Tuesday, October 6, 2020

ആർഎസ്‌എസ്‌ കത്തിക്കിരയായി ഒരു ജീവൻകൂടി; സനൂപിന്‌ ഹൃദയാഞ്ജലി

 തൃശൂർ> ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊന്ന സിപിഐ എം നേതാവ്‌ പി യു സനൂപിന്‌ നാടിന്റെ ഹൃദയാഞ്ജലി. പുതുശേരി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ചൊവ്വന്നൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ സനൂപിനെ ഞായറാഴ്‌ച രാത്രി പത്തരയ്‌ക്കാണ് അരുംകൊല ചെയ്‌തത്‌‌. തക്കുടുവെന്ന്  സ്‌നേഹത്തോടെ വിളിക്കുന്ന, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം കണ്ട്‌  നാട്‌ ഹൃദയംപൊട്ടി തേങ്ങി.ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണത്തിനുള്ള പൊതിച്ചോറ് വീടുകളിൽ പറഞ്ഞുറപ്പിച്ചശേഷം സുഹൃത്തിനോടൊപ്പം മടങ്ങുന്നതിനിടെയാണ് കുത്തിമലർത്തിയത്.  പുതുശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ്.  വലിയമ്മ വിലാസിനിയോടൊപ്പമായിരുന്നു താമസം.

ബിജെപി–-ബജറംഗ്‌‌ദൾ–-ആർഎസ്‌എസ്‌ ക്രിമിനലുകളായ ചിറ്റിലങ്ങാട് തറയിൽ നന്ദനൻ, അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത്‌, മരിയോൻ എന്ന കരിമ്പനയ്ക്കൽ സതീഷ്, ആവേൻ വീട്ടിൽ ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌  പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ  കൊലപ്പെടുത്തിയത്. സിപിഐ എം പ്രവർത്തകരായ പനയ്‌ക്കൽ ബേബിയുടെ മകൻ വിപിൻ (28), മുട്ടിൽ ജിതിൻ (25), അഭിജിത്ത്‌ എന്നിവർക്ക്‌ പരിക്കേറ്റു. വിപിന്റെ പരിക്ക് ഗുരുതരമാണ്.  

 മുളങ്കുന്നത്തുകാവ് മെഡിക്കൽകോളേജിലെ പോസ്‌റ്റുമോർട്ടത്തിന്‌ ശേഷം മൃതദേഹം വൈകിട്ട്  സിപിഐ  എം നേതാക്കൾ ഏറ്റുവാങ്ങി. കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്, ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മന്ത്രി എ സി മൊയ്തീൻ, എൻ ആർ ബാലൻ, പി കെ ബിജു, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ് എസ് സതീഷ് എന്നിവരുടെ നേതൃത്വത്തിൽ രക്തപതാക പുതപ്പിച്ചു. തുടർന്ന്‌  വാഹനങ്ങളുടെ അകമ്പടിയോടെ മുണ്ടൂർ വഴി ചൂണ്ടലിലെത്തിച്ചു. അവിടെനിന്ന്‌ വിലാപയാത്രയായി പുതുശേരി ഇ എം എസ് കമ്യൂണിറ്റി ഹാളിൽ എത്തിച്ചു.  സനൂപിന്റെ വീട്ടിലും പൊതുദർശനത്തിനു വച്ചു.  എട്ടുമണിയോടെ ഷൊർണൂർ ശാന്തിതീരത്ത്  സംസ്കരിച്ചു.

പുതുശ്ശേരി കോളനിയുടെ ‘തക്കുടു’

ഉള്ളം പൊള്ളി ലാൽസലാം... കുന്നംകുളത്ത്‌ ആർഎസ്‌എസുകാർ വെട്ടിക്കൊന്ന സനൂപിന്റെ മുതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ അഭിവാദ്യം അർപ്പിക്കുന്ന സുഹൃത്തുക്കൾ

