Sunday, October 18, 2020

കേരളത്തിന്റെ ചുവപ്പും വലതുപക്ഷത്തിന്റെ പിന്നോട്ടടിയും

 നൂറുവർഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വപ്‌നങ്ങള്‍ വലിയൊരളവോളം യാഥാര്‍ഥ്യമാക്കുന്നതാണ് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍. ഇതിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കിയും മാധ്യമങ്ങളില്‍ നല്ലൊരു പങ്കിനെ കൂട്ടിയും നുണക്കോട്ടകള്‍ കെട്ടിപ്പൊക്കുകയും കള്ളക്കേസുകള്‍ ചുമത്താന്‍ ഉത്സാഹിക്കുകയും ചെയ്യുന്നു.  ഇത്തരം ഹീനരാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ് 39 വര്‍ഷത്തെ യുഡിഎഫ് സഹവാസം അവസാനിപ്പിച്ച് ഇടതുപക്ഷ ചേരിയിലേക്ക് വരാനുള്ള ജോസ് കെ  മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ തീരുമാനം. ഇത് യുഡിഎഫിന്റെ തകര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടും. കേരളാ കോണ്‍ഗ്രസ് എമ്മിനെ ആകര്‍ഷിക്കാന്‍ ചതുരുപായങ്ങളും പ്രലോഭനങ്ങളും നിർലോഭം നല്‍കിയ ബിജെപിയും നിരാശയിലാണ്. ഇടതുപക്ഷമാണ് ശരി എന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രഖ്യാപനം വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ നേര് തിരിച്ചറിയലാണ്

 

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതിന്റെ നൂറാം വർഷ ആഘോഷം ഒരാണ്ടിലെ പരിപാടികളോടെ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ചതിന്റെ സമാപനമാണ് ഇപ്പോൾ. അർഥപൂർണമായ ഈ ആഘോഷം കേരള രാഷ്ട്രീയത്തെ പുരോഗമനപരമായ ദിശയിലേക്ക് മുന്നോട്ടുകൊണ്ടുപോകുന്നതിന് കരുത്തു പകർന്നിരിക്കുകയാണ്. എൽഡിഎഫിന്റെ ശക്തി വർധിപ്പിക്കുകയും യുഡിഎഫിന്റെ തകർച്ചയ്‌ക്ക്‌ വേഗം കൂട്ടുകയും ചെയ്യുന്ന രാഷ്ട്രീയസംഭവവികാസങ്ങൾ ഇതിന്റെ ഭാഗമായി വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പുരോഗതിക്കും കേരളീയരുടെ ജീവിതനിലവാരവും സാമൂഹ്യബോധവും വളർത്തുന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പങ്കാണ് വഹിച്ചത്.

 കമ്യൂണിസ്റ്റ് പാർടി നാടിന് എന്തുചെയ്‌തെന്ന ചോദ്യം ശത്രുക്കൾ ഉന്നയിക്കുമ്പോൾ അതിനുള്ള മറുപടിയാണ് ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ പൗരന്മാരിൽനിന്ന് വ്യത്യസ്‌തമായി കേരളീയർക്ക് ആയുർദൈർഘ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ. കോവിഡ്–-19 മഹാമാരിയുടെ മുന്നിൽ ലോകം പകച്ചുനിൽക്കുകയും ലോകത്ത് വ്യാപനത്തിൽ രണ്ടാംസ്ഥാനത്ത് ഇന്ത്യ എത്തുകയും ചെയ്‌തിരിക്കുന്ന അവസ്ഥയിലും കോവിഡ് മരണങ്ങൾ കുറയ്‌ക്കാനും രോഗത്തെ പിടിച്ചുകെട്ടുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താനും കേരളത്തിന് കഴിയുന്നു. 1957ലെ ഒന്നാം ഇ എം എസ് സർക്കാർമുതൽ പിണറായി വിജയൻ സർക്കാർവരെയുള്ള കമ്യൂണിസ്റ്റ് നേതൃഭരണങ്ങൾ ആരോഗ്യം ഉൾപ്പെടെയുള്ള രംഗങ്ങളിൽ നടപ്പാക്കിവരുന്ന സാമൂഹ്യ പ്രതിബദ്ധതാനയങ്ങൾ കോവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പ്രധാന ഘടകമായി. 

