Monday, October 5, 2020

ഭീതിനിറച്ച്‌ യോഗി; ഹാഥ്‌രസിനെ കെട്ടിപ്പൂട്ടി ; കര്‍ശന നിയന്ത്രണങ്ങളുമായി യുപി സര്‍ക്കാര്‍

 ദേശവ്യാപക പ്രതിഷേധത്തിനിടയാക്കിയ ദളിത് പെൺകുട്ടിയുടെ നിഷ്ഠുര കൊലപാതകം അരങ്ങേറിയ ഹാഥ്‌രസില്‍ കര്‍ശന നിയന്ത്രണങ്ങളുമായി യുപി സര്‍ക്കാര്‍. പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ മാധ്യമങ്ങളെയും രാഷ്ട്രീയനേതാക്കളെയും അനുവദിച്ചെങ്കിലും പ്രദേശമാകെ വന്‍ പൊലീസ്‌ വ്യൂഹത്തെ വിന്യസിച്ചു. മേല്‍ജാതിക്കാരായ പ്രതികളെ പിന്തുണയ്‌ക്കുന്നവർ ബിജെപി നേതാവിന്റെ വീട്ടിൽ യോഗം ചേർന്നു. അന്വേഷണം സിബിഐയ്‌ക്ക്‌ കൈമാറുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം പെൺകുട്ടിയുടെ വീട്ടിലെത്തി അഞ്ച്‌ മണിക്കൂറോളം മൊഴിയെടുത്തു. ഇതാദ്യമായാണ്‌ പെൺകുട്ടിയുടെ വീട്ടിൽ അന്വേഷണസംഘമെത്തുന്നത്.

[ഹാഥ്‌രസിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനെ ആശ്വസിപ്പിക്കുന്ന സിഐടിയു സെക്രട്ടറി എ ആർ സിന്ധു ഫോട്ടോ: കെ എം വാസുദേവൻ]

അഖിലേന്ത്യാ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ, ജനാധിപത്യ മഹിള അസോസിയേഷൻ നേതാക്കൾക്ക്‌ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ ഏറെ പ്രയാസം നേരിട്ടു. മൊഴിയെടുക്കലിന്റെ പേരിൽ മൂന്ന്‌ മണിക്കൂറോളം നേതാക്കളെ പൊലീസ്‌  വീട്ടിന്‌ പുറത്തു‌നിർത്തി. ഹാഥ്‌രസിലേ‌ക്ക്‌ മാർച്ച്‌ നടത്തിയ സമാജ്‌വാദി പാർടി പ്രവർത്തകരെ ലാത്തിച്ചാർജ്‌ ചെയ്‌തു. ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന്‌ രണ്ടു‌തവണ പൊലീസ്‌ തടഞ്ഞശേഷമാണ്‌ പെൺകുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുവദിച്ചത്.

ഇതിനിടെ, പെൺകുട്ടി ബലാത്സംഗത്തിന്‌ ഇരയായിട്ടില്ലെന്ന പൊലീസ്‌ വാദം ഖണ്ഡിക്കുന്ന മെഡിക്കോ–-ലീഗൽ റിപ്പോർട്ട്‌ പുറത്തുവന്നു. ബലംപ്രയോഗിച്ചുള്ള ലൈംഗികബന്ധത്തിന്‌ പെൺകുട്ടി വിധേയയായെന്ന്‌ അലിഗഡ്‌ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ്‌ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇക്കാര്യം പെൺകുട്ടി ഡോക്ടർമാരോട്‌ പറഞ്ഞിട്ടുണ്ടെന്നും വിശദീകരിക്കുന്നു. എന്നാൽ, ബലാത്സം​ഗം നടന്നിട്ടില്ലെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോ​ഗസ്ഥര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. കൃത്യം നടന്ന് 11 ദിവസത്തിനുശേഷമാണ് ഫോറന്‍സിക് പരിശോധന നടത്തിയത്. അതിനിടെ പൊലീസ്‌ സംസ്‌കരിച്ചത്‌ പെൺകുട്ടിയുടെ മൃതദേഹം തന്നെയാണോ എന്ന്‌ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന്‌ കുടുംബം ആവശ്യപ്പെട്ടു.

സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം

ക്രൂരമായ കൂട്ടബലാത്സംഗവും കൊലപാതകവും സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന്‌ സിഐടിയു, അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.

പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച്‌ സ്ഥിതിഗതി മനസ്സിലാക്കിയശേഷമാണ്‌ ഈ ആവശ്യം ഉന്നയിച്ചത്‌. ഗ്രാമത്തിലെ ഭൂവുടമകളിൽനിന്ന്‌ പെൺകുട്ടിയുടെ കുടുംബം നിരന്തരം ഭീഷണി നേരിടുന്നു. പ്രതികളുടെ പേര്‌ മരണത്തിനുമുമ്പ്‌ പെൺകുട്ടി പറഞ്ഞിരുന്നു. പൊലീസ്‌ അന്വേഷണത്തിന്റെ പേരിൽ പീഡനമാണ്‌. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ്‌ കുടുംബം ആവശ്യപ്പെടുന്നതെന്ന്‌ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി വിജു കൃഷ്‌ണൻ, സിഐടിയു സെക്രട്ടറി എ ആർ സിന്ധു, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്‌, ജോയിന്റ്‌ സെക്രട്ടറി വിക്രം സിങ്‌, മഹിള അസോസിയേഷൻ ട്രഷറർ പുണ്യവതി, ജോയിന്റ്‌ സെക്രട്ടറി ആശ ശർമ എന്നിവരടങ്ങുന്ന സംഘമാണ്‌ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചത്‌.

സാജൻ എവുജിൻ

ഹാഥ്‌രസ്‌ കുടുംബവും പറയുന്നു വേണ്ടേ വേണ്ട ; സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ല’

‘സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ല’–-  പറയുന്നത്‌ യുപിയിലെ ഹാഥ്‌രസിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത്‌ പെൺകുട്ടിയുടെ കുടുംബം‌. രാഹുല്‍​ഗാന്ധിയും പ്രിയങ്കയും പറഞ്ഞു സിബിഐ അന്വേഷിച്ചിട്ട് കാര്യമില്ലെന്ന്.

യുപിയിലെ മറ്റ്‌ പ്രതിപക്ഷ പാർടികൾക്കും സിബിഐയില്‍ ലവലേശമില്ല വിശ്വാസം. സുപ്രീംകോടതി മേൽനോട്ടത്തില്‍ നിഷ്‌പക്ഷ അന്വേഷണമോ ജുഷീഡ്യൽ അന്വേഷണമോ ആണ്‌ അവരെല്ലാം ആവശ്യപ്പെടുന്നത്‌.  ‌സിബിഐ അന്വേഷിച്ചാല്‍മതിയെന്ന് ശഠിക്കുന്നവരുമുണ്ട്‌. യുപിയിൽ ഭരണത്തിലുള്ള ബിജെപിക്കും പ്രതിസ്ഥാനത്തുള്ള സവർണ ഠാക്കൂർ ക്രിമിനലുകൾക്കുമാണ് അമിതതാല്‍പ്പര്യം. യോഗി ആദിത്യനാഥ്‌ സർക്കാർ സിബിഎ അന്വേഷണത്തിന്‌ ഉത്തരവിട്ടു.

ഹാഥ്‌രസ്‌ മുൻ എംഎൽഎയും ബിജെപി നേതാവുമായ രാജ്‌വീർ സിങ്‌ പഹൽവാൻ പ്രതികൾക്ക്‌ ‘നീതി’തേടി സമരത്തിലാണ്‌. ബലാത്സംഗം നടന്നിട്ടില്ലെന്നും നിരപരാധികൾക്ക്‌ നീതി ലഭിക്കുന്നതിനായി സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും പഹൽവാൻ പറയുന്നു.

