Sunday, October 18, 2020

മതനിരപേക്ഷ ജനാധിപത്യത്തിന്റെ കാവലാളുകൾ

 കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപീകരണത്തിന്‌ ഇന്ന്‌ 100 വർഷം തികയുന്നു.1920 ഒക്‌ടോബർ 17ന്‌ താഷ്‌കെന്റിൽവച്ചാണ്‌  പാർടി രൂപീകരിക്കപ്പെട്ടത്‌.കൊളോണിയൽ ആധിപത്യത്തിനെതിരെ ലോകമെങ്ങുമുള്ള വിപ്ലവപ്രസ്ഥാനങ്ങൾ പോരാടുന്ന കാലത്ത്‌  അതിസാഹസികമായി താഷ്‌കെന്റിൽ എത്തിയ എം എൻ റോയി അടക്കം ഏഴുപേരാണ്‌ രൂപീകരണ യോഗത്തിൽ പങ്കെടുത്തത്‌. മുഹമ്മദ്‌ ഷഫീക്കിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.  പുതിയൊരു  ലോകം സ്വപ്‌നം കണ്ട്‌ പൊരുതിയ മനുഷ്യരുടെ വിയർപ്പിലുമാണ്‌ മറ്റെല്ലാ രാജ്യങ്ങളിലുമെന്ന പോലെ ഇന്ത്യയിലും തൊഴിലാളി വർഗത്തിന്റെ രാഷ്‌ട്രീയാടിത്തറ വികസിച്ചത്‌. രൂപീകരണം തൊട്ടുള്ള ഒരു നൂറ്റാണ്ട്‌ മഹത്തായ സമരങ്ങളുടെയും മഹത്തായ സംഭാവനകളുടെയും കാലമാണ്‌. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ നിരവധി വിപ്ലവകാരികളെ കമ്യൂണിസ്റ്റ്‌ പാർടി സംഭാവന ചെയ്‌തു. ത്യാഗോജ്വല പോരാട്ടങ്ങളിൽ ജീവിതം ഹോമിച്ച്‌ രക്തസാക്ഷികളായവരും ഏറെ. മതനിരപേക്ഷ ജനാധിപത്യം സംരക്ഷിക്കാനായി  ഇന്ന്‌ രാജ്യത്തെ കമ്യൂണിസ്റ്റുകാർ  നടത്തുന്ന പോരാട്ടത്തെക്കുറിച്ച്‌ 

 

1920ൽ മോസ്‌കോയിൽ നടന്ന കമ്യൂണിസ്റ്റ്‌ ഇന്റർനാഷണലിന്റെ രണ്ടാം ലോക കോൺഗ്രസിൽ പങ്കെടുത്ത എം എൻ റോയ്‌ (മധ്യത്തിൽ) റഷ്യൻ വിപ്ലവനായകൻ വി ഐ ലെനിനും (ഇടത്തേയറ്റം) സഖാക്കൾക്കുമൊപ്പം

1920 ഒക്‌ടോബർ 17ന്  കമ്യൂണിസ്റ്റ്‌ പാർടി ഒാഫ്‌ ഇന്ത്യ  രൂപീകരിച്ചത്‌. രൂപീകരണത്തിന്റെ -നൂറാം വാർഷികാചരണം  പരിസമാപ്‌തിയിലേക്ക്‌ കടക്കുകയാണ്‌. കോവിഡ്‌ മഹാമാരിയുടെയും ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെയും  സാമൂഹ്യ അകലത്തിന്റെയും സാഹചര്യത്തിൽ  ഒരുവർഷം നീണ്ട ശതാബ്‌ദി ആഘോഷം സമുചിതമാക്കുന്നതിന്‌ പ്രതിബന്ധങ്ങളേറെ. ഈ പരിമിതികൾക്കിടയിലും  കമ്യൂണിസ്റ്റുകാർ ഒരു നൂറ്റാണ്ടിൽ‌ രാജ്യത്തിനു നൽകിയ സംഭാവനകൾ സാമൂഹ്യമാധ്യമങ്ങളും ഡിജിറ്റൽ സങ്കേതങ്ങളും പ്രയോജനപ്പെടുത്തി  ജനങ്ങളിൽ എത്തിക്കാനായി.