 റഷ്യയിലെ താഷ്‌കെന്റിൽ 100 വർഷംമുമ്പാണ് കമ്യൂണിസ്റ്റ് പാർടി ഓഫ്‌ ഇന്ത്യ രൂപീകരിച്ചത്. എം എൻ റോയി വിളിച്ചുചേർത്ത യോഗമായിരുന്നു അത്. മുഹമ്മദ്‌ ഷെഫീഖിനെ പാർടി സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് കാര്യപരിപാടി തയ്യാറാക്കി നടപ്പാക്കാനായിരുന്നു ആ യോഗം തീരുമാനിച്ചിരുന്നത്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം തുടങ്ങിയപ്പോൾത്തന്നെ അതിനെ തകർക്കാൻ ഗൂഢാലോചനക്കേസുകളുടെ പരമ്പരയും മർദനവാഴ്ചയും ബ്രിട്ടീഷ് ഭരണവും നാട്ടുഭരണങ്ങളും സൃഷ്ടിച്ചു. പാർടിയെ നിരോധിച്ചതിനെത്തുടർന്ന് രണ്ട് ദശകത്തിലേറെ ഒളിവുപ്രവർത്തനം അടക്കം നടത്തേണ്ടിവന്നു.

കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ ഔദ്യോഗികമായി നിലവിൽവരുംമുമ്പുതന്നെ കമ്യൂണിസ്റ്റ് സ്വാധീനവും മാർക്‌സിസ്റ്റ് തത്വശാസ്‌ത്രത്തിന്റെ ഇടപെടലും സാമൂഹ്യ– -രാഷ്ട്രീയ ജീവിതത്തിലുണ്ടായി. 1912ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാൾ മാർക്‌സിന്റെ ജീവചരിത്രം ‘സമഷ്ടിവാദം' എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. 1932ൽ ഇടപ്പള്ളി കരുണാകര മേനോൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ‘സമഷ്ടിവാദ വിജ്ഞാപനം' എന്ന ശീർഷകത്തിൽ മൊഴിമാറ്റി പ്രസിദ്ധീകരിച്ചു. റഷ്യൻ വിപ്ലവത്തിൽ ആവേശംകൊള്ളുന്ന അത്തരം ആശയപ്രചാരണങ്ങളെ തടയാൻ ബ്രിട്ടീഷ് ഭരണവും നാട്ടുരാജാക്കന്മാരും കേരളത്തിലും ഇടപെട്ടിരുന്നു. 

ഇന്ത്യയിൽ ബോൾഷെവിസം പ്രചരിപ്പിക്കുന്നത് ഖിലാഫത്ത് പ്രസ്ഥാനം വഴിയാണെന്ന് ബ്രിട്ടീഷ് ഭരണകൂടം നിഗമനത്തിലെത്തി. അതുപ്രകാരം ലഘുലേഖകൾ പിടികൂടാൻ കൊച്ചി രാജ്യത്തടക്കം പ്രത്യേക പൊലീസ് സേനയെ നിയോഗിച്ചിരുന്നു. മദ്രാസ് പ്രവിശ്യയിലാകട്ടെ അവിടെയെത്തുന്ന എല്ലാ അന്യനാട്ടുകാരെയും നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് മലബാർ. ഇത്തരം ഭരണകൂട ഇടപെടലുകളെയെല്ലാം മറികടന്നുകൊണ്ടാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നുവികസിച്ചത്. 

