ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം എന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതവും ദുരുപദിഷ്ടവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആരെയും കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. നിയമപരമായി തന്നെ അതിനെ ആര്‍ക്കും തടയാനോ തടസ്സപ്പെടുത്താനോ കഴിയില്ല. ശിവശങ്കറിനെ അറസ്റ്റിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് ഈ വാര്‍ത്തയിലെ ഒരു ആരോപണം. സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണെങ്കില്‍ പോലും ഈ ആരോപണം എത്രമാത്രം അബദ്ധമാണെന്ന് ഈ മാധ്യമത്തിന്റെ ഉത്തരവാദപ്പെട്ടവര്‍ തന്നെ പരിശോധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സി ഒരാളെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതു തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമോ? അറസ്റ്റ് തടയാന്‍ വേണ്ടിയാണ് ശിവശങ്കറെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പറയുന്നതും ഭാവന തന്നെ. മാധ്യമ വാര്‍ത്തകളില്‍ നിന്ന് മനസ്സിലായത്, ശിവശങ്കറെ ആശുപത്രിയില്‍ കൊണ്ടുപോയത് കസ്റ്റംസ് തന്നെയാണെന്നാണ്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശിവശങ്കറെ അവിടുത്തെ ഡോക്ടര്‍മാരുടെ ശുപാര്‍ശയോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അതു തടയാന്‍ സര്‍ക്കാരിന് കഴിയുമോ? ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും ഡിസ്ചാര്‍ജ് ചെയ്യുന്നതും വൈദ്യശാസ്ത്രപരമായ നടപടിയാണ്. അതില്‍ സര്‍ക്കാരിന് ഒരു കാര്യവുമില്ലെന്ന പ്രാഥമിക അറിവു പോലും ഇല്ലാത്ത മട്ടിലാണ് ഈ വാര്‍ത്ത പടച്ചുണ്ടാക്കിയത്.
അറസ്റ്റുണ്ടായാല്‍ സര്‍ക്കാരിന് വലിയ പ്രതിസന്ധിയുണ്ടാകുമെന്ന വ്യാഖ്യാനം ഈ വാര്‍ത്തയുടെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്. ഏതു പ്രധാനിയാണെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്ന ഉറച്ച നിലപാടാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ എടുത്തിട്ടുളളതെന്ന് നിങ്ങള്‍ക്കറിയാം. തന്റെ പദവിക്ക് ചേരാത്ത ബന്ധം ശിവശങ്കറിന് ഉണ്ടെന്ന് കണ്ടപ്പോഴാണ് ഒരു നിമിഷം വൈകാതെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. തുടര്‍ന്ന് ചീഫ് സെക്രട്ടറിതലത്തില്‍ അന്വേഷണം നടത്തി സസ്‌പെന്റ് ചെയ്തു. ഈ വ്യക്തിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായോ സര്‍ക്കാരുമായോ ഇപ്പോള്‍ ഒരു ബന്ധവും ഇല്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ അന്വേഷണ ഏജന്‍സികള്‍ക്ക് അവരുടെ വഴിക്ക് നീങ്ങാന്‍ ഒരു തടസ്സവും ഇല്ല.
'ശിവശങ്കറിന്റെ അറസ്റ്റിന് കസ്റ്റംസ് നീക്കം: കേന്ദ്രവും സംസ്ഥാനവും നിഴല്‍ യുദ്ധത്തില്‍'- എന്ന തലക്കെട്ടിലാണ് വാര്‍ത്ത. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് തുടക്കം മുതല്‍ എല്ലാ സഹകരണവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുവരുന്നുണ്ട്. ഇക്കാര്യത്തില്‍ മൂന്ന് അന്വേഷണ ഏജന്‍സികളും ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍ണവുമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നതാണ് സര്‍ക്കാരിന്റെ താല്‍പര്യം. കാരണം രാജ്യത്തിന്റെ സാമ്പത്തിക സരുക്ഷിതത്വത്തിന് പോറലുണ്ടാക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണ് നടന്നത്.
