Sunday, October 18, 2020

താഷ്‌കെന്റ്‌ യോഗം അവസാനിച്ചത്‌ ‘ഇന്റർനാഷണലോ’ടെ‌

 അന്ന്‌ ആദ്യമായി ഏഴ്‌ ഇന്ത്യൻ  കമ്യൂണിസ്റ്റുകാരുടെ കണ്ഠങ്ങളിൽനിന്ന്  ‘എഴുന്നേൽപ്പിൻ നിങ്ങൾ തനി പട്ടിണിത്തടവുകാരേ’ എന്ന്‌ ആഹ്വാനം ചെയ്യുന്ന ‌ ‘ഇന്റർനാഷണൽ’ ഗാനം ഉയർന്നു.  താഷ്‌കെന്റിൽ ഇന്ത്യൻ  കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ച 1920 ഒക്‌ടോബർ 17 ന്റെ  യോഗം അവസാനിച്ചത്‌ ‘ഇന്റർനാഷണൽ’ ആലപിച്ചായിരുന്നു.

 

അംഗത്വ നടപടിക്രമങ്ങൾ, പാർടി പരിപാടി തയ്യാറാക്കേണ്ടതിന്റെയും കോമിന്റേണിൽ അഫിലിയേറ്റ്‌ ചെയ്യേണ്ടതിന്റെയും  ആവശ്യകത എന്നിവയെപ്പറ്റിയുള്ള പ്രാഥമിക ചർച്ച യോഗത്തിൽ നടന്നു. ‘പാർടി രൂപീകരണം സംബന്ധിച്ച വിവരം, പാർടി പരിപാടി തയ്യാറാക്കിക്കഴിഞ്ഞ ഉടൻ  മൂന്നാം ഇന്റർനാഷണലിനു സമർപ്പിക്കും’ എന്നാണ്‌ മിനിറ്റ്‌‌സിൽ പറയുന്നത്‌. എന്നാൽ പാർടി പരിപാടി അന്ന്‌ എഴുതിയുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. 1921 ജനുവരി രണ്ടിനു മാത്രമെ അബനി മുഖർജി എഴുതിയുണ്ടാക്കിയ കരട്‌ ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ യോഗത്തിൽ ചർച്ചചെയ്യാൻ കഴിഞ്ഞുള്ളൂ. അതാകട്ടെ  റോയിയുടെ നിർബന്ധമനുസരിച്ച്‌ തിരസ്‌കരിക്കപ്പെട്ടു.

ഒന്നാം ലോകയുദ്ധാനന്തരം സാമ്രാജ്യത്വ വിരുദ്ധ രാഷ്‌ട്രീയത്തിൽ പ്രചോദിതരായി അഫ്‌ഗാനിസ്ഥാനിലേക്കും അവിടെനിന്ന്‌ റഷ്യൻ മേഖലയിലേക്കും പോയ മുഹാജിറുകളിൽ പലരും പ്രത്യയശാസ്‌ത്രപരമായ മാറ്റത്തിനു വിധേയരായി.  അങ്ങനെ ‘ബോൾഷെവിക്കാ’യി മാറിയ  മുഹമ്മദ്‌ ഷെഫീക്കായിരുന്നു താഷ്‌കെന്റിൽ സ്ഥാപിതമായ പാർടിയുടെ സെക്രട്ടറി.

1920ൽ താഷ്‌കെന്റിൽ രൂപീകൃതമായ പാർടിക്ക്‌ വേഗത്തിൽ ഇന്റർനാഷണലിൽ അഫിലിയേഷൻ കിട്ടിയെന്നും അത്‌ ‘വാൻഗാർഡ്‌’ എന്ന പേരിൽ ഇംഗ്ലീഷിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചെന്നും  എസ്‌ എ ഡാങ്കെ  തന്റെ ഗ്രന്ഥത്തിൽ പറയുന്നു. കമ്യൂണിസ്റ്റ്‌‌ ഇന്റർനാഷണലിന്റെ ഭാഗമായ ഇന്ത്യൻ കമ്യൂണിസ്റ്റ്‌‌ പാർടിയുടെ മുഖപത്രമായാണ്‌ ഈ പ്രസിദ്ധീകരണത്തെ വിശേഷിപ്പിച്ചത്‌.

