Monday, October 5, 2020

ജയിക്കാന്‍ വേണ്ടി തോല്‍ക്കാനും തയ്യാര്‍ - സിബിഐ... യജമാനന്റെ അരുമ - ഭാഗം 1

 ‘കഠിനാധ്വാനം, നിഷ്‌പക്ഷത, സത്യസന്ധത’–- ആപ്‌തവാക്യത്തിലെ ഈ മൂന്ന്‌ വാക്കും സിബിഐക്ക്‌ ഇന്ന് അന്യം. എട്ട്‌ പതിറ്റാണ്ടിന്റെ പാരമ്പര്യംപേറുന്ന കേന്ദ്ര അന്വേഷണ ഏജൻസി  വിശ്വാസരാഹിത്യത്തിന്റെ പര്യായമായി‌. സ്വാമി അഗ്‌നിവേശ്‌ അന്തരിച്ചപ്പോള്‍ ‘ഹിന്ദുവിരുദ്ധനായ മഹാശല്യം ഒഴിവായി’ എന്ന്‌ ട്വീറ്റ്‌ ചെയ്‌തത്‌ ഒരു മുൻമേധാവിയാണെന്നത്‌ സിബിഐ അകപ്പെട്ട അധഃപതനത്തിന്റെ ആഴം വെളിവാക്കി. കോൺഗ്രസ്‌ ഭരിക്കുമ്പോൾ ഖദർധാരികൾക്കൊപ്പവും ബിജെപി ഭരിക്കുമ്പോൾ കാവിധാരികൾക്കൊപ്പവും നിറംമാറുന്ന പാവയായി കേന്ദ്രഏജന്‍സി മാറി.  ഏറ്റെടുക്കുന്ന കേസിൽ അമ്പത്‌ ശതമാനം തോൽവി. സുപ്രധാനകേസിൽ പോലും കോടതിയില്‍ തെളിവ് ബോധിപ്പിക്കാനാകാത്ത പ്രൊഫഷണലിസമില്ലായ്‌മ. വിവരാവകാശനിയമപരിധിക്ക്‌ പുറത്തായതുകൊണ്ട്‌ ഏത്‌ നെറികേടിനും കൂട്ടുനിൽക്കാമെന്ന ഹുങ്ക്‌. പ്രതിവർഷം എണ്ണൂറ്‌ കോടി നികുതിപ്പണംകൊണ്ട്‌ രാഷ്ട്രീയ യജമാനൻമാർ തീറ്റിപ്പോറ്റുന്ന കേന്ദ്രഏജൻസി വർത്തമാനകാല ഇന്ത്യക്ക്‌ ബാധ്യത മാത്രമല്ലേയെന്ന ചോദ്യം ഉയര്‍ത്തുന്നു, ബാബ്റി ധ്വംസനമടക്കം ഏജന്‍സി സ്വയംതോറ്റുകൊടുത്ത കേസുകളുടെ നീണ്ടനിര.  ഡല്‍ഹി ബ്യൂറോയിലെ ചീഫ്‌ റിപ്പോര്‍ട്ടര്‍ എം പ്രശാന്ത് തയ്യാറാക്കിയ പരമ്പര

കേന്ദ്ര ഭരണകക്ഷിയുടെ കൂട്ടിലടയ്‌ക്കപ്പെട്ട തത്തയായി മാറിയതോടെയാണ്‌ ജനങ്ങൾ പ്രതീക്ഷ അര്‍പ്പിച്ച കേസുകളിൽ സിബിഐ തോറ്റുതുടങ്ങിയത്‌. ഇന്ത്യയിൽ വർഗീയ വിഭജനത്തിന്‌ വഴിയൊരുക്കിയ ബാബ്‌റി മസ്‌ജിദ്‌ പൊളിക്കൽ കേസിൽ തെളിവുകളുടെ ‘അഭാവ’ത്തിൽ മുതിർന്ന സംഘപരിവാർ നേതാക്കളായ പ്രതികളെയെല്ലാം വിട്ടയച്ചുള്ള പ്രത്യേക സിബിഐ കോടതി ഉത്തരവ്‌ ഒടുവിലത്തെ ഉദാഹരണം‌. കേന്ദ്ര ഭരണകക്ഷിയെ രാഷ്ട്രീയമായി ചെറുക്കുന്നവർക്കെതിരായി വ്യാജക്കത്തുകളുടെ പേരിൽപോലും കേസെടുക്കാൻ വെമ്പുന്ന സിബിഐ ബാബ്റിക്കേസിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ കുലംകുഷമായ ആലോചനയിലാണ്‌. നിയമവശങ്ങളെല്ലാം തലനാരിഴ കീറി പരിശോധിച്ചശേഷമേ ബാബ്റിക്കേസിലെ അപ്പീലിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകൂ. ബാബ്‌റിക്കേസ്‌ മാത്രമല്ല.

