Monday, October 5, 2020

സ്മിത മേനോനെ അറിയില്ല; മുരളീധരനെതിരായ പരാതി പ്രധാനമന്ത്രി അന്വേഷിക്കട്ടെയെന്ന് എം ടി രമേശ്‌

 മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയായ ശേഷമാണ് സ്മിത മേനോനെ കുറിച്ച് താൻ അറിയുന്നതെന്ന്‌ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി  എം ടി രമേശ്. അതിന് മുമ്പ്‌  തനിക്ക് അവരെകുറിച്ച് അറിയില്ല. ഇക്കാര്യത്തിൽ വി മുരളീധരൻ വിശദീകരണം നൽകിയിട്ടുണ്ട്–-കൊടുവള്ളിയിൽ വാർത്താലേഖകരോട്‌ രമേശ്‌ പറഞ്ഞു. മുരളിധരനെതിരായ പരാതിയിൽ പ്രധാനമന്ത്രി അന്വേഷിക്കട്ടെയെന്നും രമേശ്‌ പറഞ്ഞു.

ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രി വി മുരളീധരന്‍ സ്മിത മേനോനെ അബുദാബി മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിനെ ചൊല്ലി വിവാദം കടുക്കുന്നതിനിടയിലാണ് പാര്‍ട്ടിയില്‍ മുരളീധരന്റെ എതിര്‍ ഗ്രൂപ്പുകാരന്‍ കൂടിയായ രമേശിന്റെ പ്രതികരണം.

ഡ്രംബീറ്റ്‌സ്‌ എന്നപേരിൽ പിആർ ഏജൻസി നടത്തുന്ന മഹിളാ മോർച്ച നേതാവ്‌ സ്‌മിത മേനോനെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത്‌ തന്റെ അനുമതിയോടെയാണെന്ന്‌ മുരളീധരൻ ഇന്നലെ സമ്മതിച്ചിരുന്നു.

2019 നവംബറിലാണ്‌ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനം അബുദാബിയിൽ ചേർന്നത്‌. മന്ത്രിമാർക്കുപുറമെ പ്രത്യേക ക്ഷണിതാക്കൾക്ക്‌ മാത്രമായിരുന്നു പ്രവേശനം. ഈ സമ്മേളനത്തിലാണ്‌ വനിതാ നേതാവ്‌ പങ്കെടുത്തത്‌‌. നഗ്നമായ ചട്ടലംഘനമാണ്‌ കേന്ദ്രസഹമന്ത്രി നടത്തിയതെന്നു വിമര്‍ശനം ഉയര്‍ന്നു.. മന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ ഉൾപ്പെടാത്തയാൾ വേദി പങ്കിട്ടതാണ്‌ സംശയമുണർത്തുന്നത്‌.

മുരളീധരന്റെ അനുമതിയോടെയാണ്‌ പങ്കെടുത്തതെന്ന്‌ ഫേസ്‌ബുക്കിൽ സ്‌മിതാ മേനോൻ കുറിച്ചു. മീഡിയ എൻട്രി ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ സമാപന ദിവസം വന്നോളാൻ അനുവാദം തന്നു. സ്വന്തം ചെലവിലാണ്‌ കൊച്ചിയിൽനിന്ന്‌ പോയത്‌’–- കുറിപ്പിൽ പറയുന്നു.ഞായറാഴ്‌ച കോഴിക്കോട്ട്‌ വാർത്താസമ്മേളനത്തിൽ ഞാനെങ്ങനെ അനുമതി കൊടുക്കാനെന്ന്‌ ‌ആദ്യം ചോദിച്ച മുരളീധരന്‌ പിന്നീട്‌ തിരുത്തേണ്ടിവന്നു‌. സ്‌മിത മേനോന്റെ കുറിപ്പ്‌ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വേദിയിൽനിന്ന്‌ താഴേക്കിറങ്ങിവന്ന്‌ തിരുത്തിപ്പറഞ്ഞത്‌.

ആവേശമല്ല ആദർശമാണ്‌ പ്രധാനം ; ബിജെപി നേതൃത്വത്തെ വിമർശിച്ച്‌ പി പി മുകുന്ദൻ

ബിജെപി നേതൃത്വത്തിന്‌ ആവേശം മാത്രം പോരാ ആദർശവും വേണമെന്ന്‌ മുതിർന്ന നേതാവ്‌ പി പി മുകുന്ദൻ. ആദർശവും സംഘടനാ രാഷ്‌ട്രീയവും പരസ്‌പര പൂരകമാണ്‌. എല്ലാവരെയും യോജിപ്പിച്ച്‌ കൊണ്ടുപോകുന്നതിലാണ്‌ നേതൃത്വത്തിന്റെ വിജയം. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‌ ആവേശമുണ്ട്‌‌.

