ബാബ്‌റി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാക്കളെ വെറുതെവിട്ട കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖർ. വ്യാജ ഗൂഢാലോചനയ്‌ക്കാണ് കോടതി വിധിയിലൂടെ അവസാനമായിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖറിന്റേതായി ഏഷ്യാനെറ്റ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യധ്വംസനത്തെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ തലവനായ ബിജെപി എംപി രാജീവ് ചന്ദ്രശേഖർ വെള്ളപൂശുന്നത്.
നേരത്തെ ബാബ്‌റി പള്ളി ഇരുന്ന സ്ഥാലത്ത് ക്ഷേത്രം പണിയാൻ അനുമതി നൽകിയപ്പോഴും ഏഷ്യാനെറ്റും സഹോദര സ്ഥാപനമായ സുവർണ ന്യൂസും സംഘ്‌പരിവാർ അനുകൂല വാർത്തകളാണ് നൽകിയിരുന്നത്. വാജ്‌പേയ് ബീഫ് കഴിച്ചതുമായി ബന്ധപ്പെട്ട വാർത്ത നൽകിയതിന് രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌ത സംഭവവും ഏഷ്യാനെറ്റിന്റെ തിരുവനന്തപുരം ഓഫീസിൽ ഉണ്ടായിരുന്നു.
ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ കേസ് എടുക്കാന്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നരസിംഹ റാവു സര്‍ക്കാറില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയെന്നും, ബാബറി മസ്ജിദ് തകര്‍ത്ത സംഭവം ആള്‍ക്കൂട്ടത്തിന്‍റെ ആകസ്‌മിക ആക്രമണമായിരുന്നു എന്നുമാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്. അദ്വാനി അടക്കമുള്ള ബിജെപി നേതാക്കള്‍ ആ ആള്‍ക്കൂട്ടത്തെ പള്ളി തകര്‍ക്കുന്നതില്‍ നിന്ന് തടയാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ന്യായീകരിക്കുന്നു.
ഇന്ത്യന്‍ ക്രിമിനല്‍ നിയമശാസ്‌ത്രത്തില്‍ കുറ്റം തെളിയുന്നതുവരെ പ്രതി നിരപരാധിയാണ്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ കിമിനല്‍ ഗൂഢാലോചനയും കുറ്റവും തെളിയിക്കേണ്ടത് സിബിഐ ആണ്. എന്നാല്‍ അവര്‍ക്ക് അതിന് കഴിഞ്ഞില്ല, കാരണം അവരുടെ പക്കല്‍ ഗൂഢാലോചനാ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ല എന്നുമാണ് രാജീവ് പറയുന്നത്
ബാബ്‌റി മസ്‌ജിദ് തകർത്ത ദിവസത്തെ ഫോട്ടോകളും വീഡിയോദൃശ്യങ്ങളും ഓഡിയോ ടേപ്പുകളും മാധ്യമവാർത്തകളും തെളിവുകളായി കോടതി അംഗീകരിച്ചില്ല. ഫോട്ടോകളിൽ അത് എടുത്ത ആളുടെ ഒപ്പില്ലാത്തതും ഫോട്ടോയ്‌ക്ക് ഒപ്പം അവയുടെ നെഗറ്റീവില്ലാത്തതുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഹാജരാക്കിയ വീഡിയോ ദൃശ്യം എഡിറ്റ് ചെയ്‌തവയാണെന്നും ചില വീഡിയോകളിൽ സംഭവദിവസം സ്ഥലത്ത് ഇല്ലാത്തവരുമുണ്ടെന്നും പറഞ്ഞു.

No comments:
Post a Comment