സിബിഐ തോറ്റ പ്രമാദമായ കേസുകളുടെ പട്ടിക ആരെയും ഞെട്ടിപ്പിക്കുന്നതാണ്‌. 2ജി സ്‌പെക്ട്രം കേസ്‌, കൽക്കരി കുംഭകോണം, ബൊഫോഴ്‌സ്‌ കേസ്‌, രാജീവ്‌ ഗാന്ധി വധം ഗൂഢാലോചന‌, ആരുഷി തൽവാർ കേസ്‌, ജെഎൻയു വിദ്യാർഥി നജീബിന്റെ തിരോധാനം‌, യെദ്യൂരപ്പയ്‌ക്കും മക്കൾക്കുമെതിരായ അഴിമതി, നരേന്ദ്ര ധാബോൽക്കർ വധം‌ എന്നിവ ചുരുക്കം ചിലതു‌മാത്രം.

ബ്രിട്ടീഷ്‌ കാലത്ത്‌ തുടക്കം

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1941 ലാണ്‌ സിബിഐയുടെ ആദ്യരൂപമായ സ്പെഷ്യൽ പൊലീസ്‌ എസ്‌റ്റാബ്ലിഷ്‌മെന്റ്‌‌ തുടങ്ങിയത്‌. രണ്ടാം ലോകയുദ്ധകാലത്ത്‌ ‘വാർ ആൻഡ്‌ സപ്ലൈ’ വകുപ്പിലെ അഴിമതിയും കൈക്കൂലിയും അന്വേഷിക്കലായിരുന്നു ഉത്തരവാദിത്തം. യുദ്ധത്തിനു‌‌ശേഷവും കേന്ദ്ര ജീവനക്കാരുടെ കോഴയും മറ്റും അന്വേഷിക്കാൻ ഒരു കേന്ദ്രഏജൻസി വേണമെന്നായി. ഇതിന്റെ ഭാഗമായി 1946ൽ ഡൽഹി സ്‌പെഷ്യൽ പൊലീസ്‌ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ (ഡിഎസ്‌പിഇ)  നിലവിൽ വന്നു. യുദ്ധവകുപ്പിന്‌ കീഴിൽനിന്ന്‌ ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലേക്ക്‌ പുതിയ ഏജൻസി മാറി. സർക്കാരിന്റെ എല്ലാ വകുപ്പുകളിലും അന്വേഷണത്തിന്‌ അധികാരവും ലഭിച്ചു. എസ്‌പിഇയുടെ അധികാരപരിധി എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ സംസ്ഥാനങ്ങളിലേക്കു‌കൂടി വ്യാപിപ്പിക്കാമെന്നുമായി.

1963ൽ ആഭ്യന്തര മന്ത്രാലയം പ്രത്യേക വിജ്‌ഞാപനത്തിലൂടെ ഡിഎസ്‌പിഇയെ സിബിഐ എന്ന്‌ നാമകരണം ചെയ്‌തു. ഡി പി കോലി ആദ്യ ഡയറക്ടറായി. തുടക്കത്തിൽ കൈകാര്യം ചെയ്‌തത്‌ കേന്ദ്രസർക്കാർ ജീവനക്കാർക്കെതിരായ അഴിമതിക്കേസുകൾമാത്രം.

1965 മുതൽ സാമ്പത്തികകുറ്റകൃത്യം, തീവ്രവാദം, കൊലപാതകം തുടങ്ങിയവ അന്വേഷിച്ചുതുടങ്ങി. സിബിഐയുടെ പൊതുകുറ്റകൃത്യ അന്വേഷണവിഭാഗത്തിന്‌ എല്ലാ സംസ്ഥാനത്തും ശാഖ തുറന്നു. സാമ്പത്തികകുറ്റകൃത്യ അന്വേഷണവിഭാഗത്തിന്‌ നാല്‌ മെട്രോനഗരത്തിൽ ശാഖ. 1987ൽ അഴിമതിവിരുദ്ധ വിഭാഗവും പ്രത്യേകകുറ്റകൃത്യ വിഭാഗവും രൂപീകരിക്കപ്പെട്ടു. അന്വേഷണം, സാങ്കേതികം, നിയമം എന്നീ വിഭാഗങ്ങളിലായി 4500 ലേറെ ജീവനക്കാർ‌. സിബിഐയ്‌ക്കായി കേന്ദ്രം പ്രതിവർഷം മുടക്കുന്നത്‌ എണ്ണൂറ്‌ കോടിയിലേറെ.