പാർടി സ്ഥാപിച്ച ഒക്‌ടോബറിൽ ‌തന്നെ അവിടെ ഇന്ത്യൻ മിലിട്ടറി സ്‌കൂൾ സ്ഥാപിക്കുകയും സഖാക്കൾക്ക്‌ പരിശീലനം നൽകുകയും ചെയ്‌തു.  1921 മെയ്‌വരെ ഇത്‌ തുടർന്നു. പരിശീലനത്തിനുള്ള  സാമഗ്രികൾ ഒരുക്കിയതും പരിശീലകരെ ഏർപ്പാടാക്കിയതും കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യപഥികരിൽ പ്രമുഖനായ എം എൻ റോയിയായിരുന്നു.  1921 ഏപ്രിൽ 21ന്‌ കമ്യൂണിസ്റ്റ്‌ സർവകലാശാലയായ  ടോയ്‌ലേഴ്‌സ്‌ ഓഫ്‌ ഈസ്റ്റ്‌ സ്ഥാപിതമായി.  കമ്യൂണിസ്റ്റുകാരായി മാറിയ മുൻ മുഹാജിറുകൾ  ഇന്ത്യയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം സംഘടിപ്പിക്കാൻ 1921 മുതൽ രാജ്യത്തിന്റെ വടക്കേ അതിർത്തിവഴി  തിരിച്ചുവരാൻ തുടങ്ങി.  ഇതിനെതിരെ  ബ്രിട്ടീഷ്‌ സർക്കാർ  നടത്തിയ അടിച്ചമർത്തലിന്റെ ഫലമായിരുന്നു  ഗൂഢാലോചനക്കേസുകൾ കെട്ടിച്ചമച്ചത്‌.  മുഹാജിറുകളായിരുന്ന  ഷൗക്കത്ത്‌ ഉസ്‌മാനി,  റഫീക്ക്‌ അഹമ്മദ്‌ എന്നിവർ  മിലിട്ടറി  സ്‌കൂളിൽനിന്ന്‌ പൗരസ്‌ത്യ  തൊഴിലാളികളുടെ സർവകലാശാലയിലേക്ക്‌ മാറിയവരാണ്‌.  ഇങ്ങനെ മിലിട്ടറി സ്‌കൂളിൽനിന്ന്‌ പൗരസ്‌ത്യ തൊഴിലാളികളുടെ സ്‌കൂളിലേക്കു പോയ 21 പേരെപ്പറ്റി പെഷാവർ ഗൂഢാലോചനക്കേസിന്റെ രേഖകളിൽനിന്നു മനസ്സിലാക്കാം. അവരിൽ പത്തു പേരെ ഇന്ത്യയിലേക്കു മടങ്ങുംവഴി അറസ്റ്റുചെയ്‌തു. അവരെ പെഷാവർ ഗൂഢാലോചനക്കേസിൽ വിചാരണ ചെയ്‌ത്‌ പല കാലത്തേക്ക്‌ കഠിനതടവിന്‌ ശിക്ഷിച്ചു.  ഇവരിൽ മീർ അബ്ദുൾ മജീദും ഷൗക്കത്ത്‌ ഉസ്‌മാനിയും  1929ൽ മീററ്റ്‌ ഗൂഢാലോചനക്കേസിലും ശിക്ഷിക്കപ്പെട്ടു.  കമ്യൂണിസ്റ്റ്‌ നേതാവ്‌  മുസഫർ അഹമ്മദ്‌ 1970ൽ പ്രസിദ്ധീകരിച്ച ‘ ഞാനും ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയും’  എന്ന ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്‌ മുഹാജിറുകളായ എം എ മജീദിനും ഫിറോസുദ്ദീൻ മൻസൂറിനുമാണ്‌.

ആദ്യത്തെ ഒത്തുചേരൽ കാൺപുരിൽ

ബ്രി  ട്ടീഷ്‌ ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളും ആശയഗതിക്കാരും സമ്മേളിച്ച ആദ്യത്തെ കമ്യൂണിസ്റ്റ്‌ ഒത്തുചേരലായിരുന്നു കാൺപുർ സമ്മേളനം. 1925 ഡിസംബർ 26 മുതൽ 28 വരെ ആയിരുന്നു ഇത്‌. താഷ്‌ക്കന്റിൽ ഇന്ത്യൻ കമ്യൂണിസ്റ്റ്‌   പാർടി രൂപീകരിച്ചശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളുണ്ടായി. ഇതെല്ലാംകൂടി കാൺപുർ സമ്മേളനത്തിലാണ്‌ കൂടിച്ചേരുന്നത്‌. അഞ്ഞൂറ്‌ പേർ പങ്കെടുത്തു. തമിഴ്‌നാട്ടിൽനിന്നുള്ള ട്രേഡ്‌ യൂണിയൻ നേതാവ്‌ ശിങ്കാരവേലു ചെട്ടിയാർ ആയിരുന്നു അധ്യക്ഷൻ. വിഖ്യാത പണ്ഡിതനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ  ഹസ്രത്ത്‌ മൊഹാനി ആയിരുന്നു  സ്വാഗതസംഘം ചെയർമാൻ. അദ്ദേഹമാണ്‌ കാൺപുർ സമ്മേളനത്തിന്‌ സ്വാഗതം പറഞ്ഞത്‌.

No comments:

Post a Comment