Friday, October 16, 2020

വി മുരളീധരന്റെ വാദം പൊളിച്ച്‌ എൻഐഎ കോടതി വിധി; സ്വർണക്കടത്ത്‌ നയതന്ത്ര ബാഗേജിൽത്തന്നെയെന്ന്‌ എട്ടിടത്ത്‌

 സ്വർണക്കടത്ത്‌ കേസിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം പൂര്‍ണ്ണമായും തെറ്റെന്ന്‌ വ്യക്തമാക്കി എൻഐഎ കോടതിയും. വിമാനത്താവളം വഴി സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗേജിൽ തന്നെയെന്നാണ്‌ എൻഐഎ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നത്‌. കേസിൽ യുഎപിഎ ചുമത്തപ്പെട്ട പത്തു പ്രതികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ട് ഒക്ടോബർ 15ന് പുറപ്പെടുവിച്ച വിധിയിലാണ്‌ കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. വിധിയിൽ എട്ട്‌ ഖണ്ഡികയിലായി എട്ടിടത്താണ്‌ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയെന്നുള്ളത്‌.

ഇതോടെ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദമാണ്‌ പൊളിയുന്നത്‌. സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗേജിൽ അല്ലെന്ന്‌, കസ്‌റ്റംസ്‌ സ്വർണക്കടത്ത്‌ പിടികൂടിയ വിവരം പുറത്തുവന്നത്‌ മുതൽ മുരളീധരൻ ആവർത്തിക്കുന്നുണ്ട്‌. നയതന്ത്ര ബാഗേജിലൂടെയാണ്‌ സ്വർണക്കടത്ത്‌ നടന്നതെന്ന്‌ വ്യക്തമാക്കുന്ന പല രേഖകളും അന്വേഷണത്തിന്റെ പലഘട്ടങ്ങളിലും മുൻപ്‌ പുറത്തുവന്നിരുന്നു. എന്നാൽ അപ്പോഴൊക്കെയും മുരളീധരൻ സ്വന്തം വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കോടതി തന്നെ മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്ന്‌ വിധിയിലൂടെ വ്യക്തത വരുത്തിയിരിക്കുകയാണ്‌.

വിധിയിലെ ഖണ്ഡികകൾ രണ്ട്, നാല്, ഏഴ്, പതിനാല്, പതിനഞ്ച്, പതിനേഴ്, പത്തൊമ്പത്, ഇരുപത് എന്നിവിടങ്ങളിലാണ്‌ സ്വർണക്കടത്ത്‌ നടത്തിയത്‌ നയതന്ത്ര ബാഗേജിൽത്തന്നെയെന്ന്‌ കോടതി പരാമർശിച്ചിട്ടുള്ളത്‌.

എൻഐഎയുടെ വാദവും കേസ് ഡയറിയും മറ്റ്‌ രേഖകളും പരിശോധിച്ച ശേഷമാണ്‌ സ്വർണം കടത്താൻ നയതന്ത്ര ചാനൽ ഉപയോഗിച്ചു എന്ന് കോടതി പലതവണ പറഞ്ഞത്‌.

സ്വർണക്കടത്തിൽ നിന്ന് കിട്ടുന്ന പണം ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനും ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത്. എന്നാൽ ഈ ആരോപണം തെളിയിക്കാനുള്ള ഒരു തെളിവും കേസ് ഡയറിയിലില്ലെന്നും  കോടതി വ്യക്തമാക്കുന്നു. ലാഭമുണ്ടാക്കാൻ സ്വർണം കടത്തിയെന്നതിനുള്ള തെളിവുകൾ മാത്രമേ കോടതിയിൽ ഹാജരാക്കിയിട്ടുള്ളു.

യുഎപിഎ ചുമത്തിയ കേസുകളിൽ 180 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ മാത്രമേ സ്വാഭാവിക ജാമ്യത്തിന് അർഹതയുള്ളു.  എന്നാൽ ഇവിടെ കേസ് രജിസ്റ്റർ ചെയ്‌ത്‌ നൂറ് ദിവസം ആകുന്നതിന്‌ മുമ്പേ പ്രതികൾക്ക്‌ ജാമ്യം ലഭിച്ചു. ഇത് തീർത്തും അസാധാരണമാണ്. രാജ്യദ്രോഹക്കുറ്റത്തിന് ഒരു തെളിവും ഇല്ലാത്തതു കൊണ്ടാണ് ഇതു സംഭവിച്ചത്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് കോടതി വിധിയിൽ പറയുന്ന വസ്‌തുതകൾ എല്ലാം.

സ്വർണം കടത്തിയത്‌ നയതന്ത്രബഗേജിലല്ലെന്ന്‌ ജൂലൈ എട്ടിനാണ്‌ വിദേശ സഹമന്ത്രിയായ വി മുരളീധരൻ ഡൽഹിയിൽ വെളിപ്പെടുത്തിയത്‌. എൻഐഎ അന്വേഷണം ഏറ്റെടുത്തത്‌ ജൂലൈ പത്തിന്‌.

നയതന്ത്ര ബാഗേജ്‌‌ ആണെങ്കിൽ യുഎഇയുമായുള്ള കേസ്‌ ആകുമെന്നായിരുന്നു മുരളീധരന്റെ വാദം. ഇത്‌ തള്ളി, കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യണമെന്നും പ്രതിസ്ഥാനത്തേക്ക്‌ കൊണ്ടുവരുമെന്നും എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകിയതോടെ വിദേശരാജ്യവുമായുള്ള കേസ്‌ എന്ന നിലയിലേക്ക്‌ സംഗതി മാറി.

