Friday, October 16, 2020

300 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 64 സൗജന്യ ആരോഗ്യ പരിശോധനകള്‍

 സംസ്ഥാനത്തെ 300 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യ രോഗ നിര്‍ണയ പരിശോധനകള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ  അറിയിച്ചു. ഗര്‍ഭിണികള്‍, 18 വയസിന് താഴെയുള്ള കുട്ടികള്‍, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇതുവരെ സൗജന്യ രോഗനിര്‍ണയ സേവനം നല്‍കി വരുന്നത്. സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഈ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

മാനദണ്ഡങ്ങള്‍ പാലിvച്ച്‌ ചെലവേറിയതുള്‍പ്പെടെ 64 രോഗ പരിശോധനാ സൗകര്യങ്ങളാണ് ലഭ്യമാക്കുന്നത്. ഇതിനായി കെ.എം.എസ്.സി.എല്‍. മുഖാന്തിരം 18.40 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ  300ഓളം കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടാം ഘട്ടത്തില്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും പദ്ധതി നടപ്പാക്കും. 

ആദ്യ ഘട്ടത്തില്‍ 282 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴിയും, 18 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ വഴിയുമാണ് സൗജന്യ രോഗ നിര്‍ണയ പരിശോധന ലഭ്യമാക്കുന്നത്. സംസ്ഥാന മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഗുണമേന്മ ഉറപ്പ് വരുത്തിയാണ് ഉപകരണങ്ങളും റീയേജന്റും ഉള്‍പ്പെടെയുള്ള പരിശോധനാ സംവിധാനങ്ങള്‍ കെ.എം.എസ്.സി.എല്‍. മുഖാന്തിരം ഓരോ കേന്ദ്രത്തിലും ഒരുക്കുന്നത്.

ഹീമോഗ്ലോബിന്‍, ടോട്ടല്‍ ലൂക്കോസൈറ്റ്, പ്ലേറ്റ്‌ലറ്റ് കൗണ്ട്, ബ്ലഡ് ഗ്രൂപ്പ്, ബ്ലീഡിംഗ് ടൈം, ക്ലോട്ടിംഗ് ടൈം, വിവിധ യൂറിന്‍ ടെസ്റ്റുകള്‍, ഡെങ്കു ടെസ്റ്റ്, ഹെപ്പറ്റെറ്റിസ് ബി, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, ടോട്ടല്‍ കൊളസ്‌ട്രോള്‍, സിറം ടെസ്റ്റുകള്‍, ഡിഫ്റ്റീരിയ ടെസ്റ്റ്, ടിബി ടെസ്റ്റ്, ന്യൂ ബോണ്‍ സ്‌ക്രീനിംഗ് ഉള്‍പ്പെടെയുള്ള സിആര്‍പി, ടിഎസ്എച്ച് തുടങ്ങിയ ചെറുതും വലുതുമായ 64 പരിശോധനകളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി സാധ്യമാക്കുന്നത്. ചെലവേറിയ ഈ പരിശേധനകള്‍ സൗജന്യമായി ലഭ്യമാകുന്നതോടെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. 

ആറ്‌ ആശുപത്രികളുടെ സമഗ്ര വികസനത്തിന് 74.45 കോടി

തിരുവനന്തപുരം >  ആറ്‌ ആശുപത്രികളുടെ സമഗ്ര വികസനത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ 74.45 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ. കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ 19.75 കോടി രൂപ, എറണാകുളം തൃപ്പുണ്ണിത്തറ താലൂക്ക് ആശുപത്രി 10 കോടി, കണ്ണൂര്‍ ആറളം കീഴ്പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രം 11.40 കോടി, കൊല്ലം പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രം 10 കോടി, കണ്ണൂര്‍ ഇരിക്കൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം 11.30 കോടി, തൃശൂര്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി 12 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ ആശുപത്രി വികസനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. സാങ്കേതികാനുമതിയ്ക്കും ടെണ്ടറിനും ശേഷം എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ പിണറായി ആശുപത്രിയിലെ സ്‌പെഷ്യാലിറ്റി സെന്റര്‍ നിര്‍മ്മാണത്തിനാണ് 19.75 കോടി രൂപ അനുവദിച്ചത്. ഈ സര്‍ക്കാരാണ് പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തെ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായി ഉയര്‍ത്തിയത്. 5 നിലകളുള്ള ആശുപത്രി കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. അത്യാഹിത വിഭാഗം, ഒപി, വാര്‍ഡ്, ഐസിയുകള്‍, എസ്.ടി.പി., ജനറല്‍ സ്റ്റോര്‍, ഫാര്‍മസി സ്റ്റോര്‍, കാര്‍ പാര്‍ക്കിംഗ്, ഡയാലിസിസ് യൂണിറ്റ്, എക്‌സറേ യൂണിറ്റ്, സ്‌കാനിംഗ് സെന്റര്‍ എന്നിവ സജ്ജമാക്കും. കാര്‍ഡിയാക്, കാന്‍സര്‍, ടിബി എന്നീ വിഭാഗം രോഗികള്‍ക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ടാകും.