കുന്നംകുളം> അച്ഛനമ്മമാരോ സഹോദരങ്ങളോ ഇല്ലാത്ത ‘തക്കുടു’വിന്‌ പുതുശ്ശേരി കോളനി തന്നെയായിരുന്നു വീട്‌. ഏത്‌ വീട്ടിലും ആർക്കും പ്രിയപ്പെട്ടവൻ. എല്ലാവരുടെയും  ‘തക്കുടു’വായി അവൻ നിറഞ്ഞുനിന്നു.  ചെറുപ്രായത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട സനൂപിന് താങ്ങും തണലുമായത് വല്യമ്മ വിലാസിനിയായിരുന്നു. രണ്ടാമത്തെ പ്രസവത്തിൽ കുഞ്ഞിനൊപ്പം  സനൂപിന്റെ അമ്മ സതി  മരിച്ചു. സനൂപിന്‌ അന്ന്‌ മൂന്നു  വയസ്സ്‌.  വൈകാതെ അച്ഛൻ ഉണ്ണികൃഷ്ണനും മരിച്ചു. ഇതോടെ വിലാസിനി  പോറ്റമ്മയായി. പുതുശ്ശേരി കോളനിയാകെ സനൂപിന്റെ കുടുംബമായി. പുതുശ്ശേരി ഐഎച്ച്ഡിപി കോളനിയിലെ 57 കുടുംബങ്ങൾക്കും പ്രിയപ്പെട്ടവനായി സനൂപ് വളർന്നു. കോളനിയുടെയും നാടിന്റെയും ഏതാവശ്യത്തിനും  മുന്നിൽ നിന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കെട്ടിട നിർമാണത്തൊഴിലിൽ തുടർന്നു.  രണ്ട് തവണയായി സിപിഐ എം പുതുശേരി ബ്രാഞ്ച് സെക്രട്ടറിയാണ്.

തെരഞ്ഞെടുപ്പ് അടുത്തതോടെ ചൊവ്വന്നൂർ പഞ്ചായത്ത് എട്ടാം വാർഡ് കൺവീനറുമാണ്.  ദളിതനായ സനൂപിന്റെ ഈ വളർച്ചയും ചുറുചുറുക്കും തന്നെയാണ്‌ ആർഎസ്‌എസിന്റെ നിലതെറ്റിച്ചതും. വീടുകൾ കയറി മെഡിക്കൽ കോളേജിലേക്ക്‌ പൊതിച്ചോറ്‌ ‌ ഉറപ്പുവരുത്തിയശേഷം  ഞായറാഴ്ച രാത്രി കോളനിയിലെ കമ്യൂണിറ്റി ഹാളിൽ കൂട്ടുകാർക്കൊപ്പം ടി വി കണ്ടിരുന്നു.  പിന്നീട്‌ സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കാൻ പോവുമ്പോഴാണ്‌ അക്രമിസംഘം പതിയിരുന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌‌.

‘എന്റെ മോനെ എന്തിനവർ ചതിച്ചു. അവന് എല്ലാവരേയും വിശ്വാസമായിരുന്നു. രാത്രി ഏറെ വൈകിയും ആര് വന്ന് വിളിച്ചാലും അവൻ വീട്ടിൽനിന്നും ഇറങ്ങിപ്പോകും. രാത്രി പുറത്ത് പോകുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുമ്പോൾ, അവൻ പറയും എന്നെ ആരും ചതിക്കില്ലാന്ന്....’ വല്യമ്മ വിലാസിനി കണ്ണീരിനിടയിലൂടെ പറഞ്ഞു. 

സനൂപിന്റെയും  പരിക്കേറ്റ വിപിന്റെയും വീടുകൾ മന്ത്രി എ സി മൊയ്തീൻ സന്ദർശിച്ചു.

