാര്‍ഢ്യസമിതികള്‍ അന്നു പത്രക്കുറിപ്പിറക്കുകയും ചെയ്തിരുന്നു. സമരക്കാരുടെ അഭിഭാഷകനെ മാറ്റാന്‍ രണ്ടു കോടി രൂപ പെരുമാട്ടി പഞ്ചായത്തു പ്രസിഡന്റിനു വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തെപ്പറ്റി അന്വേഷണം വേണമെന്നും സമര-ഐക്യദാര്‍ഢ്യ സമിതികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വീരേന്ദ്രകുമാര്‍ മുന്‍കൈയെടുത്തു നടത്തിയ ലോക ജലസമ്മേളനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള “മാതൃഭൂമി’ പണം വാങ്ങിയെന്ന ആരോപണവും അന്വേഷിക്കണം. പ്ലാച്ചിമടയിലെ നിയമപോരാട്ടത്തില്‍ വന്ന പല വീഴ്ചകളും രാഷ്ട്രീയകക്ഷികളുടെ ഗൂഢാലോചനയുടെ ഭാഗമായി സംഭവിച്ചതാണോയെന്നു സംശയമുണ്ട്. കൊക്കകോളയ്ക്ക് ദാസ്യവേല ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ ചെയ്തികള്‍ പുറത്തു വന്നു കൊണ്ടിരിക്കെ നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിനെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ച് രണ്ടു വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ അനങ്ങാത്തത് ലജ്ജാകരമാണ്.
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഈ മാസം മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലേക്കു മാര്‍ച്ച് നടത്തും. കൊക്കകോളക്കെതിരെ നടത്തുന്ന ഭൂമി പിടിച്ചെടുക്കല്‍ അടക്കമുള്ള സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കും. കൊക്കകോള വിരുദ്ധ സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതി കണ്‍വീനര്‍മാരായ കെ വി ബിജു, എം സുലൈമാന്‍, ട്രഷറര്‍ വിജയന്‍ അമ്പലക്കാട്, മുന്‍ ചെയര്‍മാന്‍ എന്‍ പി ജോണ്‍സണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
janayugom
No comments:
Post a Comment