കേരളത്തിൽ 34,854 ബ്രാഞ്ചും 5,06,058 അംഗങ്ങളും സിപിഐ എമ്മിനുണ്ട്. 1937ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ കേരള ഘടകത്തിന് തുടക്കമായപ്പോൾ അംഗങ്ങൾ വിരലിൽ എണ്ണാവുന്നവർമാത്രമായിരുന്നു. പാർടി പ്രതിനിധിയായി എസ്‌ വി ഘാട്ടെ രഹസ്യമായി കോഴിക്കോട്ടെത്തി പാർടിയുടെ രഹസ്യ സംഘടന രൂപീകരിക്കുകയായിരുന്നു. പി കൃഷ്‌ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട്, എൻ സി ശേഖർ, കെ ദാമോദരൻ എന്നിവരടങ്ങിയ ഘടകമാണ് അന്ന് രൂപീകരിച്ചത്. 1939ന് ഒടുവിൽ പിണറായിയിലെ പാറപ്പുറത്ത്‌ ചേർന്ന സമ്മേളനത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയാകെ കമ്യൂണിസ്റ്റ് പാർടിയായി. അതോടെ കമ്യൂണിസ്റ്റ് പാർടി നാട്ടിൽ സജീവമായി. 

1940ൽ രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യ പങ്കാളിയായി എന്ന് ലണ്ടനിലെ ഇന്ത്യ സെക്രട്ടറി അമറി സായിപ്പ് ബ്രിട്ടീഷ് പാർലമെന്റിൽ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സമ്മതമില്ലാതെ ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിയ ഈ പ്രഖ്യാപനത്തിലും തുടർന്നുണ്ടായ കടുത്ത മർദനങ്ങളിലും പ്രതിഷേധിക്കാൻ 1940 സെപ്‌തംബർ 15 മർദന പ്രതിഷേധ ദിനമായി ആചരിക്കാൻ കോൺഗ്രസിന്റെ ആഹ്വാനം. പക്ഷേ, ദിനാചരണത്തിന് മുന്നിൽനിന്ന് പ്രവർത്തിച്ചത് കമ്യൂണിസ്റ്റുകാരാണ്. ഇതിനെ നിരോധിച്ച് സർക്കാർ കൽപ്പന വന്നു. എന്നാൽ, നിരോധനാജ്ഞ ലംഘിച്ച് തലശേരി, മട്ടന്നൂർ, മൊറാഴ എന്നിവിടങ്ങളിൽ വെടിവയ്‌പ്‌ നടന്നു. ജനങ്ങൾ സംഘടിതമായി തിരിച്ചടിച്ചു. മൊറാഴയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. തലശേരിയിലെ പൊലീസ് വെടിവയ്‌പിൽ അബു, ചാത്തുക്കുട്ടി എന്നീ സഖാക്കൾ രക്തസാക്ഷികളായി. 

മൊറാഴയിൽ പൊലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ എടുത്ത കേസിൽ കെ പി ആർ ഗോപാലനെ തൂക്കിക്കൊല്ലാൻ വിധിച്ചു. തുടർന്ന് കെ പി ആറിനെ രക്ഷിക്കാൻ കമ്യൂണിസ്റ്റ് പാർടി നടത്തിയ ബഹുജന പ്രക്ഷോഭം ഇന്ത്യയിൽ മാത്രമല്ല, ബ്രിട്ടനിൽപ്പോലും അലകളുയർത്തി. ലണ്ടൻ തെരുവിൽപ്പോലും പ്രകടനം നടന്നു. അങ്ങനെ കെ പി ആറിന്റെ ജീവൻ രക്ഷിക്കാൻ  കഴിഞ്ഞു. കൊലമരച്ചുവട്ടിൽനിന്നുള്ള കമ്യൂണിസ്റ്റ് നേതാവിന്റെ തിരിച്ചുവരവ്. കയ്യൂർ സമരപോരാളികളായ മഠത്തിൽ അപ്പു, ചിരുകണ്ഠൻ, കുഞ്ഞമ്പു നായർ, അബൂബക്കർ എന്നിവരെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റി. കൊലമരംകൊണ്ട് കമ്യൂണിസത്തെ തച്ചുടയ്‌ക്കാമെന്ന ശത്രുപക്ഷത്തിന്റെ മോഹം നടക്കില്ലെന്ന് പിൽക്കാല ചുവപ്പുകേരളം തെളിയിച്ചു. 