സ്വാതന്ത്ര്യസമരലക്ഷ്യ പ്രഖ്യാപനം

സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഐതിഹാസിക പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകിയ നിരവധി വിപ്ലവകാരികളെ കമ്യൂണിസ്റ്റ്‌ പാർടി സംഭാവന ചെയ്‌തിട്ടുണ്ട്‌. ത്യാഗോജ്വല പോരാട്ടങ്ങളിൽ ജീവിതം ഹോമിച്ച്‌ രക്തസാക്ഷികളായവരും ഏറെ. ജനാഭിലാഷം ദേശീയതലത്തിൽ പ്രതിഫലിപ്പിക്കുന്നതിനും സാക്ഷാൽക്കരിക്കുന്നതിനും ‌കമ്യൂണിസ്റ്റ്‌ പാർടി നൽകിയ സംഭാവനയും വലുതാണ്‌.

രാജ്യത്തിലെ ഭാഷാ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനും തുല്യപരിഗണന ഉറപ്പാക്കുന്നതിനും കമ്യൂണിസ്റ്റ്‌ പാർടി  പോരാടി. ഭൂപരിഷ്‌കാരങ്ങൾക്കായുള്ള  ഐതിഹാസിക സമരങ്ങൾക്ക്‌ നേതൃത്വം നൽകിയതും കമ്യൂണിസ്റ്റുകാരാണ്‌‌. ദേശീയബോധം ഉണർത്താനും  ദേശീയതയുടെ പേരിലുള്ള  വിഭാഗീയത തടയാനുമുള്ള പോരാട്ടങ്ങളിലും പാർടി സജീവമായിരുന്നു.

കാഴ്‌ചപ്പാടുകളുടെ സംഘട്ടനം

സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ ഉരുത്തിരിഞ്ഞത്‌ സ്വാതന്ത്ര്യസമരത്തിൽ അണിനിരന്ന വിവിധ ചിന്താഗതിക്കാരുടെ ആശയസംഘട്ടനത്തിലൂടെയാണ്‌. സ്വതന്ത്ര ഇന്ത്യ മതേതര ജനാധിപത്യ റിപ്പബ്ലിക് ആയിരിക്കണമെന്നായിരുന്നു കോൺഗ്രസ്‌ നിലപാട്‌. മതേതര ജനാധിപത്യ റിപ്പബ്ലിക്‌ എന്ന ആശയത്തെ കമ്യൂണിസ്റ്റ്‌ പാർടി പൂർണമായി പിന്താങ്ങിയെങ്കിലും മുതലാളിത്ത വ്യവസ്ഥയിൽ മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പ്‌ അസ്ഥിരമായിരിക്കുമെന്ന്‌ പാർടി വിലയിരുത്തി. പോരാട്ടങ്ങളിലൂടെ നേടിയെടുക്കുന്ന രാഷ്‌ട്രീയ സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നത്‌ ഓരോ ഇന്ത്യക്കാരനും സാമൂഹ്യ, സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുമ്പോൾ മാത്രമാണെന്നും അത്‌ സോഷ്യലിസത്തിലൂടെയേ നടപ്പാകൂ എന്നുമായിരുന്നു കമ്യൂണിസ്റ്റ്‌ പാർടി നിലപാട്‌.

