Saturday, October 17, 2020

ദേശീയവികാരം ജ്വലിപ്പിച്ച നാവികകലാപം

 ഇന്ത്യയിൽ 1945–-46ലെ ശീതകാലമായപ്പോൾ ബ്രിട്ടീഷുകാർക്കെതിരായ ദേശീയവികാരം ശക്തമായി അലയടിക്കാൻ തുടങ്ങി. ബ്രിട്ടീഷ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന യുവ സൈനികരെയും യുവ ഓഫീസർമാരെയും ജനകീയ പ്രതിഷേധങ്ങൾ വലിയതോതിൽ സ്വാധീനിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് സഖ്യസേനയുമായി ഒന്നിച്ചാണ്, പ്രത്യേകിച്ചും സോവിയറ്റ് യൂണിയനിലെ ചെമ്പടയുമായി ചേർന്നാണ് അവർ യുദ്ധം ചെയ്തത്. ഈ ഇടപെടലും ഒന്നിച്ചുള്ള പ്രവർത്തനവും അവരിൽ ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ആശയങ്ങളും ശക്തമായ സ്വാധീനം ചെലുത്തി.

നാവികകലാപത്തിന്റെ സ്‌മരണക്കായി മുംബൈയിൽ സ്ഥാപിച്ച ശിൽപ്പം

ദേശീയപ്രസ്ഥാനത്തിന്റെയും ഐഎൻഎയുടെയും ആവേശം ഉൾക്കൊണ്ട, നാവികസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു വിഭാഗം ഇന്ത്യൻ നാവികസേനാംഗങ്ങൾ ഒരു രഹസ്യസംഘടനയ്ക്ക് രൂപം നൽകാൻ തുടങ്ങി–- ആസാദ് ഹിന്ദ്. ഈ സംഘടന നാവികസേനയിൽ കലാപമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. റോയൽ ഇന്ത്യൻ നേവിയിലെ (ആർഐഎൻ) നാവികർ പണിമുടക്കിയപ്പോൾ ബോംബെയിൽ സമരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടായി.

1946 ഫെബ്രുവരി 18ന് എച്ച്എംഐഎസ് തൽവാറിലെ 1100 നാവികസേനാംഗങ്ങൾ പണിമുടക്കി; തങ്ങൾ നേരിട്ടിരുന്ന മോശപ്പെട്ട പെരുമാറ്റത്തിൽ പ്രതിഷേധിക്കാനായി ബോംബെയിൽ നിയോഗിക്കപ്പെട്ടിരുന്ന ഇന്ത്യൻ നേവിയിലെ 5000 സൈനികരും ചേർന്നു. കപ്പലിന്റെ കൊടിമരത്തിൽനിന്ന് യൂണിയൻ ജാക്ക് നീക്കം ചെയ്തു; അതിന്റെ സ്ഥാനത്ത് കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും കൊടികളും ചെങ്കൊടികളും ഉയർത്തി. അവർ ആയുധമെടുക്കുകയും മേലുദ്യോഗസ്ഥരെ തടവിലാക്കുകയും ചെയ്തു. അടുത്ത ദിവസം കാസിൽ ഫോർട്ട് ബാരക്കുകളിൽനിന്നുള്ള നാവികസേനാംഗങ്ങളും പണിമുടക്കിൽ പങ്കെടുത്തു. പടയാളികളിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമുണ്ടായിരുന്നു; എല്ലാ പ്രവിശ്യകളിൽനിന്നുള്ളവരും എല്ലാ ഭാഷ സംസാരിക്കുന്നവരുമുണ്ടായിരുന്നു.

സർക്കാർ സർവീസിലെ ഏതു വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരായാലും ഇന്ത്യക്കാർ കടുത്ത വംശീയവിവേചനം നേരിട്ടിരുന്നു. അവർക്ക് ശമ്പളം തീരെ കുറവായിരുന്നു; പലപ്പോഴും ഭക്ഷിക്കാൻ കൊള്ളാത്തത്ര മോശപ്പെട്ട ഭക്ഷണമായിരുന്നു നൽകിയിരുന്നത്. നിരവധി പേർ ആത്മഹത്യ ചെയ്തിരുന്നു; പലരും ഒളിച്ചോടിയിരുന്നു; അവർക്ക് ലഭിച്ചിരുന്ന വളരെ മോശപ്പെട്ട പെരുമാറ്റമായിരുന്നു ഇതിനെല്ലാം കാരണം. ‘‘ക്വിറ്റ്ഇന്ത്യ'', ‘‘സാമ്രാജ്യത്വം തുലയട്ടെ'' എന്നെല്ലാം എച്ച്എംഐഎസ് തൽവാറിൽ കുത്തിക്കുറിച്ചിട്ടതിന് നാവികസേനാംഗമായ ബി സി ദത്തയെ അറസ്റ്റുചെയ്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