ദേശീയമായി നാവികസേനാ കലാപവും റെയിൽവേ തൊഴിലാളികളുടെയും പോസ്റ്റൽ തൊഴിലാളികളുടെയും പണിമുടക്കുമുണ്ടായി. 1946ൽ പുന്നപ്ര വയലാർ സമരത്തിൽ ആയിരങ്ങൾ രക്തസാക്ഷികളായി. കുറെയേറെപ്പേരെ കാണാതായി. തിരുവിതാംകൂർ പ്രത്യേകരാജ്യമായി നിലനിൽക്കുന്നതിനുള്ള ദിവാന്റെയും രാജാവിന്റെയും കുടിലതന്ത്രത്തെ പൊളിച്ചത് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ പുന്നപ്രയിലും വയലാറിലും നടന്ന സമരമായിരുന്നു. ഈ സമരങ്ങളൊന്നും സ്വാതന്ത്ര്യസമരമല്ല എന്നാണ് മോഡി സർക്കാരിന്റെ ചരിത്രഗവേഷണ കൗൺസിലിന്റെ വിലയിരുത്തൽ. ഇത്തരം അസംബന്ധങ്ങൾകൊണ്ടൊന്നും ജനങ്ങൾ ചോരചിന്തി രചിച്ച ചരിത്രത്തെ തമസ്‌കരിക്കാനാകില്ല. 

1948–-51 കാലത്ത് കേരളത്തിലെ പാർടി അതിസങ്കീർണമായ ഭരണകൂട ഭീകരതയാണ് നേരിട്ടത്. ശൂരനാട് കലാപമടക്കമുള്ള നിണമണിഞ്ഞ സംഭവങ്ങൾ ഈ കാലഘട്ടത്തിലുണ്ടായി. കമ്യൂണിസ്റ്റുകാരെ കണ്ടാൽ കെട്ടിയിട്ട് വെടിവച്ച് കൊല്ലുക എന്ന രീതിപോലും ഉണ്ടായി. തില്ലങ്കേരിയിൽ അനന്തനെ ഈന്തുമരത്തിൽ കെട്ടിയിട്ട് വെടിവച്ച് കൊല്ലുകയായിരുന്നു. ജയിലിൽ കിടന്ന സഖാക്കളെ ജാമ്യത്തിലിറക്കുന്നുവെന്നു പറഞ്ഞ് ജയിലിൽനിന്ന് പുറത്തുകൊണ്ടുവന്ന് പാടിക്കുന്നിൽ വെടിവച്ചുകൊന്നു. കാവുമ്പായി, പായം, പാടിക്കുന്ന്, മുനയൻകുന്ന്, ഒഞ്ചിയം ഇങ്ങനെ വിപ്ലവകാരികളുടെ സിരകളെ തീപിടിപ്പിക്കുന്ന എത്രയെത്ര സ്ഥലനാമങ്ങൾ. 

ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് പാർടി, സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തി. 1957 ഏപ്രിൽ അഞ്ചിന് അധികാരത്തിലെത്തിയ ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ 1959 ജൂലൈ 31ന് കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. അത്തരം നടപടികൊണ്ട് കമ്യൂണിസ്റ്റുകാർ സംസ്ഥാനത്ത് അധികാരത്തിലേ വരില്ല എന്ന ശത്രുവർഗത്തിന്റെ മോഹം തകർന്നടിഞ്ഞു. ഇതിനകം ഇടതുപക്ഷ നേതൃത്വത്തിൽ ഏഴ് സർക്കാരുകൾ വന്നു. 1964ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ ഭിന്നിപ്പിനെത്തുടർന്ന് സിപിഐ എം രൂപീകൃതമായപ്പോൾ ആ പ്രസ്ഥാനത്തെ വളർത്താനും സംരക്ഷിക്കാനും കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ തയ്യാറായി. അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ചു. ഈ പ്രസ്ഥാനത്തെ കാത്തുരക്ഷിക്കുന്നതിനുവേണ്ടി പോരാടി രക്തസാക്ഷിയാകുന്നവരുടെ സംഖ്യ ചെറുതല്ല. 

