അറബ് വസന്തത്തിന്റെ ആനുകൂല്യം പറ്റി ഒരുവര്‍ഷം മുമ്പ് ഈജിപ്തില്‍ അധികാരമേറ്റ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയുടെ ഭരണത്തിന് അന്ത്യമായെന്നാണ് ഇതിലൂടെ സേന വ്യക്തമാക്കിയത്. നാലുദിവസം നീണ്ട പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രസിഡന്റിന് അന്ത്യശാസനം നല്‍കി സൈന്യം രംഗത്തെത്തിയത്. മുര്‍സിക്കെതിരെ മുദ്രാവാക്യം മുഴക്കി പാതിരാത്രിയിലും തഹ്രിര്‍ ചത്വരത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ സൈന്യത്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ആഹ്ലാദപ്രകടനം നടത്തി. സൈനികവാഹനങ്ങളും സുരക്ഷാസേനയും തെരുവുകളില്‍ പട്രോളിങ് ശക്തമാക്കി. യൂണിഫോമിട്ട പൊലീസുകാരും മാസങ്ങള്‍ക്കുശേഷം രംഗത്തിറങ്ങി. പുതിയ ഭരണസംവിധാനം രൂപീകരിക്കാനുള്ള മര്‍ഗരേഖ പ്രതിപക്ഷവും മതനേതാക്കളും ചേര്‍ന്ന് പ്രഖ്യാപിച്ചു. ജനറല്‍ സിസിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് മതനേതാക്കളും പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ തലവനും നൊബേല്‍ ജേതാവുമായ മുഹമ്മദ് എല്‍ ബറാദേയിയും രാജ്യത്തെ അഭിസംബോദന ചെയ്തു.
എന്നാല്‍, മുര്‍സി എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. വീട്ടുതടങ്കലിലാണെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുര്‍സിക്കും മുസ്ലിംബ്രദര്‍ഹുഡിന്റെ നാല്‍പ്പതോളം പ്രധാന നേതാക്കള്‍ക്കും സേന യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യം വിടാന്‍ ഇവരെ അനുവദിക്കരുതെന്ന് വിമാനത്താവളം അധികൃതര്‍ക്ക് സേന നിര്‍ദേശം നല്‍കി. പ്രസിഡന്റിന്റെ കൊട്ടാരവും സര്‍ക്കാര്‍ ടെലിവിഷന്‍ കേന്ദ്രവും അടക്കം തന്ത്രപ്രധാന മേഖലയിലെല്ലാം സൈനികരെ വിന്യസിച്ചു. അതേസമയം, പൊതുസമ്മതിയുള്ള സര്‍ക്കാരുണ്ടാക്കാന്‍ മുര്‍സി സന്നദ്ധത അറിയിച്ചതായി അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്ലീം ബദര്‍ഹുഡിനെ അനുകൂലിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ സൈന്യത്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് സംപ്രേക്ഷണം നിര്‍ത്തി.
സ്ഥാനമൊഴിയുന്ന പ്രശ്നമില്ലെന്നാണ് ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തോടു നടത്തിയ അവസാന അഭിസംബോധനയില്‍ മുര്‍സി നിലപാടെടുത്തത്. ജനാധിപത്യം അടിയറവയ്ക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുസ്ലിംബ്രദര്‍ഹുഡിന്റെ രാഷ്ട്രീയശാഖയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ടി സൈന്യവുമായുള്ള ചര്‍ച്ചയ്ക്ക് വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷനേതാക്കളുമായും മുസ്ലിം, ക്രൈസ്തവ സംഘടനകളുമായും ചര്‍ച്ച നടത്തിയശേഷമാണ് സൈനികമേധാവി ജനറല്‍ സിസി അധികാരം ഏറ്റെടുത്ത് പ്രഖ്യാപനം നടത്തിയത്.
deshabhimani
No comments:
Post a Comment