Wednesday, December 11, 2013

രണ്ടാം ദിനവും വന്‍ ജനമുന്നേറ്റം

സോളാര്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ആരംഭിച്ച ക്ലിഫ്ഹൗസ് ഉപരോധത്തിന്റെ രണ്ടാംദിനത്തിലും വന്‍ ബഹുജനമുന്നേറ്റം. നാടിനെയും ജനങ്ങളെയും അപമാനിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും കനത്ത താക്കീത് നല്‍കി സമരം പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

ഉമ്മന്‍ചാണ്ടി രാജിവയ്ക്കുക, സിറ്റിങ് ജഡ്ജിയെ കൊണ്ട് അഴിമതി അന്വേഷിപ്പിക്കുക, അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ചൊവ്വാഴ്ചത്തെ ഉപരോധസമരത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്നു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വളന്റിയര്‍മാര്‍ രാജ്ഭവന് മുന്നില്‍ കേന്ദ്രീകരിച്ച ശേഷമാണ് ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് ചെയ്തത്. ക്ലിഫ്ഹൗസ് പരിസരത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ഉപരോധസമരം ആരംഭിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു.

സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറി ആറ്റിപ്ര സദാനന്ദന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, അമ്പലത്തറ ശ്രീധരന്‍നായര്‍ (ആര്‍എസ്പി), ജോര്‍ജ് സെബാസ്റ്റ്യന്‍ (കേരള കോണ്‍ഗ്രസ്), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), പുഷ്കരകുമാര്‍ (എന്‍സിപി) എന്നിവര്‍ സംസാരിച്ചു. ജി സദാനന്ദന്‍, പട്ടം വാമദേവന്‍നായര്‍, വി ജയപ്രകാശ്, പി രാമചന്ദ്രന്‍നായര്‍, ചന്തവിള മധു, പട്ടം ശശിധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റുചെയ്തു നീക്കി. സമരത്തിന്റെ മൂന്നാം ദിനമായ ബുധനാഴ്ച നേമം നിയോജക മണ്ഡലത്തിലെ വളന്റിയര്‍മാര്‍ പങ്കെടുക്കും. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

deshabhimani

No comments:

Post a Comment