മൂന്ന് ഭാഗമായിരുന്ന കേരളത്തെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമാക്കി മാറ്റുന്നതിന് വലിയ പ്രക്ഷോഭം കമ്യൂണിസ്റ്റ് പാർടി സംഘടിപ്പിച്ചു. സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം മുന്നോട്ടുവച്ച സർ സിപിക്കെതിരെ ഐക്യകേരളം സിന്ദാബാദ്, സ്വതന്ത്ര തിരുവിതാംകൂർ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി പുന്നപ്ര–- വയലാർ സമരത്തിന് നേതൃത്വം കൊടുത്തത് കമ്യൂണിസ്റ്റുകാരായിരുന്നു. ഐക്യകേരളത്തിന് ഇ എം എസ് എഴുതിയ ഒന്നരക്കോടി മലയാളികൾ, കേരളം മലയാളികളുടെ മാതൃഭൂമി തുടങ്ങിയ പുസ്‌തകങ്ങൾ ഐക്യകേരള പ്രസ്ഥാനത്തിന് ആശയ അടിത്തറ ഉറപ്പിച്ചു. ഇതിനൊപ്പം ഐക്യകേരളത്തിനായി സംസ്ഥാനത്തെമ്പാടും കലാസമിതികൾ രൂപീകരിച്ച് പ്രവർത്തിക്കുകയും ചെയ്‌തു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന് ആർഎസ്എസും മറ്റും എതിരായിരുന്നു. അത്തരം എതിർപ്പുകളെ അവഗണിച്ച് കേരളീയരെ ഒരു മാലയിൽ കോർത്ത മുത്തുകളെപ്പോലെ അണിനിരത്തി ഐക്യകേരളം യാഥാർഥ്യമാക്കിയതിൽ കമ്യൂണിസ്റ്റുകാരോളം പങ്ക് മറ്റൊരു പ്രസ്ഥാനത്തിനും ഇല്ല.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം യാഥാർഥ്യമാകുമെന്ന് വന്നപ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികൾ കാണിച്ച ചാഞ്ചാട്ടവും മറക്കാവുന്നതല്ല. രാജാധിപത്യവും സാമ്രാജ്യത്വ താൽപ്പര്യവും സംരക്ഷിച്ചുകൊണ്ടുള്ള ഐക്യകേരളമെന്ന കാഴ്‌ചപ്പാട് കൊച്ചി രാജാവ് മുന്നോട്ടുവച്ചപ്പോൾ അതിനെ കോൺഗ്രസിലെ നേതാക്കൾ അനുകൂലിക്കുന്ന സ്ഥിതിയുണ്ടായി. എന്നാൽ, രാജാധിപത്യവും സാമ്രാജ്യത്വ താൽപ്പര്യവുമില്ലാത്ത, ഫ്യൂഡൽ മേധാവിത്വത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള കേരളം എന്ന കാഴ്‌ചപ്പാടാണ് കമ്യൂണിസ്റ്റ് പാർടി മുറുകെപ്പിടിച്ചത്.