അതുകൊണ്ട്‌ മാത്രം  പാർടി മുന്നേറില്ല. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ  വോട്ടും ഫലവും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മണത്തണയിലെ വീട്ടിൽ ‘ദേശാഭിമാനി’യോട്‌ സംസാരിക്കവെയാണ് മുകുന്ദൻ‌ ബിജെപി നേതൃത്വത്തിന്റെ പ്രവർത്തനശൈലിയോടുള്ള വിയോജിപ്പും വിമർശനവും വ്യക്തമാക്കിയത്‌.

സംഭാഷണത്തിൽനിന്ന്‌: ബിജെപിക്കായി ചാനലുകളിലിരുന്ന്‌ സംസാരിക്കുന്ന ചിലരുടെ ഭാഷയും പ്രയോഗവും ശ്രദ്ധിക്കണം. അതേപ്പറ്റിയുള്ള വിമർശത്തിലെ  ശരിയും നന്മയും‌ തിരിച്ചറിയുകയാണ്‌ വേണ്ടത്‌‌. വീട്ടിൽ പറഞ്ഞിട്ട്‌ അംഗീകരിക്കാതിരിക്കുമ്പോഴാണല്ലോ നാട്ടിൽ പറയുക. ശോഭാ സുരേന്ദ്രന്‌ പാർടി  ചുമതല നൽകി. സംസ്ഥാന പ്രസിഡന്റാണ്‌ അവരെ നിയമിച്ചത്‌. 

എന്തുകൊണ്ടവർ മാറിനിൽക്കുന്നെന്ന്‌ അന്വേഷിക്കേണ്ട  ഉത്തരവാദിത്തം സുരേന്ദ്രനുണ്ട്‌. ചെയ്‌ത തെറ്റിനെ ഏറ്റുപിടിക്കുന്നതാവരുത്‌ നേതൃത്വം.  തെറ്റ്‌ കണ്ടാൽ ഇടപെടണം. നേതൃത്വത്തിൽ പുതിയ ആളുകൾ വരണം. എന്നാൽ അനുഭവവും പ്രവർത്തന പരിചയവുമുള്ളവരെ അവഗണിച്ചാകരുത്‌ അത്‌‌‌. പാർടി വളർത്താൻ കഷ്‌ടപ്പെട്ടവരെ മറക്കരുത്‌. എ പി അബ്ദുള്ളക്കുട്ടിയും ടോം വടക്കനുമൊക്കെ ദേശീയ നേതൃനിരയിലെത്തി. നല്ലത്‌. പക്ഷേ പാർടി പരിപാടിയിലെ ഒരു ചോദ്യം ചോദിച്ചാൽ ഇന്ന്‌ വലിയ സ്ഥാനത്തിരിക്കുന്നയാൾക്ക്‌ ഉത്തരം പറയാനാകുമോ.

പുണെയിൽ  ബിജെപിക്ക്‌ നേതൃപരിശീലന ഇൻസ്‌റ്റിറ്റ്യൂട്ടുണ്ട്‌. പാർടി ചരിത്രവും പ്രവർത്തനവും പഠിപ്പിക്കാനുള്ള കേന്ദ്രമുള്ളത്‌ നല്ലതാണ്‌. സ്ഥാനമല്ല പ്രസ്ഥാനമാണ്‌ വലുതെന്ന്‌ ആരും മറക്കരുത്‌. ജനകൃഷ്‌ണമൂർത്തിക്കുശേഷമാണ്‌ നോമിനേഷൻ രീതി പാർടിയിൽ ശക്തമായത്‌.  ഇത്‌ ബിജെപിക്ക്‌ ഗുണകരമല്ലെന്നും മുകുന്ദൻ പറഞ്ഞു.

ബിജെപിയുടെയും ആർഎസ്‌എസിന്റെയും പഴയകാല നേതൃനിരയിലെ പ്രധാനിയാണ്‌ മുകുന്ദൻ. ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. പാർടിക്കുള്ളിൽ ഒരുവിഭാഗം തഴഞ്ഞതിനെ തുടർന്ന്‌ 12 വർഷമായി സജീവ രാഷ്‌ട്രീയത്തിൽനിന്ന്‌ മാറിനിൽക്കുകയാണ്‌. തിരിച്ചുവരവിനായുള്ള താൽപ്പര്യം കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ള പക്ഷത്തിന്റെ എതിർപ്പിൽ മുടങ്ങി.

പി വി ജീജോ 

No comments:

Post a Comment