Friday, October 2, 2020

എല്ലാം നേതാക്കൾ പറഞ്ഞിട്ട്‌ ; വെളിപ്പെടുത്തലുകളുമായി കർസേവകർ

 എൽ കെ അദ്വാനി അടക്കമുള്ള സംഘപരിവാർ നേതാക്കളുടെ നിർദേശപ്രകാരമാണ്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്തതെന്ന വെളിപ്പെടുത്തലുമായി നിരവധി കർസേവകർ. ബാബ്‌റി മസ്‌‌ജിദ്‌ ധ്വംസനത്തിന്റെ 25–-ാം വാർഷികത്തിൽ ഒരു വാർത്താപോർട്ടലിന്‌ നൽകിയ അഭിമുഖത്തിലാണ്‌ നേതാക്കളുടെ നിർദേശപ്രകാരമാണ്‌ പള്ളിപൊളിച്ചതെന്ന‌ തുറന്നുപറച്ചിൽ. സിബിഐ കുറ്റപത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കർസേവകനായ സന്തോഷ്‌ ദൂബെയടക്കമുള്ളവരാണ്‌ നേതാക്കളുടെ നിർദേശപ്രകാരം പള്ളി തകർത്തതെന്ന്‌ വ്യക്തമാക്കിയത്‌.



അദ്വാനി പറഞ്ഞത്‌

1992 ഡിസംബർ മൂന്നിന്‌ യുപിയിലെ റവന്യൂ മന്ത്രിയും ബിജെപി നേതാവുമായ ബ്രംദത്ത്‌ ദ്വിവേദി ഫൈസാബാദിലെ ദൂബെയുടെ വസതിയിലെത്തി. അദ്വാനി കാണാൻ താൽപ്പര്യപ്പെടുന്നതായി അറിയിച്ചു. അയോധ്യയിലെ ഹനുമാൻബാഗ്‌ ക്ഷേത്രത്തിൽ മുതിർന്ന ബിജെപി–- വിഎച്ച്‌പി നേതാക്കളുടെ യോഗത്തിലായിരുന്നു അദ്വാനി. ഒരു വെല്ലുവിളി ഏറ്റെടുക്കാൻ ആവശ്യപ്പെടുംവിധമാണ്‌ അദ്വാനി സംസാരിച്ചത്‌. പള്ളിയാണ്‌ ക്ഷേത്രനിർമാണത്തിന്‌ തടസ്സം. രാമനുവേണ്ടി ജീവൻത്യാഗത്തിന്‌ ഒരുക്കമുള്ള മുന്നൂറ്‌ യുവാക്കളെ തനിക്ക്‌ വേണം. ഡിസംബർ ആറിനുശേഷം പള്ളി അവിടെ കാണാൻ പാടില്ല. പള്ളി തകർക്കാനുള്ളതെല്ലാം നിങ്ങൾക്ക്‌ കിട്ടും. നമ്മുടെ സർക്കാരാണ്‌ ഭരിക്കുന്നത്‌–- അദ്വാനി പറഞ്ഞതായി ദൂബെ വെളിപ്പെടുത്തി. ചുറ്റിക, കൂന്താലി, മൺവെട്ടി, മൂർച്ചയേറിയ ഇരുമ്പുദണ്ഡുകൾ, കയറുകൾ, ഡ്രില്ലിങ്‌ യന്ത്രങ്ങൾ, സ്‌ഫോടകവസ്‌തുക്കൾ തുടങ്ങിയവയെല്ലാം ലഭിച്ചു. ‌ പദ്ധതിപ്രകാരം അഞ്ചുമണിക്കൂർകൊണ്ട്‌ പള്ളി പൊളിച്ചു–- ദൂബെ പഞ്ഞു.

പ്രവീൺ ശർമയെ കേൾക്കൂ

കർസേവകനായിരുന്ന പ്രവീൺ ശർമയ്‌ക്ക്‌ പള്ളി പൊളിക്കുമ്പോൾ പ്രായം 20 വയസ്സ്‌. ക്ഷേത്രനിർമാണത്തിനുള്ള കർസേവയെന്നാണ്‌ നേതാക്കൾ ആദ്യം പറഞ്ഞത്‌. പിന്നീട്‌ ആയുധങ്ങളും മറ്റും നൽകി. അദ്വാനിയുടെയും ഉമാ ഭാരതിയുടെയുമൊക്കെ പ്രസംഗങ്ങൾ പ്രകോപനപരമായിരുന്നു. ആളുകൾ സുരക്ഷാവലയം ഭേദിച്ച്‌ പള്ളിക്ക്‌ നേരെ നീങ്ങി. അന്ന്‌ സംഭവിച്ച കാര്യങ്ങളിൽ ഇന്ന്‌ നിരാശയുണ്ട്‌–- ശർമ പറഞ്ഞു.

