Wednesday, July 3, 2013

കുഞ്ഞാലിക്കുട്ടി സമവായത്തിന്; ലീഗില്‍ ഭിന്നത

യുഡിഎഫിലെ പ്രശ്നങ്ങള്‍ കൈവിട്ടുപോകുന്നത് തിരിച്ചറിഞ്ഞ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസുമായി സമവായത്തിന്. കോഴിക്കോട്ട് വ്യാഴാഴ്ച ചേരുന്ന സെക്രട്ടറിയറ്റ് യോഗത്തിനുമുമ്പ് കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ഒത്തുതീര്‍പ്പിന് മുഖ്യമന്ത്രിയെ കണ്ടതില്‍ മുസ്ലിംലീഗില്‍ ആശയക്കുഴപ്പം.ചെന്നിത്തലയുടെ വിവാദപ്രസംഗത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി അറിയാതെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നീക്കം. സെക്രട്ടറിയറ്റ് യോഗത്തിനുമുമ്പ് ചര്‍ച്ച വേണ്ടെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീറിന്റെ നിലപാട്. ഇക്കാര്യം കുഞ്ഞാലിക്കുട്ടിയെ അറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ചത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് ലീഗ് പിന്‍മാറിയ കാര്യവും തിങ്കളാഴ്ച ബഷീര്‍ മാധ്യമങ്ങളെ അറിയിച്ചു. ചര്‍ച്ചക്കുള്ള അന്തരീക്ഷമോ മാനസികാവസ്ഥയോ ലീഗിന് ഇല്ലെന്നായിരുന്നു ബഷീറിന്റെ നിലപാട്. ഭൂരിപക്ഷം എംഎല്‍എമാരും ഇതിനോട് യോജിച്ചു.

എന്നാല്‍ ഉഭയകക്ഷി ചര്‍ച്ച മാറ്റുന്നതിനോട് കുഞ്ഞാലിക്കുട്ടിക്ക് യോജിച്ചില്ല. ബഷീറിന്റെ അസാന്നിധ്യത്തില്‍ കുഞ്ഞാലിക്കുട്ടിയും മജീദും കണ്‍വീനര്‍ പി പി തങ്കച്ചനെക്കൂട്ടിയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഫലത്തില്‍ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയും ആഗ്രഹിച്ച ഉഭയകക്ഷി ചര്‍ച്ച നടന്നു. ഇക്കാര്യത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിന്റെ പിന്തുണ കുഞ്ഞാലിക്കുട്ടിക്കുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ താല്‍പ്പര്യം സെക്രട്ടറിയറ്റില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഊരാക്കുരുക്കിലായിരിക്കെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം ലീഗ് എടുക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അണികളെയും രണ്ടാംനിര നേതാക്കളെയും തൃപ്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ഫോര്‍മുലയാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ചെന്നിത്തല പാണക്കാട്ടുവന്ന് ഹൈദരലി ശിഹാബ് തങ്ങളെ കാണണമെന്ന് ലീഗ് ആഗ്രഹിക്കുന്നു. അത് രാഷ്ട്രീയമായി ക്ഷീണമാകുമെന്നതിനാല്‍ ചെന്നിത്തലയ്ക്ക് യോജിപ്പില്ല. ഇക്കാര്യത്തില്‍ ഒരു വിശദീകരണംകൂടി നല്‍കാന്‍ ചെന്നിത്തല തയ്യാറായേക്കും. വ്യാഴാഴ്ചത്തെ യോഗത്തിനുമുമ്പ് പ്രശ്നം തണുപ്പിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. പരസ്യപ്രസ്താവന പാടില്ലെന്ന നിര്‍ദേശം അതിന്റെ ഭാഗമാണ്. ലീഗിന്റെ മറ്റ് മന്ത്രിമാരോടും അഭിപ്രായംതേടിയിട്ടുണ്ട്. കര്‍ശന നിലപാടെടുക്കണമെന്ന് രണ്ട് മന്ത്രിമാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന അഭിപ്രായം കുഞ്ഞാലിക്കുട്ടി തള്ളി. അത് പ്രശ്നം വഷളാക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കോണ്‍ഗ്രസിനെ നിലക്കുനിര്‍ത്തണമെന്ന് പോഷകസംഘടനകളിലും അഭിപ്രായമുണ്ട്.
(ആര്‍ രഞ്ജിത്)