ഹാഥ്‌രസ്‌ കുടുംബവും പറയുന്നു വേണ്ടേ വേണ്ട ; സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ല’

‘സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ല’–-  പറയുന്നത്‌ യുപിയിലെ ഹാഥ്‌രസിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത്‌ പെൺകുട്ടിയുടെ കുടുംബം‌. രാഹുല്‍​ഗാന്ധിയും പ്രിയങ്കയും പറഞ്ഞു സിബിഐ അന്വേഷിച്ചിട്ട് കാര്യമില്ലെന്ന്.

യുപിയിലെ മറ്റ്‌ പ്രതിപക്ഷ പാർടികൾക്കും സിബിഐയില്‍ ലവലേശമില്ല വിശ്വാസം. സുപ്രീംകോടതി മേൽനോട്ടത്തില്‍ നിഷ്‌പക്ഷ അന്വേഷണമോ ജുഷീഡ്യൽ അന്വേഷണമോ ആണ്‌ അവരെല്ലാം ആവശ്യപ്പെടുന്നത്‌.  ‌സിബിഐ അന്വേഷിച്ചാല്‍മതിയെന്ന് ശഠിക്കുന്നവരുമുണ്ട്‌. യുപിയിൽ ഭരണത്തിലുള്ള ബിജെപിക്കും പ്രതിസ്ഥാനത്തുള്ള സവർണ ഠാക്കൂർ ക്രിമിനലുകൾക്കുമാണ് അമിതതാല്‍പ്പര്യം. യോഗി ആദിത്യനാഥ്‌ സർക്കാർ സിബിഎ അന്വേഷണത്തിന്‌ ഉത്തരവിട്ടു.

ഹാഥ്‌രസ്‌ മുൻ എംഎൽഎയും ബിജെപി നേതാവുമായ രാജ്‌വീർ സിങ്‌ പഹൽവാൻ പ്രതികൾക്ക്‌ ‘നീതി’തേടി സമരത്തിലാണ്‌. ബലാത്സംഗം നടന്നിട്ടില്ലെന്നും നിരപരാധികൾക്ക്‌ നീതി ലഭിക്കുന്നതിനായി സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും പഹൽവാൻ പറയുന്നു.

ഒരു ഘട്ടത്തിൽ ഇന്ത്യയിലെ സ്കോട്ട്‌ലണ്ട്‌ യാർഡെന്നുപോലും വിശേഷിപ്പിക്കപ്പെട്ട സിബിഐ എങ്ങനെയാണ്‌ ക്രിമിനലുകൾ താൽപ്പര്യപ്പെടുന്ന അന്വേഷണ ഏജൻസിയായി തരംതാഴ്‌ന്നത്‌. മൂന്ന്‌ ദശകമായി കേന്ദ്രത്തിൽ മാറിമാറി അധികാരത്തിലെത്തിയ കോൺഗ്രസും ബിജെപിയും എങ്ങനെയാണ്‌‌‌ രാഷ്ട്രീയപ്രതിയോഗികൾക്കെതിരായ ഉപകരണമാക്കി സിബിഐയെ പരുവപ്പെടുത്തിത്‌. രാഷ്ട്രീയ യജമാനൻമാരുടെ കാൽനക്കികളായ ഉദ്യോഗസ്ഥർമാത്രം എങ്ങനെ സിബിഐയുടെ തന്ത്രപ്രധാന സ്ഥാനങ്ങളിലെത്തുന്നു‌. ഡയറക്ടർ പദവി‌ക്കായി ഉദ്യോഗസ്ഥരുടെ തമ്മിലടിയും സിബിഐ ആസ്ഥാനം കേന്ദ്രസേന വളഞ്ഞതും എന്തിനായിരുന്നു. വിശദ പരിശോധന അനിവാര്യമായ വിഷയമാണ് ഇവ

No comments:

Post a Comment