ബോംബെയ്ക്കുപുറമെ കറാച്ചി ആയിരുന്നു നാവികസേനാംഗങ്ങളുടെ മറ്റൊരു പ്രമുഖ കലാപകേന്ദ്രം. ഫെബ്രുവരി 19നാണ് കറാച്ചിയിൽ വാർത്തയെത്തിയത്; ബോംബെ സംഭവങ്ങളുടെ വിവരങ്ങൾ അറിഞ്ഞ ഉടൻതന്നെ എച്ച്എംഐഎസ് ഹിന്ദുസ്ഥാനിലെയും (പിന്നീട് ഇതിലുള്ളവർ സായുധകലാപത്തിലും പങ്കുചേർന്നു) മറ്റൊരു കപ്പലിലെയും തീരത്തുള്ള മൂന്ന് സ്ഥാപനത്തിലെയും നാവികസേനാംഗങ്ങൾ മിന്നൽ പണിമുടക്ക് നടത്തി. ഇന്ത്യൻ നാവികസേനയുടെ എല്ലാ കപ്പലുകളെയും പൊട്ടിച്ച് തുണ്ടുതുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി, ബ്രിട്ടീഷ് സർവ സൈന്യാധിപൻ അഡ്മിറൽ ഗോഡ്ഫ്രെ അന്ത്യശാസനം പുറപ്പെടുവിച്ചപ്പോൾ ഈ രണ്ട് കേന്ദ്രത്തിലുള്ളവർക്കു പുറമെ, മദ്രാസ്, വിശാഖപട്ടണം, കൽക്കത്ത, ഡൽഹി, കൊച്ചി, ജാംനഗർ, ആൻഡമാൻ, ബഹ്റിൻ, ഏദൻ എന്നിവിടങ്ങളിൽനിന്നുള്ള നാവികസേനാംഗങ്ങളും പണിമുടക്കിയവർക്ക്‌ പിന്തുണയുമായി രംഗത്തുവന്നു.

20,000 നാവികസേനാംഗങ്ങൾ ഉൾപ്പെടുന്ന 78 കപ്പലിനെയും തീരത്തെ 28 സ്ഥാപനത്തെയും ഈ പണിമുടക്ക് ബാധിച്ചു. ബോംബെയിലെ മറൈൻ ഡ്രൈവിലെയും അന്ധേരിയിലെയും ഷിയോണി പ്രദേശങ്ങളിലെയും പൂനെയിലെയും കൽക്കത്തയിലെയും ജെസോറിലെയും അംബാലയിലെയും റോയൽ എയർഫോഴ്സ് (ആർഎഎഫ്) സൈനികരും ഐക്യദാർഢ്യ പണിമുടക്കിലേർപ്പെട്ടു.

കമ്യൂണിസ്റ്റ് പാർടിയുടെ പങ്ക്

നാവികസേനാംഗങ്ങൾക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്കും കമ്യൂണിസ്റ്റ് പാർടി ഉടൻതന്നെ പിന്തുണ നൽകി. പണിമുടക്കിന്‌ പിന്തുണ നൽകാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന ഒരു ലഘുലേഖ ഫെബ്രുവരി 19ന് പാർടി വിതരണം ചെയ്തു; തുടർന്ന് പാർടി പത്രത്തിലൂടെ, ഫെബ്രുവരി 22ന് ഒരു പൊതുപണിമുടക്കിൽ പങ്കെടുക്കാനും ആഹ്വാനം ചെയ്തു; നാവികസേനാ കപ്പലുകളെയും അവയ്ക്കകത്തുള്ള ഇന്ത്യയുടെ നാവികരെയും തകർക്കുമെന്ന റിയർ അഡ്മിറൽ ഗോഡ്ഫ്രെയുടെ ധിക്കാരം നിറഞ്ഞ ഭീഷണിക്കുള്ള മറുപടി ആയിരുന്നു അത്. രാജ്യത്തുടനീളം നാവികസേനാംഗങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ഔദ്യോഗിക ഭാഗത്തുനിന്നുള്ള അടിച്ചമർത്തലുകളെ അപലപിക്കുന്നതിനുമായി വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു; ഹർത്താലുകളും പ്രകടനങ്ങളും സംഘടിപ്പിക്കപ്പെട്ടു. പൊതുവായ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമെന്ന നിലയിൽ രാജ്യത്തുള്ളവരെല്ലാം കലാപത്തിന് പിന്തുണ നൽകി.

