Sunday, October 18, 2020

ജനസാന്ദ്രത കൂടിയിട്ടും കേരളത്തില്‍ മരണനിരക്ക് കുറവ്; ഇത് ശാസ്ത്രീയമായ കോവിഡ് പ്രതിരോധം കൊണ്ട്: ആരോഗ്യമന്ത്രി

 കേസുകളുടെ എണ്ണം കൂടിയപ്പോഴും കേരളത്തില്‍ മാത്രമാണ് മരണനിരക്ക് താഴേക്ക്  വന്നിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മെയ് മാസത്തില്‍ 0.77 ശതമാനമാണ് മരണനിരക്കെങ്കില്‍  ജൂണിലത് 0.45 ശതമാനമായി. ആഗസ്റ്റിലത്  0.4 ശതമാനമായി.  ഇന്ത്യയിലെയും ലോകത്തിലേയും  ഏറ്റവും മികച്ച റിക്കവറി നിരക്കാണ് കേരളത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

 മറ്റ് സംസ്ഥാനങ്ങളില്‍ 4 ദിവസത്തിനുള്ളില്‍ ലക്ഷണില്ലെന്ന് കണ്ടാല്‍  രോഗവിമുക്തി നേടി എന്ന നിലയില്‍ ഡിസ്ചാര്‍ജ് ചെയ്യുകയാണ്. കേരളത്തില്‍ 10ദിവസത്തിന് ശേഷം പരിശോധന നടത്തിയാണ് ആളുകളെ വീട്ടിലേക്ക് തിരിച്ചയക്കുന്നത്.  കേരളത്തിലെ മരണ നിരക്ക് 10 ലക്ഷത്തില്‍ 34 ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനും വളരെ കൂടുതലാണ്.  കേരളം കോവിഡിനെ പ്രതിരോധിക്കാന്‍ വളരെ ശാസ്ത്രീയമായി ഇടപെടുന്നു എന്ന് തന്നെയാണിത് കാണിക്കുന്നത്.

സംസ്ഥാനത്ത് മരണ നിരക്ക് 0.34 ആകുമ്പോള്‍ കര്‍ണാടകയില്‍ അത് 1.62 ശതമാനമാണ്. ഒരു ശതമാനത്തില്‍ കൂടുതലെന്നാല്‍ വളരെ അധികം ആളുകള്‍ മരിക്കുന്നു എന്നാണര്‍ഥം. 10,356 ആളുകളാണ് കര്‍ണാടകയില്‍ മരിച്ചത്. 41,752  ആളുകള്‍ മഹാരാഷ്ട്രയില്‍ മരിച്ചു. കേരളത്തില്‍ കൃത്യമായ ജാഗ്രത കൊണ്ടാണ്   1161 ല്‍ മരണ സംഖ്യ ഒതുക്കാനായത്.

കേരളത്തിന്റെ ജനസാന്ദ്രത കൂടുതലായതിനാല്‍ മറ്റ് സംസ്ഥാനത്തെ കണക്ക് വച്ച് നോക്കിയാല്‍ കൂടുതല്‍ പേര്‍ മരിക്കുമായിരുന്നു. എന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനം കൃത്യമായി ഉപയോഗപ്പെടുത്തി എന്നത് തന്നെയാണ് മരണനിരക്ക് കുറഞ്ഞതിന് കാരണം.

ടെസ്റ്റ് കുറവാണെന്നാണ് മറ്റൊരാരോപണം. ടെസ്റ്റ് കുറയുന്നത് കൊണ്ടല്ല, മറിച്ച് ചില സ്ഥലങ്ങളില്‍ രോഗവ്യാപനം കൂടുതലുണ്ടായതാണ് രോഗികള്‍ വര്‍ധിച്ചതിന് കാരണമായത്. ടെസ്റ്റിന്റെ എണ്ണം ശാസ്ത്രീയമായി തന്നെ വര്‍ധിപ്പിച്ചു. ലക്ഷണമുള്ള കേസുകളൊക്കെ പരിശോധിക്കപ്പെടുന്നുണ്ട്. അടുത്ത സമ്പര്‍ക്കങ്ങളും പരിശോധിക്കുന്നു. ആളുകള്‍ ഒരുമിച്ച് താമസിക്കുന്ന മുഴുവന്‍ സ്ഥലത്തും  പരിശോധന നടത്തി.

