Sunday, October 4, 2020

90 സ്‌കൂൾകൂടി മികവിന്റെ കേന്ദ്രങ്ങളായി ; 142 കോടി ചെലവിൽ 54 സ്‌കൂൾ കെട്ടിടംകൂടി

 സംസ്ഥാനത്ത്‌ തൊണ്ണൂറ്‌ പൊതുവിദ്യാലയംകൂടി അന്താരാഷ്ട്ര നിലവാരത്തിൽ. കിഫ്ബിയിൽനിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടവും മൂന്നുകോടി രൂപ ചെലവിട്ട് 20 കെട്ടിടവും പ്ലാൻഫണ്ടിൽ 62 കെട്ടിടവും നബാർഡിന്റെ സഹായത്താൽ നാലു കെട്ടിടവുമാണ് നിർമിച്ചത്‌. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച‌ ഈ സ്‌കൂളുകൾ മുഖ്യമന്ത്രി ശനിയാഴ്‌ച വീഡിയോ കോൺഫറൻസിലൂടെ നാടിന്‌ സമർപ്പിച്ചു‌. ഇതോടെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്തിയ സ്‌കൂൾകെട്ടിടങ്ങളുടെ എണ്ണം 146 ആയി. നേരത്തേ രണ്ട്‌ ഘട്ടത്തിലായി 56 സ്‌കൂൾ കെട്ടിടം നാടിന്‌ സമർപ്പിച്ചിരുന്നു. 

വരും തലമുറയെക്കൂടി കണ്ടാണ്  ഈ മാറ്റങ്ങളെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പണ്ട് പൊതുവിദ്യാലയങ്ങൾ പൂട്ടുന്നതിനെക്കുറിച്ചായിരുന്നു  ചർച്ച. ഇപ്പോൾ സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുമ്പോൾ  പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണവും വർധിച്ചു.  അഞ്ച് ലക്ഷം വിദ്യാർഥികളാണ് പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നത്. നിലവിൽ കോവിഡിന്റെ പ്രതിസന്ധിയുണ്ട്. ഉചിതമായ സമയത്ത്‌ ക്ലാസുകൾ ആരംഭിക്കും‌.  ഓൺലൈൻ വിദ്യാഭ്യാസ രീതി മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കെട്ടിടങ്ങൾ യാഥാർഥ്യമായ 90 ഇടത്തും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ആളുകൾ പങ്കെടുത്തു. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ടി എം തോമസ് ഐസക്‌, ഇ പി ജയരാജൻ എന്നിവർ സംസാരിച്ചു.

142 കോടി ചെലവിൽ  54 സ്‌കൂൾ കെട്ടിടംകൂടി

54 സ്‌കൂൾ കെട്ടിടം കൂടി അന്തരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുന്ന പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. ഇവയ്‌ക്ക്‌  വീഡിയോ കോൺഫറൻസ്‌ വഴി മുഖ്യമന്ത്രി പിണറായി വിജയൻ ശിലകളിട്ടു. കിഫ്ബിയിൽനിന്ന് 102 കോടി രൂപ ചെലവഴിച്ച് 34 കെട്ടിടവും പ്ലാൻ ഫണ്ടിൽനിന്ന് 40 കോടി ചെലവിട്ട്‌ 20 കെട്ടിടവുമാണ് നിർമിക്കുന്നത്‌. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട്, കാസർകോട്  ജില്ലകളിൽ മൂന്നുവീതവും പത്തനംതിട്ടയിൽ നാലും എറണാകുളത്ത് രണ്ടും മലപ്പുറത്ത് ഏഴും കോഴിക്കോട്ട്‌ ഒമ്പതും വയനാട്ടിൽ 17ഉം കെട്ടിടം വരും.

100 സ്‌കൂൾ അന്താരാഷ്‌ട്ര നിലവാരത്തിൽ ; ഏറ്റവും കൂടുതൽ സ്‌കൂളുകൾ മലപ്പുറം ജില്ലയിൽ

നൂറ്‌ സ്‌കൂളിലെ വിദ്യാർഥികളുടെ പഠനം ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽപ്പെടുത്തി കൈറ്റ്‌ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) നവീകരിച്ചത്‌ 100 സ്‌കൂൾ. 434 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം.