രാജ്യത്തെ ജനങ്ങളുടെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സ്വതന്ത്ര ഇന്ത്യയുടെ  ഭാവി നിർണയിക്കേണ്ടതെന്ന ചിന്താഗതിക്കാരും സജീവമായിരുന്നു. മുസ്ലിംലീഗ്‌ ഇസ്ലാമിക്‌ രാജ്യത്തിനായും ആർഎസ്‌എസ്‌ ഹിന്ദുരാഷ്‌ട്രത്തിനായും നിലകൊണ്ടു. ബ്രിട്ടീഷ്‌ കുതന്ത്രങ്ങളുടെ ഫലമായി രാജ്യത്തിന് ഉണങ്ങാത്ത മുറിവേൽപ്പിച്ച്‌ വിഭജനം യാഥാർഥ്യമായതോടെ ഇസ്ലാമിക രാഷ്‌ട്രം നിലവിൽ വന്നു. മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സ്വതന്ത്ര ഇന്ത്യ പിറവിയെടുത്തപ്പോൾ പരാജിതരായ വർഗീയവാദികൾ ഫാസിസ്റ്റ്‌ ഹിന്ദുരാഷ്‌ട്രത്തിനായുള്ള പദ്ധതികൾക്ക്‌ അന്നുമുതൽ തുടക്കമിട്ടു. സ്വാതന്ത്ര്യ സമരകാലത്തെ ചിന്താധാരകളുടെ ആശയസംഘട്ടനത്തിന്റെ തുടർച്ചയാണ്‌ രാജ്യത്തെ ഇന്നത്തെയും രാഷ്‌ട്രീയ പ്രത്യശാസ്‌ത്ര പോരാട്ടങ്ങൾ.

മതനിരപേക്ഷ  ജനാധിപത്യം

കമ്യൂണിസ്റ്റ്‌ കാഴ്‌ചപ്പാടിൽ മതനിരപേക്ഷതയും ജനാധിപത്യവും വിഭിന്നമല്ല. ഇന്ത്യൻ സാഹചര്യത്തിൽ അവ അവിഭാജ്യഘടകങ്ങളാണ്‌. ന്യൂനപക്ഷ വിഭാഗങ്ങൾക്കടക്കം എല്ലാവർക്കും സമത്വം ഉറപ്പാക്കേണ്ടത്‌ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന്‌ അനിവാര്യമാണ്‌. അതുപോലെ ജനാധിപത്യത്തിലല്ലാതെ പൗരാവകാശങ്ങൾക്കും മതേതരത്വത്തിനും നിലനിൽപ്പുമില്ല. ഭരണഘടന ഉറപ്പുനൽകുന്ന സാമ്പത്തിക, സാമൂഹിക രാഷ്‌ട്രീയ സമത്വം ജനാധിപത്യ സംവിധാനത്തിൽ മാത്രമേ നിലനിൽക്കൂ. ഇന്ത്യയുടെ മതേതര ജനാധിപത്യ സംരക്ഷണത്തിനാണ്‌ കമ്യൂണിസ്റ്റുകാർ എക്കാലവും നിലകൊണ്ടത്‌.

എല്ലാ ജനവിഭാഗങ്ങളിലുംപെട്ട തൊഴിലാളികളുടെ ഐക്യം കെട്ടിപ്പടുക്കുന്നതിലൂടെയേ ഇന്ത്യയിലെ സാമുദായിക ലഹളകൾക്ക്‌  അവസാനമുണ്ടാകൂ എന്ന്‌ ‌കമ്യൂണിസ്റ്റ്‌ പാർടിയുടെ രൂപീകരണത്തെ തുടർന്ന്‌ 1920ൽ തന്നെ എം എൻ റോയി എഴുതിയിട്ടുണ്ട്‌. അധ്വാനവർഗത്തിന്റെ ഐക്യം ശക്തമാക്കാനാണ്‌ ഒരു നൂറ്റാണ്ടായി കമ്യൂണിസ്റ്റ് ‌പാർടി ഇന്ത്യയിൽ പോരാടുന്നത്‌‌.