വിതുമ്പലടക്കാനാവാതെ സഹപ്രവര്‍ത്തകര്‍

തന്റെ സമ്പാദ്യം  നാടിനോടും നാട്ടുകാരോടുമുള്ള സേവനത്തിൽ കവിഞ്ഞ്‌ മറ്റൊന്നുമല്ലെന്നുള്ള സനൂപിന്റെ വാക്കുകൾ അനുസ്മരിച്ച്‌ വിതുമ്പി എം ബി അനൂപും  പി എ ഹസനും. നാടിന്റെ പ്രശ്നങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇടപെട്ട സഹപ്രവർത്തകന്റെ വേർപാട്  ഇവർക്ക്‌ വിശ്വസിക്കാനായിട്ടില്ല.  മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്‌ച എത്തിക്കാനുള്ള മുഴുവൻ പൊതിച്ചോറും സനൂപിന്റെ നേതൃത്വത്തിൽ ഏർപ്പാടാക്കി. പൊതിച്ചോറ് നൽകാം പക്ഷേ, വീട്ടിൽ സാധനമൊന്നുമില്ലല്ലോയെന്ന്‌ പരിതപിച്ച വീട്ടമ്മയ്ക്ക് ഉടനെ പലചരക്കും പച്ചക്കറിയും  എത്തിച്ചുകൊടുക്കാനും മറന്നില്ല സനൂപ്‌. അതിനുശേഷം മടങ്ങവേയാണ്‌ ആർഎസ്‌എസ്‌ അരുംകൊല.  

സനൂപിന്റെ കൂട്ടുകാരായ അനൂപും ഹസനും

പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനും തുടർന്ന് കിറ്റ് വിതരണത്തിനും മുന്നിലുണ്ടായിരുന്നു, ഈ ചെറുപ്പക്കാരൻ. ആവശ്യമായവർക്ക് മരുന്നും എത്തിച്ചു നൽകി.  സനൂപിനെപ്പോലെയുള്ള ധീരന്മാരെ ഇല്ലാതാക്കിയാൽ മാത്രമേ, നാട്ടിൽ അക്രമങ്ങളും അനീതിയും നടപ്പാക്കാനാകൂവെന്ന തിരിച്ചറിവുതന്നെയാണ് ഈ കൊലപാതകത്തിന്റെ ലക്ഷ്യമെന്നും അനൂപ് പറഞ്ഞു. 

യുവാക്കളെ വഴിതെറ്റിച്ച് കഞ്ചാവും മദ്യവും പണവും നൽകിയാണ് ഈ ക്രിമിനൽസംഘങ്ങൾ നാട്ടിൽ അഴിഞ്ഞാടുന്നത്. വൈകാതെ വിവാഹം കഴിക്കാനും നല്ലൊരു കുടുംബജീവിതത്തിനുംകൂടി ഒരുങ്ങുകയായിരുന്നു ഈ യുവാവ്. ‘‘ഞങ്ങൾ നാട്ടുകാർ സ്നേഹപൂർവം ‘തക്കുടു’വെന്ന് വിളിക്കുന്ന ഈ യുവാവിന്റെ കൊലപാതകത്തിലൂടെ നഷ്ടപ്പെട്ടത് ഞങ്ങളുടെ ഒരുഭാഗംതന്നെയാണ്‌’’ കണ്ണീർ പൊഴിച്ചുകൊണ്ട് പി എ ഹസൻ പറഞ്ഞു.

നാടാകെ പ്രതിഷേധം

ആർഎസ്‌എസ്‌ അരുംകൊലയിൽ നാടാകെ പ്രതിഷേധിച്ചു. സിപിഐ എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി  സനൂപിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌  സിപിഐ എം ചൊവ്വന്നൂരിൽ ഹർത്താലിന്‌ ആഹ്വാനം ചെയ്‌തിരുന്നു. ഹർത്താൽ ജനം ഏറ്റെടുത്തു.

ചൊവ്വന്നൂർ പഞ്ചായത്തിൽ പൂർണമായും കടങ്ങോട്‌ പഞ്ചായത്തിലെ മരത്തംകോട്‌ മേഖലകളിലും ഹർത്താൽ പൂർണമായി. കടകളും  സ്ഥാപനങ്ങളും  അടഞ്ഞുകിടന്നു.