ഒരു ഘട്ടത്തിൽ ഇന്ത്യയിലെ സ്കോട്ട്‌ലണ്ട്‌ യാർഡെന്നുപോലും വിശേഷിപ്പിക്കപ്പെട്ട സിബിഐ എങ്ങനെയാണ്‌ ക്രിമിനലുകൾ താൽപ്പര്യപ്പെടുന്ന അന്വേഷണ ഏജൻസിയായി തരംതാഴ്‌ന്നത്‌. മൂന്ന്‌ ദശകമായി കേന്ദ്രത്തിൽ മാറിമാറി അധികാരത്തിലെത്തിയ കോൺഗ്രസും ബിജെപിയും എങ്ങനെയാണ്‌‌‌ രാഷ്ട്രീയപ്രതിയോഗികൾക്കെതിരായ ഉപകരണമാക്കി സിബിഐയെ പരുവപ്പെടുത്തിത്‌. രാഷ്ട്രീയ യജമാനൻമാരുടെ കാൽനക്കികളായ ഉദ്യോഗസ്ഥർമാത്രം എങ്ങനെ സിബിഐയുടെ തന്ത്രപ്രധാന സ്ഥാനങ്ങളിലെത്തുന്നു‌. ഡയറക്ടർ പദവി‌ക്കായി ഉദ്യോഗസ്ഥരുടെ തമ്മിലടിയും സിബിഐ ആസ്ഥാനം കേന്ദ്രസേന വളഞ്ഞതും എന്തിനായിരുന്നു. വിശദ പരിശോധന അനിവാര്യമായ വിഷയമാണ് ഇവ

യുപി പൊലീസ് പറഞ്ഞത് കള്ളം ; ‌ലൈംഗികാതിക്രമം ഉണ്ടായി

ഹാഥ്‌രസിലെ നിഷ്‌ഠുര ദളിത് വേട്ടയില്‍ യുപി പൊലീസിന്റെ ആസൂത്രിതനീക്കം തുറന്നുകാട്ടി വൈദ്യ പരിശോധനാ റിപ്പോർട്ട്‌. പെൺകുട്ടി ‌ലൈംഗിക അതിക്രമത്തിന്‌ ഇരയായെന്ന്‌ മെഡിക്കോ ലീഗൽ റിപ്പോർട്ട് വെളിപ്പെടുത്തി. ബലപ്രയോ​ഗവും ലൈം​ഗികബന്ധവും ഉണ്ടായതായാണ്‌ ആദ്യം പരിശോധിച്ച അലിഗഢിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിലെ ഡോക്‌ടറുടെ റിപ്പോർട്ട്‌. ലൈംഗിക കുറ്റകൃത്യം സംബന്ധിച്ച്‌ ഡോക്‌ടർ വിധിതീർപ്പ്‌ രേഖപ്പെടുത്തരുതെന്ന ആരോഗ്യമന്ത്രാലത്തിന്റെ മാനദണ്ഡം പാലിച്ചാണ്‌ റിപ്പോർട്ട്‌. അതിനാൽ, ബലപ്രയോഗം ഉണ്ടായെന്നും ബലാത്സംഗത്തെക്കുറിച്ചുള്ള തീർപ്പിനായി ഫോറൻസിക്‌ പരിശോധന ആവശ്യമെന്നും‌ ഡോ. ഫൈസ്‌ അഹമ്മദ്‌ രേഖപ്പെടുത്തി‌.