കമ്യൂണിസ്റ്റ്‌ പാർടി 1920ൽ രൂപീകരിച്ചശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എല്ലാ വാർഷിക സമ്മേളനത്തിലും ദേശീയ പ്രസ്ഥാനം ഏറ്റെടുക്കേണ്ട മുദ്രാവാക്യങ്ങളെക്കുറിച്ച്‌  സിപിഐ പ്രകടനപത്രികകൾ അവതരിപ്പിച്ചിരുന്നു(അഹമ്മദാബാദ് –- 1921, ഗയ –-1922 തുടങ്ങിയവ).1926ലെ  ഗുവാഹത്തി കോൺഗ്രസ്‌ സമ്മേളനത്തിൽ ഇന്ത്യയിൽ വർധിച്ചുവരുന്ന സാമുദായിക സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തൊഴിലാളി ഐക്യം ശക്തമാക്കണമെന്ന്‌ കമ്യൂണിസ്റ്റ്‌ പാർടി ആവശ്യപ്പെട്ടു. ‘കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തുണ്ടായ  സമുദായ സംഘർഷങ്ങൾ ഭയപ്പെടുത്തുന്നതാണ്‌. ഈ പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്‌. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന്‌ കമ്യൂണിസ്റ്റ്‌ പാർടി നിർദേശിക്കുന്ന പരിഹാരം: മുന്നോക്കവിഭാഗങ്ങൾ പോരാടുന്നത് അവരുടെ പദവിയും അവകാശങ്ങളും ‌സംരക്ഷിക്കുന്നതിനാണ്‌. ഇരുവിഭാഗങ്ങളിലെയും സാധാരണ ജനവിഭാഗം നേരിടുന്നത്‌ കൊടിയ ചൂഷണമാണ്‌. ഹൈന്ദവനായ തൊഴിലാളിയും മുസ്ലിമായ തൊഴിലാളിയും ഫാക്ടറിയിലും പാടത്തും വിയർപ്പൊഴുക്കിയാണ്‌ ജീവിതം നയിക്കുന്നത്‌. എല്ലാ ജനവിഭാഗങ്ങളിലുംപെട്ട  തൊഴിലാളികൾ ഭൂഉടമകളുടെയും വട്ടിപ്പലിശക്കാരുടെയും സാമ്രാജ്യത്വത്തിന്റെ പിണിയാളുകളുടെയും ചൂഷണത്തിന്റെ ഇരകളാണ്‌. മുസ്ലിം മതത്തിൽപ്പെട്ട തൊഴിലാളിക്ക്‌ അതേ മതത്തിൽപ്പെട്ട തൊഴിൽഉടമയിൽനിന്ന്‌ മെച്ചപ്പെട്ട കൂലി ലഭിക്കാറില്ല. ഹിന്ദു ഭൂഉടമ ഹിന്ദുവായ കുടിയാനിൽനിന്ന്‌ കുറഞ്ഞ പാട്ടം ഈടാക്കാറുമില്ല. ഭൂഉടമ ഹിന്ദു കുടിയാനിൽനിന്നും  മുസ്ലിം കുടിയാനിൽനിന്നും ഒരേ നിരക്കിലായിരുന്നു പാട്ടം പിരിച്ചിരുന്നത്‌. 

ഇതേ രീതിയിലാണ്‌ ഇടത്തരക്കാരും (താഴെത്തട്ടിലുള്ള ജീവനക്കാരും ചെറുകിട വ്യാപാരികളും കരകൗശലത്തൊഴിലാളികളും) ചൂഷണത്തിന്‌ ഇരയായിരുന്നത്‌. ജനങ്ങളിൽ 98 ശതമാനവും ചൂഷണത്തിന്‌ ഇരയാകുന്ന അവസ്ഥയിൽ അവർക്ക്‌ സാമുദായിക സംഘർഷങ്ങളിൽപ്പെടേണ്ട കാര്യമില്ല. പണിയെടുത്ത്‌ ജീവിതം നയിക്കുന്ന  ഭൂരിപക്ഷം ജനങ്ങൾക്കും തിരിച്ചറിവുണ്ടാക്കാനുള്ള ബോധവൽക്കരണം നടത്തിയും ചൂഷകർക്കെതിരെയും രാജ്യത്തിന്റെ പൊതുശത്രുവിനെതിരെയും പോരാടാനുള്ള ധൈര്യം പകർന്നും സമുദായ മൈത്രി കാത്തുസൂക്ഷിക്കാം. ഇത്‌ ഉടനെ നടപ്പാക്കാനാകുന്ന ഒരു പദ്ധതിയല്ലെന്നത്‌ ശരിയാണ്‌. പക്ഷേ, ദേശീയപ്രസ്ഥാനത്തെ കാർന്നുതിന്നുന്ന അർബുദമായ വർഗീയതയ്‌ക്കും വിഭാഗീയതയ്‌ക്കും മറ്റ്‌ മറുമരുന്നുകളൊന്നുമില്ല.’