എറണാകുളം തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയില്‍ 4 നിലകളുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് തുകയനുവദിച്ചത്. ഒ.പി. മുറികള്‍, മെഡിക്കല്‍ ഐസിയു, സര്‍ജിക്കല്‍ ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് സജ്ജമാക്കുന്നത്.

കണ്ണൂര്‍ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായാണ് തുകയനുവദിച്ചത്. മൂന്ന് നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഒപി വിഭാഗം, വെയിറ്റിംഗ് ഏരിയ, പ്രീ ചെക്കപ്പ് റൂം, ലബോറട്ടറി, നഴ്‌സസ് സ്റ്റേഷന്‍, ഫാര്‍മസി, മെഡിസിന്‍ സ്റ്റോര്‍, ഫീഡിംഗ് റൂം, ഇന്‍ജക്ഷന്‍ റൂം, ഒബ്‌സര്‍ബേഷന്‍ റൂം, കൗണ്‍സിലിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കൊല്ലം പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 5 നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്ന്. ഒ.പി., ഇസിജി റൂം, സ്റ്റോര്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, ജിം, വാക്‌സിനേഷന്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയവയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കണ്ണൂര്‍ ഇരിക്കൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 5 നിലകളുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് 11.30 കോടി രൂപ അനുവദിച്ചത്. അത്യാഹിത വിഭാഗം, കണ്‍സള്‍ട്ടേഷന്‍ റൂം, ഡയാലിസിസ് യൂണിറ്റ്, ലേബര്‍ റൂം, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയറ്റര്‍, എന്‍ഐസിയു, എക്‌സ്‌റേ, ഫാര്‍മസി തുടങ്ങിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്

തൃശൂര്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിനായാണ് 12 കോടി രൂപ അനുവദിച്ചത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 1.75 കോടി രൂപയുള്‍പ്പെടെ 9.75 കോടി രൂപ ചെലവഴിച്ചു കൊണ്ടുള്ള 3 നില കെട്ടിടത്തിന്റേയും അനുബന്ധ സൗകര്യങ്ങളുടേയും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നു. രണ്ടാം ഘട്ടത്തില്‍ അനുവദിച്ച തുകയുപയോഗിച്ച് ഈ കെട്ടിടത്തില്‍ മൂന്ന് നിലകള്‍ കൂടി അധികമായി നിര്‍മ്മിച്ച് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്. ഒപി വിഭാഗം റൂമുകള്‍, രജിസ്‌ട്രേഷന്‍ സെന്റര്‍, ലബോറട്ടറി, ഫാര്‍മസി, എക്‌സറേ യൂണിറ്റ്, വാര്‍ഡ്, ഓപ്പറേഷന്‍ തീയറ്റര്‍ കോപ്ലക്‌സ്, ഐസിയു, ബ്ലഡ് ബാങ്ക്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

3 ആശുപത്രികൾ സൂപ്പറാകുന്നു

കണ്ണൂർ: ജില്ലയിലെ മൂന്ന് ആശുപത്രികൾക്കുൾപ്പെടെ സംസ്ഥാനത്തെ ആറ്‌ ആശുപത്രികളുടെ സമഗ്ര വികസനത്തിന്‌ നബാർഡിന്റെ സഹായത്തോടെ 74.45 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.  പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ(19.75 കോടി), ആറളം കീഴ്പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രം(11.40 കോടി),  ഇരിക്കൂർ സാമൂഹ്യാരോഗ്യ കേന്ദ്രം(11.30 കോടി) എന്നിവയാണ്‌ ജില്ലയിൽ ഏറ്റെടുത്തത്‌. ഈ ആശുപത്രികളുടെ  വികസനത്തിൽ വലിയ മാറ്റമുണ്ടാക്കാൻ ഇതിലൂടെ സാധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. സാങ്കേതികാനുമതിയ്ക്കും ടെൻഡറിനുശേഷം വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. 

