Thursday, July 4, 2013

തട്ടിപ്പില്‍ മുഖ്യമന്ത്രിയ്ക്കൊപ്പം മന്ത്രിമാരും

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയ്ക്കൊപ്പം മന്ത്രിമാരും പ്രമുഖ യുഡിഎഫ് നേതാക്കളും പ്രതിക്കൂട്ടിലേക്ക്. കഴിഞ്ഞ ഫെബ്രുവരി-മെയ് മാസങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ സഹായികളും മന്ത്രിമാരും സരിതയെ വിളിച്ചിരുന്നതിന്റെ രേഖകള്‍ പുറത്തായി. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ "പാവം പയ്യന്‍" തോമസ് കുരുവിള മാര്‍ച്ച് 15ന് സരിതയുമായി ദീര്‍ഘനേരമാണ് സംസാരിച്ചത്. സരിതയെ വിളിച്ചിരുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബുധനാഴ്ച രാവിലെ സമ്മതിച്ചിരുന്നു. മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിച്ചതാണെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ തിരുവഞ്ചൂര്‍ സരിതയെ വിളിച്ചത് അവര്‍ അറസ്റ്റിലാകുന്നതിന് 10 ദിവസം മുന്‍പ് മെയ് 23നാണ്.

മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കൂടാതെ മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ സി ജോസഫ്, ഷിബു ബേബി ജോണ്‍ എന്നിവരും സരിതയെ വിളിച്ചു. മന്ത്രി അനില്‍ കുമാറും പിഎ നസറുള്ളയും സരിതയെ നിരന്തരം വിളിച്ചിരുന്നു. സരിതയുമായി സംസാരിച്ചത് എന്താണെന്ന് ഓര്‍ക്കുന്നില്ലെന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. തന്റെ മണ്ഡലത്തിലെ ഒരു അധ്യാപികയുടെ പണം സരിത തട്ടിയെടുത്ത പ്രശ്നം സംസാരിക്കാനാണ് താന്‍ വിളിച്ചതെന്ന് അടൂര്‍ പ്രകാശ് അവകാശപ്പെട്ടു. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ സരിത വിളിച്ചിരുന്നതായും ചെന്നിത്തലയുടെ പിഎ സരിതയെ വിളിച്ചിരുന്നതായുമുള്ള രേഖകളും പുറത്തായി. പല കേസുകളിലും ഉള്‍പ്പെട്ട യുവതിയാണ് സരിതയെന്ന് എല്ലാ മന്ത്രിമാരുടെയും ഓഫീസില്‍ ഇന്റലിജന്‍സ് അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സരിതയെ വിളിച്ചതെന്നത് കൂടുതല്‍ ഗൗരവതരമാണ്. ബെന്നി ബെഹനാന്‍, ടി സിദ്ധിക്, ഷാനിമോള്‍ ഉസ്മാന്‍, പി സി വിഷ്ണുനാഥ്, മോന്‍സ് ജോസഫ് തുടങ്ങി നിരവധി യുഡിഎഫ് നേതാക്കളും സരിതയെ വിളിച്ചിട്ടുണ്ട്.

സരിത വിളിച്ചവരുടെയും സരിതയെ വിളിച്ചവരുടെയും പട്ടിക ഇപ്പോള്‍ പുറത്തുവിട്ടത് ആഭ്യന്തരമന്ത്രി തന്നെയാകാം എന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. താന്‍ മാത്രമല്ല കുറ്റക്കാരന്‍ എന്നുവരുത്താനാകും ശ്രമമെന്നും കോടിയേരി പറഞ്ഞു.

സോളാര്‍ തട്ടിപ്പിനിരയായ മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് സംബന്ധിച്ച് പരാമര്‍ശത്തില്‍ തിരുത്തലില്ലെന്ന് കോടതി വ്യക്തമാക്കിയത് ഉമ്മന്‍ചാണ്ടിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. "മുഖ്യമന്ത്രിയോടും" എന്ന് കൂട്ടിച്ചേര്‍ത്ത ഭാഗം കോടതിയില്‍ ലഭിക്കുമ്പോഴേ ഉണ്ടായിരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഉത്തരവായി. ഇതോടെ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയാകുമെന്ന് ഉറപ്പായി. ഉമ്മന്‍ചാണ്ടിയുടെ സന്തതസഹചാരി ടെന്നിജോപ്പന് ജാമ്യം നിഷേധിച്ച ഉത്തരവിലാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) മുഹമ്മദ് റയിസ്സിന്റെ സുപ്രധാന പരാമര്‍ശം.

deshabhimani

No comments:

Post a Comment