Friday, October 2, 2020

തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കരുത്‌: സുപ്രീംകോടതി

 മഹാമാരിയുടെ മറവിൽ തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന നടപടികൾ  തൊഴിലുടമകളുടെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന്‌ ഉണ്ടാകരുതെന്ന്‌ സുപ്രീംകോടതി. തൊഴിലാളികൾക്ക്‌ ഓവർടൈം കൂലി നൽകേണ്ടതില്ലെന്ന്‌ വ്യവസ്ഥ ചെയ്‌ത്‌ ഗുജറാത്ത്‌ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയാണ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. കോവിഡ്‌ അടച്ചുപൂട്ടൽ കാലയളവായ ഏപ്രിൽ 20 മുതൽ ജൂലൈ 19 വരെ  തൊഴിലാളികൾക്ക്‌ ഓവർടൈം കൂലി നൽകേണ്ടതില്ലെന്നായിരുന്നു വിജ്ഞാപനത്തിലെ വ്യവസ്ഥ.

‘മഹാമാരികൾ തൊഴിലാളികൾക്ക്‌ അവരുടെ തൊഴിൽ അന്തസ്സോടെ  ചെയ്യാനുള്ള അവകാശങ്ങൾ റദ്ദാക്കാനുള്ള അവസരമാക്കരുത്‌. തൊഴിലാളികൾക്ക്‌ ന്യായമായ വേതനത്തിനും നല്ല തൊഴിൽസാഹചര്യങ്ങൾക്കുമുള്ള അവകാശങ്ങളുണ്ടെന്ന വസ്‌തുത വിസ്‌മരിക്കരുത്‌’–- ജസ്‌റ്റിസുമാരായ കെ എം ജോസഫ്‌, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചൂണ്ടിക്കാണിച്ചു.

കോവിഡ്‌ കാലയളവിൽ വ്യവസായസ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കാനാണ്‌ വിജ്ഞാപനം ഇറക്കിയതെന്ന ഗുജറാത്ത്‌ സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. സാമ്പത്തിക പ്രതിസന്ധി മുതലാളിമാർക്ക്‌ മാത്രമുള്ള കാര്യമല്ലെന്നും  പ്രതിസന്ധിയുടെ ഭാരം തൊഴിലാളികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത്‌ ശരിയായ നടപടി അല്ലെന്നും കോടതി പ്രതികരിച്ചു. അർഹരായ എല്ലാ തൊഴിലാളികൾക്കും ഓവർടൈം വേതനം നൽകണമെന്നും കോടതി നിർദേശിച്ചു.

എം അഖിൽ 

No comments:

Post a Comment