കേരള വികസനത്തിന് ഒരു രേഖ ഐക്യകേരളം രൂപപ്പെടുന്നതിനുമുമ്പുതന്നെ കമ്യൂണിസ്റ്റ് പാർടി അംഗീകരിച്ചിരുന്നു. ജന്മിത്തവും രാജാധിപത്യവും സാമ്രാജ്യത്വ താൽപ്പര്യവുമില്ലാത്ത നാട് എന്നതായിരുന്നു കാഴ്‌ചപ്പാട്. അധികാരത്തിൽ ഉള്ളപ്പോൾ ഭരണത്തിലൂടെയും പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രക്ഷോഭങ്ങളിലൂടെയും ഈ നയം നടപ്പാക്കാനാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെയാണ് കേരളത്തിന്റെ മതേതര പാരമ്പര്യത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്താൻ കഴിയുന്നത്. ആധുനിക കേരളത്തിന്റെ മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതും കമ്യൂണിസ്റ്റുകാരാണ്. അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, സാക്ഷരതാപ്രസ്ഥാനം, സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഇതെല്ലാം ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകൾ നടപ്പാക്കി. കേരളത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ഭാവിക്ക് വെല്ലുവിളി ഉയർത്തുന്ന ഭൂരിപക്ഷ–- ന്യൂനപക്ഷ വർഗീയശക്തികളെ ഒറ്റപ്പെടുത്തുന്നതിൽ സന്ധിയില്ലാത്ത പോരാട്ടമാണ് കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത്. ഇതിനെ ചെറുക്കാൻ കോ–-ലീ–-ബി സഖ്യവുമായി ഇറങ്ങിയിരിക്കുകയാണ് വലതുപക്ഷ രാഷ്ട്രീയശക്തികൾ. 

നൂറുവർഷം പൂർത്തിയാക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വപ്‌നങ്ങൾ വലിയൊരളവോളം യാഥാർഥ്യമാക്കുന്നതാണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ. ഇതിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കിയും മാധ്യമങ്ങളിൽ നല്ലൊരു പങ്കിനെ കൂട്ടിയും നുണക്കോട്ടകൾ കെട്ടിപ്പൊക്കുകയും കള്ളക്കേസുകൾ ചുമത്താൻ ഉത്സാഹിക്കുകയും ചെയ്യുന്നു. ഇത്തരം ഹീനരാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ് 39 വർഷത്തെ യുഡിഎഫ് സഹവാസം അവസാനിപ്പിച്ച് ഇടതുപക്ഷ ചേരിയിലേക്ക് വരാനുള്ള ജോസ് കെ  മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ തീരുമാനം. ഇത് യുഡിഎഫിന്റെ തകർച്ചയ്‌ക്ക്‌ ആക്കം കൂട്ടും. കേരള കോൺഗ്രസ് എമ്മിനെ ആകർഷിക്കാൻ ചതുരുപായങ്ങളും പ്രലോഭനങ്ങളും നിർലോഭം നൽകിയ ബിജെപിയും നിരാശയിലാണ്. ഇടതുപക്ഷമാണ് ശരി എന്ന കേരള കോൺഗ്രസ് എമ്മിന്റെ പ്രഖ്യാപനം വർത്തമാനകാല രാഷ്ട്രീയത്തിലെ നേര് തിരിച്ചറിയലാണ്. കമ്പോളവ്യവസ്ഥയെ തിരസ്‌കരിച്ച് സമത്വത്തിന്റെ ആശയത്തിനായി ചാക്രികലേഖനം പ്രസിദ്ധീകരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകളോട് ഇത് കൂറ് പുലർത്തുകയും ചെയ്യുന്നു. 

കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികം സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി വളർത്തുന്നതിനൊപ്പം ഇടതുപക്ഷജനാധിപത്യ മുന്നണി രാഷ്ട്രീയത്തെ പ്രബലപ്പെടുത്തുന്നതിനും ഉപയോഗിക്കണമെന്നാണ് കഴിഞ്ഞ വർഷം പാർടി ആഹ്വാനം ചെയ്‌തത്. അതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം കൂടുതലായി ഉണ്ടാകുന്നുവെന്നാണ് വർത്തമാനകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവിക്ക് ശക്തമായ കമ്യൂണിസ്റ്റ് പ്രസ്ഥാനം അനിവാര്യമാണ്. ഈ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാൻ നമുക്കാകണം.

കോടിയേരി ബാലകൃഷ്‌ണന്‍ 

No comments:

Post a Comment