Friday, October 16, 2020

നിലവിലെ രാഷ്ട്രീയ സ്ഥിതി പരിശോധിച്ചാണ് നിലപാട് കൈക്കൊള്ളുന്നത്; ജനങ്ങളില്‍ നിന്നും ഒന്നും ഒളിച്ചുവെക്കില്ല: കോടിയേരി

 ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോടിയേരി. എല്‍ഡിഎഫിന്റെ അടുത്ത സംസ്ഥാന കമ്മറ്റി അത് സംബന്ധിച്ച പ്രായോഗിക കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതായിരിക്കുമെന്നും കോടിയേരി പറഞ്ഞു. സിപിഐ എമ്മിന്റെ അഭിപ്രായം എല്‍ഡിഎഫിനകത്ത് പറയും. എല്‍ഡിഎഫ് ഒരു തീരുമാനമെടുത്താല്‍ ഒരുതരത്തിലും പിന്നീട് പ്രശ്‌നമുണ്ടാകില്ല. ഇപ്പോള്‍ ഇതൊന്നും ചര്‍ച്ച ചെയ്യേണ്ട ഘട്ടമല്ലെന്നും ചര്‍ച്ച ചെയ്തിട്ടുമില്ലെന്നും കോടിയേരി വ്യക്തമാക്കി

സീറ്റിനെ സംബന്ധിച്ച ചര്‍ച്ച അനവസരത്തിലാണ്.  അഞ്ച് വര്‍ഷം മുമ്പുള്ള രാഷ്ട്രീയ സ്ഥിതിയല്ല ഇപ്പോഴുള്ളത്.   രാഷ്ട്രീയ മാറ്റമാണ് പരിശോധിക്കുന്നത്. ലീഗും കോണ്‍ഗ്രസും ഇപ്പോള്‍ ഏറ്റവും ഐക്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാണല്ലോ. ആ ലീഗിനെ കോണ്‍ഗ്രസ് ചത്ത കുതിര  എന്ന് വിളിച്ചവരല്ലെ. അതിനാല്‍ ലീഗുമായി  കോണ്‍ഗ്രസിന്  ബന്ധമുണ്ടാക്കാന്‍ സാധിക്കുമായിരുന്നോ എന്നും കോടിയേരി ചോദിച്ചു.

  നിലവിലെ രാഷ്ട്രീയ സ്ഥിതി പരിശോധിച്ചാണ് ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് കൈക്കൊണ്ടത്. തെരഞ്ഞെടുപ്പില്‍ ജനമാണ് വിധി എഴുതുന്നത്. അവര്‍ക്ക് മുന്നിലാണ് ഈ പ്രശ്‌നം ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഇടതുപക്ഷ മുന്നണിക്ക് ഇന്നുള്ളതിനേക്കാള്‍ സീറ്റ് അടുത്ത തെരഞ്ഞെടുപ്പിലുണ്ടാകും. യുഡിഎഫിന് ഇന്നത്തെ  സീറ്റ് എത്രയണ്ണം നിലനിര്‍ത്താന്‍ കഴിയും എന്ന് പരിശോധിച്ചാല്‍ മതി.

 ജനങ്ങളില്‍ വിശ്വാസമുണ്ട്. ജനങ്ങളില്‍ നിന്നും ഒന്നും ഒളിച്ചുവെക്കില്ല. ചെന്നിത്തലയും എംഎംഹസനും തമ്മിലുള്ള തര്‍ക്കം  അവര്‍ തന്നെ തീര്‍ക്കട്ടെ.ഏതായാലും എന്‍സിപി എല്‍ഡിഎഫിന്റെ ഘടകകക്ഷിയായിട്ട് തന്നെയാണ്  പ്രവര്‍ത്തിക്കുന്നത്.  ഒരു പ്രശ്‌നവും ഇല്ല എന്ന് എന്‍സിപി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. സീറ്റുകള്‍ സംബന്ധിച്ച് ഒരു പാര്‍ട്ടിയുടെ കാര്യവും തീരുമാനിച്ചിട്ടില്ല.

 വി മുരളീധരന് മന്ത്രിസ്ഥാനത്ത് തുടരാനെന്താണ്   അര്‍ഹതയെന്നും കോടിയേരി ചോദിച്ചു.നയതന്ത്ര  ബാഗേജിലാണ് സ്വര്‍ണം വന്നതെന്ന്  എന്‍ഐഎ കോടതി ഏഴ് സ്ഥലത്ത് പറയുന്നു.  മുരളീധരന്‍ പരസ്യമായി സ്വീകരിച്ച നിലപാടിനെ അദ്ദേഹത്തിന്റെ തന്നെ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി തള്ളിക്കളഞ്ഞു. എന്തുകൊണ്ടാണ് അറ്റാഷെയെ ചോദ്യം ചെയ്യാത്തത് എന്ന് മുരളീധരന്‍ മറുപടി പറയണം. ഇതിലൊന്നും   നടപടി എടുക്കാത്ത മുരളീധരന്‍ സ്വന്തം പരാജയം മറച്ചുവക്കാനാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തിറങ്ങുന്നതെന്നും കോടിയേരി വ്യക്തമാക്കി.

ഇടതുപക്ഷ മുന്നണി ജാതിയും മതവും നോക്കിയല്ല സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നത്. ശ്രീനാരായണ ഗുരു സര്‍വകലാശാലയുടെ കാര്യത്തിലും ഇത് തന്നെയാണ് സമീപനം.വെള്ളാപ്പള്ളിയുടെ ആരോപണം അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മതനിരപേക്ഷ വികസിത നവകേരളം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകും'; കോടിയേരി

തിരുവനന്തപുരം > മതനിരപേക്ഷ വികസിത നവകേരളം അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എകെജി സെന്ററില്‍ ജോസ് കെ മാണിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു കോടിയേരിയുടെ പ്രസ്‌താവന. ഇടതുപക്ഷം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം കുറിച്ചു.

തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി പ്രവേശത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം ജോസ് കെ മാണി പ്രതികരിച്ചത്. മുന്നണി ധാരണകളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്‌തതായാണ് വിവരം. പാര്‍ട്ടി എംഎല്‍എ റോഷി അഗസ്റ്റിനൊപ്പമായിരുന്നു ജോസ് കെ മാണി എത്തിയത്.

എം എന്‍ സ്‌മാരകത്തിലെത്തി സിപിഐ  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും ജോസ് കെ മാണി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

No comments:

Post a Comment