50,000 ത്തിനും 60,000 നും ഇടയില്‍ പരിശോധന അടുത്ത സമയങ്ങളില്‍ നടത്തി. എല്ലാവര്‍ക്കും വേണ്ട സഹായം വീടുകളിലെത്തിക്കുന്നുണ്ട്. പല മാധ്യമങ്ങളും പരിശോധന കുറവുണ്ടെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ അപൂര്‍വ്വം ചിലര്‍ മാത്രമാണ് മരണനിരക്ക് കുറവാണെന്ന് പറയുന്നത്. കുറ്റം പറയുന്നവര്‍ക്ക് എന്തും പറയാം.

ആരോഗ്യ പ്രവര്‍ത്തകര്‍ രാപകലില്ലാതെ പണിയെടുക്കുകയാണ്. കേരളത്തില്‍ വെന്റിലേറ്ററില്ല എന്നതാണ് മറ്റൊരു പ്രചരണം.വെന്റിലേറ്റര്‍ തീര്‍ന്നു എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത്.കേരളത്തിലാകെ നിലവില്‍  2141 ഐസിയുവാണുള്ളത്.  ഇതില്‍  പകുതിയോളം ഇപ്പോള്‍ കോവിഡിനായി ഉണ്ടാക്കിയെടുത്തതാണ്.  445 പേരാണ് അതില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്.അതായത് 21 ശതമാനം ഐസിയുവിലാണ് രോഗികളുള്ളത്.

2169 വെന്റിലേറ്റര്‍ സര്‍ക്കാര്‍ മേഖലയിലുണ്ട്. 1507 ഐസിയു വെന്റിലേറ്ററുകള്‍ ഇതിലുണ്ട്. ഇതില്‍ 104 എണ്ണത്തില്‍ മാത്രമാണ്  രോഗികളുള്ളത്. അതായത് 5 ശതമാനം മാത്രം . ചില ആശുപത്രിയില്‍ വെന്റിലേറ്റര്‍ നിറഞ്ഞ അവസ്ഥയുണ്ടായിട്ടുണ്ടാകും. അത്തരം അവസ്ഥയില്‍ വെന്റിലേറ്ററുള്ള മറ്റ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുകയാണ് ചെയ്യുന്നത്.  എന്നാല്‍  ചില ആശുപത്രികളില്‍  വെന്റിലേറ്റര്‍ പൂര്‍ണമായി ഒഴിഞ്ഞും കിടക്കുന്നു. അവിടെ പുതിയ രോഗിയെ  അഡ്മിറ്റ് ചെയ്യാനാകുന്നു. ഇതിനെയാണ് വെന്റലേറ്റര്‍ തീര്‍ന്നു എന്ന വ്യാജ വാര്‍ത്ത വാര്‍ത്തയായി പ്രചരിപ്പിച്ചത്

സ്വകാര്യ മേഖലയില്‍ 7085 ഐസിയു യൂണിറ്റുണ്ട്. ഇതില്‍ 275 എണ്ണത്തില്‍ മാത്രമാണ് ആളുള്ളത്. അതായത് 3.88 ശതമാനം മാത്രം. വെന്റിലേറ്റര്‍ 1523 എണ്ണം സ്വകാര്യ മേഖലയിലുണ്ട്. ഇതില്‍ 65 എണ്ണം മാത്രമെ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളു. ലോകത്താകെ വെന്റിലേറ്റര്‍ ക്ഷാമമുണ്ടായിട്ടും ആവശ്യാനുസരണം  ലഭ്യമാക്കി. ഇതുപോലെ തന്നെ ഓക്‌സിജന്‍ ആവശ്യത്തിനില്ല  എന്നും പ്രചരണമുണ്ടായി. എന്നാല്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് തുടക്കം മുതല്‍ തന്നെ നടപടി സ്വീകരിച്ചിരുന്നു. ഇതിനായി ഓക്‌സിജന്‍ പ്ലാന്റ്  സ്ഥാപിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇടപെട്ടു. എല്ലാ ദിവസവും ഓക്‌സിജന്‍ ഓഡിറ്റും നടത്തുന്നുണ്ടെ്‌നും കെകെ ശൈലജ  വ്യക്തമാക്കി

No comments:

Post a Comment