തങ്ങൾക്കിടയിലുള്ള എല്ലാ അഭിപ്രായഭിന്നതകളും കുഴിച്ചുമൂടാനും നാവികസേനാംഗങ്ങളുടെ ഡിമാൻഡുകൾക്ക് പിന്തുണ നൽകാനും എല്ലാ രാഷ്ട്രീയപാർടികളോടും കമ്യൂണിസ്റ്റ് പാർടി ആഹ്വാനം ചെയ്തു. പൊതുപണിമുടക്കിനുള്ള കമ്യൂണിസ്റ്റുകാരുടെ ആഹ്വാനം ലക്ഷക്കണക്കിനു തൊഴിലാളികളെ ഫാക്ടറികൾ വിട്ട് തെരുവുകളിലെത്തിച്ചു. കടയുടമകളും കച്ചവടക്കാരും ഹോട്ടലുടമകളും നടത്തിയ ഹർത്താലും വിദ്യാർഥികളുടെ പഠിപ്പുമുടക്കും വ്യവസായങ്ങളിലെയും പൊതുഗതാഗത സർവീസുകളിലെയും തൊഴിലാളികളുടെ പണിമുടക്കും ബോംബെയെ നിശ്ചലമാക്കി.

കവചിത വാഹനങ്ങളിൽ തെരുവുകളിലൂടെ ബ്രിട്ടീഷ് പട്ടാളത്തെ പരേഡ് ചെയ്യിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഭരണാധികാരികൾ ഇതിനു മറുപടി നൽകിയത്. ലഘുവായ ഒരു മുന്നറിയിപ്പുപോലും നൽകാതെയാണ് അവർ ജനക്കൂട്ടങ്ങൾക്കുനേരെ, പ്രത്യേകിച്ചും അസംഖ്യം ജനങ്ങൾ ഒന്നിച്ചുകൂടിയിട്ടുള്ളതായി കണ്ട സ്ഥലങ്ങളിലെല്ലാം, അവർ വിവേചനരഹിതമായും പ്രതികാരബുദ്ധിയോടെയും വെടിവച്ചത്. അങ്ങനെ അവർ നിരപരാധികളായ നിരവധി തൊഴിലാളികളെ, സ്ത്രീകളെയും പുരുഷന്മാരെയും കൊലപ്പെടുത്തി; അവരിൽ ഒരാളായിരുന്നു പരേൽ മഹിളാസംഘം നേതാവും കമ്യൂണിസ്റ്റുകാരിയുമായ കമല ഡോംണ്ടെ. ഔദ്യോഗിക കണക്കുപ്രകാരം മൂന്നു ദിവസംകൊണ്ട് (ഫെബ്രുവരി 21–-23) 250 ആളുകളാണ് കൊല്ലപ്പെട്ടത്.

സർക്കാരിന്റെ അടിച്ചമർത്തലിനോടുള്ള എതിർപ്പ് രേഖപ്പെടുത്തുകയും അടിച്ചമർത്തൽ ഉടൻ അവസാനിപ്പിക്കണമെന്നും പണിമുടക്കുന്നവരുടെ ന്യായമായ ആവശ്യങ്ങൾ അനുവദിക്കണമെന്നും അതിനായി സമ്പൂർണ ഹർത്താൽ ആചരിക്കണമെന്നും കമ്യൂണിസ്റ്റ് പാർടി എല്ലാ പാർടികളോടും ജനങ്ങളോടും അഭ്യർഥിച്ചു.

മുറിവേറ്റവർക്കും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ദുരിതാശ്വാസം എത്തിക്കുന്നതിന് സിറ്റിസൺസ് പീസ് ആൻഡ് റിലീഫ് കമ്മിറ്റി രൂപീകരിക്കുന്നതിനും പാർടി ആഹ്വാനം ചെയ്തു. പണിമുടക്കിയ നാവികസേനയിലെ ആയിരക്കണക്കിന് പടയാളികളുടെ പ്രശ്നം ഏറ്റെടുക്കണമെന്ന് കമ്യൂണിസ്റ്റ് പാർടി കോൺഗ്രസിനോട് അഭ്യർഥിച്ചു; ആ പ്രശ്നം ‘‘ആസാദ് ഹിന്ദ് ഫൗജിന്റെ പ്രശ്നം എന്നപോലെതന്നെ പ്രാധാന്യമുള്ളതായി'' മാറിയിരിക്കുകയാണെന്നും ‘‘വിവേചനരഹിതമായും നീതി''യുടെ അടിസ്ഥാനത്തിലും അതിനു പരിഹാരം കാണുമെന്ന് ഉറപ്പാക്കണമെന്നും പാർടി ആവശ്യപ്പെട്ടു.

