Friday, July 12, 2013

ഇസ്രത്തിനെ കുറിച്ചുള്ള സത്യവാങ്മൂലം: കേന്ദ്രം കുരുക്കില്‍

ഇസ്രത്ജഹാന്‍ ഭീകരപ്രവര്‍ത്തകയാണെന്നും അല്ലെന്നും രണ്ട് മാസത്തിനിടെ ഹൈക്കോടതിയില്‍ പരസ്പരവിരുദ്ധമായ സത്യവാങ്മൂലം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ വെട്ടിലായി. സത്യവാങ്മൂലത്തിന് ആധാരമായ രേഖകള്‍ തേടി സിബിഐ നല്‍കിയ അപേക്ഷ ആഭ്യന്തരമന്ത്രാലയം നിയമന്ത്രാലയത്തിന് കൈമാറി. ഇസ്രത്തും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും ഭീകരരാണെന്ന് 2009 ആഗസ്ത് ആറിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍, 2009 സെപ്തംബര്‍ 30ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇസ്രത് ഭീകരപ്രവര്‍ത്തകയാണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. അണ്ടര്‍സെക്രട്ടറി ആര്‍ വി എസ് മണിയാണ് രണ്ട് മാസത്തിനിടെ നല്‍കിയ സത്യവാങ്മൂലങ്ങളില്‍ പരസ്പരവിരുദ്ധമായ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്. ഇതിന്റെ വിശദാംശം തേടിയാണ് സിബിഐ കേന്ദ്ര ആഭ്യന്തരമന്ത്രാലത്തെ സമീപിച്ചത്. മണിയെ സിബിഐ ചോദ്യംചെയ്തെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഇസ്രത്തിനെയും കൂട്ടുകാരെയും ഭീകരരായി ചിത്രീകരിക്കാന്‍ ഉത്സാഹിച്ച ഉദ്യോഗസ്ഥരെകുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള രേഖകള്‍ വിട്ടുതരണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്.

ഇസ്രത്തിന്റെ കുടുംബാംഗങ്ങളുടെ ജീവന് ഭീഷണി

മുംബൈ/ന്യൂഡല്‍ഹി: ഒമ്പതുവര്‍ഷം മുമ്പ് ഗുജറാത്ത് പൊലീസ് ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി വെടിവച്ചുകൊന്ന ഇസ്രത് ജഹാന്റെ കുടുംബാംഗങ്ങളുടെ ജീവന് ഭീഷണിയെന്ന് പരാതി. രാത്രികാലങ്ങളില്‍ അജ്ഞാതര്‍ വീട്ടിലെത്തി ശല്യപ്പെടുത്താറുണ്ടെന്നും ഭീഷണിടെലിഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കുന്നെന്നും ഇവര്‍ വാര്‍ത്താസമ്മേളത്തില്‍ വെളിപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇസ്രത്തിന്റെ കുടുംബാംഗങ്ങളുടെ അഭിഭാഷകന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതി. കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ സുരക്ഷ ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പ്രതികരിച്ചു. കഴിഞ്ഞമാസം ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയ ഇസ്രത്തിന്റെ മാതാവും അമ്മാവനും സഞ്ചരിച്ച കാറിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തിരുന്നു. ജൂലൈ പത്തിന് രാത്രി അഞ്ചംഗസംഘം വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നും കതക് തുറക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പൊലീസുകാരാണെന്ന് പറഞ്ഞ് ബഹളംവച്ചെന്നും കത്തില്‍ പറയുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലാനെത്തിയെ ഭീകരരായി ചിത്രീകരിച്ച് 2004 ജൂണ്‍ 15നാണ് 19കാരിയായ ഇസ്രത് ജഹാനും മലയാളിയായ പ്രാണേഷ് കുമാറും അടക്കം നാലുപേരെ ഗുജറാത്ത് പൊലീസ് വെടിവച്ചുകൊന്നത്.

deshabhimani

No comments:

Post a Comment