മതനിരപേക്ഷത

 മതനിരപേക്ഷത എന്നതുകൊണ്ട്‌ കമ്യൂണിസ്റ്റുകൾ അർഥമാക്കുന്നത്‌ രാഷ്‌ട്രീയത്തിൽനിന്ന്‌ മതത്തെ വേർതിരിക്കുക എന്നാണ്‌. ഏതു മതത്തിലും വിശ്വസിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം ഗവൺമെന്റ്‌‌ സംരക്ഷിക്കണം. സ്വതന്ത്ര ഇന്ത്യയിൽ  ഏതെങ്കിലുമൊരു മതത്തിന്‌ പ്രത്യേക പദവിയും പ്രാമുഖ്യവുമില്ല. എല്ലാ മതത്തിനും തുല്യപരിഗണന. രാജ്യത്തെ ഭൂരിപക്ഷ മതത്തോടുള്ള പക്ഷപാതിത്വമാണ്‌   മതമൗലികവാദികളെ ഇന്നത്തെ നിലയിൽ  വളർത്തിയത്‌.

കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച്‌ മതേതര ജനാധിപത്യമെന്നത്‌ ദേശീയതയുടെ മാത്രമല്ല,  ഭരണഘടനയുടെയും സംരക്ഷണത്തിന്‌ അനിവാര്യമാണ്‌. ഭരണഘടന ന്യൂനപക്ഷങ്ങൾക്ക്‌ വാഗ്‌ദാനം ചെയ്യുന്ന തുല്യത ഉറപ്പാക്കാൻ ചൂഷിതരുടെ വർഗസഹകരണം  വളർത്തി സോഷ്യലിസം സാക്ഷാൽക്കരിക്കണം. വർഗീയ സാമുദായിക ചേരിതിരിവാണ്‌  ഇന്ത്യയുടെ പുരോഗതിക്ക്‌ എന്നും തടസ്സമായിട്ടുള്ളത്‌.

മതനിരപേക്ഷതയ്‌ക്കുവേണ്ടിയുള്ള പോരാട്ടം

മതേതര ജനാധിപത്യത്തിന്‌ ആർഎസ്‌എസും ബിജെപിയും ഉയർത്തുന്ന ഭീഷണിയെക്കുറിച്ച്‌ 2000ൽ സിപിഐ എം പാർടി പരിപാടി  വിലയിരുത്തി: ‘ആർ എസ്‌എസ്‌ നേതൃത്വം നൽകുന്ന ഭരണം കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ഇളകി. ഭരണരംഗവും വിദ്യാഭ്യാസമേഖലയും മാധ്യമങ്ങളും കാവിവൽക്കരിച്ചു (5–-7 ഖണ്ഡിക). മതവർഗീയതയിലൂന്നിയുള്ള  കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ്‌ പ്രവണതകൾക്കെതിരെ പോരാട്ടം ശക്തമാക്കണമെന്നും  പാർടി പരിപാടിയിൽ വിലയിരുത്തി (5–-8).

ബിജെപി ഭരണത്തിൽ ഇന്ത്യൻ ഭരണഘടന നേരിടുന്ന അപകടത്തെക്കുറിച്ചും പാർടി വിലയിരുത്തി: ‘തീവ്രവർഗീയതയിൽ പടുത്തുയർത്തിയ പാർടിയാണ്‌ ബിജെപി. കപട ദേശീയതയും ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും വിദ്വേഷവും അസഹിഷ്‌ണുതയുമാണ്‌ ബിജെപിയുടെ മുഖമുദ്ര. ബിജെപി  വെറുമൊരു ബൂർഷ്വാ പാർടി മാത്രമല്ല, ആർഎസ്‌എസിന്റെ  ഫാസിസ്റ്റ്‌  സ്വഭാവം അത്രയും ബിജെപിയിലുമുണ്ട്‌. ബിജെപി ഭരണത്തിലെത്തുമ്പോൾ ഭരണയന്ത്രത്തിന്റെ നിയന്ത്രണം‌ ആർഎസ്‌എസിന്റെ കൈയിലാണ്‌‌. ഇന്ത്യയുടെ ബഹുസ്വരമായ സാംസ്‌കാരിക പൈതൃകത്തെ നിരാകരിക്കുന്ന ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കുകയാണ്‌’ (7–-14 ഖണ്ഡിക).

