Wednesday, October 7, 2020

"ഇവിടെ ജീവിക്കുന്നത്‌ ഭയത്തോടെ'; ഹാഥ്‌രസ്‌ ഗ്രാമം വിടാനൊരുങ്ങി പെൺകുട്ടിയുടെ കുടുംബം

 ലഖ്‌നൗ > ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. മകള്‍ക്ക് സംഭവിച്ച ദുരന്തത്തിന് ശേഷം ഭയത്തോടെയാണ് ഇവിടെ താമസിക്കുന്നതെന്നും തങ്ങളെ നിരന്തരമായി ചിലര്‍ കുറ്റപ്പെടുത്തുകയാണെന്നും അതുകൊണ്ട് തന്നെ ഈ ഗ്രാമം വിട്ട് മറ്റെവിടേക്കെങ്കിലും പോകുകയാണെന്നും കുടുംബം അറിയിച്ചു.

കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തങ്ങള്‍ ഗ്രാമത്തില്‍ ഭയത്തോടെയാണ് താമസിക്കുന്നതെന്ന് അവര്‍ പറയുന്നു. ദുരന്തത്തിന് ശേഷം ഗ്രാമത്തില്‍ നിന്ന് ആരും തന്നെ തങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോടായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

ജീവിക്കാന്‍ ഒരു വഴിയും ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്‍പിലില്ല. ഈ സാഹചര്യത്തെ ഞങ്ങള്‍ ഏറെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും ബന്ധുവീട്ടിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. കഠിനാധ്വാനം ചെയ്‌താണ് ഞങ്ങള്‍ ഇവിടെ ജീവിച്ചുപോന്നത്. എവിടെ പോയാലും ഞങ്ങള്‍ അത് തന്നെ തുടരും. പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

സ്ഥിതി വളരെ മോശമാണ്, ഞങ്ങള്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഗ്രാമം വിട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞങ്ങളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. എന്റെ ഇളയ സഹോദരന് പോലും ജീവന് ഭീഷണിയുണ്ട്’, പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ പറഞ്ഞു. ഞങ്ങളുടെ അവസ്ഥ മനസിലാക്കാനോ, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അറിയാനോ പോലും ആരും വന്നില്ലെന്നും സഹോദരന്‍ പറയുന്നു.

ഹാഥ്‌രസില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റം

ലഖ്‌നൗ > ഹാഥ്‌രസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകവെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി. മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെതിരെയാണ് യുപി പൊലീസിന്റെ നടപടി. തിങ്കളാഴ്ചയാണ് സിദ്ധിഖിനെയും മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ധിഖ് കാപ്പന്‍. മലപ്പുറം സ്വദേശിയായ സിദ്ധിഖിന് പുറമെ, മുസഫര്‍ നഗര്‍ സ്വദേശി ആതിഖ് ഉര്‍ റഹ്മാന്‍, ബറിയാച്ച് സ്വദേശി മസൂദ് അഹമ്മദ്, റാംപൂര്‍ സ്വദേശി ആലം എന്നിവരാണ് അറസ്റ്റിലായത്. സിദ്ധിഖിനൊപ്പമുണ്ടായിരുന്നവര്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് യുപി പൊലീസിന്റെ വിശദീകരണം. ഇവരുടെ മൊബൈല്‍ ഫോണുകളും ലാപ്പ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.


No comments:

Post a Comment