ആയുധങ്ങൾ നേരത്തേ ലഭിച്ചു

കുറ്റപത്രത്തിൽ പേരുകാരനായ ലക്ഷ്‌മൺസേനാ നേതാവ്‌ രാംജി ഗുപ്‌തയ്‌ക്ക്‌ പള്ളി പൊളിക്കുമ്പോൾ 40 വയസ്സ്‌. രാമജന്മഭൂമിയുടെ ചുമതല ഗുപ്‌തയ്‌ക്കായിരുന്നു. നേരത്തേതന്നെ ആയുധങ്ങൾ ലഭിച്ചിരുന്നു. പദ്ധതിപ്രകാരം സുരക്ഷാവലയം ഭേദിച്ച്‌ ചെറുസംഘങ്ങളായി പള്ളിക്ക്‌ സമീപത്തേക്ക്‌ നീങ്ങി. കമ്പിവടികളും മറ്റും ഉപയോഗിച്ച്‌ കെട്ടിടം ദുർബലപ്പെടുത്തി. തുടർന്ന്‌, കയറുകെട്ടി വലിച്ചിട്ടു–- ഗുപ്‌ത പറഞ്ഞു. 

സൗകര്യമൊരുക്കി സുരക്ഷാ ഭടന്മാർ

കർസേവകർ ആയുധങ്ങളുമായി സമീപിച്ചപ്പോൾ സുരക്ഷാഭടൻമാർ സ്വയം ഒഴിഞ്ഞുതന്നുവെന്ന്‌ കർസേവകനായ വിജയ്‌ തിവാരി പറഞ്ഞു. പള്ളി പൊളിക്കുമ്പോൾ 18 വയസ്സുമാത്രമാണ്‌ വിജയ്‌ തിവാരിക്ക്‌ പ്രായം. നേതാക്കൾ തലേന്നുതന്നെ ആയുധങ്ങൾ എത്തിച്ചിരുന്നു. നാനൂറ്‌ വർഷമായുള്ള അടിമത്വത്തിന്റെ ചിഹ്‌നം ഇടിച്ചുകളയാനായിരുന്നു നേതാക്കളുടെ ആഹ്വാനമെന്നും തിവാരി പറഞ്ഞു.

ബാബ്‌റി മസ്‌ജിദ്‌ ഗൂഢാലോചന കേസ്‌ : അപ്പീൽ ആവശ്യത്തിൽ നിലപാടെടുക്കാതെ സിബിഐ

ബാബ്‌റി മസ്‌ജിദ്‌ ഗൂഢാലോചന കേസിലെ പ്രതികളെ മുഴുവൻ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതി വിധിക്കെതിരെ സിബിഐ അപ്പീൽ നൽകണമെന്ന ആവശ്യം ശക്തം. രാഷ്ട്രീയപാർടികളും പ്രമുഖ വ്യക്തികളും ഈ ആവശ്യവുമായി രംഗത്തെത്തി‌. എന്നാൽ, സിബിഐ ഇതുസംബന്ധിച്ച്‌ നിലപാട്‌ കൈക്കൊണ്ടിട്ടില്ല.

ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന്‌ ചില സാമൂഹ്യസംഘടനകളും അഭിഭാഷകരും അറിയിച്ചിട്ടുണ്ട്‌. എൽ കെ അദ്വാനി ഉൾപ്പടെയുള്ളവർക്ക്‌ എതിരായ ഗൂഢാലോചനക്കുറ്റം ആദ്യം വിചാരണക്കോടതി ഒഴിവാക്കിയിരുന്നു. വിചാരണക്കോടതി നടപടിക്ക്‌ എതിരെ സിബിഐ അലഹബാദ്‌ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. 2017ൽ സുപ്രീംകോടതിയാണ്‌ ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ചത്‌. വിചാരണ നടത്തിയ സിബിഐ പ്രത്യേക കോടതിയാകട്ടെ സുപ്രീംകോടതിയുടെ ഉത്തരവിന്‌ വിരുദ്ധമായി ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനു പിന്നിൽ ഗൂഢാലോചന ഇല്ലെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. സുപ്രീംകോടതി നിയോഗിച്ച വിചാരണക്കോടതി സുപ്രീംകോടതിയുടെ ഉത്തരവിന്‌ വിരുദ്ധമായ നിലപാട്‌ സ്വീകരിച്ചതിൽ ഗുരുതരമായ വൈരുധ്യമുണ്ടെന്ന്‌ നിയമവിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യമുന്നയിച്ച്‌ അപ്പീൽ നൽകാനാണ്‌ പലരും ആലോചിക്കുന്നത്‌. പ്രത്യേക കോടതിയുടെ 2300 പേജുള്ള വിധിന്യായം സിബിഐ നിയമവിഭാഗം വിശകലനം ചെയ്യാൻ തുടങ്ങി‌. അതിനുശേഷമേ അപ്പീൽകാര്യത്തിൽ തീരുമാനമുണ്ടാകൂ.

No comments:

Post a Comment