അഞ്ച്‌ കോടി രൂപ ചെലവിട്ട്‌ 141സ്‌കൂളും മൂന്ന്‌ കോടി ചെലവിട്ട്‌ മുന്നൂറിലധികം സ്‌കൂളുകളുമാണ്‌ സംസ്ഥാനത്താകെ നവീകരിക്കുന്നത്‌. അഞ്ചുകോടിയുടെ 67 സ്‌കൂളും മൂന്ന്‌ കോടിയുടെ 33 സ്‌കൂളും നവീകരണം കഴിഞ്ഞ്‌ നാടിന്‌ കൈമാറിയിരുന്നു‌.

അഞ്ച്‌ കോടിയുടെ നാല്‌ സ്‌കൂളിന്റെയും മൂന്ന്‌ കോടിയുടെ 20 സ്‌കൂളിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന്‌ രാവിലെ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. നേരത്തെ രണ്ട്‌ ഘട്ടത്തിലായി 56 സ്‌കൂൾ മുഖ്യമന്ത്രി നാടിന്‌ സമർപ്പിച്ചിരുന്നു. 20 സ്‌കൂൾ അടുത്ത ഘട്ടത്തിൽ ഉദ്‌ഘാടനം ചെയ്യും.

ആകെ 19.42 ലക്ഷം ചതുരശ്രഅടി വിസ്തൃതിയിൽ 1617 സ്മാർട്‌ ക്ലാസ്‌ റൂം, 248 ലാബ്‌, 62 ഹാൾ, തിയറ്റർ, 82 അടുക്കള–-- ഡൈനിങ്‌ ഹാൾ, 2573 ശൗചാലയം എന്നിവ തയ്യാറായതായി കൈറ്റ്‌ സിഇഒ അൻവർ സാദത്ത്‌ അറിയിച്ചു. കിഫ്ബി ധനസഹായം, എംഎൽഎ ഫണ്ട്‌ എന്നിവ ഉപയോഗിച്ചാണ്‌ നിർമാണം.

ഏറ്റവും കൂടുതൽ സ്‌കൂളുകൾ മലപ്പുറം ജില്ലയിലാണ്–- 15. കണ്ണൂർ 14, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 12 സ്കൂൾ വീതവും കൈമാറി. എറണാകുളം ജില്ലയിൽ 10ഉം കൊല്ലത്ത് ഒമ്പതും തൃശൂരിൽ എട്ടും കോട്ടയത്ത് ആറും കാസർകോട്‌ നാലും ആലപ്പുഴ, ഇടുക്കി, പാലക്കാട് ജില്ലകളിൽ മൂന്നു‌വീതം സ്കൂളും വയനാട് ജില്ലയിൽ ഒരു സ്കൂളും കൈമാറി.

മികവിന്റെ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങൾ

ജില്ലയിലെ 11 വിദ്യാലയങ്ങൾക്ക്‌ പുതുകെട്ടിടങ്ങളായി. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന സ്‌കൂളുകളിലെ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു.  വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്  അധ്യക്ഷനായി. സ്പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ടി എം തോമസ് ഐസക്, ഇ പി ജയരാജൻ, എ കെ ശശീന്ദ്രൻ, കെ ടി ജലീൽ എന്നിവർ പങ്കെടുത്തു. 

കിഫ്ബി വഴി ലഭിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ച് നിർമിച്ച ചിറ്റാരിപ്പറമ്പ് ജിഎച്ച്എസ്എസ് കെട്ടിടം, മൂന്ന് കോടി രൂപ വീതം ചെലവഴിച്ച് നിർമിച്ച കതിരൂർ ജിവിഎച്ച്എസ്എസ്, ഇരിക്കൂർ ജിഎച്ച്എസ് കെട്ടിടങ്ങൾ, പ്ലാൻ ഫണ്ടുപയോഗിച്ച് നിർമിച്ച പ്രാപ്പൊയിൽ ജിഎച്ച്എസ്എസ്, കടന്നപ്പള്ളി ജിഎച്ച് എസ്എസ്, പുറച്ചേരി ജിയുപി എസ്, ചെറുകുന്ന് ജിഡബ്ല്യു എച്ച്എസ്എസ് കെട്ടിടങ്ങൾ, ചട്ടുകപ്പാറ ജിഎച്ച്എസ്എസ്, നുച്ചിയാട് ജിയുപി എസ്, മട്ടന്നൂർ എംടിഎസ്ജിയുപിഎസ്, കതിരൂർ ജിവിഎച്ച്എസ്, കോട്ടയം മലബാർ ജിഎച്ച്എസ്എസ് കെട്ടിടങ്ങളാണ് ഉദ്‌ഘാടനംചെയ്‌തത്‌.

No comments:

Post a Comment