Monday, September 14, 2020

വി മുരളീധരന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടു

 വി മുരളീധരന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടു; അന്വേഷണം അട്ടിമറിക്കാൻ ബോധപൂർവം നടത്തിയ ഇടപെടലെന്ന് ഉറപ്പായി-സിപിഐ എം

തിരുവനന്തപുരം > സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കസ്റ്റംസ്് കമ്മീഷണർ ജൂലൈയിൽ തന്നെ വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന് ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ചതോടെ വി മുരളിധരന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്.  അദ്ദേഹം രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. ഈ കേസ് എൻഐഎയെ ഏൽപ്പിച്ച ഉത്തരവിൽ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷവും വി.മുരളീധരൻ തന്റെ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനമന്ത്രാലയത്തിന്റേയും നിലപാട് പരസ്യമായി തള്ളിയ മുരളീധരൻ കൂട്ടുത്തരവാദിത്തമില്ലാതെ പ്രവർത്തിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സിപിഐ എം ആരോപിച്ചു.

നയതന്ത്ര ബാഗേജിലാണെന്ന് വിദേശമന്ത്രാലയത്തെ അറിയിച്ചിട്ടും മന്ത്രി ഇങ്ങനെ നിലപാട് സ്വീകരിച്ചത് ഏറെ ഗൗരവതരമാണ്. എന്നു മാത്രമല്ല നയതന്ത്ര ബാഗേജ് ആണെന്ന് സ്ഥിരീകരിച്ച് വിദേശ മന്ത്രാലയം അനുമതി നൽകിയിട്ടാണ് അത് പരിശോധിച്ചതെന്നും ധനമന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ അന്വേഷണത്തെ അട്ടിമറിക്കാൻ ബോധപൂർവ്വം നടത്തിയ ഇടപെടൽ തന്നെയാണിതെന്ന് ഉറപ്പായി.

മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയ, ഈ കേസിലെ പ്രതി നൽകിയ മൊഴിയിൽ നയതന്ത്ര ബാഗേജല്ലെന്ന് പറയാൻ ബിജെപി അനുകൂല ചാനലിന്റെ കോ-ഓർഡിനേറ്റിങ്ങ് എഡിറ്റർ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ് മാധ്യമ ശ്രദ്ധ നേടുന്നതിനു മുമ്പാണ് ഈ ഉപദേശം നൽകിയിട്ടുള്ളത്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിനെ തുടർന്ന് കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും സംശയകരമാണ്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന്റെ തുടർച്ചയിൽ മുരളീധരനിലേക്ക് അന്വേഷണം എത്തുമായിരുന്നു.

ഇതിനു മുമ്പ് നിരവധി തവണ നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാകുന്നു. വിദേശ മന്ത്രാലയത്തിലെ ഉന്നതരുടെ സഹായമില്ലാതെ ഇത് നടക്കില്ല മുരളീധരൻ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവമായിരിക്കുന്നു. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട കേസിൽ സത്യം പുറത്തു വരുന്നതിന് മുരളീധരനെ ചോദ്യം ചെയ്യണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ഇതുവരെ യു.ഡി.എഫ് പ്രതികരിച്ചില്ലെന്നും ശ്രദ്ധേയമാണ്. ലോകസഭയിൽ യുഡിഎഫ് എംപിമാർക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നും ഇവർ പുലർത്തുന്ന കുറ്റകരമായ നിശബ്ദത യുഡിഎഫ്-ബിജെപി ബാന്ധവത്തിന്റെ ഭാഗമാണ്. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുന്നതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനു കൂടിയാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നതും തിരിച്ചറിയണമെന്നും സിപിഐ എം പ്രസ്താവനയിൽ വ്യക്തമാക്കി.

മുരളീധരനെ തള്ളി കേന്ദ്ര ധനമന്ത്രാലയം; സ്വർണക്കടത്ത് നയതന്ത്ര ബാഗേജിൽതന്നെയെന്ന് വിശദീകരണം

ന്യൂഡൽഹി > സ്വർണക്കടത്ത് കേസിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ തള്ളി കേന്ദ്രധനമന്ത്രാലയം. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്ന് ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു. ലോക്‌സഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നതെന്നും കേന്ദ്രമന്തി പറഞ്ഞു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. ഇതുവരെ കേസിൽ 16 പേരെ അറസ്റ്റ് ചെയ്തു. അതിൽ ഒരു പ്രതിക്ക് ഉന്നതതല ബന്ധങ്ങളുണ്ടെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. എൻ കെ പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ ഉന്നയിച്ച ചോദ്യത്തിനായിരുന്നു അനുരാഗ് സിങ് ഠാക്കൂറിന്റെ മറുപടി.  

സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ അല്ലെന്ന് നിരവധി തവണ വി മുരളീധരൻ ആവർത്തിച്ചിരുന്നു. കൂടാതെ ബിജെപി ചാനൽ തലവൻ അനിൽ നമ്പ്യാർ സ്വപ്‌ന സുരേഷിനോട് സ്വർണം കടത്തിയത് നയതന്ത്രബാഗേജിലല്ലെന്ന് പറയാൻ ആവശ്യപ്പെട്ടതിന്റെ മൊഴിയും പുറത്തുവന്നിരുന്നു.

No comments:

Post a Comment