നയതന്ത്ര ബാഗേജ് വഴി നടന്ന ഈ കള്ളക്കടത്തിന്റെ വേരുകള്‍ കണ്ടെത്തി മുഴുവന്‍ കുറ്റവാളികളെയും കോടതി മുമ്പാകെ കൊണ്ടുവരുന്നതിനാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സംസ്ഥാനം കത്തെഴുതിയത്. അതനുസരിച്ചുള്ള അന്വേഷണം മുമ്പോട്ടുപോവുകയാണ്. ഈ കേസിന്റെ പേരില്‍ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സര്‍ക്കാരിനെതിരെ ഉണ്ടാക്കുന്ന പുകമറ നീക്കുന്നതിനും അന്വേഷണം നല്ല നിലയില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്വോള്‍, ലൈഫിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോയതിനെ ഈ വാര്‍ത്തയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സ്വര്‍ണക്കടത്ത് അന്വേഷണവും ലൈഫിലെ സിബിഐ അന്വേഷണവും തമ്മില്‍ ഒരു ബന്ധവുമില്ല. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ലംഘിച്ചുവെന്ന് ആരോപിച്ചാണ് സിബിഐ കേസ്സെടുത്തത്. ഈ നിയമം ലൈഫ് പദ്ധതിക്ക് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. സര്‍ക്കാര്‍ വിദേശഫണ്ട് വാങ്ങിയിട്ടില്ലെന്നും എഫ്‌സിആര്‍എയുടെ പരിധിയില്‍ ലൈഫ് മിഷന്‍ വരില്ലെന്നും സ്റ്റേ അനുവദിച്ചുള്ള വിധിയില്‍ ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ അവസാന വിധി വന്നിട്ട് ബാക്കി കാര്യങ്ങള്‍ പറയാം. ലൈഫും സ്വര്‍ണക്കടത്തു കേസും കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതിന്റെ ദുരുദ്ദേശ്യമെന്തെന്നു പറയേണ്ടതില്ലെന്നും അത് ജനങ്ങള്‍ക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി 23 വരെ തടഞ്ഞു
കൊച്ചി> സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി 23 വരെ തടഞ്ഞു.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസ്
അശോക് മേനോന്റെ ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍
ശിവശങ്കറിന്റെ ജാമ്യാപേക്ഷ 23 വരെ കോടതി നേരത്തെ തടഞ്ഞിരുന്നു. രണ്ടു കേസുകളും കോടതി ഒരുമിച്ച് പരിഗണിക്കും. കേസ് ഉടന്‍ കേള്‍ക്കണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി നിരസിച്ചു.
താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണന്ന് ശിവശങ്കര്‍ ബോധിപ്പിച്ചു. വിവിധ ഏജന്‍സികള്‍ 90 മണിക്കൂറോളം ചോദ്യം ചെയ്തിട്ടും ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ഈ മാസം 15ന് എന്‍ഫോഴ്‌സ്‌മെന്റ് മുമ്പാകെ ഹാജരായി. 16ന് വൈകിട്ട്5.10നാണ് തിരുവനന്തപുരത്ത് എത്തിയത്. 5.50 ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ കൂട്ടികൊണ്ടു പോകാനെത്തി.
ഒരു കേസില്‍ അറസ്റ്റിന് വിലക്കുള്ളപ്പോള്‍ വെള്ളിയാഴ്ച വൈകിട്ട് തന്നെ ചോദ്യം ചെയ്യാന്‍ എത്തിയത് ദുരുദ്ദേശപരമാണന്നും നിയമത്തിന്റെ ദുരുപയോഗമാണ് നടന്നതെന്നും ശിവശങ്കര്‍
ചൂണ്ടിക്കാട്ടി. നിരന്തരമായ ചോദ്യം ചെയ്യലില്‍ താന്‍ ക്ഷീണിതനാണന്നും മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണന്നും ശിവശങ്കര്‍ വ്യക്തമാക്കി.
No comments:
Post a Comment