പിണറായി ആശുപത്രിയിലെ സ്പെഷ്യാലിറ്റി സെന്റർ നിർമാണത്തിനാണ് തുക അനുവദിച്ചത്.  പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രം സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി സർക്കാർ നേരത്തേ ഉയർത്തിയിരുന്നു. അഞ്ചു നിലകളുള്ള ആശുപത്രി കെട്ടിടമാണ് നിർമിക്കുന്നത്. അത്യാഹിത വിഭാഗം, ഒപി, വാർഡ്, ഐസിയുകൾ, എസ്ടിപി, ജനറൽ സ്റ്റോർ, ഫാർമസി സ്റ്റോർ, കാർ പാർക്കിങ്‌, ഡയാലിസിസ് യൂണിറ്റ്, എക്സ്‌റേ യൂണിറ്റ്, സ്‌കാനിങ്‌ സെന്റർ എന്നിവ സജ്ജമാക്കും. കാർഡിയാക്, ക്യാൻസർ, ടിബി  വിഭാഗം രോഗികൾക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ടാകും.

കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി കെട്ടിടത്തിന്റെ നിർമാണത്തിനാണ് തുക. 

മൂന്നു നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ഒപി വിഭാഗം, വെയിറ്റിങ്‌ ഏരിയ, പ്രീ ചെക്കപ്പ് റൂം, ലബോറട്ടറി, നേഴ്സസ് സ്റ്റേഷൻ, ഫാർമസി, മെഡിസിൻ സ്റ്റോർ, ഫീഡിങ്‌ റൂം, ഇൻജക്‌ഷൻ റൂം, ഒബ്സർബേഷൻ റൂം, കൗൺസലിങ്‌ റൂം തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. 

ഇരിക്കൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ അഞ്ചുനിലകളുള്ള കെട്ടിടം നിർമിക്കുന്നതിനാണ് തുക അനുവദിച്ചത്. അത്യാഹിത വിഭാഗം, കൺസൾട്ടേഷൻ റൂം, ഡയാലിസിസ് യൂണിറ്റ്, ലേബർ റൂം, വാർഡുകൾ, ഓപ്പറേഷൻ തിയേറ്റർ, എൻഐസിയു, എക്സ്റേ, ഫാർമസി തുടങ്ങിവയുണ്ടാകും.

3 മെഡിക്കൽ കോളേജും 7 ആശുപത്രിയും ഹൈടെക്കാകും ; കിഫ്ബി 815 കോടി നൽകും

കിഫ്‌ബിയിൽനിന്ന്‌  അനുവദിച്ച 815. 11 കോടി രൂപ ചെലവിട്ട്‌  മൂന്ന്‌ മെഡിക്കൽ കോളേജുകളിലും ഏഴ്‌ പ്രധാന ആശുപത്രികളിലും  ഹൈടെക്‌ വികസനം വരുന്നു.

മെഡിക്കൽ കോളേജുകളിൽ തിരുവനന്തപുരത്തിന്‌  194.33 കോടി ,  കോന്നിക്ക്‌ 241.01 കോടി, കണ്ണൂർ പരിയാരത്തിന്‌ 51.30 കോടി എന്നിങ്ങനെയാണ്‌  തുക അനുവദിച്ചത്‌. കായംകുളം താലൂക്ക് ആശുപത്രി 45.70 കോടി, കോട്ടയം 106.93 കോടി, കൊച്ചി കരുവേലിപ്പടി 29.60 കോടി, കോഴിക്കോട് ഫറോഖ് 17.09 കോടി, കോഴിക്കോട് ബാലുശേരി 18.58 കോടി,  കൊയിലാണ്ടി 23.77 കോടി, കോഴിക്കോട് ജനറൽ ആശുപത്രി 86.80 കോടി എന്നിങ്ങനെയും അനുവദിച്ചു. ഇതോടെ 3100 കോടി രൂപയുടെ നിർമാണ  അനുമതിയാണ് മെഡിക്കൽ കോളേജുകൾക്കും താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾക്കുമായി കിഫ്ബിവഴി ലഭ്യമാക്കിയതെന്ന്‌  മന്ത്രി കെ കെ ശൈലജ പറഞ്ഞു.

No comments:

Post a Comment