Thursday, October 15, 2020

ആരോഗ്യ, ഗവേഷണരംഗത്ത് ലോകപ്രശസ്ത നിലയിലേക്ക് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉയരും: മുഖ്യമന്ത്രി

 ആരോഗ്യ, ഗവേഷണരംഗത്ത് മുതല്‍ക്കൂട്ടായി ലോക നിലവാരത്തിലേക്ക് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം തോന്നയ്‌ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിപ്പയെ പിടിച്ചുകെട്ടാനും കോവിഡിനെ പ്രതിരോധിക്കാനും നമുക്ക് കഴിഞ്ഞത് കേരളത്തില്‍ ശക്തമായ പൊതുജനാരോഗ്യ സംവിധാനമുള്ളതുകൊണ്ടാണ്. ആര്‍ദ്രം മിഷനിലൂടെ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെയാകെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അതുകൊണ്ടുമാത്രം നാമിന്ന് അഭിമുഖീകരിക്കുന്ന ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെയും പുതുതായി കാണപ്പെടുന്ന പകര്‍ച്ചവ്യാധികളെയും ഫലപ്രദമായി തടയാനാകില്ല. അതിന് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പോലുള്ള സ്ഥാപനങ്ങള്‍ അനിവാര്യമാണ്. ഇത്തരം രോഗങ്ങളെ പ്രവചിക്കാനും പ്രതിരോധിക്കാനുമാണ് സ്ഥാപനം നാം ആരംഭിച്ചത്. വിവിധങ്ങളായ വൈറസുകള്‍, വൈറല്‍ അണുബാധകള്‍ തുടങ്ങിയവയെക്കുറിച്ച് ഗവേഷണം നടക്കുന്നതിനും അതിന്റെ ക്ലിനിക്കല്‍ വശങ്ങള്‍ അവലോകനം ചെയ്യുന്നതിനുമാണീ സ്ഥാപനം.

2017ല്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരും മലയാളികളുമായ പ്രൊഫ: എം.വി. പിള്ള, ഡോ: ശാര്‍ങ്ധരന്‍ എന്നിവരാണ് പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനത്തിന് ഒരു സ്ഥാപനം കേരളത്തിലില്ല എന്ന ന്യൂനത  ചൂണ്ടിക്കാണിച്ചത്. അവരുടെ അഭിപ്രായം പരിഗണിച്ചാണ് കേരളത്തിലൊരു വൈറോളജി ഗവേഷണ കേന്ദ്രം വേണമെന്ന് തീരുമാനിച്ചത്. ആ തീരുമാനം ശരിയായിരുന്നുവെന്നാണ് പിന്നീടുള്ള നമ്മുടെ അനുഭവം തെളിയിക്കുന്നത്. 2018ല്‍ നിപ വൈറസ് ബാധയുണ്ടായുണ്ടായപ്പോള്‍ ആരോഗ്യരംഗത്തെ വിദഗ്ധമായ ഇടപെടലുകളിലൂടെയാണ് അതിന്റെ വ്യാപനം നമുക്ക് തടയാനായത്.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ചുമതല നല്‍കിയത്. ഡോ. എം.വി. പിള്ളയും ഡോ: ശാര്‍ങധരനും നമ്മെ ലോക വൈറോളജി നെറ്റ്‌വര്‍ക്കിലേക്ക്  ബന്ധിപ്പിച്ചു. ഡോ. റോബര്‍ട്ട് ഗാലോ, ഡോ. വില്യം ഹാള്‍ എന്നീ പ്രശസ്ത വൈറോളജി വിദഗ്ധരുമായി സഹകരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ വിദഗ്ധരും സഹകരിച്ചു. ഡോ. വില്യം ഹാളിനെ മുഖ്യ ഉപദേശകനായി നിയമിക്കുകയും അദ്ദേഹം ഇവിടം സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു തുടര്‍പ്രവര്‍ത്തനങ്ങള്‍.

No comments:

Post a Comment