കേന്ദ്ര ധന സഹമന്ത്രി അനുരാഗ്‌ ഠാക്കൂർ പാർലമെന്റിൽ നൽകിയ മറുപടിയിലും സ്വർണക്കടത്ത്‌ നയതന്ത്രബാഗിലാണെന്ന്‌ വ്യക്തമാക്കി. അതിനുശേഷവും വി മുരളീധരൻ മുൻ നിലപാട്‌ ആവർത്തിച്ചത്‌ അതീവ ഗൗരവമായാണ്‌ അന്വേഷണം സംഘം കാണുന്നത്‌.

എന്‍ഐഎക്ക് തിരിച്ചടി; ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യുഎഇ

കൊച്ചി > സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേസിലെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായശേഷമെ ഇന്ത്യയുടെ അപേക്ഷ പരിഗണിക്കാനാകൂവെന്നും യുഎഇ അറിയിച്ചു.

ഫൈസലിന് എതിരായ കേസിൽ വിചാരണ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് യുഎഇ പറയുന്നത്. കേസുകളുടെ വിചാരണ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫൈസലിനെ നാടുകടത്താനാകൂ എന്നാണ് യുഎഇ പറയുന്നത്. രാജ്യം ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തോട് നിലപാട് അറിയിച്ചു. സ്വർണക്കടത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും യുഎഇ പറയുന്നു.

ഒക്‌ടോബർ ആറിനാണ് ഫൈസൽ ഫരീദ് യുഎഇയിൽ അറസ്റ്റിലായെന്ന വാർത്ത എൻഐഎ പുറത്തുവിടുന്നത്. യുഎഇയിലേക്ക് പോയ എൻഐഎ സംഘം ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും കോടതിയിൽ എൻഐഎ പറഞ്ഞിരുന്നു.

സ്വർണക്കടത്ത്‌ കേസ്‌; 10 പേർ‌ക്ക്‌ ജാമ്യം

കൊച്ചി > സ്വർണക്കടത്ത്‌ കേസിൽ അന്തർദേശീയ ഭീകരബന്ധമാരോപിച്ച്‌ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്‌റ്റർ ചെയ്‌ത കേസിൽ പത്ത്‌ പ്രതികൾക്ക്‌ ജാമ്യം. യുഎപിഎ ചുമത്തിയ കേസിൽ ഇതാദ്യമാണ്‌ പ്രതികൾക്ക്‌ ജാമ്യം‌.

തൊണ്ണൂറ്‌ ദിവസം അന്വേഷിച്ചിട്ടും  ഇവർക്ക്‌ ഭീകരബന്ധം ഉണ്ടെന്ന്‌ തെളിയിക്കാൻ എൻഐഎക്ക്‌ കഴിഞ്ഞില്ലെന്ന്‌ കോടതി പറഞ്ഞു. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിലൂടെ സ്വർണക്കടത്ത്‌ നടത്തിയതിൽ ‌ സാമ്പത്തിക ബന്ധമുള്ളവരാണ്‌ ഈ പത്തുപേർ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി

ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചത്‌.

കസ്‌റ്റംസ്‌ കേസിലും ജാമ്യം കിട്ടിയിരുന്നു. വിയ്യൂർ ജയിലിൽ കഴിഞ്ഞ പത്തു പ്രതികളും പുറത്തിറങ്ങി.ഇവരുടെപേരിൽ എൻഫോഴ്‌സ്‌മെന്റ്‌ കേസില്ല‌.  

ഇ സെയ്‌തലവി, പി ടി അബ്‌ദു, ഹംജത്‌ അലി, പി എം അബ്‌ദുൾ ഹമീദ്‌, സി വി ജിഫ്‌സൽ, മുസ്‌തഫ, മുഹമ്മദ്‌ അബ്‌ദു ഷമീം, അബ്‌ദുൾ അസീസ്‌, അബൂബക്കർ, ടി എം മുഹമ്മദ്‌ അക്‌ബർ എന്നിവർക്കാണ്‌ ജാമ്യം‌. പി മുഹമ്മദ്‌ ഷാഫി, മുഹമ്മദ്‌ അലി, ഷറഫുദീൻ എന്നിവരുടെ ജാമ്യാപേക്ഷ  നിരസിച്ചു.  പി എസ്‌ സരിത്തും സ്വപ്‌ന സുരേഷും ജാമ്യാപേക്ഷ നൽകിയെങ്കിലും കോഫെപോസ കേസിൽ പ്രതിയായതിനാൽ  പിൻവലിച്ചു.

3 തവണയും തെളിവ്‌ ചോദിച്ച്‌ കോടതി യുഎപിഎ ചുമത്തിയ കുറ്റം സ്ഥാപിക്കാനുള്ള തെളിവുകൾ എവിടെ എന്ന്‌ ജാമ്യാപേക്ഷ പരിഗണിച്ച്‌ മൂന്നുതവണ കോടതി ചോദിച്ചിരുന്നു. അതിനു ശേഷമാണ്‌ കള്ളക്കടത്തുകാരൻ ദാവൂദ്‌ ഇബ്രാഹിമുമായി പ്രതികൾക്ക്‌ ബന്ധമുണ്ടെന്ന്‌ എൻഐഎ പറഞ്ഞത്‌. കേസിൽ ആകെ 30 പ്രതികളാണുള്ളത്‌.  ഫൈസൽ ഫരീദ്‌, റബിൻസ്‌ എന്നിവരുൾപ്പെടെ ആറുപേർ ഇപ്പോഴും വിദേശത്താണ്‌. അവരെ ഇവിടെയെത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല.

No comments:

Post a Comment