അരുംകൊലയ്‌ക്കെതിരെ കരിദിനം എരിഞ്ഞു, രോഷത്തിന്റെ പന്തങ്ങൾ

ഡിവൈഎഫ്ഐ  ചൊവ്വന്നൂർ  മേഖല ജോ. സെക്രട്ടറി സനൂപിനെ ബിജെപിക്കാർ അരുംകൊല ചെയ്‌തതിൽ  നാടെങ്ങും ശക്തമായ പ്രതിഷേധം.  ഡിവൈഎഫ്‌ ഐ നേതൃത്വത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി കരിദിനം ആചരിച്ചു. യൂണിറ്റുകളിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.  ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ചട്ടഞ്ചാൽ ടൗണിലും സംസ്ഥാന കമ്മിറ്റി അംഗം കെ രേവതി തൃക്കരിപ്പൂർ എടാട്ടുമ്മൽ സൗത്ത് യൂണിറ്റിലും പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം. രാജീവൻ കയ്യൂർ മേഖലയിലെ മയ്യൽ യൂണിറ്റിലും, പി ശിവപ്രസാദ്  കട്ടാരം  യൂണിറ്റിലും, ഷാലു മാത്യു  പൂടംകല്ല് യൂണിറ്റിലും പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു.

അലയടിച്ചു, അണപൊട്ടിയ ദുഃഖം

കാലം സാക്ഷി, രക്തം സാക്ഷി പോസ്‌റ്റുമോർട്ടത്തിനുശേഷം മെഡിക്കൽ കോളേജിൽനിന്ന്‌ സനൂപിന്റെ മൃതദേഹം ജന്മനാടായ കുന്നംകുളത്തേക്ക്‌ കൊണ്ടുപോകുന്നു

സിപിഐ എം  നേതാവ്‌ പി യു സനൂപിന്റെ വേർപാടിൽ അലയടിച്ചത് അണപൊട്ടിയ ദുഃഖം.  തക്കുടുവിന്റെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാൻപോലും മനഃശക്തിയില്ലാതെ പലരും പൊട്ടിക്കരഞ്ഞ്‌ പിൻവാങ്ങി.  കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ നൂറുകണക്കിനുപേർ അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തി.  കക്ഷി രാഷ്‌ട്രീയത്തിനതീതമായ അംഗീകാരമായിരുന്നു സനൂപിന്‌ നാട്ടിലെങ്ങും.  

ചീഫ് വിപ്പ് കെ രാജൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഡേവിസ്, മുരളി പെരുനെല്ലി എംഎൽഎ, കെ കെ രാമചന്ദ്രൻ, പി കെ ഷാജൻ, ബാബു എം പാലിശേരി, സേവിയർ ചിറ്റിലപ്പിള്ളി, കെ വി അബ്ദുൾ ഖാദർ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം ടി കെ വാസു, കുന്നംകുളം ഏരിയ സെക്രട്ടറി എം എൻ സത്യൻ, പ്രൊഫ. അരുണൻ എംഎൽഎ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ വി രാജേഷ്, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി സി എസ് സംഗീത്, പ്രസിഡന്റ് ജാസിർ ഇക്ബാൽ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

മുഖ്യപ്രതിയുടെ ഭാര്യ കോൺഗ്രസ് മുൻസ്ഥാനാർഥി

സിപിഐ എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയുടെ ഭാര്യ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥി. മുഖ്യപ്രതി നന്ദനന്റെ ഭാര്യ ജിനിയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കടങ്ങോട് പഞ്ചായത്ത് 14–-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത്‌.

സിപിഐ എം സ്ഥാനാർഥി  കെ ആർ സിമിയാണ് 300ൽപ്പരം വോട്ടുകൾക്ക് ഇവിടെ വിജയിച്ചത്. ഭാര്യ തെരഞ്ഞെടുപ്പിൽ തോറ്റശേഷമാണ് നന്ദനൻ സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തുടങ്ങിയത്. പിന്നീട്‌ ആർഎസ്‌എസിലും ബംജ്‌രംഗ്‌ദളിലും സജീവമായി. 

ചിറ്റിലങ്ങാട് സ്വദേശി  നന്ദനൻ പിന്നീട്‌ വിദേശത്തേക്ക്‌ പോയി. ആഗസ്ത് 15നാണ്  നാട്ടിലെത്തിയത്. ക്വാറന്റൈൻ കഴിഞ്ഞ് അടുത്ത ദിവസമാണ് പുറത്തിറങ്ങിയത്.  വീണ്ടും ആർഎസ്‌എസിൽ സജീവമാവുകയായിരുന്നു.

No comments:

Post a Comment