സര്‍ക്കാരിനെതിരെ പാണക്കാട് തങ്ങളും സമസ്തയും

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ യോഗം മുസ്ലിംലീഗിനും സര്‍ക്കാരിനുമെതിരെ പ്രമേയം പാസാക്കി. പാണക്കാട്ട് ചേര്‍ന്ന സുന്നി യുവജനസംഘം (എസ്വൈഎസ്)സംസ്ഥാന സെക്രട്ടറിയറ്റ് യോഗമാണ് ലീഗിനും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശമുന്നയിച്ചത്. കോഴിക്കോട് കൈതപ്പൊയിലില്‍ കാന്തപുരത്തിന്റെ മര്‍കസ് നോളജ് സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യമന്ത്രിയും ലീഗ് മന്ത്രിമാരും പങ്കെടുത്തതാണ് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ(സമസ്ത) കീഴ്ഘടകമായ എസ്വൈഎസിനെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിക്ക് പുറമെ ലീഗ് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, വി കെ ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവര്‍ പങ്കെടുത്തിരുന്നു.

ലീഗുകാര്‍ കോണ്‍ഗ്രസ് നേതാക്കളുടെ കോലം കത്തിച്ചു

കാസര്‍കോട്: കാസര്‍കോട്ട് കോണ്‍ഗ്രസ്-മുസ്ലിംലീഗ് പോര് തെരുവിലേക്ക്. കഴിഞ്ഞ രണ്ടുദിവസമായി വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത്ലീഗുകാര്‍ ചൊവ്വാഴ്ച കാസര്‍കോട് ഡിസിസി ഓഫീസിനുമുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കോലം കത്തിച്ചു. പ്രകോപനപരമായ മുദ്രാവാക്യവുമായി നായന്മാര്‍മൂലയില്‍നിന്ന് പ്രകടനമായെത്തിയ ഇവര്‍ വിദ്യാനഗറിലെ ഡിസിസി ഓഫീസിന് മുന്നില്‍ ആര്യാടന്റെയും കെ മുരളീധരന്റെയും കോലമാണ് കത്തിച്ചത്. അധികാരമോഹിയായ ചെന്നിത്തല യുഡിഎഫിന് ശാപമാണെന്നും ആര്യാടനും മുരളിയും ലീഗിനെ വെല്ലുവിളിക്കാന്‍ വളര്‍ന്നിട്ടില്ലെന്നുമായിരുന്നു മുദ്രാവാക്യം. ആര്യാടനെ കഴുതയായും മുരളിയെ ഭിക്ഷക്കാരനായും ചിത്രീകരിച്ച ഫ്ളക്സും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം.

തിങ്കളാഴ്ചയും പലയിടങ്ങളിലും എംഎസ്എഫ്, യൂത്ത് ലീഗ് പ്രകടനമുണ്ടായി. ലീഗ് പ്രകടനത്തിനെതിരെ പ്രസ്താവനയുമായി കെഎസ്യു ജില്ലാകമ്മിറ്റിയും രംഗത്തെത്തി. മുസ്ലിംലീഗിന്റെ പ്രകടനം സംസ്കാര ശൂന്യമാണെന്നും ഐസ്ക്രീം പെണ്‍വാണിഭക്കേസിലെ പ്രതിയായ കുഞ്ഞാലിക്കുട്ടി യുഡിഎഫിന് ബാധ്യതയാണെന്നും കെഎസ്യു ആരോപിച്ചു. മുന്നണി വിട്ടാല്‍ ലീഗ് ഗതികിട്ടാപ്രേതംപോലെ അലയുമെന്നും എംഎസ്എഫ് വര്‍ഗീയ സംഘടനയാണെന്നും കെഎസ്യു ആരോപിച്ചു.

deshabhimani

No comments:

Post a Comment