അന്വേഷണ കമീഷൻ രൂപീകരിക്കണമെന്നും പണിമുടക്കിയവർ ഉന്നയിച്ച ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ നടപടികൾ ആരംഭിക്കണമെന്നും കമ്യൂണിസ്റ്റ് പാർടി സർക്കാരിനോട്‌ ആവശ്യപ്പെട്ടു. എന്നാൽ, നാവികരുടെ കലാപത്തെ സംബന്ധിച്ചിടത്തോളം അന്വേഷണ കമീഷൻ രൂപീകരിച്ചതേയില്ല; അനീതിയുടെയും വിവേചനത്തിന്റെയും ക്രൂരതയുടെയും മറ്റും ഭീകരമായ കഥകൾ ഒരിക്കലും വെളിച്ചം കണ്ടില്ല. പാർടിയുടെ പെട്ടെന്നുള്ള നടപടികൾമൂലംമാത്രമാണ് രാജകീയ നാവികസേന (ആർഐഎൻ)യെയും അതിലെ സൈനികരെയും തകർക്കുന്നത് തടയാൻ കഴിഞ്ഞത്; ക്രമേണ ഒരു കരാറിലെത്തിക്കാൻ കഴിഞ്ഞതും അതുകൊണ്ടുതന്നെയാണ്. ഒരു പ്രതികാര നടപടിയും ഉണ്ടാകില്ലെന്ന് വാഗ്ദാനം നൽകിയശേഷം പണിമുടക്കിന്‌ നേതൃത്വംകൊടുത്ത പല നേതാക്കളെയും സർക്കാർ അറസ്റ്റുചെയ്യുകയും പ്രതികാരനടപടികളെടുക്കുകയും ചെയ്തപ്പോൾ, അങ്ങനെ കരാർ ലംഘിക്കപ്പെട്ടപ്പോൾ സർക്കാരിന്റെ നടപടികളെ പാർടി അപലപിച്ചു.

മുന്നേറ്റം എന്തുകൊണ്ട് പരാജയപ്പെട്ടു

ഇന്ത്യൻ ദേശീയ മുന്നണിയിൽ ചില ദൗർബല്യങ്ങൾ ഉണ്ടായിരുന്നു. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഉന്നതവർഗ നേതൃത്വം ജനകീയ മുന്നേറ്റങ്ങളെ ഭയപ്പെട്ടു; അഖിലേന്ത്യാടിസ്ഥാനത്തിലും മറ്റു സായുധ സേനാവിഭാഗങ്ങളിലും കരവ്യോമസേനകളിൽ  ഈ കലാപം പടർന്നുപിടിക്കാൻ അവർ ആഗ്രഹിച്ചില്ല. ജനകീയ പൊതുപണിമുടക്കിനെയും ഹർത്താലിനെയും അവർ ഔദ്യോഗികമായി എതിർത്തു; എന്നാൽ, അവരുടെ എതിർപ്പുണ്ടായിട്ടും പൊതുപണിമുടക്കിനും ഹർത്താലിനും സാർവത്രിക ജനപിന്തുണ ലഭിച്ചിരുന്നു.

സാമ്രാജ്യത്വ ഭരണാധികാരികളുടെ അക്രമത്തെ അപലപിക്കാൻ കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ തയ്യാറായില്ല. സർക്കാർ നൂറുകണക്കിനാളുകളെ വെടിവച്ച്‌ കൊന്നിട്ടും അതിനെ അപലപിക്കാത്ത കോൺഗ്രസ് ലീഗ് നേതാക്കൾ വെടിവയ്‌പിൽ കൊല്ലപ്പെട്ട നിരായുധരായ ജനങ്ങളെ വിമർശിക്കുകയാണുണ്ടായത്. കോൺഗ്രസ് നേതാവ് വല്ലഭ്ഭായ് പട്ടേലിന്റെ ഉപദേശത്തെയും തുടർന്ന് ജിന്നയിൽനിന്നുള്ള സന്ദേശത്തെയും അംഗീകരിച്ചാണ് കേന്ദ്ര നാവികപണിമുടക്ക് കമ്മിറ്റി ഒടുവിൽ ഫെബ്രുവരി 23ന് കീഴടങ്ങാൻ തയ്യാറായത്; ‘‘ഞങ്ങൾ ഇന്ത്യക്കു മുന്നിൽ കീഴടങ്ങുന്നു; ബ്രിട്ടനു മുന്നിലല്ല'' എന്ന പ്രഖ്യാപനമാണ് അവർ നടത്തിയത്.

(കടപ്പാട്‌: പീപ്പിൾസ്‌ ഡെമോക്രസി)

No comments:

Post a Comment