വർഗീയത‐ കോർപ്പറേറ്റ്‌  ചങ്ങാത്തം

2019ലെ പൊതുതെരഞ്ഞെടുപ്പു ഫലം വിലയിരുത്തിയ സിപിഐ എം കേന്ദ്ര കമ്മിറ്റി, ഇന്ത്യൻ ഭരണവർഗം വൻകിട മൂലധന ശക്തികളും വർഗീയതയുമായുള്ള ചങ്ങാത്തം ഊട്ടിയുറപ്പിച്ചെന്നും സാമ്രാജ്യത്വ ശക്തികൾക്ക്‌ കീഴ്‌പെട്ടെന്നും വിലയിരുത്തി. ഈ കണ്ടെത്തലിന്റെ ന്യായീകരണങ്ങളാണ്‌ സമകാലിക സംഭവങ്ങളും അതേക്കുറിച്ചുള്ള  പാർടി പ്രമേയങ്ങളും.

കോവിഡ്‌ മഹാമാരിയെ തുടർന്നുള്ള ലോക്‌ഡൗൺ കാലത്ത്‌ മോഡി സർക്കാർ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ പലതും ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക്‌ വിരുദ്ധമാണ്‌. രാജ്യത്തിന്റെ സമ്പത്ത്‌ കൊള്ളയടിക്കാൻ വൻകിട കമ്പനികൾക്ക് അവസരം നൽകുന്നതാണ്‌ കേന്ദ്ര സർക്കാരിന്റെ നവഉദാരവൽക്കരണ –-സ്വകാര്യവൽക്കരണ നടപടികൾ. കാർഷിക ബില്ലിലൂടെ കർഷകരുടെയും തൊഴിലാളികളുടെയും അവകാശം കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ വർഗീയ, സാമുദായിക ധ്രുവീകരണത്തിന്‌ ആക്കംകൂട്ടുകയാണ്‌. രാജ്യതാൽപ്പര്യങ്ങൾക്കും ദേശീയതയ്‌ക്കും ഭീഷണിയാണെന്ന്‌ പ്രചരിപ്പിച്ച്‌ കരിനിയമങ്ങൾ പ്രയോഗിച്ച്‌ എതിരഭിപ്രായങ്ങൾ അടിച്ചമർത്തുകയാണ്‌. മനുഷ്യാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും മോഡി ഭരണം ചവിട്ടിമെതിക്കുകയാണ്‌. സർക്കാരിന്റെ ഈ കടന്നാക്രമണങ്ങൾ തടയാൻ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്‌.

 മോഡി ഗവൺമെണ്ട്‌ ഇന്ത്യയെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൈയിലെ കളിപ്പാവയാക്കുകയാണ്‌. വർഗീയശക്തികൾക്കും നവഉദാരവൽക്കരണ സാമ്പത്തിക പരിഷ്‌കർത്താക്കൾക്കുമെതിരെ യോജിച്ച പോരാട്ടം ശക്തമാക്കുന്നതിലൂടെയേ രാജ്യതാൽപ്പര്യവും  പണിയെടുത്ത്‌ ജീവിക്കുന്ന രാജ്യത്തെ  ഭൂരിപക്ഷം ജനങ്ങളുടെയും താൽപ്പര്യവും സംരക്ഷിക്കാനാകൂ. ഭരണഘടനയെ സംരക്ഷിക്കാൻ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ സജീവമാക്കണം. രാജ്യതാൽപ്പര്യവും തെഴിലാളിവർഗ താൽപ്പര്യവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ  രൂപീകരണത്തിന്റെ  ശതാബ്ദി ആചരണവേളയിൽ പ്രതിജ്ഞ ചെയ്യാം.

സീതാറാം യെച്ചൂരി 

No comments:

Post a Comment