Friday, October 2, 2020

രാഹുൽഗാന്ധി ആക്രമിക്കപ്പെട്ടിട്ടു പോലും കേരളത്തിലെ കോൺഗ്രസിന് ബിജെപി ചങ്ങാത്തം: കോടിയേരി

 തിരുവനന്തപുരം> രാഹുൽഗാന്ധി ആക്രമിക്കപ്പെട്ടിട്ടു പോലും കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ രണ്ടുകൂട്ടരും സമാന്തരമായി പരിപാടികളും ആരോപണങ്ങളും തുടരുകയാണ്. കേന്ദ്ര സർക്കാരിനെതിരെ പ്രതികരിക്കാൻ പോലും കേരളത്തിലെ കോൺഗ്രസ് നേതൃത്വം തയ്യാറല്ല. ഇത്തരം നിലപാടിനെതിരെ അണികളിൽ നിന്നുതന്നെ പ്രതിഷേധം ഉയരുന്നുണ്ട്. 

ബിജെപിക്കെതിരെ പ്രതികരിക്കാൻ മുസ്ലിംലീഗ് നേതൃത്വവും അറച്ചുനിൽക്കുകയാണ്. ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ആർഎസ്എസ് നിലപാടിനെ ചെറുത്തുനിൽക്കാതെ കീഴടങ്ങുകയാണ്.

ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് സംഭവത്തിൽ പാർടി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനിൽക്കുന്നത്. മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ അഖിലേന്ത്യാ നേതാവിനെ തടഞ്ഞുനിർത്തുകയും ബലപ്രയോഗത്തിലൂടെ തിരിച്ചയക്കുകയും ചെയ്യുന്നത് രാജ്യത്ത്  പൗരാവകാശം ഇല്ലാതാകുന്നതിന്റെ സൂചനയാണ്. ആർഎസ്എസിനെ ഫാസിസ്റ്റ് നിലപാടുകളുടെ ഭാഗമാണ് ഇത്തരം നടപടികൾ. കോൺഗ്രസ് നേതൃത്വത്തിനെതിരെ അല്ലേ, നടന്നോട്ടെ എന്ന നിലപാടല്ല ഇക്കാര്യത്തിൽ സിപിഐ എമ്മിനുള്ളത്. ഇത്തരം സംഭവങ്ങൾ ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് കോടിയേരി പറഞ്ഞു. 

കേന്ദ്രസർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് സംസ്ഥാനത്തെ ആക്രമിക്കുകയാണ്. കേന്ദ്രഏജൻസികളെല്ലാം സംസ്ഥാനത്തുണ്ട്. ഇത്തരം നീക്കങ്ങളെ തുറന്നുകാട്ടാൻ ബഹുജന ക്യാമ്പയിൻ ശക്തമായി സംഘടിപ്പിക്കാനും പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതായി കോടിയേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

"പൊലീസ്‌ എന്നെ തള്ളിയിട്ടു, ലാത്തിച്ചാർജ്ജ്‌ നടത്തി'; പ്രതിഷേധവുമായി രാഹുൽ

ലഖ്‌നൗ > ഹാത്രാസിലേക്കുള്ള യാത്രാമധ്യേ പൊലീസുകാര്‍ തങ്ങളോട് ക്രൂരമായി പെരുമാറിയതായും ലാത്തിച്ചാര്‍ജ്ജ് നടത്തിയതായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊലീസുകാര്‍ തന്നെ തള്ളിമാറ്റിയെന്നും ലാത്തിച്ചാര്‍ജ്ജ് നടത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഇപ്പോള്‍ പൊലീസുകാര്‍ എന്നെ തള്ളിമാറ്റി. ലാത്തിചാര്‍ജ് നടത്തി. എന്നെ നിലത്തേക്ക് തള്ളിയിട്ടു. മോദിജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാന്‍ കഴിയുകയുള്ളൂ എന്നാണോ, സാധാരണക്കാരന് ഇവിടെ ഇറങ്ങി നടക്കാന്‍ കഴിയില്ലേ, ഞങ്ങളുടെ വാഹനം തടഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചത്. ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങിപ്പോകില്ലെന്നും’ രാഹുല്‍ പറഞ്ഞു. കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുന്‍പായിരുന്നു രാഹുലിന്റെ പ്രതികരണം. തന്നെ അറസ്റ്റ് ചെയ്ത‌തിന്റെ കാരണം പൊലീസ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.പി ഭരണകൂടം സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ത്തിരുന്നു. ഹാത്രാസ് ജില്ലയില്‍ 144 പ്രഖ്യാപിക്കുകയും മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്‌തിരുന്നു. രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കരുതല്‍ കസ്റ്റഡിയിലെടുത്തതായിട്ടാണ് യു.പി പൊലീസ് പറഞ്ഞത്.

തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി പോകാനായിരുന്നു രാഹുലും പ്രിയങ്കയും ശ്രമിച്ചത്. യമുനാ എക്‌സ്പ്രസ് വേയില്‍ വെച്ചാണ് രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം മാര്‍ച്ച് നടത്തി മുന്നോട്ടുനീങ്ങുകയായിരുന്നു രാഹുല്‍. എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞു. ഇതോടെ രാഹുലും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം രാഹുല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇതിന് ശേഷമാണ് രാഹുലിനെയും പ്രിയങ്കയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം ഒക്ടോബര്‍ 17ന് ആചരിക്കും

കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സിപിഐ എം ഒക്ടോബർ 17ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.1920 ഒക്ടോബര്‍ 17നു താഷ്കെന്റിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യന്‍ ഘടകം രൂപം കൊണ്ടത്.എല്ലാ പാർടി ബ്രാഞ്ചുകളും വിവിധ പരിപാടികൾ നടത്തും. വെബിനാറുകൾ,  പ്രഭാഷണങ്ങൾ എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സംഘടിപ്പിക്കുക. വാർഷികാഘോഷം വൻ വിജയമാക്കാൻ എല്ലാ പാർടി ഘടകങ്ങളോടും സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്തു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ പാർട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങും.  തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കും. 

സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി പൂർണ്ണമായും സഹകരിക്കും. കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചു മാത്രമേ പരിപാടികൾ സംഘടിപ്പിക്കാവൂ എന്ന് എല്ലാ  ഘടകങ്ങളോടും നിർദ്ദേശിക്കാൻ പാർടി സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചതായി കോടിയേരി പറഞ്ഞു.

No comments:

Post a Comment