‘‘എവിടെ നിന്നാണ് ഈ അഭിനന്ദന വാക്കുകൾ? അനുശോചന സന്ദേശമയക്കുന്നതായിരിക്കില്ലേ കൂടുതൽ ഉചിതം’’ -78–-ാം ജന്മദിനത്തിൽ തനിക്ക് ലഭിച്ച അഭിനന്ദന സന്ദേശങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഗാന്ധിജി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷമുള്ള ഗാന്ധിജിയുടെ ആദ്യ ജന്മദിനമായിരുന്നു 1947 ഒക്ടോബർ രണ്ട്. മൗണ്ട് ബാറ്റണും ഭാര്യയും ആശംസകൾ നേരാൻ എത്തിയിരുന്നു. നിരവധി ടെലിഗ്രാമുകളും കത്തുകളും പൂക്കളും ഗാന്ധിജിയെ തേടിയെത്തി.
അദ്ദേഹം അന്ന് ഡൽഹിയിലായിരുന്നു. പശ്‌ചിമ പഞ്ചാബിലേക്ക് പോകാനായിരുന്നു അദ്ദേഹത്തിന്റെ യാഥാർഥ പദ്ധതിയെന്ന് ചിലർ പറഞ്ഞു. സെപ്‌തംബർ 9ന് കൊൽക്കത്തയിൽനിന്ന് ഡൽഹിയിലെത്തിയപ്പോൾ സ്വീകരിക്കാൻ സർദാർ പട്ടേൽ റെയിൽവേ സ്‌റ്റേഷനിൽ എത്തിയിരുന്നു. എന്നും സന്തോഷത്തോടെ സ്വീകരിക്കാൻ എത്താറുണ്ടായിരുന്ന പട്ടേൽ വിഷണ്ണനായിരുന്നു. തലസ്ഥാന നഗരിയിലെ അസ്വസ്ഥതകളെക്കുറിച്ച് പട്ടേൽ വിശദീകരിച്ചു. അതോടെ ഡൽഹി വിടേണ്ടെന്ന് ഗാന്ധിജി തീരുമാനിച്ചു. ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’
പാകിസ്ഥാനിൽനിന്ന് കുടിയിറക്കപ്പെട്ട, അതിന്റെ രോഷം മുഴുവൻ മനസ്സിലുള്ള ഹിന്ദുക്കളും സിഖുകാരും താമസിക്കുന്ന അഭയാർഥി ക്യാമ്പുകൾ ഗാന്ധിജി സന്ദർശിച്ചു. അവരുടെ ദുഃഖത്തിൽ പങ്കുചേരുമ്പോഴും മുസ്ലിങ്ങളുടെ സ്വത്തും പള്ളികളും ദർഗകളും കൈയടക്കുന്നതിനെതിരെ ഗാന്ധിജി നിലകൊണ്ടു. ചില ഹിന്ദുക്കളും സിഖുകാരും ഗാന്ധിജിയോട് കടുത്തഅനിഷ്‌ടം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രാർഥനായോഗങ്ങൾ പലപ്പോഴും തടസ്സപ്പെട്ടു. പ്രാർഥനായോഗങ്ങളിൽ ഖുർആൻ വായിക്കരുതെന്ന് അഭിപ്രായമുയർന്നു. എന്നാൽ, ഗാന്ധിജി അതിനൊന്നിനും വഴങ്ങിയില്ല. ഇന്ത്യ ഹിന്ദുക്കളുടെയും സിഖുകാരുടെയും മുസ്ലിങ്ങളുടേതുമാണെന്ന് ഗാന്ധിജി ആവർത്തിച്ചു.
ഡൽഹിയുടെ തെരുവീഥികളിൽ ‘ഗാന്ധിയെ മരിക്കാൻ അനുവദിക്കൂ’ എന്ന മുദ്രാവാക്യം ഉയരുന്നത് അദ്ദേഹംതന്നെ ശ്രവിക്കുന്നുണ്ടായിരുന്നു. 78–-ാം ജന്മദിനം അടുത്തപ്പോൾ മരണം അദ്ദേഹത്തിന്റെ മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. 125 വർഷംവരെ ജീവിക്കുക എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആഗ്രഹം ഇല്ലാതായിരുന്നു. ടി ജി ടെണ്ഡുൽക്കറുടെ ‘മഹാത്‌മ’ എന്ന പുസ്‌തകത്തിന്റെ അവസാന വാള്യത്തിൽ ഗാന്ധിജിയുടെ ഈ മനപീഡ വിവരിക്കുന്നുണ്ട്. ഈ ഘട്ടത്തിലും ഗാന്ധിജിയുടെ പിറന്നാൾ ആഘോഷമുണ്ടായി. ഡൽഹിയിലെ ഒരു യോഗത്തിൽ ജവാഹർലാൽ നെഹ്‌റു സംസാരിച്ചു.
പിറന്നാൾ സന്ദേശത്തിൽ ഗാന്ധിജി ഹിന്ദുക്കളോടും മുസ്ലിങ്ങളോടും വിനീതമായി അഭ്യർഥിച്ചത് അവർ ഇപ്പോൾ ചെയ്യുന്നതിന്റെ അനന്തരഫലത്തെക്കുറിച്ച് ശാന്തരായി ചിന്തിക്കാനാണ്. ഗാന്ധിജിയുടെ മാനസികവിഷമം ആർക്കും വായിച്ചെടുക്കാം. ശബ്‌ദം ഇടറിയിരുന്നു. താൻ നിരാശനല്ലെന്നും സത്യമാണ് വിളിച്ചുപറയുന്നതെന്നും ഗാന്ധിജി ആവർത്തിച്ചു. ഒരുദിവസം കഴിഞ്ഞ് ഒക്ടോബർ നാലിന് തനിക്ക് ലഭിച്ച പിറന്നാൾ ആശംസകളെക്കുറിച്ച് ഗാന്ധിജി സംസാരിച്ചു. ഒരു ഫ്രഞ്ചുകാരൻ അദ്ദേഹത്തോട് 125 വർഷം ജീവിക്കാൻ ആശംസനേർന്നു. ഗാന്ധിജി ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ അപ്പോഴേ കഴിയൂ എന്നതിനാലാണിത്. എന്നാൽ, തന്റെ വാക്കുകൾക്ക് വിലകൽപ്പിക്കപ്പെടുന്നില്ലെന്നും അതിനാൽ കൂടുതൽ കാലം സേവനം അസാധ്യമാണെന്നുമായിരുന്നു ഗാന്ധിജിയുടെ വിലയിരുത്തൽ.
അപൂർവാനന്ദ്
(ഡൽഹി സർവകലാശാലയിലെ അധ്യാപകനാണ് അപൂർവാനന്ദ്. ‘ദി വയറിൽ’ എഴുതിയ ലേഖനത്തിൽനിന്ന്)

No comments:
Post a Comment