Friday, July 12, 2013

ചെന്നിത്തലയുടെ പത്രസമ്മേളനം

ഇന്ന് രാവിലെ നടന്ന ചെന്നിത്തലയുടെ പത്രസമ്മേളനം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഓരോ ദിവസവും ഓരോരുത്തര്‍ എന്ന നിലയ്ക് ഇന്ന് ചെന്നിത്തലയുടെ ഊഴമായിരുന്നിരിക്കണം.

യു.ഡി.എഫ് ഒറ്റക്കെട്ട്, കോണ്‍ഗ്രസില്‍ പ്രശ്നങ്ങളൊന്നുമില്ല, ലീഗുമായി നല്ല ബന്ധം തുടങ്ങിയ പതിവ് പദാവലികള്‍ ഇടയ്ക്കിടെ വാരിവിതറിയ ചെന്നിത്തല വിഷമകരമായ ചോദ്യങ്ങള്‍ വരുമ്പോള്‍ ‘അത് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചതാണല്ലോ’, ‘അത് ആഭ്യന്തരമന്ത്രി വിശദീകരിച്ചതാണല്ലോ’ എന്ന അഴകൊഴമ്പന്‍ ഉത്തരങ്ങളാണ് നല്‍കിയത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നല്‍കിയ വിശദീകരണങ്ങളുടെ മുകളില്‍ വരുന്ന ചോദ്യങ്ങള്‍ക്കും അത് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചതാണല്ലോ’, ‘അത് ആഭ്യന്തരമന്ത്രി വിശദീകരിച്ചതാണല്ലോ’ എന്ന ഉത്തരം തന്നെ നല്‍കിയാല്‍ ഏത് പത്രപ്രവര്‍ത്തകനും പോട്ട് പുല്ല് എന്നേ വിചാരിക്കുകയുള്ളൂ.

കോണ്‍ഗ്രസുകാര്‍ തലങ്ങും വിലങ്ങും ചോദിച്ചിരുന്ന ചോദ്യമായിരുന്നു സോളാര്‍ ഇടപാടില്‍ സ്റ്റേറ്റിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലല്ലോ(??) പിന്നെ എന്തിന് മുഖ്യമന്ത്രിയെ പഴി ചാരണം രാജിവെപ്പിക്കണം എന്നത്. അത് ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തോടെ സ്വാ‍ഹ ആയി. ചാരക്കേസിലും സംസ്ഥാനത്തിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലായിരുന്നു, എന്നിട്ടും ഒരു മുഖ്യമന്ത്രി രാജിവെച്ചു, ആ ധാര്‍മ്മികത ഉമ്മഞ്ചാണ്ടിയുടെ കാര്യത്തില്‍ വേണ്ടെന്നാണോ എന്നായിരുന്നു ചോദ്യം. താന്‍ ചാരക്കേസിനെ അനുകൂലിച്ചിരുന്ന ആളല്ല എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ആ ചോദ്യം തന്നെ തുടര്‍ന്നപ്പോള്‍ രണ്ട് കാര്യത്തില്‍ രണ്ട് തരം ധാര്‍മ്മികത പാടില്ല എന്നായി ചെന്നിത്തല. ഉമ്മഞ്ചാണ്ടി രാജിവെക്കേണ്ട എന്നതിനു ന്യായമായാണ് ഇത് പറഞ്ഞതെങ്കിലും തിരിഞ്ഞ് പോയി എന്നത് വ്യക്തം. കരുണാകരന് ഒരു ധാര്‍മ്മികതയും ഉമ്മഞ്ചാണ്ടിക്ക് മറ്റൊന്നും തന്നെയാണ് കോണ്‍ഗ്രസുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് (തല്‍ക്കാലത്തേക്കെങ്കിലും) എന്നത് എല്ലാവര്‍ക്കും തിരിച്ചറിയാവുന്ന കാര്യമാണ്. എത്രമാത്രം പൊള്ളയാണ് കോണ്‍ഗ്രസുകാര്‍ ഉപയോഗിക്കുന്ന ഓരോ പ്രയോഗവും എന്നതിനു തെളിവാണ് ധാര്‍മ്മികതയെപ്പറ്റിയുള്ള ചെന്നിത്തലയുടെ വാചകമടിയും.

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ആ ഓഫീസ് ദുരുപയോഗം ചെയ്തതും പ്രതിപക്ഷനേതാവിന്റെ പേഴ്സണല്‍ സ്റ്റാഫ് വാര്‍ത്ത ചോര്‍ത്തി ചോര്‍ത്തി എന്നതും കൂട്ടിക്കെട്ടാനും ചെന്നിത്തല ശ്രമിച്ചു. അദ്ദേഹം മറന്നു പോയ ഒരു കാര്യം പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നമായിരുന്നു എന്നതാണ്. അതും ഒരു ഗവണ്മെന്റ് മെഷീനറിയെ ദുരുപയോഗം ചെയ്തതും അത് കണ്ടുപിടിച്ച് ഇല്ലാതേക്കേണ്ട ആള്‍ അതില്‍ പരാജയപ്പെട്ടതും അതില്‍ ഭാഗഭാക്കായതും ഒരു പോലെയാണെന്ന് പറയാന്‍ ഓളം കുറച്ചൊന്നും പോര.

നിയമസഭ ഇടക്ക് നിര്‍ത്തി ഓടിപ്പോയതും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതും തങ്ങളായിരിക്കെ, മൊത്തം എത്ര ദിവസം സഭ നടക്കേണ്ടതായിരുന്നു, അതില്‍ എത്ര ദിവസം നടന്നു എന്ന കണക്ക് കടലാസിലൊക്കെ നോക്കി വിശദീകരിച്ചതും നല്ല തമാശയായിരുന്നു.

No comments:

Post a Comment