പ്രധാനപ്രതി സന്ദീപ്‌ അടക്കം നാല്‌ അക്രമികളുടെയും പേര്‌ റിപ്പോർട്ടിലുണ്ട്‌. പെൺകുട്ടിയെ ദുപ്പട്ടകൊണ്ട്‌ കഴുത്തു‌ഞെരിച്ച്‌ ശ്വാസം മുട്ടിച്ചു. ലൈംഗികമായി ഉപദ്രവിച്ചു. ഗർഭനിരോധന ഉറകൾ അക്രമികൾ ഉപയോഗിച്ചത്‌ വ്യക്തമല്ല. കൈകാലുകൾ തളർന്ന്‌, ഇടുപ്പുവരെ സ്‌പർശനശേഷി നഷ്‌ടപ്പെട്ട നിലയിലായിരുന്നു പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഫോറന്‍സിക് പരിശോധനയില്‍ പുരുഷബീജം കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ബലാത്സം​ഗം നടന്നിട്ടില്ലെന്നാണ് എഡിജിപി പ്രശാന്ത്‌ കുമാർ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. സംഭവമുണ്ടായി 11 ദിവസം കഴിഞ്ഞ്‌ ശേഖരിച്ച സാമ്പിളിൽ പുരുഷബീജം കണ്ടെത്താനായില്ലെന്നതിനാൽ ബലാത്സംഗം ഉണ്ടായിട്ടില്ലെന്ന നിഗമനം അസംബന്ധമാണെന്ന്‌ വിദഗ്‌ധർ പറഞ്ഞു. മജിസ്‌ട്രേറ്റിന്‌ നല്‍കിയ പെൺകുട്ടിയുടെ മരണമൊഴിയില്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന്‌ വെളിപ്പെടുത്തിയിരുന്നു.

പ്രതികൾക്കുവേണ്ടി ഹാഥ്‌രസിൽ പ്രകടനം

ഹാഥ്‌രസ്‌ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക്‌ അനുകൂലമായി ബോൾഡഗി ഗ്രാമത്തിൽ പ്രകടനം. ബിജെപി–-സംഘപരിവാർ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ജമ്മു കശ്‌മീരിലെ കഠ്‌വയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌തുകൊന്നവർക്ക്‌ അനുകൂലമായി നടന്ന പ്രകടനങ്ങളെ അനുസ്‌മരിക്കുന്ന നീക്കമാണ്‌‌ യുപിയിലും ഉണ്ടായത്‌. കുറ്റവാളികൾക്ക്‌ പിന്തുണയുമായി ബിജെപി നേതാവും ഹാഥ്‌രസിലെ മുൻ എംഎൽഎയുമായ രാജ്‌വീർസിങ്‌ പഹൽവാൻ അടക്കമുള്ളവർ രംഗത്തെത്തി. ആർഎസ്‌എസ്‌, ബജ്‌റംഗദൾ, കർണിസേനാ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.

മേൽജാതി സംഘടനകളായ രാഷ്‌ട്രീയ സവർണ സംഘടൻ, ക്ഷത്രിയമഹാസഭ എന്നിവയുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധം നടന്നത്‌. അറസ്‌റ്റിലായ നാല്‌ ഠാക്കൂർ വിഭാഗക്കാർക്കെതിരെ ബലാത്സംഗത്തിന്‌ തെളിവില്ലെന്നും നീതിവേണമെന്നും ആശ്യപ്പെട്ടാണ്‌ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന്‌ സമീപം പ്രതിഷേധം നടന്നത്‌. സമുദായത്തെ അപമാനിക്കാനുള്ള നീക്കമാണ്‌ നടക്കുന്നതെന്ന്‌ പ്രതിഷേധത്തിൽ പങ്കെടുത്ത ഗ്രാമവാസിയായ ഓജ്‌വീർസിങ്‌ റാണ പറഞ്ഞു. ഠാക്കൂർ, ബ്രാഹ്മണ വിഭാഗങ്ങൾ സംയുക്തമായി മഹാപഞ്ചായത്ത്‌ വിളിച്ചുചേർത്തു. കേസ്‌ സിബിഐ അന്വേഷിക്കണമെന്ന്‌ ഇവർ ആവശ്യപ്പെട്ടു. മാധ്യമങ്ങളെയും രാഷ്‌ട്രീയ നേതാക്കളെയും അകറ്റിനിർത്തി ബോൾഡഗി ഗ്രാമം പൊലീസ്‌ പൂട്ടിയിട്ട വെള്ളിയാഴ്‌ചയാണ്‌  പ്രതിഷേധം അരങ്ങേറിയത്‌‌.

No comments:

Post a Comment